Sunday, July 10, 2011

മുന്നില്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗം മാത്രം

കേന്ദ്ര യുപിഎ സര്‍ക്കാര്‍ മാതൃകയായി കാണുന്നത് അമേരിക്കന്‍ ഭരണകൂടത്തെയാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അവിടത്തെ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വെറുതെ കൊടുത്ത തുക 13 ലക്ഷം കോടി ഡോളറാണ്. കോര്‍പറേറ്റുകള്‍ ആ പണം ഉപയോഗിച്ച് തങ്ങളുടെ നിലനില്‍പ്പും ലാഭസാധ്യതകളും ഭദ്രമാക്കി. ഇവിടെ യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ ആറ് ബജറ്റുകളിലായി 21 ലക്ഷം കോടി രൂപയുടെ ഇളവുകളാണ് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. ജനങ്ങള്‍ക്ക് എന്തെങ്കിലും സേവനം നല്‍കുന്നത് സര്‍ക്കാരിന്റെ കടമയല്ലെന്ന അടിസ്ഥാനധാരണയാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ നയിക്കുന്നത്.

ആരോഗ്യപരിപാലനം, പൊതുവിതരണം, വിദ്യാഭ്യാസം, ഗതാഗതം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ സബ്സിഡി അരുത്; അവയെല്ലാം ലാഭക്കച്ചവടമായേ സര്‍ക്കാര്‍ നടത്താന്‍ പാടുള്ളൂവെന്ന് നവ ഉദാരവല്‍ക്കരണ നയത്തിന്റെ വക്താക്കള്‍ കരുതുന്നു. അതുകൊണ്ടാണ് എണ്ണവില അടിക്കടി ഉയര്‍ത്താന്‍ പൊതുമേഖലാ കമ്പനികളുടെ ഊതിവീര്‍പ്പിച്ച നഷ്ടക്കണക്കുകളെക്കുറിച്ച് അവര്‍ നിരന്തരം വിലപിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് മുടക്കുമുതല്‍ തിരിച്ചുപിടിക്കേണ്ടതല്ലേ എന്ന വാദം കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തുന്നതും അതിന്റെ വകഭേദംതന്നെ. അത്തരമൊരു നയം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പാചകവാതകത്തിന്റെ സബ്സിഡി പൂര്‍ണമായി എടുത്തുകളയാനുള്ള തീരുമാനത്തിലേക്ക് രണ്ടാം യുപിഎ സര്‍ക്കാര്‍ കടക്കുന്നത്. ഒരുവര്‍ഷം നാല് സിലിണ്ടര്‍ പാചകവാതകം മാത്രമേ ഒരു കുടുംബത്തിന് അനുവദിക്കൂ എന്നാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്. ഇത് മിതമായി പറഞ്ഞാല്‍ അസംബന്ധമാണ്. ഏത് കുടുംബത്തിനാണ് ഒരു സിലിണ്ടര്‍ ഉപയോഗിച്ച് മൂന്നുമാസം പാചകം നടത്താനാകുക? ദിവസം ഒരുനേരം മാത്രം ഭക്ഷണം ഉണ്ടാക്കിയാല്‍ മതിയോ? ബിപിഎല്ലുകാര്‍ക്ക് നാലില്‍ കൂടുതല്‍ സിലിണ്ടര്‍ കൊടുക്കുകയേയില്ല എന്നതാണ് മന്ത്രാലയത്തിന്റെ കടുംപിടിത്തം. എപിഎല്ലുകാര്‍ക്ക് കൂടുതല്‍ സിലിണ്ടര്‍ വേണമെങ്കില്‍ സബ്സിഡി ഇല്ലാതെ വാങ്ങിക്കൊള്ളണം. അങ്ങനെ വാങ്ങുന്ന ഒരു സിലിണ്ടറിന് എണ്ണൂറിലേറെ രൂപ നല്‍കണം. നഗരവാസികളുടെ ദൈനംദിനജീവിതത്തില്‍ ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. വീടുകളില്‍ വിറകടുപ്പും മറ്റും അപ്രത്യക്ഷമാവുകയാണ്.

ഇന്ധനക്ഷാമമാണ് അതിനുകാരണം. പാചകത്തിന് എല്‍പിജി മാത്രം ഉപയോഗിക്കുന്നവരാണ് നഗര ജനസംഖ്യയില്‍ ഭൂരിഭാഗവും. കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസം നേര്‍ത്തതാണ്. കേരളീയരില്‍ ഏറെക്കുറെ എല്ലാവരെയും ദുരിതത്തിലാക്കുന്നതാണ് പുതിയ നീക്കം എന്നതില്‍ തര്‍ക്കമില്ല. നിയന്ത്രണം വന്നാല്‍ വര്‍ഷത്തില്‍ നാലുമാസം മാത്രമേ സബ്സിഡി ഗ്യാസ് കൊണ്ട് പാചകം നടത്താനാകൂ. അതുകഴിഞ്ഞാല്‍ വന്‍ തുകയ്ക്ക് പാചകവാതകം വാങ്ങണം. വിലക്കയറ്റം അതിരൂക്ഷമായ ഇന്നത്തെ അവസ്ഥയില്‍ ഇടത്തരക്കാരുടെപോലും ജീവിതം പ്രയാസകരമാകുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാവുക. ഫലത്തില്‍ സബ്സിഡി എടുത്തുകളയുക എന്നതിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചിട്ട് ഏതാനും നാളുകളേ ആയുള്ളൂ. ജനസംഖ്യയില്‍ പകുതിയോളംപേര്‍ പാചകത്തിന് എല്‍പിജിയെയും മണ്ണെണ്ണയെയുമാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ കൊടിയ ജനദ്രോഹ നടപടികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് പുതിയനീക്കം. ഉപയോക്താക്കള്‍ക്ക് നേരിട്ട് സബ്സിഡി നല്‍കുക എന്നതും യുപിഎ സര്‍ക്കാരിന്റെ നയമാണ്. ഒരുഭാഗത്ത് എപിഎല്‍ - ബിപിഎല്‍ നിര്‍വചനം മാറ്റിയെഴുതി വളരെ കുറഞ്ഞ ആളുകളെമാത്രം ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു. അതിലൂടെ സബ്സിഡി വെട്ടിക്കുറയ്ക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കു മാത്രം സബ്സിഡി നല്‍കുക എന്നത് ഇന്ന് പാചകവാതകം ഉപയോഗിക്കുന്ന മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും സബ്സിഡി നിഷേധിക്കല്‍തന്നെയാണ്.

ആദ്യം പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞു. അടുത്തപടി പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വിലകൂട്ടി. ഇപ്പോള്‍ പാചകവാതക സബ്സിഡിയില്‍ കൈവയ്ക്കുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനും ജനജീവിതത്തിനും അത്യന്താപേക്ഷിതമായ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം ലാഭമുണ്ടാക്കാനുള്ള ബിസിനസാണെന്ന് യുപിഎ നേതൃത്വം കരുതുന്നതിന്റെ ഭവിഷ്യത്താണിത്. ജനങ്ങള്‍ കൊള്ളയടിക്കപ്പെടാനുള്ളവരും സര്‍ക്കാര്‍ ലാഭക്കച്ചവടം നടത്തേണ്ടവരും എന്ന അപകടകരമായ ചിന്തയ്ക്കാണ് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. ജനങ്ങളെ കൊടുംദുരിതത്തിലേക്ക് തള്ളിയിട്ട് പിന്നെന്തിന് ജനായത്ത ഭരണം? ഇതാ യുപിഎ സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രികൂടി 2ജി സ്പെക്ട്രം കൂംഭകോണത്തില്‍ കുരുങ്ങുകയാണ്. ആദ്യം എ രാജ, പിന്നെ ദയാനിധി മാരന്‍ -ഇത്തവണത്തെ ഊഴം പി ചിദംബരത്തിന്റേതാണ്. ഇതുവരെ ഡിഎംകെയെ പഴിച്ചിരുന്ന കോണ്‍ഗ്രസിന് ഇനി ഒന്നും പറയാനാവില്ല. പാചക വാതക സബ്സിഡി ഇല്ലാതാക്കാനുള്ള തീരുമാനത്തോട് പ്രതികരിച്ച് തലസ്ഥാന നഗരിയിലെ ഒരു സാധാരണക്കാരന്‍ പറഞ്ഞത് ഈ പ്രധാനമന്ത്രി മരപ്പാവയാണോ എന്നാണ്. തന്റെ കടമ താന്‍ നിര്‍വഹിക്കും എന്ന് ആവര്‍ത്തിച്ചു പറയുന്നയാളാണ് ഡോ. മന്‍മോഹന്‍ സിങ്. 2ജി സ്പെക്ട്രം ഇടപാടില്‍ താന്‍ ബന്ധപ്പെട്ടിട്ടില്ല എന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ പാചകവാതക സബ്സിഡി കാര്യത്തില്‍ എന്താണ് അദ്ദേഹത്തിന്റെ കടമ; ആരോടാണ് ഉത്തരവാദിത്തം എന്ന് വെളിപ്പെടുത്തേണ്ടതുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയ്ക്കെതിരെ രാജ്യത്താകെ കനത്ത പ്രതിഷേധം നിലനില്‍ക്കുന്നു. അതില്‍ എണ്ണ കോരിയൊഴിക്കുന്നതാണ് പുതിയ നീക്കങ്ങള്‍ . കേന്ദ്ര യുപിഎ സര്‍ക്കാരിനെക്കൊണ്ട് ഇത്തരം ജനവിരുദ്ധ തീരുമാനങ്ങള്‍ തിരുത്തിക്കാന്‍ പര്യാപ്തമായ ജനകീയ പ്രക്ഷോഭം രാജ്യത്ത് ഉയരേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കുന്ന അധികഭാരം സംസ്ഥാനത്തിന്റെ നികുതിവിഹിതം വേണ്ടെന്നുവച്ച് ലഘൂകരിക്കും എന്ന എളുപ്പവിദ്യയുമായി ജനങ്ങളെ പറ്റിക്കുകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ . പാചകവാതകത്തിന്റെ സബ്സിഡി ഇല്ലാതായാല്‍ അതിന്റെ ആഘാതം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കുമോ? അതല്ലെങ്കില്‍ തീരുമാനം കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് തിരുത്തിക്കാന്‍ ഇടപെടുമോ? ജനാധിപത്യത്തില്‍ പ്രഥമസ്ഥാനം ജനങ്ങള്‍ക്കാണ്. ആ ജനങ്ങള്‍ എങ്ങനെ ജീവിക്കും എന്ന് പറഞ്ഞുകൊടുക്കാനുള്ള ഉത്തരവാദിത്തമെങ്കിലും ഒരു സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കണം. ഇവിടെ ആ പ്രതീക്ഷ അസ്ഥാനത്താവുകയും അനുഭവം നേരെ തിരിച്ചാവുകയുംചെയ്യുന്നു. അതിജീവനത്തിന് സംഘടിതമായ പ്രക്ഷോഭത്തിന്റെ മാര്‍ഗമേ ജനങ്ങള്‍ക്കു മുന്നിലുള്ളൂ.

deshabhimani editorial 110711

1 comment:

  1. കേന്ദ്ര യുപിഎ സര്‍ക്കാര്‍ മാതൃകയായി കാണുന്നത് അമേരിക്കന്‍ ഭരണകൂടത്തെയാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അവിടത്തെ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വെറുതെ കൊടുത്ത തുക 13 ലക്ഷം കോടി ഡോളറാണ്. കോര്‍പറേറ്റുകള്‍ ആ പണം ഉപയോഗിച്ച് തങ്ങളുടെ നിലനില്‍പ്പും ലാഭസാധ്യതകളും ഭദ്രമാക്കി. ഇവിടെ യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ ആറ് ബജറ്റുകളിലായി 21 ലക്ഷം രൂപയുടെ ഇളവുകളാണ് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. ജനങ്ങള്‍ക്ക് എന്തെങ്കിലും സേവനം നല്‍കുന്നത് സര്‍ക്കാരിന്റെ കടമയല്ലെന്ന അടിസ്ഥാനധാരണയാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ നയിക്കുന്നത്.

    ReplyDelete