Friday, July 8, 2011

സര്‍ക്കാര്‍ മുട്ടുമടക്കി; സി ബി എസ്‌ ഇ സ്‌കൂളുകള്‍ക്ക്‌ ഇക്കൊല്ലം അംഗീകാരമില്ല

വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ സി ബി എസ്‌ ഇ, ഐ സി എസ്‌ ഇ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍വാങ്ങി. ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച ധാരണയായിരുന്നെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമരത്തിന്റെ വിജയമായി ചിത്രീകരിക്കപ്പെടുമെന്നതിനാല്‍ തീരുമാനം മറച്ചുവയ്‌ക്കുകയായിരുന്നു. എന്നാല്‍ അടുത്തവര്‍ഷം കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി സ്‌കൂളുകള്‍ക്ക്‌ എന്‍ ഒ സി നല്‍കാനും തീരുമാനമായിട്ടുണ്ട്‌. അഞ്ഞൂറില്‍പരം സി ബി എസ്‌ ഇ സ്‌കൂളുകള്‍ക്ക്‌ എന്‍ ഒ സി നല്‍കാനുള്ള തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിലായിരുന്നു. കോണ്‍ഗ്രസ്‌ അനുകൂല അധ്യാപക സംഘടനകളും ചില സാമുദായിക സംഘടനകളും പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ്‌ സര്‍ക്കാരിന്റെ പിന്‍മാറ്റം.

ഇതു സംബന്ധിച്ച്‌ വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബ്‌ ഇന്നലെ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. സി ബി എസ്‌ ഇ, ഐ സി എസ്‌ ഇ സ്‌കൂളുകള്‍ക്ക്‌ ഈ വര്‍ഷം അംഗീകാരം നല്‍കില്ലെന്ന്‌ മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ എന്‍ ഒ സിയ്‌ക്കായി പരിഗണിക്കപ്പെട്ട സ്‌കൂളുകള്‍ മാനദണ്‌ഡങ്ങള്‍ പാലിക്കുന്നവയല്ലെന്നും അതിനാല്‍ സി ബി എസ്‌ സി സ്‌കൂളുകള്‍ക്കായുള്ള പുതിയ അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മാനദണ്‌ഡങ്ങള്‍കൂടി പരിഗണിച്ച്‌്‌ മാത്രമെ എന്‍ ഒ സി അനുവദിക്കൂ. പുതുതായി സ്‌കൂള്‍ തുടങ്ങാന്‍ ആരെങ്കിലും മുന്നോട്ട്‌ വന്നാല്‍ അവരെ തടയില്ല. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ പാലിച്ച്‌ മാത്രമേ സ്‌കൂളുകള്‍ തുടങ്ങാന്‍ അനുവദിക്കുകയുള്ളൂ. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സി ബി എസ്‌ ഇ സ്‌കൂളിനും അംഗീകാരം നല്‍കാനാകില്ലെന്ന്‌ വിദ്യാഭ്യാസമന്ത്രി മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി. സ്‌കൂളിനുള്ള സ്ഥലവിസ്‌തീര്‍ണ്ണം, ക്ലാസ്‌ മുറികളുടെ വലിപ്പം, അധ്യാപകരുടെ ശമ്പളം തുടങ്ങിയവയിലെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്‌. ഇവ ബാധകമാക്കിയാല്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കേന്ദ്ര സിലബസ്‌ സ്‌കൂളിനും എന്‍ ഒ സി നല്‍കാനാകില്ലെന്ന്‌ മന്ത്രി വ്യക്തമാക്കിയതോടെ ഒരു സ്‌കൂളിനും പുതുതായി എന്‍ ഒ സി നല്‍കേണ്ടതില്ലെന്ന്‌ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം സംസ്ഥാനത്ത്‌ നടപ്പാക്കുമ്പോള്‍ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി കേന്ദ്ര സിലബസ്‌ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും യോഗത്തില്‍ ധാരണയായി. നിയമത്തിലെ വ്യവസ്ഥയനുസരിച്ച്‌ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍ പിയും മൂന്ന്‌ കിലോമീറ്റര്‍ ചുറ്റളവില്‍ യു പിയും ഇല്ലെങ്കില്‍ അവിടെ അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കാവുന്നതാണ്‌. ഇതനുസരിച്ച്‌ അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കാമെന്നാണ്‌ മന്ത്രിസഭയിലുണ്ടായ ധാരണ.

നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്‍ ഒ സി ലഭിച്ചിട്ടില്ലാത്തതുമായ നൂറു കണക്കിന്‌ സ്‌കൂളുകളുടെ അപേക്ഷയാണ്‌ സര്‍ക്കാരിന്റെ മുമ്പാകെയുള്ളത്‌. സര്‍ക്കാരിന്റെ എന്‍ ഒ സി ഇല്ലാത്തതിനാല്‍ സി ബി എ സ്‌ ഇ ബോര്‍ഡിന്റെ അംഗീകാരം സ്‌കൂളുകള്‍ക്ക്‌്‌ കിട്ടാതെ വന്നു. ഇതിന്‌ പരിഹാരം കാണാനെന്ന പേരിലാണ്‌ എന്‍ ഒ സി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

ജനയുഗം 080711

1 comment:

  1. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ സി ബി എസ്‌ ഇ, ഐ സി എസ്‌ ഇ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍വാങ്ങി. ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച ധാരണയായിരുന്നെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമരത്തിന്റെ വിജയമായി ചിത്രീകരിക്കപ്പെടുമെന്നതിനാല്‍ തീരുമാനം മറച്ചുവയ്‌ക്കുകയായിരുന്നു. എന്നാല്‍ അടുത്തവര്‍ഷം കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി സ്‌കൂളുകള്‍ക്ക്‌ എന്‍ ഒ സി നല്‍കാനും തീരുമാനമായിട്ടുണ്ട്‌. അഞ്ഞൂറില്‍പരം സി ബി എസ്‌ ഇ സ്‌കൂളുകള്‍ക്ക്‌ എന്‍ ഒ സി നല്‍കാനുള്ള തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിലായിരുന്നു. കോണ്‍ഗ്രസ്‌ അനുകൂല അധ്യാപക സംഘടനകളും ചില സാമുദായിക സംഘടനകളും പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ്‌ സര്‍ക്കാരിന്റെ പിന്‍മാറ്റം.

    ReplyDelete