എന്തിന് ഈ പൊലീസ്
തളിപ്പറമ്പ്: "എന്തിനാ തൊപ്പിയും വെച്ച് പൊലീസെന്ന് പറഞ്ഞ് നടക്കുന്നത്. വേറെയെന്തിങ്കിലും പണിക്ക് പോയിക്കൂടേ". ലീഗ് ക്രിമിനലുകള്‍ കാവുങ്കലിലെ ചായക്കട തകര്‍ക്കുമ്പോള്‍ നോക്കിനിന്ന പൊലീസുകരോട് കടക്കാരന് പി വി ദാമോദരന്‍ ക്ഷുഭിതനായി പറഞ്ഞ വാക്കുകളാണിത്. ദാമോദരന്റെ ജീവിതോപാധിയായ ചായക്കട നാമാവശേഷമാക്കുമ്പോള്‍ അക്രമം വ്യാപിക്കാതിരിക്കാന്‍ വരാന്തയില്‍ 12 പൊലീസുകാര്‍ കാവല്‍ നില്ക്കുന്നുണ്ടായിരുന്നു. അക്രമികളെ തടയാന്‍ ദാമോദരന്‍ അവരോട് കേണപേക്ഷിച്ചതാണ്. കട തകര്‍ക്കുന്നത് നോക്കി നിന്നതല്ലാതെ പൊലീസ് ഒന്നും ചെയ്തില്ല. പൊലിസിനെ ഭയ-ബഹുമാനത്തോടെ കണ്ടിരുന്ന സാധാരണക്കാരനായ ദമോദരന് അത്സഹിക്കാനായില്ല. തുടര്‍ന്നാണ് വായില്‍ തോന്നിയതെല്ലാം പൊലിസുകാരോട് വിളിച്ചു പറഞ്ഞത്.
മറ്റ് പണിയെടുക്കാന്‍ സാധിക്കാത്തതിനാലാണ് ദാമോദരന്‍ ചായക്കട നടത്തുന്നത്. റൊട്ടിയും ബണ്ണും ബിസ്ക്കറ്റും ചായയും വിറ്റുകിട്ടുന്നതുപയോഗിച്ചാണ് ഉപജീവനം. ആ കട ഇല്ലാതായതോടെ ദമോദരനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം വഴിയാധാരമായി. ചായക്കടയുടെ തൊട്ടടുത്ത മുറിയില്‍ വികലാംഗനായ രവി നടത്തുന്ന ടെലിഫോണ്ബൂത്ത് അടിച്ചുതകര്‍ക്കാനും അക്രമികള്‍ മടിച്ചില്ല. ബൂത്തിലെ കസേരകളും മറ്റും നശിപ്പിച്ചു. രവിയുടെ ജീവിതവും വഴിമുട്ടി. കാവുങ്കലിലെ പറയന്തില് ചന്തുക്കുട്ടി നമ്പ്യാരുടെ പെട്ടിക്കടയും തകര്ത്തവയിലുള്പ്പെടും. കടയിലെ എല്ലാസാധനങ്ങളും നശിപ്പിച്ചു. ചില്ലിക്കാശടക്കം എടുത്തുകൊണ്ടുപോയതോടെ കുടുംബത്തിന്റെ ഉപജീവന മാര്‍ഗമടഞ്ഞു. ഏറ്റവും കൂടുതല്‍ പൊലീസിനെ നിയോഗിച്ച പട്ടുവം കച്ചേരിയിലെ മുന്‍ പഞ്ചായത്തംഗം ഐ വി ഗോവിന്ദന്റെ തുണിക്കടയില്‍ കയറി വസ്ത്രങ്ങളിലേറെയും കടത്തി. അവശേഷിക്കുന്നവ നശിപ്പിച്ചു. തൊട്ടടുത്ത ടെയ്ലറിങ് ഷോപ്പും ചായക്കടയും തകര്‍ത്തു. കോണ്‍ഗ്രസ് അനുഭാവിയായ മാന്ധംകുണ്ട് പുതുശേരിയില്‍ ജനാര്‍ദനന്റെ കട കുത്തിത്തുറന്ന് സാധനങ്ങളും പണവും കവര്‍ന്നു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ പൂട്ടിയ കടകള്‍ തകര്‍ത്തതിന്റെ ലക്ഷ്യം കൊള്ളയാണ്.
തകര്‍ത്തത് ഒമ്പതു സാംസ്കാരികസ്ഥാപനങ്ങള്‍
അക്ഷരവിരോധികളായ ലീഗുകാരുടെ രാഷ്ട്രീയാന്ധതയ്ക്ക് ഇരയായത് നാടിന് അറിവിന്റെ വെളിച്ചവും വിജ്ഞാനവും പകരുന്ന ഒമ്പതോളം സാംസ്കാരിക സ്ഥാപനങ്ങള്‍ . വായനശാലകളും ഗ്രന്ഥാലയങ്ങളും തകര്‍ക്കുന്ന പതിവില്‍നിന്ന് ഒരു പടികൂടി കടന്ന് ഇവിടെ ലീഗ് പുസ്തകം ചുട്ടെരിച്ചു. മുറിയാത്തോട് ഇ എം എസ് വായനശാല, പ്രഭാത് കലാസമിതി, കാവുങ്കല്‍ ദേശപ്രിയ വായനശാല, കാവുങ്കല്‍ തരംഗം ആര്‍ട്സ് ആന്‍ഡ് സ്പോട്സ് ക്ലബ്, പറപ്പൂല്‍ എ വി കൃഷ്ണന് സ്മാരക വായനശാല, പുളിമ്പറമ്പ് റെഡ്സ്റ്റാര്‍ വായനശാല, മാന്ധംകുണ്ട് കെആര്‍സി സ്മാരക വായനശാല, യുവധാര ആട്സ് ആന്‍ഡ് സ്സ്പോട്സ് ക്ലബ്, പട്ടുവം കച്ചേരി പ്രതിഭ ആട്സ് ആന്‍ഡ് സ്പോട്സ് ക്ലബ് എന്നിവയാണ് തകര്‍ത്തത്. ഇവയുടെ കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തു. കസേര, മേശ, ഷെല്‍ഫ്, അലമാരകള്‍ തുടങ്ങിയ ഫര്‍ണിച്ചറുകളും ടിവിയും പുസ്തകങ്ങളില്‍ ഭൂരിഭാഗവും നശിപ്പിച്ചു.
മാന്ധംകുണ്ട് കെആര്‍സി വായനശാലയിലാണ് പുസ്തകങ്ങള്‍ ചുട്ടെരിച്ചത്. തളിപ്പറമ്പ് വീവേഴ്സ് സൊസൈറ്റിക്കുനേരെയും അക്രമമുണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. തളിപ്പറമ്പ് കൈരളി ഭക്ഷ്യോല്പന്ന വിപണന സംഘത്തിന്റെ കൈരളി ഫുഡ്സിന്റെ ഗ്രില്‍സ് പൊട്ടിച്ച് അകത്തു കടന്ന അരകമിസംഘം ബെയ്ക്കറി സാധനങ്ങള്‍ എടുത്തുകൊണ്ടുപോയി. അവശേഷിക്കുന്നവ നശിപ്പിച്ചു. അലമാരകള്‍ മുഴുവന്‍ തകര്‍ത്തു. സിപിഐ എമ്മിന്റെ മൂന്ന് ഓഫീസുകളും അഞ്ചോളം സഹകരണ സ്ഥാപനങ്ങളും അക്രമിച്ചു തകര്‍ത്തു. കള്ള്ചെത്ത് സഹകരണസംഘം നടത്തുന്ന മൂന്നു കള്ളുഷാപ്പുകള്‍ തകര്‍ത്ത് അക്രമികള്‍ പണവും കള്ളും കവര്‍ന്നു. പട്ടുവം കച്ചേരിഷാപ്പിലെ ഫര്‍ണിച്ചറുകളും കുപ്പികളും കന്നാസും നശിപ്പിച്ചു. 27000 രൂപയും കവര്‍ന്ന് കന്നാസുകളില്‍ കള്ളുമായാണ് അക്രമികള്‍ സ്ഥലംവിട്ടത്. ഇതിനുപുറമെ മദ്യപിച്ചശേഷം അവേശിഷിപ്പിക്കുന്നത് ഒഴുക്കികളഞ്ഞു. കാവുങ്കല്‍ , മുറിയാത്തോട് കള്ളുഷാപ്പുകളും അക്രമിച്ചു. തളിപ്പറമ്പ്- മാന്ധംകുണ്ട്- പട്ടുവം റോഡിലെ സിപിഐ എം, ഡിവൈഎഫ്ഐ കൊടിമരങ്ങളും സ്തൂപങ്ങളും മുഴുവന്‍ പിഴുതെറിയുകയും നശിപ്പിക്കുകയും ചെയ്തു.
അക്രമം: മുഖ്യ ഉത്തരവാദി പൊലീസ്- സിപിഐ എം
കണ്ണൂര്‍ : തളിപ്പറമ്പ് മേഖലയില്‍ മുസ്ലിംലീഗ് ക്രിമിനലുകളുടെ അക്രമത്തിനും കൊള്ളയ്ക്കും കൊള്ളിവയ്പ്പിനും പൂര്‍ണ ഉത്തരവാദി ഉമ്മന്‍ചാണ്ടിയുടെ പൊലീസാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പൊലീസിന്റെ നിഷ്ക്രിയത്വമാണ് പട്ടുവത്തും തളിപ്പറമ്പിലും ഭീകരാവസ്ഥ സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ലീഗ് പ്രവര്ത്തകന് വെട്ടേറ്റ് രക്തംവാര്‍ന്ന് മരിച്ചതിനെ തുടര്‍ന്നാണ് ലീഗ് ക്രിമിനലുകള്‍ തളിപ്പറമ്പിലും പരിസരത്തും അഴിഞ്ഞാടിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജില്ലാപൊലീസ് വ്യക്തമാക്കിയതാണ്. അതിനുശേഷമാണ് നിരപരാധികളുടെ വീടുകളും സാംസ്കാരിക-സഹകരണ സ്ഥാപനങ്ങളും കടകളും സൊസൈറ്റിയുടെ കള്ളുഷാപ്പുകളും പാര്‍ടി ഓഫീസുകളും ആക്രമിക്കപ്പെടുന്നത്. ലീഗ് ജില്ലാനേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് വ്യക്തം.
മാന്ധംകുണ്ടില്‍ കോണ്‍ഗ്രസുകാരനായ പുതുശേരിയില്‍ ജനാര്‍ദനന്റെ കട ആക്രമിച്ച് സാധനങ്ങള്‍ കൊള്ളയടിച്ചു. തളിപ്പറമ്പ്, പട്ടുവം മേഖലയില്‍ അക്രമം നടക്കാന്‍ ഇടയുണ്ടെന്നും സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്നും എംഎല്‍എമാരായ ജെയിംസ് മാത്യുവും ടി വി രാജേഷും ജില്ലാപൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. നൂറോളം പൊലീസുകാര്‍ ഈ പ്രദേശങ്ങളില്‍ ആയുധ സജ്ജരായെത്തിയെങ്കിലും സംരക്ഷണം നല്കാന് തയ്യാറായില്ല. അക്രമം നടക്കുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി. മിക്കയിടത്തും അക്രമികള്‍ക്ക് കാവല്‍നിന്നത് പൊലീസായിരുന്നു. ഇവിടങ്ങളിലാണ് കൂടുതല്‍ അക്രമം നടന്നത്. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. അക്രമത്തിലെ ഒന്നാംപ്രതി പൊലീസാണ്. അതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണം. അക്രമം മാത്രമല്ല, വന്‍ കവര്‍ച്ചയും കൊള്ളയും നടന്നിട്ടുണ്ട്.
തളിപ്പറമ്പ് മേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ലീഗ് അക്രമത്തിന് കൂടുതലും ഇരയാവുന്നത് സാംസ്കാരിക സ്ഥാപനങ്ങളാണ്. പുസ്തകം നശിപ്പിക്കുകയും ചുട്ടെരിക്കുകയും ചെയ്തിട്ടുണ്ട്. ലീഗുകാരുടെ അക്ഷരവിരോധം ഇതില്‍നിന്ന് വ്യക്തമാണ്. സാംസ്കാരിക സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിന് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. ഒമ്പത് സാംസ്കാരിക സ്ഥാപനങ്ങളാണ് അക്രമികള്‍ തകര്‍ത്തത്. ഇതില്‍ മിക്കതും ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകളാണ്. ആയിരക്കണക്കിനു പുസ്തകങ്ങളും നശിപ്പിച്ചു. ഏഴു കടകള്‍ , മൂന്നു വീടുകള്‍ , മൂന്നു കള്ളുഷാപ്പുകള്‍ , ബാങ്ക് ഉള്‍പ്പെടെ അഞ്ചു സഹകരണ സ്ഥാപനങ്ങള്‍ , മൂന്ന് സിപിഐ എം ഓഫീസുകള്‍ എന്നിവയും തകര്‍ക്കപ്പെട്ടു. കേരളത്തിലെ പൊലീസിനെ ഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയല്ല, കുഞ്ഞാലിക്കുട്ടിയാണെന്ന് ഇതിലൂടെ തെളിഞ്ഞു. ഈ ഭരണത്തില്‍ എന്തും നടത്താമെന്ന ധിക്കാരമാണ് ലീഗിനെ നയിക്കുന്നത്. ഇതിനെതിരെ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
വീട് തകര്‍ത്തു; സ്വര്‍ണാഭരണം കാണാനില്ല
പട്ടുവം പൂമാലക്കാവിന് സമീപത്തെ കണ്ടമ്പേത്ത് ചന്ദ്രന്റെ വീട് കണ്ടാല്‍ പടയൊഴിഞ്ഞ യുദ്ധക്കളമാണെന്നേ തോന്നൂ. തകര്‍ന്ന ജനല്‍ ചില്ലുകള്‍ , പൊട്ടിപ്പൊളിഞ്ഞ വാതിലുകള്‍ , ചിതറിക്കിടക്കുന്ന ഫ്രിഡ്ജും ടിവിയും ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ .നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ ചന്ദ്രന്റെ ഭാര്യ പ്രസന്നയുടെ ഇടനെഞ്ച് പൊട്ടിയുള്ള കരച്ചില് ഏവരുടെയും കരളലയിക്കും. പ്രസന്ന വീടിന്റെ ഷെല്‍ഫില്‍ സൂക്ഷിച്ച അഞ്ചുപവന്‍ വരുന്ന മാലയും കമ്മലും വളയുമടക്കം എല്ലാം അക്രമികള്‍ കൊണ്ടുപോയി. മേശവലിപ്പിലുണ്ടായിരുന്ന പത്തായിരം രൂപയും കവര്‍ന്നു. ബുധനാഴ്ച പകല്‍ രണ്ടോടെയാണ് ഇരുപതോളം അക്രമികള്‍ വീട് ആക്രമിച്ചത്. പട്ടികജാതി- പട്ടികവര്‍ഗ ഫണ്ട് ഉപയോഗിച്ചും ബാങ്കില്‍നിന്ന് ലോണെടുത്തുമാണ് രണ്ട് വര്‍ഷം മുമ്പ് വീട് നിര്‍മിച്ചത്. അക്രമത്തില്‍ ഈ വീടിന്റെ കോലംതന്നെ മാറി.
ഉടുതുണിക്ക് മറുതുണിയില്ലാതെ...
തളിപ്പറമ്പ്: "മോളുടെ കുപ്പായമെങ്കിലും അവര്‍ക്ക് ബാക്കിവച്ചുകൂടായിരുന്നോ?" ഉടുതുണിക്ക് മറുതുണിപോലും അവശേഷിച്ചിട്ടില്ലാത്ത പട്ടുവം യുപി സ്കൂളിന് സമീപത്തെ വീട്ടിലിരുന്നു വിലപിക്കുകയാണ് ജയശ്രീ. അക്രമത്തില്‍ വിറങ്ങിലിച്ച് നില്ക്കുന്ന പട്ടുവത്തെ ലീഗ് ക്രൂരതയുടെ ഇരയാണ് ജയശ്രീ.
പട്ടുവം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവുമായ വി വി രാജന്റെ ഭാര്യ ജയശ്രീയുടെ അനുഭവം മനഃസാക്ഷിയെ ഞെട്ടിക്കും. ഒരേ ദിവസം രണ്ട് തവണയാണ് ലീഗുകാര്‍ രാജന്റെ വീട് ആക്രമിച്ചത്; ബുധനാഴ്ച പകല്‍ മൂന്നിനും വൈകിട്ട് അഞ്ചിനും. ആദ്യമെത്തിയ സംഘം ജനലുകളും മറ്റും തകര്‍ത്തു. കലിയടങ്ങാത്ത അക്രമികള്‍ വീണ്ടുമെത്തി. വീട്ടുപകരണങ്ങളടക്കം കണ്ണില്‍കണ്ടതെല്ലാം നശിപ്പിച്ചു. സ്വര്‍ണാഭരണങ്ങള്‍ , വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം കൊള്ളയടിച്ചു. അക്രമിസംഘം വരുന്നതുകണ്ട് ഭയന്ന ജയശ്രീ ആറാം ക്ലാസ് വിദ്യാര്‍ഥിനി മകള്‍ അനുശ്രീയെയും ഭര്‍തൃമാതാവ് പാര്‍വതിയെയും കൂട്ടി ഓടി രക്ഷപ്പെട്ടു. തിരിച്ചെത്തിയപ്പോഴാണ് കരളലിയിക്കുന്ന രംഗം കണ്ടത്. അക്രമത്തില്‍ ഭയന്നുവിറച്ച മകള്‍ അനുശ്രീ ഇതുവരെ വീട്ടിലേക്ക് വരാന്‍ തയ്യാറായിട്ടില്ല.
വിടീനുനേരെ അക്രമം നടക്കാനിടയുണ്ടെന്നും സംരക്ഷണം വേണമെന്നും ചൊവ്വാഴ്ച അര്‍ധരാത്രി പൊലീസ് സ്റ്റേഷനില്‍ ജയശ്രീ വിളിച്ച് പറഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ പാറാവിനെത്തിയ പൊലീസിനെയും ഇക്കാര്യം അറിയിച്ചിരുന്നു. അക്രമം നടക്കുമ്പോള്‍ വീട് സംരക്ഷിക്കാന്‍ കേണപേക്ഷിച്ചിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. വി വി രാജന്റെ വീടിനുനേരെ അക്രമം ഉണ്ടാകാനിടയുണ്ടെന്നും സംരക്ഷണം കൊടുക്കണമെന്നും ജെയിംസ് മാത്യു എംഎല്‍എയും ജില്ലാപൊലീസ് മേധാവിയോടും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നു. പൊലീസെന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ പുച്ഛമാണെന്ന് ജയശ്രീ പറഞ്ഞു. എന്തിനാണ് ഇവര്‍ കാക്കിയിട്ട് നടക്കുന്നതെന്നാണ് ഈ വീട്ടമ്മയുടെ ചോദ്യം.
deshabhimani 080711

അക്ഷരവിരോധികളായ ലീഗുകാരുടെ രാഷ്ട്രീയാന്ധതയ്ക്ക് ഇരയായത് നാടിന് അറിവിന്റെ വെളിച്ചവും വിജ്ഞാനവും പകരുന്ന ഒമ്പതോളം സാംസ്കാരിക സ്ഥാപനങ്ങള്‍ . വായനശാലകളും ഗ്രന്ഥാലയങ്ങളും തകര്‍ക്കുന്ന പതിവില്‍നിന്ന് ഒരു പടികൂടി കടന്ന് ഇവിടെ ലീഗ് പുസ്തകം ചുട്ടെരിച്ചു. മുറിയാത്തോട് ഇ എം എസ് വായനശാല, പ്രഭാത് കലാസമിതി, കാവുങ്കല്‍ ദേശപ്രിയ വായനശാല, കാവുങ്കല്‍ തരംഗം ആര്‍ട്സ് ആന്‍ഡ് സ്പോട്സ് ക്ലബ്, പറപ്പൂല്‍ എ വി കൃഷ്ണന് സ്മാരക വായനശാല, പുളിമ്പറമ്പ് റെഡ്സ്റ്റാര്‍ വായനശാല, മാന്ധംകുണ്ട് കെആര്‍സി സ്മാരക വായനശാല, യുവധാര ആട്സ് ആന്‍ഡ് സ്സ്പോട്സ് ക്ലബ്, പട്ടുവം കച്ചേരി പ്രതിഭ ആട്സ് ആന്‍ഡ് സ്പോട്സ് ക്ലബ് എന്നിവയാണ് തകര്‍ത്തത്. ഇവയുടെ കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തു. കസേര, മേശ, ഷെല്‍ഫ്, അലമാരകള്‍ തുടങ്ങിയ ഫര്‍ണിച്ചറുകളും ടിവിയും പുസ്തകങ്ങളില്‍ ഭൂരിഭാഗവും നശിപ്പിച്ചു.
ReplyDelete