കേരളത്തില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ മോശമായി ചിത്രീകരിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തുകയാണ് യുഡിഎഫ് നേതാക്കളും ചില വലതുപക്ഷ മാധ്യമങ്ങളും. എന്തിന് വേണ്ടിയാണ് ഈ സമരം? ഒരു മാസംമാത്രം പിന്നിട്ട സര്‍ക്കാരിനെതിരെ ഇത്ര ശക്തമായ സമരം വേണ്ടിയിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്നത്. സമരം നടത്തി സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ കുറ്റപ്പെടുത്തലിന് പിന്നില്‍ പരാജയപ്പെട്ടുപോയവരുടെ നിരാശയാണ് ഉള്ളതെന്ന് എല്ലാവര്‍ക്കും ബോധ്യമാണ്. കോടതിവിധിയെത്തുടര്‍ന്ന് സ്വാശ്രയ മേഖലയില്‍ ഇപ്പോഴുണ്ടായ അവസ്ഥയാണ് ഇവരെ ഇത്തരത്തിലുള്ള പ്രതികരണം നടത്താന്‍ പ്രേരിപ്പിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ സ്വാശ്രയമേഖലയില്‍ സ്വീകരിച്ച സമീപനം എന്തായിരുന്നുവെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസിലാക്കാം. ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് സമരത്തിന് ഇറങ്ങുകയല്ല ഞങ്ങള്‍ ചെയ്തത്. എല്‍ഡിഎഫ് ഭരണകാലത്ത് കോടതി വിധിപ്രകാരം 100 ശതമാനം സീറ്റിലും മാനേജ്മെന്റിന് പ്രവേശനം നടത്താന്‍ സാഹചര്യം ഉണ്ടായിരുന്നെങ്കിലും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കോളേജുകള്‍ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളിലും 50 ശതമാനം സീറ്റുകളില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നു.
എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇതിന് മാറ്റം വന്നു. ഇത്തവണ ഇങ്ങനെയങ്ങ് പോകട്ടെ, അടുത്തവര്‍ഷം ശാശ്വതപരിഹാരത്തിന് ചര്‍ച്ച ആരംഭിക്കാം എന്നായിരുന്നു അവരുടെ നയം. ഈ പ്രഖ്യാപനം പൂര്‍ണമായി പ്രവേശനം നടത്തുന്നതിനായി മാനേജ്മെന്റുകള്‍ക്കുള്ള അപ്രഖ്യാപിത ലൈസന്‍സായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് ഉള്‍പ്പെടെ ചില മാനേജ്മെന്റുകളുമായി നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ബോധ്യപ്പെട്ട ഞങ്ങള്‍ അപ്പോള്‍ത്തന്നെ ആരോഗ്യമന്ത്രിക്ക് മെഡിക്കല്‍ പിജിയുടെയും എംബിബിഎസിന്റെയും മെറിറ്റ് സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. ആശങ്കയും അനിശ്ചിതത്വവും പരിഹരിക്കണമെന്ന് പലതവണ അഭ്യര്‍ഥിച്ചു. എന്നാല്‍ , ഇത് കണക്കിലെടുക്കാതെ മെയ് 30ന് മുമ്പ് പിജി മെഡിക്കല്‍ മെറിറ്റ് അലോട്ട്മെന്റ് ലിസ്റ്റ് കോളേജുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയില്ല. സ്വന്തം മക്കളുടെ സീറ്റ് ഉറപ്പിക്കാന്‍ ആരോഗ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇതിനിടയില്‍ മറന്നതുമില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നു. മെയ് 18ന് സത്യപ്രതിജ്ഞചെയ്ത യുഡിഎഫ് സര്‍ക്കാരിന് രണ്ടാഴ്ച ലഭിച്ചിട്ടും അതില്‍ തുടര്‍ നടപടിയും സ്വീകരിച്ചില്ല. മെയ് 30ന് കാലാവധി അവസാനിക്കുമെന്നറിയാമായിരുന്നിട്ടും മെറിറ്റ് ലിസ്റ്റ് എന്തുകൊണ്ട് നല്‍കിയില്ല എന്ന് ഇതുവരെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിട്ടില്ല. ഡിഎംഇയുടെ വീഴ്ചയാണെങ്കില്‍ അവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചില്ല. സമയം കഴിഞ്ഞതിനുശേഷവും ഈ മന്ത്രിമാര്‍ക്ക് മെറിറ്റ് സംരക്ഷിക്കാന്‍ ഒരു തിടുക്കവും കണ്ടില്ല. ജൂണ്‍ 2ന് എസ്എഫ്ഐ ആരോഗ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കി. ശക്തമായി പ്രതിഷേധം ഉയര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് ജൂണ്‍ 7ന് മെറിറ്റ് സീറ്റ് ഏറ്റെടുത്തതായി ഉത്തരവ് ഇറങ്ങുന്നത്. എന്തുകൊണ്ട് ഇത്ര കാലതാമസമുണ്ടായി എന്ന ചോദ്യം പ്രസക്തമാണ്.
ഇതിനിടയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷനുമായി കോട്ടയത്ത് ധനമന്ത്രിയുടെ നേത്യത്വത്തില്‍ ചര്‍ച്ച നടത്തുകയും സ്വന്തം ഇഷ്ടംപോലെ പ്രവേശനം നടത്താന്‍ അവര്‍ക്ക് ഉറപ്പുനല്‍കി അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ അപകടം തിരിച്ചറിഞ്ഞ എസ്എഫ്ഐ ജൂണ്‍ 15ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും വീണ്ടും നിവേദനം നല്‍കി. സീറ്റ് സംരക്ഷിക്കാനാവശ്യമായ ഒരു നടപടിയും പ്രഖ്യാപനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് മാത്രമല്ല പിജിയുടെയും എംബിബിഎസിന്റെയും മെറിറ്റ് നഷ്ടപ്പെടുമെന്ന ആശങ്കയും അനിശ്ചിതത്വവും വര്‍ധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ വിദ്യാര്‍ഥിപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. പൊതുജനങ്ങളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും ശക്തമായ വിമര്‍ശമാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഉയര്‍ന്നുവന്നത്. ഇതിനിടയില്‍ ജൂണ്‍ 27ന് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേല്‍ സുപ്രീംകോടതി പിജി അലോട്ട്മെന്റ് കാലാവധി ജൂണ്‍ 30 വരെ നീട്ടി നല്‍കി. അവര്‍ നേരത്തെതന്നെ കോടതിയെ സമീപിച്ചിരുന്നു. പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജൂണ്‍ 29ന് വൈകുന്നേരം മാത്രമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കോടതി ജൂണ്‍ 30 വരെ സമയം അനുവദിച്ചു എന്ന വിചിത്രമായ ന്യായീകരണമാണ് ഇതിന് പറയുന്നത്. അങ്ങനെയെങ്കില്‍ മാനേജ്മെന്റുകള്‍ക്ക് അനൂകൂലമായി ഹൈക്കോടതി സ്റ്റേ ഉത്തരവ് നല്‍കിയ സമയത്ത് എന്തേ സര്‍ക്കാര്‍ ഈ വിവരം കോടതിയെ അറിയിച്ചില്ല. ഇതിനിടയില്‍ എംബിബിഎസ് സീറ്റിലും മെറിറ്റ് നഷ്ടപ്പെടുന്ന നിലയില്‍ ഒരു വിഭാഗം മാനേജ്മെന്റുകള്‍ നിലപാട് സ്വീകരിച്ചു. സര്‍ക്കാര്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുമായി ഉണ്ടാക്കുന്ന രഹസ്യധാരണയില്‍ പ്രതിഷേധിച്ചായിരുന്നു ഈ നീക്കം.
ആര്‍ക്കും മനസിലാകാത്തതാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ തലതിരിഞ്ഞ സാമൂഹ്യനീതി. ലാഭത്തിനുവേണ്ടി മെറിറ്റിനെ അട്ടിമറിക്കാനാണ് ഈ വിദ്യാഭ്യാസക്കച്ചവടക്കാര്‍ ശ്രമിക്കുന്നത്. ഇത് ശരിയാണോ എന്ന് അവര്‍ ആത്മപരിശോധന നടത്തട്ടെ. സ്വാശ്രയ മേഖലയിലെ മുഴുവന്‍ ഒത്തുതീര്‍പ്പുകളെയും തകര്‍ക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടുകഴിഞ്ഞു. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ ചില മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ നടന്നോട്ടെ എന്ന രഹസ്യ അജന്‍ഡ യുഡിഎഫ് സര്‍ക്കാരിനുണ്ടായിരുന്നു. അവസാനം ഇത് പുറത്തുവരികയും പൊതുസമൂഹത്തില്‍ നിന്നും കോടതിയില്‍നിന്നും ശക്തമായ വിമര്‍ശം ഏല്‍ക്കേണ്ടി വരികയും ചെയ്തതിന്റെ ജാള്യം മറയ്ക്കാനാണ് എസ്എഫ്ഐ നടത്തിയ വിദ്യാര്‍ഥി പ്രക്ഷോഭത്തെ നിശിതമായ ഭാഷയില്‍ ആക്ഷേപിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ചില യുഡിഎഫ് നേതാക്കള്‍ മുന്നോട്ട് വരുന്നതും അക്രമസമരമെന്ന് മുദ്രകുത്തുന്നതും. യുഡിഎഫ് സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാനല്ല ഞങ്ങള്‍ സമരരംഗത്തിറങ്ങിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലും പൊതു വിദ്യാഭ്യാസരംഗത്തും കച്ചവടശക്തികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനുദാഹരണമായിരുന്നു വ്യാപകമായി സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം സംരക്ഷിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ കടമയാണ്. ഇതാണ് ഞങ്ങള്‍ ഏറ്റെടുത്തത്. സര്‍ക്കാരിനോട് കാണിക്കേണ്ട ജനാധിപത്യ സംവിധാനത്തിലെ എല്ലാ മര്യാദയും ഞങ്ങള്‍ കാണിച്ചിരുന്നു. എന്നാല്‍ , ഈ മാന്യതയ്ക്കൊന്നും സര്‍ക്കാര്‍ തരിമ്പും വില കല്‍പ്പിക്കുന്നില്ല എന്ന് തോന്നിയ ഘട്ടത്തിലാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് എസ്എഫ്ഐ നേതൃത്വം നല്‍കിയത്.
മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ ജാതകവും സമയവും നോക്കിയിരിക്കാന്‍മാത്രം വിവരദോഷികളല്ല കേരളത്തിലെ പുരോഗമന വിദ്യാര്‍ഥി സമൂഹം. ചിലര്‍ പറയുന്നത് കുറച്ചു കുട്ടികളുടെമാത്രം പ്രശ്നമല്ലേ, സര്‍ക്കാര്‍ വന്നിട്ട് കുറച്ചുദിവസമല്ലേ ആയുള്ളൂ എന്നെല്ലാമാണ്. എന്നാല്‍ , ഒരു കുട്ടിയായാലും ഒരു ദിവസമായ സര്‍ക്കാര്‍ ആയാലും മെറിറ്റില്‍ പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാന പ്രശ്നം. ദിവസക്കണക്ക് പറയുന്നവര്‍ ഓര്‍ക്കേണ്ടത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ രണ്ടാമത്തെ ദിവസം ഡോക്ടര്‍മാര്‍ക്ക് സ്വകാര്യപ്രാക്ടീസ് നടത്തുന്നതില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു എന്ന കാര്യമാണ്. മെറിറ്റ് സംരക്ഷിക്കാനാണ് പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇരമ്പിയാര്‍ക്കുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി, നിയമസഭയിലേക്കും സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും ഡിഡിഇ ഓഫീസുകളിലേക്കും ഞങ്ങള്‍ മാര്‍ച്ച് നടത്തിയത്. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ എത്ര ഭീകരമായിട്ടാണ് ന്യായമായ ഈ സമരത്തെ നേരിട്ടതെന്ന് കേരളം കണ്ടതാണ്. സമാധാനമായി സമരം നടത്തിയ വിദ്യാര്‍ഥികളെ ലാത്തി, ഗ്രനേഡ്, ടിയര്‍ഗ്യാസ് ഷെല്ലുകള്‍ , ജലപീരങ്കികള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമിച്ചത്. 278 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 86 പേരെ ജയിലിലടച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കയറി കണ്ണില്‍ക്കണ്ട വിദ്യാര്‍ഥികളെയെല്ലാം തല്ലിച്ചതച്ചു. ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴാണ് സമരത്തില്‍ പങ്കെടുക്കാത്ത യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനി ശരണ്യയുടെ തല തല്ലിത്തകര്‍ത്തത്. ആര്‍ രാജേഷ് എംഎല്‍എയെ ഭീകരമായി മര്‍ദിച്ചു. ഇതാണോ ഗാന്ധി ശിഷ്യരെന്ന് മേനി നടിക്കുന്നവരുടെ ജനാധിപത്യഭരണം. കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തില്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളുടെ സമരങ്ങളെ അടിച്ചമര്‍ത്തുകയല്ല, ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ചെയ്തത്. ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്തുന്ന രീതി അന്നുണ്ടായിരുന്നില്ല.
യൂണിവേഴ്സിറ്റി കോളേജിലേക്ക് ജൂണ്‍ 29ന് 28 ഗ്രനേഡാണ് പോലീസ് എറിഞ്ഞത്. അവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മനുഷ്യരാണെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി മനസിലാക്കണം. ഞങ്ങള്‍ ചിന്തിയ ചോരയുടെ ഫലമായാണ് യുഡിഎഫ് സര്‍ക്കാരിന് നിലപാടില്‍നിന്ന് പുറകോട്ടുപോകേണ്ടിവന്നത്. ആദ്യം സ്വീകരിച്ച മെല്ലെപ്പോക്ക് നയത്തില്‍നിന്ന് മാറി മെറിറ്റും സാമൂഹ്യനീതിയും സംരക്ഷിക്കാന്‍ ഇടപെടേണ്ടി വന്നത്. അതിന്റെ ഭാഗമായിട്ടാണ് ഹൈക്കോടതിയില്‍നിന്നും സുപ്രീംകോടതിയില്‍ നിന്നും 50 ശതമാനം മെറിറ്റ് സീറ്റ് സംരക്ഷിക്കുന്നതിനാവശ്യമായ വിധി വന്നതും സര്‍വകക്ഷിയോഗം വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാകേണ്ടിവന്നതും. ഇതിനെ തുറന്ന മനസ്സോടെ ഞങ്ങള്‍ സ്വാഗതംചെയ്യുന്നു. ഈ വര്‍ഷം ഇങ്ങനെ പോകട്ടെ എന്ന് കരുതിയിരുന്നെങ്കില്‍ അടുത്ത തവണ മാനേജ്മെന്റുകള്‍ കോടതിയില്‍ പോയി തല്‍സ്ഥിതി തുടരണമെന്ന വിധി സമ്പാദിക്കുമായിരുന്നു. കഴിഞ്ഞ നാല് വര്‍ഷവും ക്രിസ്ത്യന്‍ മാനേജ്മെന്റ് ചെയ്തുവന്നത് അതാണ്. ഇത് മനസിലാക്കിയാണ് സര്‍ക്കാരിനെക്കാണ്ട് ഈ വര്‍ഷംതന്നെ 50 ശതമാനം മെറിറ്റ് സീറ്റ് ഏറ്റെടുപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചത്. അതിന് സാധിച്ചു. ഇത് ഉമ്മന്‍ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടില്ലെങ്കിലും കേരളത്തിലെ പ്രബുദ്ധരായ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥിസമൂഹത്തിനും ബോധ്യമുള്ള കാര്യമാണ്. സാമൂഹ്യനീതിയുടെ കാവല്‍ഭടന്‍മാരായി, കച്ചവടശക്തികള്‍ക്കും തെറ്റായ നയങ്ങള്‍ക്കുമെതിരെ ഞങ്ങള്‍ പോരാട്ടം തുടരും.
കെ വി സുമേഷ് (എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
കേരളത്തില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ മോശമായി ചിത്രീകരിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തുകയാണ് യുഡിഎഫ് നേതാക്കളും ചില വലതുപക്ഷ മാധ്യമങ്ങളും. എന്തിന് വേണ്ടിയാണ് ഈ സമരം? ഒരു മാസംമാത്രം പിന്നിട്ട സര്‍ക്കാരിനെതിരെ ഇത്ര ശക്തമായ സമരം വേണ്ടിയിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്നത്. സമരം നടത്തി സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ReplyDelete