Thursday, July 7, 2011

കെ എം മാണിയുടെ മുഖ്യമന്ത്രി മാര്‍ പവ്വത്തില്‍ : കോടിയേരി

തൃപ്പൂണിത്തുറ: ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തലവന്‍ ജോസഫ് പവ്വത്തില്‍ പിതാവാണ് ധനമന്ത്രി കെ എം മാണിയുടെ മുഖ്യമന്ത്രിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മാണി മുഖ്യമന്ത്രിയായി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ ഐക്യദാര്‍ഢ്യദിനാചരണത്തിന്റെ ജില്ലാതല സമ്മേളനം തൃപ്പൂണിത്തുറയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ പിജി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ മെയ് 28നു തീരുമാനിച്ചശേഷം ഇന്റര്‍ചര്‍ച്ച് കൗണ്‍സിലില്‍ മാനേജ്മെന്റിനെ സഹായിക്കാന്‍വേണ്ടി കെ എം മാണി അത് നടപ്പാക്കാതെ മാറ്റിവച്ചു. മെഡിക്കല്‍പ്രവേശനത്തില്‍ നിലവിലുള്ള സ്ഥിതി തുടരുമെന്നാണ് കെ എം മാണി ആദ്യം പറഞ്ഞത്. ഈ വര്‍ഷം ഇതുസംബന്ധിച്ചു ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഇത് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായുള്ള കള്ളക്കളിയുടെ ഭാഗമായിട്ടായിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സമരരംഗത്തിറങ്ങിയത്. സമരംചെയ്ത എംഎല്‍എ ആര്‍ രാജേഷിനെ പോലും പൊലീസ് തല്ലിച്ചതച്ചു. പൊലീസിനെ ഉപയോഗിച്ച് ഭരിക്കാമെന്ന വ്യാമോഹം ഉമ്മന്‍ചാണ്ടി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവിടെ എസ്പിമാര്‍ , കലക്ടര്‍മാര്‍ എന്നിവരെ നിയമിക്കുന്നതുപോലും ജാതിമത നേതാക്കന്മാരാണ്. മതനേതാക്കളുടെ ശാഠ്യത്തെത്തുടര്‍ന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനുപോലും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. വി ഡി സതീശന്‍ മന്ത്രിയാകുമെന്ന് കരുതി വീട് വരെ കണ്ടുവച്ചു. പേഴ്സണല്‍ സ്റ്റാഫിനെയും തീരുമാനിച്ചു. മതനേതാക്കളുടെ പിന്തുണയില്ലാത്തതിനാല്‍ അദ്ദേഹത്തിനും പദവി കിട്ടിയില്ല. രമേശ്ചെന്നിത്തല ഇരിക്കുന്നത് പ്രതിപക്ഷത്തോടു ചേര്‍ന്നാണ്. ചൊല്‍പ്പടിക്കുനില്‍ക്കുന്ന ഉദ്യോഗസ്ഥരെകൊണ്ട് ആവശ്യമായ കാര്യങ്ങള്‍ നടത്താനാണ് മൂന്നു എംഎല്‍മാരുടെ ഭൂരിപക്ഷംമാത്രമുള്ള യുഡിഎഫ് അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് ആവര്‍ത്തിക്കുന്നത്. ഇത് കേള്‍ക്കുമ്പോള്‍ത്തന്നെ അവര്‍ക്കിടയില്‍ എന്തോ കുഴപ്പമുണ്ടെന്ന് വ്യക്തമാകും.

തദ്ദേശസ്വയംഭരണത്തെ മുസ്ലീംലീഗ് രണ്ടായി വിഭജിച്ചു. ഉമ്മന്‍ചാണ്ടി അതിനെ മൂന്നാക്കി. മുസ്ലീംലീഗില്‍ ഇപ്പോള്‍ ജനറല്‍ സെക്രട്ടറിമാരും രണ്ടാണ്. ഡിജിപി ജേക്കബ് പുന്നൂസിനോട് വെറുതെയിരുന്നാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഡിജിപിയുടെ ഉത്തരവാദിത്തം മുഴുവന്‍ എഡിജിപി വേണുഗോപാല്‍ നായര്‍ക്ക് നല്‍കി. ഉദ്യോഗസ്ഥന്മാരെയും പൊലീസിനെയും രാഷ്ട്രീയാടിസ്ഥാനത്തില്‍ വിഭജിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ഇത് ഭരണത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു. യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്അംഗം സി വി ഔസേഫ് അധ്യക്ഷനായി.

deshabhimani 070711

1 comment:

  1. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തലവന്‍ ജോസഫ് പവ്വത്തില്‍ പിതാവാണ് ധനമന്ത്രി കെ എം മാണിയുടെ മുഖ്യമന്ത്രിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മാണി മുഖ്യമന്ത്രിയായി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ ഐക്യദാര്‍ഢ്യദിനാചരണത്തിന്റെ ജില്ലാതല സമ്മേളനം തൃപ്പൂണിത്തുറയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete