Monday, July 11, 2011

മാധ്യമങ്ങളുടെ ശുംഭത്തരം

മാധ്യമ ശുംഭത്തരത്തിനും ഒരു പരിധിവേണമെന്ന് പറയാതിരിക്കാന്‍ പറ്റുന്നില്ല. ജഡ്ജിമാരെ ശുംഭന്‍ എന്നുവിളിച്ചുവെന്നാരോപിച്ച് കോടതിയലക്ഷ്യത്തിന് വിചാരണനടത്തുന്ന കാലമാണിത്. ശുംഭന്‍ എന്ന് പ്രയോഗിച്ചതിന്റെ പേരില്‍ മാധ്യമലക്ഷ്യത്തിന് വിചാരണ നേരിടേണ്ടിവരുമോയെന്ന് അറിയില്ല. ജുഡീഷ്യറിയെപ്പോലെ ജനാധിപത്യത്തിന്റെ പവിത്രമായ നാലാം തൂണാണല്ലോ മാധ്യമക്കാര്‍ . എന്തായാലും പറയാതിരിക്കാന്‍ പറ്റില്ല. സിപിഐ എമ്മിനെക്കുറിച്ച് എന്തും വിളിച്ച് പറയാനും എഴുതാനുമുള്ള അവകാശം കുറച്ചുകാലമായി നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ തീറെഴുതി വാങ്ങിയിട്ടുണ്ടല്ലോ? സിപിഐ എമ്മിനെതിരെ എന്ത് ആരോപണവും ഉന്നയിക്കുന്നതിന് അവകാശമുണ്ട്. എന്നാല്‍ അതില്‍ സത്യത്തിന്റെ ചെറിയൊരു അംശമെങ്കിലും വേണമെന്ന് തീരെ നിര്‍ബന്ധമില്ലെന്ന് വരുന്നത് കഷ്ടമല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? പ്രത്യയശാസ്ത്ര തര്‍ക്കമൊക്കെ അവസാനിപ്പിച്ച് ഇപ്പോള്‍ പീഡനമാണ് ഇവരുടെ ഇഷ്ടവിഷയം. ഇത് ആരുടെ നേര്‍ക്കും എടുത്ത് ഉപയോഗിക്കാന്‍ പറ്റുന്ന ആയുധമാണെന്ന മട്ടിലാണ് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളുടെ വാര്‍ത്താവതരണം. കുറേ കുടുംബങ്ങളുടെ ജീവിതം തല്ലിക്കെടുത്തിയിട്ട് വേണോ ഈ മാര്‍ക്സിസ്റ്റ് വേട്ടയെന്ന് ആലോചിക്കണമെന്ന് പറയുന്നതിലൊന്നും കാര്യമില്ല. അവര്‍ അവരുടെ മഞ്ഞധര്‍മം നിര്‍വഹിക്കുന്നു. മഞ്ഞപത്രങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ടെലിവിഷന്‍ സ്ക്രീനിലും മുഖ്യധാര പത്രങ്ങളുടെ പേജുകളിലും നിറയുന്നത് ഇവരുടെ റേറ്റിങ് എത്രമാത്രം വര്‍ധിപ്പിക്കുണ്ടെന്നോ.

കാസര്‍കോട് ജില്ലയിലെ സിപിഐ എം നേതാവിനെതിരെ യാതൊരു തെളിവും ഇല്ലാതെ ഏതോ ശുംഭന്‍ പടച്ചുണ്ടാക്കിയ പീഡന കഥ പൊതുജനസമക്ഷം ആധികാരികമായി അവതരിപ്പിക്കാന്‍ ലജ്ജയില്ലേ എന്നും ചോദിക്കരുത്. പേര് വെക്കാതെ എന്തും പറയാമെന്നും ആരും മാനനഷ്ടക്കേസിനു പോകില്ലെന്നും മാധ്യമപണ്ഡിതന്‍മാരെ ആരും പഠിപ്പിക്കേണ്ട. കേട്ട്കേള്‍വിയില്‍ വാര്‍ത്തകൊടുക്കുമ്പോള്‍ ഏകീകരിച്ച രൂപത്തിലെങ്കിലും കൊടുക്കേണ്ടെ. ഒരാള്‍ക്ക് പീഡന ശ്രമമാണെങ്കില്‍ മറ്റേക്കൂട്ടര്‍ക്ക് പീഡനമായി. മറ്റൊരുകൂട്ടര്‍ക്ക് ഇംഗിതത്തിന് വഴങ്ങാനുള്ള നിര്‍ബന്ധമായി. എന്നിട്ട് സ്വന്തം ലേഖകന്റെ വക ഒരു കാച്ചും ജില്ലാകമ്മിറ്റിക്ക് പരാതി കൊടുത്തിട്ടുണ്ട് പോലും. പോരെ ആളുകളുടെ വിശ്വാസ്യതക്ക്. പരാതിയില്ലെന്നും ഇത് പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ പടച്ചുണ്ടാക്കിയതാണെന്നും ജില്ലാസെക്രട്ടറിയുടെ വിശദീകരണമൊന്നും മുഖവിലക്കെടുക്കേണ്ടെന്നും ഇവര്‍ ജേണലിസം അക്കാദമിയില്‍നിന്ന് പഠിച്ചിട്ടുണ്ട്. പീഡന കഥ കൊടുക്കുമ്പോള്‍ ചുരുങ്ങിയപക്ഷം പരാതി പറയാന്‍ ഒരാളെങ്കിലും വേണ്ടേ? എവിടെയെങ്കിലും പരാതി പറയണ്ടേ. പാര്‍ടി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന നേതാവിന്റെ മകള്‍ എന്നൊക്കെ പറയുമ്പോള്‍ അത്തരം എത്രയാളുകള്‍ ഉണ്ടാകും. ഇവരെയെല്ലാം സംശയത്തിന്റെ മുനയില്‍ നിര്‍ത്തിവേണോ ഈ അഭ്യാസം. സന്ധ്യയാകുമ്പോള്‍ ലാര്‍ജും സ്മോളും അടിച്ച് വിപ്ലവ പാര്‍ടിയെ വിപ്ലവം പഠിപ്പിക്കാന്‍ ഇറങ്ങുന്നവരുടെ വിവരക്കേടിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണോ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം. പാര്‍ടി സമ്മേളനം നടക്കുമ്പോള്‍ ഇവരിറക്കുന്ന സ്ഥിരം നമ്പറുകളുടെ ഭാഗമായാലും അനാവശ്യമായി വ്യക്തിഹത്യ നടത്തുന്നതാണോ മാധ്യമധര്‍മം എന്ന് ആലോചിക്കുന്നത് നല്ലതാണ്.

deshabhimani 110711

2 comments:

  1. മാധ്യമ ശുംഭത്തരത്തിനും ഒരു പരിധിവേണമെന്ന് പറയാതിരിക്കാന്‍ പറ്റുന്നില്ല. ജഡ്ജിമാരെ ശുംഭന്‍ എന്നുവിളിച്ചുവെന്നാരോപിച്ച് കോടതിയലക്ഷ്യത്തിന് വിചാരണനടത്തുന്ന കാലമാണിത്. ശുംഭന്‍ എന്ന് പ്രയോഗിച്ചതിന്റെ പേരില്‍ മാധ്യമലക്ഷ്യത്തിന് വിചാരണ നേരിടേണ്ടിവരുമോയെന്ന് അറിയില്ല. ജുഡീഷ്യറിയെപ്പോലെ ജനാധിപത്യത്തിന്റെ പവിത്രമായ നാലാം തൂണാണല്ലോ മാധ്യമക്കാര്‍ . എന്തായാലും പറയാതിരിക്കാന്‍ പറ്റില്ല.

    ReplyDelete
  2. കാസര്‍കോട്: സ്വഭാവദൂഷ്യമാരോപിച്ച് കാസര്‍കോട്ടെ സിപിഐ എം നേതാവിനെതിരെ ജില്ലാകമ്മിറ്റിക്ക് പരാതി നല്‍കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ല. പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. സിപിഐ എമ്മിനെതിരെ എന്തും പ്രചരിപ്പിക്കാമെന്ന നിലപാട് മാധ്യമധര്‍മത്തിന് നിരക്കുന്നതല്ല. കുപ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ടി ബന്ധുക്കളോടും ബഹുജനങ്ങളോടും ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.

    ReplyDelete