Friday, July 8, 2011

അസന്തുലിത ബജറ്റിനെതിരെ കോണ്‍ഗ്രസ്‌ എം എല്‍ എമാര്‍ രംഗത്ത്‌

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ഇന്ന്‌ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ കോണ്‍ഗ്രസ്‌ എം എല്‍ എമാര്‍ രംഗത്ത്‌. വികസന കാര്യത്തില്‍ പ്രാദേശികമായ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാന്‍ ബജറ്റിനായില്ലെന്ന്‌ കാട്ടിയാണ്‌ കോണ്‍ഗ്രസ്‌ എം എല്‍ എമാര്‍ രംഗത്തെത്തിയത്‌.

തീരദേശ മേഖലയെ ബജറ്റ്‌ തീര്‍ത്തും അവഗണിച്ചുവെന്നും എം എല്‍ എമാര്‍ കുറ്റപ്പെടുത്തുന്നു. പല ജില്ലകളെയും വികസനത്തില്‍നിന്നും ഒഴിവാക്കി. വികസനം കോട്ടയത്തും പരിസരത്തുമായി ചുരുക്കിയെന്നാണ്‌ മറ്റൊരാരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എം എല്‍ എമാര്‍ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച്‌ ചര്‍ച്ചചെയ്യാനുള്ള ശ്രമത്തിലാണ്‌ അവരിപ്പോള്‍.

ബജറ്റ്‌ പാലക്കാടിനെ പൂര്‍ണമായും അവഗണിച്ചുവെന്ന്‌ വി ടി ബല്‍റാം പരസ്യമായി കുറ്റപ്പെടുത്തിയപ്പോള്‍ കൊച്ചിക്കുനേരിട്ട അവഗണനയ്‌ക്കെതിരെ ബെന്നിബഹന്നാനും രംഗത്തെത്തിയിട്ടുണ്ട്‌.

തിങ്കളാഴ്‌ച നിയമസഭയില്‍ ആരംഭിക്കുന്ന ബജറ്റ്‌ ചര്‍ച്ചയ്‌ക്ക്‌ മുന്നോടിയായി ചേരുന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യാനാണ്‌ മറ്റൊരു നീക്കം. ബജറ്റ്‌ ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടുകളാണ്‌ അടുത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന്റെ അജണ്ട. നിയമസഭയിലെ ചര്‍ച്ചയില്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസം തുറന്നുപറയുമെന്ന നിലപാടിലാണ്‌ ടി എന്‍ പ്രതാപനും കൂട്ടരും. ഇക്കാര്യം ധനമന്ത്രി കെ എം മാണിയെയും അവര്‍ അറിയിച്ചുകഴിഞ്ഞു.

വികസനത്തിന്റെ സന്തുലനം തകര്‍ക്കുന്ന ബജറ്റ്‌: വി എസ്‌

തിരുവനന്തപുരം: വികസന കാര്യത്തില്‍ പ്രദേശങ്ങളും മേഖലകളും തമ്മില്‍ ആവശ്യമായ സന്തുലനം തകര്‍ക്കുന്ന ബജറ്റാണിതെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. തികച്ചും ആത്മനിഷ്‌ഠമായ രീതിയിലാണ്‌ ബജറ്റ്‌ തയാറാക്കിയിരിക്കുന്നതെന്നും വികസന കാര്യത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണ്‌ ബജറ്റെന്നും പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാന്ദന്‍ ആരോപിച്ചു.

അഞ്ച്‌ വര്‍ഷത്തെ എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ ഭരണനേട്ടം മറച്ചുവക്കാന്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ നടത്തിയ ശ്രമം ബജറ്റ്‌ പ്രസംഗത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ്‌. തോട്ടങ്ങളുടെ അഞ്ച്‌ ശതമാനം ഭൂമി ടൂറിസം വികസനത്തിന്‌ മാറ്റാന്‍ അനുമതി നല്‍കണമെന്നാണ്‌ ബജറ്റില്‍ പറയുന്നത്‌. ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന്‌ തോട്ടങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ള ആനുകൂല്യം ദുരുപയോഗം ചെയ്യാനിടയാക്കുന്ന നിര്‍ദേശമാണിത്‌. ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ മാണി മന്ത്രിയായിരുന്നപ്പോള്‍ മുന്‍പും ശ്രമം നടത്തിയിട്ടുണ്ടെന്നും വി എസ്‌ പറഞ്ഞു.

ബി പി എല്‍ കുടുംബങ്ങള്‍ക്ക്‌ ഒരു രൂപ നിരക്കില്‍ അരി നല്‍കുമെന്ന പ്രഖ്യാപനം ഇരുപത്‌ ലക്ഷം കുടുംബങ്ങള്‍ക്കായി പരിമിതപ്പെടുത്തുമെന്നാണ്‌ ബജറ്റില്‍ പറയുന്നത്‌. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌ ബിപിഎല്‍ കുടുംബങ്ങള്‍ 30 ലക്ഷത്തിലധികമാണെന്ന്‌ വി എസ്‌ ചൂണ്‌ടിക്കാട്ടി. ഏപ്രില്‍ ഒന്നിന്‌ ശേഷം ജനിക്കുന്ന ഓരോ കുട്ടികളുടെയും പേരില്‍ 10,000 രൂപ നിക്ഷേപം നടത്തുമെന്ന മുന്‍ സര്‍ക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനം ഒഴിവാക്കിയെന്നും വി എസ്‌ ചൂണ്ടിക്കാട്ടി.

janayugom news

2 comments:

  1. ധനമന്ത്രി കെ എം മാണി ഇന്ന്‌ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ കോണ്‍ഗ്രസ്‌ എം എല്‍ എമാര്‍ രംഗത്ത്‌. വികസന കാര്യത്തില്‍ പ്രാദേശികമായ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാന്‍ ബജറ്റിനായില്ലെന്ന്‌ കാട്ടിയാണ്‌ കോണ്‍ഗ്രസ്‌ എം എല്‍ എമാര്‍ രംഗത്തെത്തിയത്‌.

    ReplyDelete
  2. ബജറ്റില്‍ പ്രാദേശിക സന്തുലാതവസ്ഥ പാലിക്കാന്‍ കഴിഞ്ഞില്ലെന്ന കോണ്‍ഗ്രസ്‌ എം എല്‍ എമാരുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ ധനമന്ത്രി കെ എം മാണി. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന മീറ്റ്‌ ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

    അടിസ്‌ഥാന സൗകര്യ വികസനത്തിനാണു ബജറ്റില്‍ താന്‍ ഊന്നല്‍ നല്‍കിയത്‌. 14 ജില്ലകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട റോഡുകള്‍ക്കായി 200 കോടിരൂപയാണ്‌ അനുവദിച്ചത്‌. ഈ റോഡുകള്‍ ഏതൊക്കെയെന്ന്‌ നിര്‍ദ്ദേശിക്കേണ്ടത്‌ എം എല്‍ എമാരാണ്‌.

    തീരദേശങ്ങളുടെ വികസനത്തിനായാണ്‌ തീരദേശ അതോരിറ്റി കൊണ്ടു വന്നത്‌. മറ്റു പല പദ്ധതികളും തീരദേശ മേഖലയ്‌ക്കു പ്രഖ്യാപിച്ചിട്ടുണ്ട്‌. കോട്ടയം, പാല എന്നീവാക്കുകള്‍ ബജറ്റില്‍ കേട്ടതുകൊണ്ട്‌ എന്തുകുഴപ്പമാണ്‌ ഉള്ളതെന്നും ധനമന്ത്രി ചോദിച്ചു. മുന്‍ മന്ത്രി തോമസ്‌ ഐസക്കിന്റെ അഞ്ചു ബജറ്റുകളിലും കോട്ടയം, പാല എന്നീ വാക്കുകള്‍ കേട്ടിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു.

    അപകടകരമായ ദിശയില്‍ നിന്നും നല്ല ദിശയിലേക്ക്‌ സംസ്ഥാനത്തെ മാറ്റുന്ന ബജറ്റാണ്‌ താന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്‌. ധവളപത്രം ഈ നിയമസഭാസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. കഴിഞ്ഞ സര്‍ക്കാര്‍ പണം വയ്‌ക്കാതെ വെറുതെ ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ നടപ്പാക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്തിയിട്ടുള്ളെന്നും ധനമന്ത്രി അവകാശപ്പെട്ടു

    ReplyDelete