Tuesday, October 18, 2011

സസ്പെന്‍ഷന്‍ മുമ്പേ ആസൂത്രണം ചെയ്തു; സഭയില്‍ നാടകീയസംഭവങ്ങള്‍

വെള്ളിയാഴ്ച നിയമസഭയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ തിങ്കളാഴ്ച അരങ്ങേറിയത് യുഡിഎഫ് ആസൂത്രണംചെയ്ത നാടകമെന്ന് വ്യക്തമായി. എംഎല്‍എമാരായ ജയിംസ് മാത്യുവും ടി വി രാജേഷും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തുവെന്ന നുണക്കഥകള്‍ പൊളിഞ്ഞതിനെതുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അരങ്ങേറിയത്.

വെള്ളിയാഴ്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ത്തന്നെ എംഎല്‍എമാര്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നിട്ടും കഴിഞ്ഞ മൂന്നു ദിവസവും യുഡിഎഫ് നുണ ആവര്‍ത്തിച്ചു. തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പും സഭയ്ക്കുപുറത്ത് അപവാദപ്രചാരണം നടത്തിയത് അംഗങ്ങളുടെ അവകാശലംഘനമാണെന്നുകാണിച്ച് ജയിംസ് മാത്യുവും ടി വി രാജേഷും സ്പീക്കര്‍ക്ക് കത്ത് നല്‍കിയതോടെ ഭരണപക്ഷം വെട്ടിലായി. തിങ്കളാഴ്ച രാവിലെ 7.45 ആകുമ്പോഴേക്കും നിയമസഭ സജീവമായിരുന്നു. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ സമയത്തിനുതന്നെ സഭയിലെത്തി. മാധ്യമപ്രവര്‍ത്തകരും എട്ടു മണിക്കുമുമ്പ് സഭയിലെത്തി. പ്രതിപക്ഷ കക്ഷി നേതാക്കളും ഭരണപക്ഷ നേതാക്കളും വെവ്വേറെ യോഗം ചേര്‍ന്നു.

കൃത്യം എട്ടു മണിക്ക് നിയമസഭയുടെ കാര്യോപദേശകസമിതി യോഗം ആരംഭിച്ചു. എട്ടരയ്ക്ക് ചോദ്യോത്തരവേള തുടങ്ങുന്നതിനുമുമ്പും യോഗം അവസാനിക്കാത്തതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെ അധ്യക്ഷതയില്‍ സഭ തുടങ്ങി. ഒമ്പതരയ്ക്ക് ശൂന്യവേള ആരംഭിച്ചപ്പോഴും ചര്‍ച്ച തുടരുകയായിരുന്നു. ഏതാണ്ട് 9.45ന് ചര്‍ച്ച അവസാനിപ്പിച്ച് കക്ഷിനേതാക്കള്‍ പിരിഞ്ഞു. വീണ്ടും ഭരണപക്ഷവും പ്രതിപക്ഷവും വെവ്വേറെ യോഗം ചേര്‍ന്നു. ജയിംസ് മാത്യുവിനെയും രാജേഷിനെയും സസ്പെന്‍ഡ് ചെയ്യണമെന്ന് ഉമ്മന്‍ചാണ്ടി വാശിപിടിച്ചു. ഒരു തെറ്റും ചെയ്യാത്ത എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷം തറപ്പിച്ചുപറഞ്ഞു. എംഎല്‍എമാരെ അവഹേളിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പും പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രണ്ടു പക്ഷവും അവരവരുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച വഴിമുട്ടി.

ഇതിനിടിയില്‍ ജയിംസും രാജേഷും സ്പീക്കര്‍ക്ക് കത്ത് നല്‍കി. തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും നടപടി അവകാശലംഘനമാണെന്നും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം സ്പീക്കറുടെ പോഡിയത്തിന്റെ നേര്‍ക്ക് വരാനിടയായതില്‍ വിഷമവും അറിയിച്ചു. എന്നാല്‍ , ഈ കത്ത് സ്പീക്കര്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷ കക്ഷിനേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ ധാരണ വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സ്പീക്കര്‍ സഭയിലെത്തി റൂളിങ് നടത്തിയത്. ഇതിന് തൊട്ടുമുമ്പ് ജയിംസും രാജേഷുമായി സ്പീക്കര്‍ സംസാരിച്ചിരുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ മനപ്പൂര്‍വം ആരെങ്കിലും ആക്രമിച്ചതായി കരുതുന്നില്ലെന്ന് പറഞ്ഞ സ്പീക്കര്‍ , ജയിംസ് മാത്യുവും രാജേഷും ഖേദം പ്രകടിപ്പിച്ചുവെന്നും പറഞ്ഞു. അപ്പോള്‍ത്തന്നെ രണ്ട് എംഎല്‍എമാരും സഭയില്‍ അക്കാര്യം നിഷേധിച്ചു.

സ്പീക്കര്‍ റൂളിങ് പൂര്‍ത്തിയാക്കിയ ഉടന്‍ സംസാരിക്കാനുണ്ടെന്ന് മുഖ്യമന്ത്രി ആംഗ്യം കാണിച്ചു. സ്പീക്കര്‍ ക്ഷണിച്ചതനുസരിച്ച് സംസാരിക്കാന്‍ എഴുന്നേറ്റ മുഖ്യമന്ത്രി മുന്‍കൂട്ടി തയ്യാറാക്കിയ സസ്പെന്‍ഷന്‍പ്രമേയം അവതരിപ്പിച്ചു. ഇതോടെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതിഷേധം അറിയിച്ചു. ഭരണപക്ഷനിലപാടില്‍ പ്രതിഷേധിച്ച് സഭയില്‍ സത്യഗ്രഹം തുടങ്ങുകയാണെന്നും അറിയിച്ചു. സത്യഗ്രഹം നടത്തുന്ന അംഗങ്ങള്‍ക്കുനേരെ ആക്രോശിച്ചുകൊണ്ട് മന്ത്രി കെ പി മോഹനന്‍ സഭയുടെ മേശപ്പുറത്ത് കയറി. മന്ത്രി കുഞ്ഞാലിക്കുട്ടി ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. സ്പീക്കറുടെ റൂളിങ്ങിനുശേഷം സസ്പെന്‍ഷന്‍പ്രമേയം അവതരിപ്പിച്ചത് സ്പീക്കറോടുള്ള അവിശ്വാസമാകുമെന്ന് വ്യാഖ്യാനം ഭയന്ന് ഭരണപക്ഷം നിലപാട് മാറ്റി. തിങ്കളാഴ്ച സഭയില്‍ സ്പീക്കര്‍ റൂളിങ് നടത്തുന്നതിനിടെ ആക്രോശിച്ചതിനാണ് സസ്പെന്‍ഷന്‍ എന്ന് മുഖ്യമന്ത്രിയും ചീഫ് വിപ്പും പിന്നീട് അവകാശപ്പെട്ടു. എന്നാല്‍ , മുന്‍കൂട്ടി തയ്യാറാക്കിയ പ്രമേയമായിരുന്നു മുഖ്യമന്ത്രി വായിച്ചത്. അത് ശരിയല്ലെന്നും അംഗങ്ങള്‍ മോശമായി പെരുമാറിയശേഷം സഭയില്‍ ഇരുന്ന് എഴുതിയതാണ് പ്രമേയമെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.
(എം രഘുനാഥ്)

deshabhimani 181011

2 comments:

  1. വെള്ളിയാഴ്ച നിയമസഭയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ തിങ്കളാഴ്ച അരങ്ങേറിയത് യുഡിഎഫ് ആസൂത്രണംചെയ്ത നാടകമെന്ന് വ്യക്തമായി. എംഎല്‍എമാരായ ജയിംസ് മാത്യുവും ടി വി രാജേഷും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തുവെന്ന നുണക്കഥകള്‍ പൊളിഞ്ഞതിനെതുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അരങ്ങേറിയത്.

    ReplyDelete
  2. വളരെ വ്യക്തമായ ഒരു കാര്യം ഉണ്ട്, ഭരണപക്ഷം തിരക്കഥ ഉണ്ടാക്കിയാലും ഇല്ലെങ്കിലും വളരെ ബുദ്ധിയോടെ ഈ രണ്ടു എം.എല്‍.എ. മാരെയും കുഴിയില്‍ ചാടിച്ചു. അവരാനെന്കില്‍ മണ്ടമാരായിട്ട് അതില്‍ ചാടി....

    കാര്യങ്ങളെ വൈകാരികമായി സമീപിക്കാതെ സമചിത്തതോടെ സമീപിച്ചിരുന്നെന്ഗില് ഇതൊന്നും സംഭവിക്കിലായിരുനു.... ബുദ്ധിയുള്ളവന്‍ കഥയെഴുതി ...... മണ്ടന്‍ അതില്‍ അഭിനയിച്ചു......അതാണ്‌ ഉണ്ടായത്‌.... :)

    ReplyDelete