Tuesday, October 18, 2011

ഭരണം നീട്ടിക്കൊണ്ടുപോകാന്‍ വഴിവിട്ട കളി

നൂലിഴ ഭൂരിപക്ഷത്തില്‍ ഭരണം തള്ളിനീക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലനില്‍പ്പിനായി ഏതറ്റംവരെയും പോകുമെന്ന് തെളിയിക്കുന്നു നിയമസഭയിലെ സംഭവങ്ങള്‍ . രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്ന ഉമ്മന്‍ചാണ്ടി അധികാരമേറ്റ അന്നുമുതല്‍ പ്രശ്നങ്ങളുടെ തീച്ചൂളയിലാണ്. അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ അന്വേഷണം നേരിടുമ്പോള്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരുടെ അംഗബലം കുറയ്ക്കുക എന്ന പരീക്ഷണം കൂടിയുണ്ട് സസ്പെന്‍ഷനില്‍ . ഈ നീക്കം ഏതവസരത്തിലും ആവര്‍ത്തിക്കുമെന്ന സൂചന കൂടിയാണ് തിങ്കളാഴ്ച കണ്ടത്.

സര്‍ക്കാരിന്റെ വഴിവിട്ട നടപടികളില്‍ പ്രതിപക്ഷം പ്രതിഷേധിക്കുക സ്വാഭാവികം. അപ്പോഴൊക്കെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടി ഭീഷണി മുഴക്കി പ്രതിപക്ഷത്തെ അടക്കിയിരുത്താമെന്ന വ്യാമോഹത്തിലാണ് ഉമ്മന്‍ചാണ്ടി. ഉന്നതതല ഗൂഢാലോചനയ്ക്കൊടുവിലാണ് തിങ്കളാഴ്ചത്തെ നടപടി. ജയിംസ് മാത്യുവും ടി വി രാജേഷും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തെന്നത് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ ഉണ്ടാക്കിയ കള്ളക്കഥയാണെന്ന് നിയമസഭാ നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ തെളിയിച്ചു. എന്നാല്‍ , ഉമ്മന്‍ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും മൂന്നു ദിവസമാണ് ഈ കള്ളം ആവര്‍ത്തിച്ചത്. ചീഫ്വിപ്പ് പി സി ജോര്‍ജ് അടക്കമുള്ള യുഡിഎഫ് നേതാക്കളും മോശമായ പ്രചാരണം നടത്തി. "കളങ്കിത എംഎല്‍എമാരെ" സസ്പെന്‍ഡ് ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതോടെ യുഡിഎഫിന്റെ ഉള്ളിലിരിപ്പ് വ്യക്തമായി.
സസ്പെന്‍ഷന്‍ മുന്‍കൂട്ടി നിശ്ചയിച്ച അജന്‍ഡയായിരുന്നെന്ന് തിങ്കളാഴ്ച തെളിഞ്ഞു. സ്പീക്കറുടെ റൂളിങ് കഴിഞ്ഞ് സെക്കന്‍ഡുകള്‍ക്ക് അകമാണ് മുഖ്യമന്ത്രി സസ്പെന്‍ഷന്‍ സംബന്ധിച്ച പ്രമേയം വായിക്കുന്നത്. അദ്ദേഹം ഇത് നേരത്തെ തയ്യാറാക്കിവച്ചിരുന്നു. സ്പീക്കറുടെ റൂളിങ്ങിനിടെ ഗുരുതരമായ അച്ചടക്കലംഘനം കാണിച്ചതിനും സഭയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനുമാണ് രണ്ട് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. സ്പീക്കറുടെ റൂളിങ്ങിനു പിന്നാലെ മന്ത്രി കെ പി മോഹനന്‍ ഉടുമുണ്ട് നീക്കി പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മേശപ്പുറത്ത് ചാടിക്കയറി. എല്‍ഡിഎഫിനെ പ്രതിക്കൂട്ടിലാക്കാന്‍ ഉദ്ദേശിച്ച് സ്പീക്കറുടെ ഓഫീസ് തിങ്കളാഴ്ച മാധ്യമങ്ങള്‍ക്കു നല്‍കിയ വീഡിയോ ദൃശ്യങ്ങളില്‍ മന്ത്രിയുടെ അപമാനകരമായ പ്രകടനം കാണാം. എല്‍ഡിഎഫ് കുഴപ്പമുണ്ടാക്കുന്നു എന്നുവരുത്താനാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതു പക്ഷേ തിരിഞ്ഞുകുത്തി. മന്ത്രി മേശപ്പുറത്ത് ചാടിക്കയറി സഭയെയാകെ അപമാനിക്കുന്നത് ആസ്വദിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

അഴിമതിക്കേസുകളും പൊലീസ് ഭീകരതയും ആര്‍ ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസവും പിള്ളയുടെ സ്കൂളിലെ അധ്യാപകനെ ക്രൂരപീഡനത്തിന് ഇരയാക്കിയതും ഭരണരംഗത്തെ പ്രതിസന്ധികളും യുഡിഎഫിനെ വല്ലാതെ കുഴയ്ക്കുന്നു. കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവച്ച അസി. പൊലീസ് കമീഷണറെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നത് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സഭയിലും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്. അധികാരഭ്രാന്തിന്റെ വെല്ലുവിളി കേരളം ഏറ്റെടുത്തെന്നാണ് തിങ്കളാഴ്ച ഉച്ചമുതല്‍ സഭയിലും സംസ്ഥാനത്താകെയും അലയടിക്കുന്ന ചെറുത്തുനില്‍പ്പും രോഷവും തെളിയിക്കുന്നത്.
(കെ എം മോഹന്‍ദാസ്)

deshabhimani 181011

1 comment:

  1. നൂലിഴ ഭൂരിപക്ഷത്തില്‍ ഭരണം തള്ളിനീക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലനില്‍പ്പിനായി ഏതറ്റംവരെയും പോകുമെന്ന് തെളിയിക്കുന്നു നിയമസഭയിലെ സംഭവങ്ങള്‍ . രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്ന ഉമ്മന്‍ചാണ്ടി അധികാരമേറ്റ അന്നുമുതല്‍ പ്രശ്നങ്ങളുടെ തീച്ചൂളയിലാണ്. അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ അന്വേഷണം നേരിടുമ്പോള്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരുടെ അംഗബലം കുറയ്ക്കുക എന്ന പരീക്ഷണം കൂടിയുണ്ട് സസ്പെന്‍ഷനില്‍ . ഈ നീക്കം ഏതവസരത്തിലും ആവര്‍ത്തിക്കുമെന്ന സൂചന കൂടിയാണ് തിങ്കളാഴ്ച കണ്ടത്.

    ReplyDelete