Sunday, November 6, 2011

ഇറോം ശര്‍മിളയുടെ പോരാട്ടം 12-ാം വര്‍ഷത്തിലേക്ക്

ചോദ്യംചെയ്യപ്പെടാത്തവിധം നാട്ടുകാരെ മര്‍ദിക്കാനും കൊല്ലാനും അധികാരം നല്‍കുന്ന നിയമത്തിനെതിരെ ഭക്ഷണവുംപാനീയവും ഉപേക്ഷിച്ച് ഒരു യുവതി നടത്തുന്ന സമരം 11 വര്‍ഷം പിന്നിട്ടു. അക്രമവും വിഘടനവാദവും തടയാനെന്ന പേരില്‍ നടപ്പാക്കിയ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ മണിപുരില്‍ ഇറോം ശര്‍മിള നടത്തുന്ന നിരാഹാരസമരം ശനിയാഴ്ച പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. അധികാരികളുടെ കണ്ണുതുറക്കുന്നിടത്തോളം കാലം സമരം തുടരുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഈ മുപ്പത്തൊമ്പതുകാരി.

2000 നവംബര്‍ രണ്ടിന് ഇംഫാലിനുസമീപം ഒരു ഗ്രാമത്തില്‍ അസം റൈഫിള്‍സ് 10 പേരെ വെടിവച്ചുകൊന്നതാണ് ഈ ലോകറെക്കാര്‍ഡ് സമരത്തിന്റെ തുടക്കത്തിന് വഴിയൊരുക്കിയത്. അന്യായമായി കൊലനടത്തിയ സൈനികരുടെ നടപടിയില്‍ പ്രതിഷേധിച്ച,് സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം എടുത്തുകളയണമെന്നാവശ്യപ്പെട്ട് മൂന്നുദിവസം കഴിഞ്ഞ് ഇറോം ചാനു ശര്‍മിള നിരാഹാരം തുടങ്ങുകയായിരുന്നു. പൊലീസ് ആത്മഹത്യശ്രമം എന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശര്‍മിളയെ 15 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. റിമാന്‍ഡ് കാലാവധി കഴിഞ്ഞാല്‍ വീണ്ടും കോടതിയില്‍ ഹാജരാക്കും. നിരാഹാരം അവസാനിപ്പിക്കുന്നുവോയെന്ന് ചോദിക്കുന്ന കോടതിയോട് "ഫാസ്റ്റ് തോഡോലോകൈ" (നിരാഹാരം അവസാനിപ്പിക്കില്ല) എന്ന് മറുപടി നല്‍കും. വീണ്ടും റിമാന്‍ഡ് നീട്ടും. ഇങ്ങനെ ആശുപത്രിയില്‍നിന്നും കോടതിയിലേക്കുള്ള 10 മിനിറ്റ് ആംബുലന്‍സ് യാത്ര ഒരു വ്യാഴവട്ടത്തോളം തുടരുകയാണ്. അഞ്ഞൂറിലധികം തവണയായി ഈ ചോദ്യവും ഉത്തരവും യാത്രയും ആവര്‍ത്തിക്കുകയാണ്. ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ തയ്യാറാകാത്ത ശര്‍മിളയ്ക്ക് മൂക്കിലൂടെ നിര്‍ബന്ധിച്ച് നല്‍കുന്ന ജലാഹാരമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രത്യേക വാര്‍ഡില്‍ കഴിയുന്ന ശര്‍മിളയ്ക്ക് പിന്തുണയുമായി വിവിധ സംഘടനകള്‍ രംഗത്തുണ്ട്. ശര്‍മിളയ്ക്ക് പിന്തുണയുമായി മണിപുരില്‍ 25 കേന്ദ്രങ്ങളില്‍ നിരാഹാരസമരം നടത്തു. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയാണ് സമരം നടന്നത്.

deshabhimani 061111

1 comment:

  1. ചോദ്യംചെയ്യപ്പെടാത്തവിധം നാട്ടുകാരെ മര്‍ദിക്കാനും കൊല്ലാനും അധികാരം നല്‍കുന്ന നിയമത്തിനെതിരെ ഭക്ഷണവുംപാനീയവും ഉപേക്ഷിച്ച് ഒരു യുവതി നടത്തുന്ന സമരം 11 വര്‍ഷം പിന്നിട്ടു. അക്രമവും വിഘടനവാദവും തടയാനെന്ന പേരില്‍ നടപ്പാക്കിയ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ മണിപുരില്‍ ഇറോം ശര്‍മിള നടത്തുന്ന നിരാഹാരസമരം ശനിയാഴ്ച പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. അധികാരികളുടെ കണ്ണുതുറക്കുന്നിടത്തോളം കാലം സമരം തുടരുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഈ മുപ്പത്തൊമ്പതുകാരി.

    ReplyDelete