Sunday, November 6, 2011

അമേരിക്കയില്‍ കൊടും ദാരിദ്ര്യം 35 ശതമാനം ഉയര്‍ന്നു

അമേരിക്കയില്‍ ദരിദ്രരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കൊടും ദാരിദ്ര്യത്തിലാണ്ടവരുടെ എണ്ണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. കൊടും ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞ പതിറ്റാണ്ടിലേക്കാള്‍ മൂന്നിലൊന്നിലേറെ(35 ശതമാനത്തോളം) ഉയര്‍ന്നതായാണ് പ്രശസ്ത ഗവേഷണസ്ഥാപനമായ ബ്രൂക്കിങ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ് സെന്‍സസ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അമേരിക്കക്കാരുടെ എണ്ണം 1.23 കോടി വര്‍ധിച്ച് 4.62 കോടിയായി. അമേരിക്കന്‍ ജനസംഖ്യയുടെ 15 ശതമാനത്തിലധികം വരുന്ന ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ദാരിദ്ര്യ നിരക്കാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2010ല്‍ നിശ്ചയിച്ചതനുസരിച്ച് 22,314 ഡോളറില്‍ താഴെ വാര്‍ഷികവരുമാനമുള്ള നാലംഗ കുടുംബം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ജനങ്ങളില്‍ 40 ശതമാനവും ദാരിദ്ര്യത്തിലുള്ള കൊടും ദാരിദ്ര പ്രദേശങ്ങളുടെ എണ്ണം 2000നും 2009നുമിടയില്‍ മൂന്നിലൊന്ന് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ , ഇത് രാജ്യമെങ്ങും ഒരുപോലെയല്ല. ഡെട്രോയിറ്റ്, മിഷിഗണ്‍ , ഡേയ്റ്റണ്‍ തുടങ്ങിയ മധ്യ പടിഞ്ഞാറന്‍ നഗരങ്ങളില്‍ ദാരിദ്ര്യം ഇരട്ടിയിലധികം വര്‍ധിച്ചു. അതേസമയം, ബാറ്റന്‍ റൂഷ്, ലൂയിസിയാന, ജാക്സണ്‍ , മിസിസിപ്പി തുടങ്ങിയ തെക്കന്‍ നഗരങ്ങളില്‍ മൂന്നിലൊന്ന് വര്‍ധിച്ചു.

15 ശതമാനത്തോളം അമേരിക്കക്കാര്‍ സര്‍ക്കാരിന്റെ പ്രതിവാര ഭക്ഷ്യസഹായത്തെ(ഫുഡ് സ്റ്റാമ്പ്) ആശ്രയിച്ചാണ് കഴിയുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ബുധനാഴ്ച റിപ്പോര്‍ട്ടുചെയ്തിരുന്നു. മിസിസിപ്പി സംസ്ഥാനത്തെ 21 ശതമാനം പേരും ടെന്നിസി, ന്യൂ മെക്സിക്കോ, ലൂയിസിയാന എന്നിവിടങ്ങളില്‍ 20 ശതമാനത്തിലധികവും ഫുഡ് സ്റ്റാമ്പിനെ ആശ്രയിക്കുന്നു. ഇതിനിടെ മഞ്ഞുകാലമാകാന്‍ ഒന്നരമാസം മാത്രം അവശേഷിക്കെ ന്യൂയോര്‍ക്കില്‍ അഭയകേന്ദ്രങ്ങളില്‍ അന്തിയുറങ്ങാന്‍ എത്തുന്ന ഭവനരഹിത തൊഴിലാളികളുടെ എണ്ണം ഇത്തവണ ഭീമമായിരിക്കുമെന്ന് കണക്കാക്കുന്നു. 200 പേര്‍ക്ക് കഴിയാവുന്ന നഗരത്തിലെ അഭയകേന്ദ്രങ്ങളില്‍ ഇപ്പോള്‍ എണ്ണായിരത്തോളമാളുകളാണുള്ളത്. സ്ഥിതി വിലയിരുത്താന്‍ അടുത്തയാഴ്ച അധികൃതര്‍ യോഗം ചേരുന്നുണ്ട്. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളില്‍ കഴിയാവുന്നവര്‍ ഇതിലുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥര്‍ . തെരുവില്‍ കഴിയുന്നവരുടെ എണ്ണം കുറച്ചുകാണുന്നതായി ഭവനരഹിതരുടെ സംഘടന പറയുന്നു.

അയര്‍ലന്‍ഡ് വത്തിക്കാനിലെ എംബസി പൂട്ടി

ഡബ്ലിന്‍ : സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനാവാതെ ഉഴലുന്ന കത്തോലിക്കാ ഭൂരിപക്ഷ അയര്‍ലന്‍ഡ് ചെലവുചുരുക്കാന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനടക്കം മൂന്നിടത്തെ നയതന്ത്രകാര്യാലയങ്ങള്‍ പൂട്ടാന്‍ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ വിഷമിക്കുന്ന ഇറ്റലിക്കു മേല്‍ സൂക്ഷ്മ നിരീക്ഷണം നടത്താന്‍ അന്താരാഷ്ട്ര നാണ്യനിധിയും(ഐഎംഎഫ്) യൂറോപ്യന്‍ കമീഷനും തീരുമാനിച്ചു. ഇവയേക്കാള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഗ്രീസില്‍ ഭരണമാറ്റമുണ്ടായേക്കുമെന്ന സൂചനയുണ്ട്. അവിടെ വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടിന്റെ ഫലം രാത്രിയും അറിവായിട്ടില്ല. (ഗ്രീസിലെ ജോര്‍ജ് പെപ്പന്‍ദ്രൂ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 300അംഗ പാര്‍ലമെന്റില്‍ 153 അംഗങ്ങളുടെ പിന്തുണയുമായാണ് സര്‍ക്കാര്‍ വിശ്വാസവോട്ട് അതിജീവിച്ചത്. )

ഇതിനിടെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് 1.50ല്‍ നിന്ന് 1.25 ആയി താഴ്ത്തി. ഈ അപ്രതീക്ഷിത നടപടി ആഗോള വിപണിയില്‍ അത്ഭുതമുളവാക്കി. വിഗ്ധരെ ഞെട്ടിച്ചു. പൗരാണിക കത്തോലിക്ക പാരമ്പര്യം പിന്തുടരുന്ന അയര്‍ലന്‍ഡിന്റെ നടപടി വത്തിക്കാന് കനത്ത പ്രഹരമായതായി കത്തോലിക്ക സഭാ ആസ്ഥാനത്തുള്ള നയതന്ത്രവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. അയര്‍ലന്‍ഡിലെ കത്തോലിക്കാ പുരോഹിതരുടെ ലൈംഗിക പീഡനങ്ങള്‍ വത്തിക്കാന്‍ മറച്ചുവച്ചു എന്ന് അയര്‍ലന്‍ഡ് സര്‍ക്കാര്‍ കുറ്റപ്പെടുത്തിയതുമുതല്‍ കുറച്ചുകാലമായി അവരും വത്തിക്കാനുമായുള്ള ബന്ധം നല്ല നിലയിലല്ല.

എന്നാല്‍ ,എംബസി പൂട്ടിയതിന് അതുമായി ബന്ധമില്ലെന്ന് അയര്‍ലന്‍ഡ് വിദേശമന്ത്രി ഈമോന്‍ ഗില്‍മര്‍ പറഞ്ഞു. എന്നാല്‍ , അയര്‍ലന്‍ഡിന്റെ നടപടി സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വത്തിക്കാനിലെ എംബസി പൂട്ടാന്‍ മറ്റ് കത്തോലിക്ക രാജ്യങ്ങള്‍ക്കും പ്രചോദനമാവുമെന്ന് നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞു. സാമ്പത്തിക വരുമാനമില്ലാത്തതുകൊണ്ടാണ് എംബസി പൂട്ടുന്നതെന്ന അയര്‍ലന്‍ഡിന്റെ വാദമാണ് വത്തിക്കാനെ കൂടുതല്‍ വിഷമിപ്പിക്കുന്നത്. ഇറാന്‍ , കിഴക്കന്‍ ടിമോര്‍ എന്നിവിടങ്ങളിലെ എംബസികളാണ് വത്തിക്കാനിലേതിനൊപ്പം അയര്‍ലന്‍ഡ് പൂട്ടുന്നത്.

ബജറ്റ് കമ്മി കുറയ്ക്കാനുള്ള ലക്ഷ്യം കാണുന്നതില്‍ ഇറ്റലി വീഴ്ച വരുത്തുന്നില്ല എന്നുറപ്പുവരുത്താനാണ് ഐഎംഎഫും യൂറോപ്യന്‍ കമീഷനും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ജി 20 ഉച്ചകോടിക്കിടെ യോഗം ചേര്‍ന്ന യൂറോപ്യന്‍ നേതാക്കളാണ് ഐഎംഎഫിന്റെ നിരീക്ഷണം കൂടി തീരുമാനിച്ചത്. ഗ്രീസില്‍ പ്രധാനമന്ത്രി ജോര്‍ജ് പാപന്ദ്രു ഭരണം നിലനിര്‍ത്താന്‍ വിവാദ ഹിതപരിശോധന റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ വായ്പയ്ക്ക് ഏര്‍പ്പെടുത്തിയ ചെലവുചുരുക്കല്‍ ഉപാധി നടപ്പാക്കുന്നതിന് ഹിതപരിശോധന നടത്താന്‍ പാപന്ദ്രു തീരുമാനിച്ചത് ഭരണകക്ഷിയില്‍തന്നെ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു്

പിടിച്ചെടുക്കല്‍ പ്രക്ഷോഭം: പൊലീസ് മര്‍ദനമേറ്റ മുന്‍ സൈനികന്‍ തീവ്രപരിചരണ വിഭാഗത്തില്‍

ഓക്ലന്‍ഡ്: അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ഓക്ലന്‍ഡ് തുറമുഖം സ്തംഭിപ്പിച്ച പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് മുന്‍ സൈനികന്‍ കയ്വാന്‍ സബേഗി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ . ഓക്ലന്‍ഡ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് രണ്ടാഴ്ചയ്ക്കിടെ പൊലീസ് അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ മുന്‍ സൈനികനാണ് സബേഗി. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കയ്ക്കു വേണ്ടി സൈനികസേവനംചെയ്ത സബേഗിക്ക് ജയിലില്‍ പൊലീസ് മര്‍ദനത്തില്‍ പ്ലീഹയ്ക്ക് കനത്ത ക്ഷതമേറ്റു. അവശ നിലയിലായ സബേഗിയ്ക്ക് 18 മണിക്കൂറോളം ചികിത്സ നിഷേധിച്ചു. സബേഗിയുടെ വാരിയെല്ലിനും കൈകാലുകള്‍ക്കും മുതുകിനുമെല്ലാം ഇരുമ്പ് ദണ്ഡുകൊണ്ട് പൊലീസിന്റെ മര്‍ദനമേറ്റതായി യുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ വിമുക്ത ഭടന്മാരുടെ സംഘടന പറഞ്ഞു.

ഇറാഖില്‍ സൈനിക സേവനം നടത്തിയ സ്കോട് ഓള്‍സെന്‍ കഴിഞ്ഞയാഴ്ച ഓക്ലന്‍ഡ് പ്രക്ഷോഭത്തിന് പങ്കെടുത്തപ്പോള്‍ പൊലീസ് അതിക്രമത്തില്‍ തലയോട് പൊട്ടിയിരുന്നു. ഇതാണ് തുറമുഖ സ്തംഭനസമരത്തിന് പ്രക്ഷോഭകരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സബേഗിയടക്കം നൂറിലേറെ പ്രക്ഷോഭകരെ ജയിലിലിട്ട് മര്‍ദിച്ചു. വാള്‍സ്ട്രീറ്റ് പ്രഷോഭത്തിന്റെ ഭാഗമായി അമേരിക്കന്‍ നഗരങ്ങളിലുള്ള സമരത്തിന്റെ ഭാഗമാണ് ഓക്ലന്‍ഡിലും. ഇതിനിടെ ഓസ്ട്രേലിയയില്‍ ശനിയാഴ്ച പ്രധാന നഗരമായ സിഡ്നിയില്‍ മുതലാളിത്ത ആര്‍ത്തിക്കെതിരെ പിടിച്ചെടുക്കല്‍ പ്രക്ഷോഭമുണ്ടായി.

deshabhimani 061111

1 comment:

  1. അമേരിക്കയില്‍ ദരിദ്രരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കൊടും ദാരിദ്ര്യത്തിലാണ്ടവരുടെ എണ്ണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. കൊടും ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞ പതിറ്റാണ്ടിലേക്കാള്‍ മൂന്നിലൊന്നിലേറെ(35 ശതമാനത്തോളം) ഉയര്‍ന്നതായാണ് പ്രശസ്ത ഗവേഷണസ്ഥാപനമായ ബ്രൂക്കിങ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ് സെന്‍സസ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

    ReplyDelete