Saturday, November 12, 2011

2ജി സ്പെക്ട്രം: വിചാരണ തുടങ്ങി

സ്പെക്ട്രം അഴിമതിക്കേസില്‍ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി വെള്ളിയാഴ്ച വിചാരണ ആരംഭിച്ചു. അന്വേഷണം പൂര്‍ത്തിയാകുംമുമ്പ് വിചാരണ ആരംഭിച്ചുവെന്ന് ആരോപിച്ച് സാക്ഷികളെ ക്രോസ് വിസ്താരം നടത്തുന്നതില്‍നിന്ന് എ രാജയുടെ അഭിഭാഷകന്‍ പിന്‍വാങ്ങി. അന്വേഷണം പൂര്‍ത്തിയായോ എന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് ആരായാന്‍ രാജയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍കുമാര്‍ കോടതിയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് കാര്യങ്ങള്‍ വ്യക്തമായറിയാം. കോടതി എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാകുംവരെ കാത്തിരിക്കാത്തതെന്ന് മനസ്സിലാകുന്നില്ലെന്നും പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കുന്നതില്‍നിന്ന് പിന്മാറുകയാണെന്നും സുശീല്‍കുമാര്‍ പറഞ്ഞു. 2ജി ലൈസന്‍സ് ലഭിച്ച ലൂപ്പ് ടെലികോമിന്റെ കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്ന് സുശീല്‍കുമാര്‍ വിശദീകരിച്ചു. ഈ വിഷയം ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയായോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ സിബിഐ മടിക്കുന്നത്. താന്‍ വിചാരണയില്‍ ഇടപെടുകയല്ല. എന്നാല്‍ , അന്വേഷണനടപടി പൂര്‍ത്തിയാകാതെ ക്രോസ് വിസ്താരത്തിനില്ല- സുശീല്‍കുമാര്‍ പറഞ്ഞു.

എന്നാല്‍ , വിചാരണ മാറ്റാന്‍ ഇത് തക്കതായ കാരണമല്ലെന്ന്കോടതി പ്രതികരിച്ചു. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടെങ്കില്‍ പരിഗണിക്കാമെന്നും അന്വേഷണം പൂര്‍ത്തിയായില്ലെന്ന കാരണം പരിഗണിക്കാനാകില്ലെന്നും പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്നി പറഞ്ഞു. തുടര്‍ന്ന് വിചാരണ നടപടി ആരംഭിച്ച കോടതി പ്രോസിക്യൂഷന്‍ സാക്ഷിയായ റിലയന്‍സ് ക്യാപിറ്റലിന്റെ വൈസ്പ്രസിഡന്റ് ആനന്ദ് സുബ്രഹ്മണ്യത്തിന്റെ മൊഴി രേഖപ്പെടുത്തി. സുബ്രഹ്മണ്യത്തിനു പുറമെ റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പ് പ്രസിഡന്റ് എ എന്‍ സേതുരാമന്റെ മൊഴിയും കോടതി രേഖപ്പെടുത്തി തുടങ്ങി. 14ന് മൊഴി രേഖപ്പെടുത്തല്‍ തുടരും. പ്രോസിക്യൂഷന്‍ സാക്ഷികളായി 28 പേരാണ് സിബിഐ കോടതിക്ക് നല്‍കിയിട്ടുള്ളത്. ഇതില്‍ 11 പേര്‍ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നാണ്.

deshabhimani 121111

1 comment:

  1. സ്പെക്ട്രം അഴിമതിക്കേസില്‍ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി വെള്ളിയാഴ്ച വിചാരണ ആരംഭിച്ചു. അന്വേഷണം പൂര്‍ത്തിയാകുംമുമ്പ് വിചാരണ ആരംഭിച്ചുവെന്ന് ആരോപിച്ച് സാക്ഷികളെ ക്രോസ് വിസ്താരം നടത്തുന്നതില്‍നിന്ന് എ രാജയുടെ അഭിഭാഷകന്‍ പിന്‍വാങ്ങി.

    ReplyDelete