Monday, November 7, 2011

ഡീസല്‍വില ഡിസംബറില്‍ കൂട്ടും


പെട്രോള്‍വില ഈ വര്‍ഷം ആറാമതും കൂട്ടിയതിനു പിന്നാലെ ഡിസംബര്‍ അവസാനം ഡീസല്‍വില കൂട്ടാനും നീക്കം. ഡീസല്‍വില കൂട്ടാന്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം അവസാനിക്കുംവരെ കാത്തിരിക്കണമെന്ന് എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ സാവകാശം തേടി. നിത്യോപയോഗ സാധനവില കുത്തനെ ഉയര്‍ത്തുന്ന ഡീസല്‍ വിലവര്‍ധന പാര്‍ലമെന്റിലുണ്ടാക്കാവുന്ന വന്‍ പ്രതിഷേധം ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഡീസല്‍ വിലവര്‍ധന സംബന്ധിച്ച് ഉന്നതമന്ത്രിസമിതി ഉടന്‍ തീരുമാനമെടുക്കണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എണ്ണക്കമ്പനികള്‍ക്ക് ഡീസല്‍ ഇനത്തില്‍ ഇപ്പോള്‍ നല്‍കുന്ന സബ്സിഡി 38.7ശതമാനത്തില്‍ നിന്ന് 33.33 ശതമാനമാക്കി ഉടന്‍ കുറയ്ക്കണമെന്നും മന്ത്രാലയം സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വെട്ടിക്കുറയ്ക്കുന്ന സബ്സിഡി തുക വിലവര്‍ധനയിലൂടെ ജനങ്ങളില്‍നിന്ന് ഈടാക്കാനാണ് നീക്കം. ക്രമേണ സബ്സിഡി പൂര്‍ണമായും എടുത്തുകളഞ്ഞ് വിലനിര്‍ണയാവകാശം കമ്പനികള്‍ക്ക് നല്‍കും.

ഡീസലിന്റെ വാണിജ്യ- വ്യക്തിഗത ഉപയോഗങ്ങള്‍ക്ക് വെവ്വേറെ നിരക്കെന്ന നിര്‍ദേശം പെട്രോളിയം മന്ത്രാലയം തള്ളി. പെട്രോള്‍വില 1.82 രൂപ വര്‍ധിപ്പിച്ചതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതും കോണ്‍ഗ്രസ് കോര്‍കമ്മറ്റിക്കുപോലും ന്യായീകരിക്കാനാവാത്ത സ്ഥിതിവന്നതും മൂലമാണ് ഡീസല്‍വിലവര്‍ധന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകാത്തത്. മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരവും ഉടന്‍ എടുത്തുകളയുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, പെട്രോള്‍ വില വര്‍ധിപ്പിച്ച നടപടി സോണിയഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതിയംഗം എന്‍ സി സക്സേന ന്യായീകരിച്ചു. ഗതാഗതസംവിധാനം ഏതാണ്ട് പൂര്‍ണമായി ഡീസലിനെ ആശ്രയിക്കുന്നതിനാല്‍ പെട്രോള്‍ വിലവര്‍ധന പണപ്പെരുപ്പത്തെ കാര്യമായി ബാധിക്കില്ലെന്ന് സക്സേന അവകാശപ്പെട്ടു. നല്ല ക്രയശേഷിയുള്ള അഞ്ച് ശതമാനം ആളുകളേ പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്നുള്ളുവെന്നും സക്സേന പറഞ്ഞു. പെട്രോള്‍ വിലവര്‍ധന ന്യായീകരിച്ച് പ്രധാനമന്ത്രിയും ധനമന്ത്രിയുമുള്‍പ്പെടെ യുപിഎ നേതാക്കള്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. എന്‍സിപി നേതാവ് മന്ത്രി ശരദ്പവാറും വിലവര്‍ധന ന്യായീകരിച്ചു. നേരിയവര്‍ധന ജനങ്ങള്‍ക്ക് താങ്ങാവുന്നതേയുള്ളുവെന്ന് പവാര്‍ പറഞ്ഞു. മറ്റ് ഘടകകക്ഷികള്‍ വിലവര്‍ധനയെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്നിരുന്നില്ല. മമത ബാനര്‍ജി മുന്നണിയില്‍നിന്ന് പിന്മാറുമെന്ന് ഭീഷണി ഉയര്‍ത്തിയെങ്കിലും സമ്മര്‍ദ തന്ത്രം മാത്രമാണിതെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ . പെട്രോള്‍ വിലവര്‍ധനയും വിലനിയന്ത്രണാധികാരം എടുത്തു കളഞ്ഞതും ശീതകാലസമ്മേളനത്തില്‍ ആളിക്കത്തുമെന്ന് ഉറപ്പായി. കഴിഞ്ഞ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ 11 പ്രതിപക്ഷ പാര്‍ടികളെ ഒന്നിച്ച് അണിനിരത്തി ഇടതുപക്ഷം ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

ദിനേശ്വര്‍മ deshabhimani 071111

1 comment:

  1. പെട്രോള്‍വില ഈ വര്‍ഷം ആറാമതും കൂട്ടിയതിനു പിന്നാലെ ഡിസംബര്‍ അവസാനം ഡീസല്‍വില കൂട്ടാനും നീക്കം. ഡീസല്‍വില കൂട്ടാന്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം അവസാനിക്കുംവരെ കാത്തിരിക്കണമെന്ന് എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ സാവകാശം തേടി. നിത്യോപയോഗ സാധനവില കുത്തനെ ഉയര്‍ത്തുന്ന ഡീസല്‍ വിലവര്‍ധന പാര്‍ലമെന്റിലുണ്ടാക്കാവുന്ന വന്‍ പ്രതിഷേധം ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

    ReplyDelete