Sunday, November 6, 2011

കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം വീതം നല്‍കണം: കര്‍ഷകസംഘം

വയനാട്ടില്‍ കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം സഹായധനം നല്‍കണമെന്ന് കേരള കര്‍ഷകസംഘം ആവശ്യപ്പെട്ടു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം. കയറിക്കിടക്കാന്‍ സ്ഥലമില്ലാത്ത കര്‍ഷകന്റെ ആശ്രിതര്‍ക്ക് സ്ഥലവും വീടും നല്‍കാനും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വയനാട്ടില്‍ കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്യുന്ന അവസ്ഥ വീണ്ടും സംജാതമായിരിക്കയാണ്. മൂന്നുദിവസത്തിനുള്ളില്‍ രണ്ട് കര്‍ഷകര്‍ ജീവനൊടുക്കി. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തവരാണ് ഇവര്‍ . ഇഞ്ചിവില കുത്തനെ ഇടിഞ്ഞതാണ് കൃഷിക്കാരെ കെടുതിയിലാക്കിയത്. കഴിഞ്ഞവര്‍ഷം ചാക്കിന് രണ്ടായിരത്തോളം രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോള്‍ 490 രൂപയാണ് വില. രാസവള വില ഇരട്ടിയായി. ഇതാണ് ദരിദ്രകൃഷിക്കാരെ വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയിലെത്തിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2001-2006 ല്‍ 532 കര്‍ഷകരാണ് കാര്‍ഷിക കടക്കെണിയില്‍പ്പെട്ട് വയനാട്ടില്‍മാത്രം ആത്മഹത്യചെയ്തത്. കാര്‍ഷികമേഖലയില്‍ ഇടപെടാനോ, കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനോ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഓരോ കുടുംബത്തിനും 50,000 രൂപവീതം നല്‍കി. ആത്മഹത്യ ചെയ്തവരുടെ കടങ്ങള്‍ എഴുതിത്തള്ളി. കാര്‍ഷിക കടാശ്വാസ കമീഷന് രൂപം നല്‍കി കര്‍ഷകര്‍ക്ക് ആശ്വാസമേകി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷക അനുകൂല നയങ്ങളുടെ ഫലമായി കര്‍ഷക ആത്മഹത്യ ഇല്ലാതായി.എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ കര്‍ഷക ആത്മഹത്യ ആരംഭിച്ചിരിക്കുകയാണ്. കൃഷിക്കാരെ പാപ്പരാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തലതിരിഞ്ഞ കാര്‍ഷിക നയങ്ങളാണ് ഇതിന് കാരണം. ഇത് തിരുത്തി കര്‍ഷകര്‍ക്കനുകൂലമായ നയം സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

deshabhimani 061111

1 comment:

  1. വയനാട്ടില്‍ കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം സഹായധനം നല്‍കണമെന്ന് കേരള കര്‍ഷകസംഘം ആവശ്യപ്പെട്ടു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം. കയറിക്കിടക്കാന്‍ സ്ഥലമില്ലാത്ത കര്‍ഷകന്റെ ആശ്രിതര്‍ക്ക് സ്ഥലവും വീടും നല്‍കാനും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete