Friday, November 11, 2011

ജോര്‍ജിനെ രക്ഷിക്കാന്‍ ഓര്‍ഡിനന്‍സായി

ചീഫ് വിപ്പ് പി സി ജോര്‍ജിനെ സംരക്ഷിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് അംഗീകാരം. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ് വ്യാഴാഴ്ചതന്നെ ഒപ്പിട്ടു. ഇരട്ടപ്പദവിവിഷയത്തില്‍ പി സി ജോര്‍ജ് അയോഗ്യനാകുമെന്ന് ഉറപ്പായപ്പോഴാണ് തിരക്കിട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍നീക്കം അംഗീകരിക്കരുതെന്ന് ആവശ്യപ്പെടുന്ന പരാതികള്‍ ഗവര്‍ണര്‍ അവഗണിച്ചു. ഇരട്ടപ്പദവിപ്രശ്നത്തില്‍ പ്രതിപക്ഷനേതാവിനും ചീഫ് വിപ്പിനും സംരക്ഷണം നല്‍കാനാണ് ഓര്‍ഡിനന്‍സെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ , പ്രതിപക്ഷനേതാവ് പദവി ഇരട്ടപ്പദവിയില്‍ വരുന്നില്ല. ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ പ്രതിപക്ഷനേതാവിനെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ചീഫ് വിപ്പ് സ്ഥാനം ഇരട്ടപ്പദവിയാണെന്ന് കാണിച്ച് ഡോ. സെബാസ്റ്റ്യന്‍പോള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് കമീഷനോട് ഉപദേശം തേടി. കമീഷന്‍ പി സി ജോര്‍ജിനോട് വിശദീകരണം ആരാഞ്ഞു. നവംബര്‍ 15നുള്ളില്‍ ജോര്‍ജ് വിശദീകരണം നല്‍കണം. ഇരട്ടപ്പദവി വഹിച്ചതിന് ജോര്‍ജ് അയോഗ്യനാക്കപ്പെടുമെന്ന സ്ഥിതിയായി. അതോടെ നേരിയ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ രക്ഷയ്ക്കായി ഓര്‍ഡിനന്‍സ് രൂപംകൊണ്ടു. ചോദ്യംചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ നിയമസഭാസമ്മേളനം കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍ . ഇരട്ടപ്പദവിയെക്കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ചീഫ് വിപ്പ് ഇരട്ടപ്പദവിയുടെ പരിധിയില്‍ വരില്ലെന്നാണ് അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറെ ധരിപ്പിച്ചത്. ഇതിനുശേഷമാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഗവര്‍ണറെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചതായി ഇതില്‍നിന്ന് വ്യക്തം. ചീഫ് വിപ്പ് ഇരട്ടപ്പദവിയില്‍ ഉള്‍പ്പെടില്ലെന്ന് പറഞ്ഞ അതേമുഖ്യമന്ത്രി ഇരട്ടപ്പദവിയുടെ പരിധിയില്‍നിന്ന് ചീഫ് വിപ്പിനെ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സുമായി ഗവര്‍ണറെ സമീപിക്കുന്ന വിചിത്രസംഭവമാണ് അരങ്ങേറിയത്. ജൂണ്‍ 24നാണ് ജോര്‍ജ് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പായി ചുമതലയേറ്റത്. മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ഇടഞ്ഞുനിന്ന ജോര്‍ജിനെ തളയ്ക്കാന്‍ യുഡിഎഫിനുമുമ്പില്‍ വേറെ വഴിയുണ്ടായിരുന്നില്ല. ജൂലൈ 15ന് സെബാസ്റ്റ്യന്‍പോള്‍ പരാതി നല്‍കി. ഓര്‍ഡിനന്‍സ് മുന്‍കാലപ്രാബല്യത്തോടെയായാലും ജോര്‍ജിന്റെ സ്ഥാനം സംരക്ഷിക്കാനാകില്ലെന്ന് സെബാസ്റ്റ്യന്‍പോള്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ അനുച്ഛേദം 191 പ്രകാരമാണ് ഇരട്ടപ്പദവി ചോദ്യംചെയ്ത് ഗവര്‍ണറെ സമീപിച്ചത്. അനുച്ഛേദം 192 പ്രകാരം, പരാതിയില്‍ അദ്ദേഹം സ്വീകരിച്ച തുടര്‍നടപടികള്‍ അവസാനഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് അപ്രസക്തവും അനുചിതവുമാണ്. 2006ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പാര്‍ലമെന്റിന്റെ പ്രിവന്‍ഷന്‍ ഓഫ് ഡിസ്ക്വാളിഫിക്കേഷന്‍ നിയമ (1959)ത്തിന്റെ ഭേദഗതിയുമായി ഈ ഓര്‍ഡിനന്‍സിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. 55 ഓഫീസുകളെ അന്ന് ഇരട്ടപ്പദവിയില്‍നിന്ന് ഒഴിവാക്കി. സോണിയ ഗാന്ധിയുടേതുള്‍പ്പെടെ ഇരട്ടപ്പദവി വിവാദമായതിനെതുടര്‍ന്ന് നാല്‍പ്പതോളം ലോക്സഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കി കോണ്‍ഗ്രസ് സര്‍ക്കാരിനെ രക്ഷിക്കാനായിരുന്നു അത്. ചീഫ് വിപ്പിന്റെ ഇരട്ടപ്പദവി സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് ഭരണഘടനാതത്വങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ നിയമമന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഓള്‍ ഇന്ത്യാ ചീഫ് വിപ്പ്സ് കോണ്‍ഫറന്‍സിന്റെ തീരുമാനപ്രകാരം, പത്തുവര്‍ഷംമുമ്പ് കേരളത്തില്‍ ചീഫ് വിപ്പിനുപകരം പാര്‍ലമെന്ററിവകുപ്പ് രൂപീകരിക്കുകയും ഒരു മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ചീഫ് വിപ്പ് പദവിയോട് ഒരു സമാനതയുമില്ലാത്ത പ്രതിപക്ഷനേതാവിന്റെ പദവികൂടി ഈ ഓര്‍ഡിനന്‍സില്‍ ചേര്‍ത്ത് കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ശ്രമം. പാര്‍ലമെന്റും നിയമസഭകളും ഐകകണ്ഠ്യേന അംഗീകരിക്കുന്ന പദവിയാണ് പ്രതിപക്ഷനേതാവിന്റേതെന്നും വിജയകുമാര്‍ ചൂണ്ടിക്കാട്ടി.

deshabhimani 111111

1 comment:

  1. ചീഫ് വിപ്പ് പി സി ജോര്‍ജിനെ സംരക്ഷിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് അംഗീകാരം. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ് വ്യാഴാഴ്ചതന്നെ ഒപ്പിട്ടു. ഇരട്ടപ്പദവിവിഷയത്തില്‍ പി സി ജോര്‍ജ് അയോഗ്യനാകുമെന്ന് ഉറപ്പായപ്പോഴാണ് തിരക്കിട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍നീക്കം അംഗീകരിക്കരുതെന്ന് ആവശ്യപ്പെടുന്ന പരാതികള്‍ ഗവര്‍ണര്‍ അവഗണിച്ചു. ഇരട്ടപ്പദവിപ്രശ്നത്തില്‍ പ്രതിപക്ഷനേതാവിനും ചീഫ് വിപ്പിനും സംരക്ഷണം നല്‍കാനാണ് ഓര്‍ഡിനന്‍സെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ , പ്രതിപക്ഷനേതാവ് പദവി ഇരട്ടപ്പദവിയില്‍ വരുന്നില്ല. ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ പ്രതിപക്ഷനേതാവിനെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

    ReplyDelete