സഞ്ജീവ് ഭട്ടിനെതിരായ എഫ് ഐ ആര്‍: ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് പ്രതികരണം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്തയുടെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നാരോപിച്ച് തയ്യാറാക്കിയ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ഭട്ടിന്റെ ഹര്‍ജി.
ഗുജറാത്ത് കലാപക്കേസോടെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ടപ്പുള്ളിയായ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ പി എസ് ഓഫീസറായ ഭട്ട് തനിക്കെതിരായ മറ്റ് കേസുകളും നിഷേധിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജന പ്രകാശ് എന്നിവരുടെ ബഞ്ചാണ് ഗുജറാത്ത് സര്‍ക്കാരിനോട് പ്രതികരണം ആവശ്യപ്പെട്ട് നോട്ടീസയച്ചത്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അതിനാല്‍ കേസ് സി ബി ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഭട്ട് മറ്റൊരു ഹര്‍ജി കൂടി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭട്ട് തന്റെ ഇ-മെയില്‍ അനധികൃതമായി ഹാക്ക് ചെയ്‌തെന്ന് കാണിച്ച മേത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഭട്ടിനെതിരെ എഫ് ഐ ആര്‍ തയ്യാറാക്കിയത്.
ഗുജറാത്ത് പൊലീസ് പിന്നീട് കേസ് സൈബര്‍ സെല്ലിന് കൈമാറിയിരുന്നു.
പലിശ നിരക്കും വ്യവസായ ഉല്‍പ്പാദന സൂചികയും തമ്മില്‍ ബന്ധമില്ല: മൊണ്‍ടേക്
ന്യൂഡല്‍ഹി: പലിശ നിരക്കുയരുന്നതും വ്യവസായ ഉല്‍പ്പാദനം കുറയുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് പ്ലാനിംഗ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്‍ടെക് സിംഗ് അഹ്‌ലുവാലിയ. ഉയര്‍ന്ന പലിശ നിരക്ക് മൂലം വ്യവസായ ഉല്‍പ്പാദന സൂചിക താഴേക്കു പോകുന്നുവെന്ന വ്യവസായസ്ഥാപനങ്ങളുടെ ആരോപണം നിലനില്‍ക്കെയാണ് അദ്ദേഹം ഫിസി സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞത്.
ഇവ രണ്ടും തമ്മില്‍ ഒരു രീതിയിലും ബന്ധിപ്പിക്കാന്‍ തനിക്ക് സാധിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സാമ്പത്തിക മേഖല ഒമ്പത് ശതമാനം വളര്‍ച്ച പ്രാപിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ ഉയര്‍ന്ന പലിശ നിരക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്കിന്റെ കടുത്ത സാമ്പത്തിക നയങ്ങളാണോ വ്യവസായ ഉല്‍പ്പാദനത്തിന് തടസ്സം നില്‍ക്കുന്നതെന്ന പത്രലേഖകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2010 മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് 3.75 ശതമാനമാക്കിയിരുന്നു. പണപ്പെരുപ്പം പത്ത് ശതമാനത്തിലേറെയായപ്പോഴാണ് കേന്ദ്രബാങ്ക് ഈ നടപടി സ്വീകരിച്ചത്.
എന്നാല്‍ ഉയര്‍ന്ന പലശനിരക്ക് വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വായ്പകള്‍ കൂടുതല്‍ ചെലവേറിയതാക്കിയെന്നാണ് വ്യവസായ സ്ഥാപനങ്ങളുടെ ആരോപണം. ഫാക്ടറികളിലെ ഉല്‍പ്പാദനം കുറയുന്നതിന് ആഗോളവും പ്രാദേശികവുമായ നിരവധി കാരണങ്ങളുണ്ടെന്ന് അഹ്‌ലുവാലിയ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ 6.1 ശതമാനം വ്യവസായ ഉല്‍പ്പാദന സൂചിക രേഖപ്പെടുത്തിയ സ്ഥാനത്ത് ഈ സെപ്തംബറില്‍ അത് 1.9 ആയാണ് കുറഞ്ഞത്. ഇത് മൂലം സാമ്പത്തിക മേഖല താഴേക്ക് പോകുന്നതില്‍ ആശങ്കയുണ്ടെങ്കിലും ഉല്‍പ്പാദനം കുറഞ്ഞതും സാമ്പത്തിക മേഖലയിലെ ഇടിവും വെറും ഒരു മാസത്തെ മാത്രം പ്രതിഭാസമാണെന്നാണ് അദ്ദേഹം പറയുന്നത്.
എയര്‍ക്രാഫ്റ്റ് ഇടപാടില്‍ രാഷ്ട്രീയ പരിഗണന ഉണ്ടാകില്ല: ആന്റണി
ന്യൂഡല്‍ഹി: ബഹു കോടി ഡോളറിന്റെ 126 കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് ഇടപാടില്‍ രാഷ്ട്രീയ പരിഗണന ഉണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. ഇടാപാടിന്റെ അവസാന ഘട്ടമായ ലേലം ഉടന്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂറോ ഫൈറ്റര്‍, ഫ്രഞ്ച് ഡസോള്‍ട്ട് റഫേല്‍ എന്നീ രണ്ട് കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ പ്രതിരോധകാര്യങ്ങള്‍ നമ്മള്‍ യാതൊരു രാഷ്ട്രീയ പരിഗണനയും നല്‍കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കരാറില്‍ സാങ്കേതിക തികവിനായിരിക്കും ആദ്യ പരിഗണനയെന്നും പിന്നീടായിരിക്കും പണത്തിന് സ്ഥാനമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് യൂറോ ഫൈറ്റര്‍. എന്നാല്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനമാണ് ഫ്രഞ്ച് ഡസോള്‍ട്ട് റഫേല്‍. ഇടപാടിനായി പ്രതിരോധ മന്ത്രാലയത്തെ സമീപിച്ച നാല് കമ്പനികളെ തഴഞ്ഞാണ് ഈ രണ്ട് സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. അമേരിക്കന്‍ ലോക്ഷീഡ് മാര്‍ട്ടിന്‍ ആന്‍ഡ് ബോയിംഗ്, റഷ്യന്‍ മിഗ് 35, സ്വീഡിഷ് സാബ് എന്നിവയാണ് തഴയപ്പെട്ട പ്രമുഖ കമ്പനികള്‍.
ഇരുകമ്പനികളും നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്ന എയര്‍ക്രാഫ്റ്റ് ഏതാണെന്നാണ് ഇപ്പോള്‍ പ്രതിരോധമന്ത്രാലയം പരിശോധിച്ചു വരുന്നത്.
നിലവില്‍ വരുന്ന കരാര്‍ ഘോസ്റ്റ് എപ്പിസോഡില്‍ മാത്രമേ റദ്ദാക്കുകയുള്ളൂെവന്നും അത് തരണം ചെയ്താല്‍ ഒരു കരാറും പ്രതിരോധ മന്ത്രാലയം റദ്ദാക്കില്ലെന്നും ആന്റണി പറഞ്ഞു. എന്നാല്‍ ഘോസ്റ്റ് എപ്പിേസാഡ് എന്താണെന്ന് വിശദീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.
റിയല്‍ എസ്റ്റേറ്റ് കരട് നിയമം പുറത്തിറക്കി
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കടിഞ്ഞാണില്ലാത്ത ക്രയവിക്രയങ്ങളെക്കുറിച്ച് രാജ്യത്താകമാനം പ്രതിഷേധം അലയടിക്കേ റിയല്‍ എസ്റ്റേറ്റ് ബില്‍ 2011ന്റെ കരടു രേഖ ന്യൂഡല്‍ഹിയില്‍ ഇന്നലെ പുറത്തിറക്കി. ഭൂവിനിമയ-ഭവന നിര്‍മ്മാണ-കൈമാറ്റ മേഖലയില്‍ സുതാര്യതയും ഉത്തരവാദിത്തവും ബില്ലിലൂടെ ഉറപ്പുവരുത്തുമെന്ന് കരടു രൂപം പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ഭവന നിര്‍മ്മാണ- നഗരവികസന കാര്യ മന്ത്രി കുമാരി ഷെല്‍ജ അവകാശപ്പെട്ടു.
രജിസ്‌ട്രേഷന്‍, പ്ലാനുകളുടെ അംഗീകാരം, ഇടപാടില്‍ നഷ്ടം സംഭവിച്ചാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ബില്ലില്‍ ലക്ഷ്യം വയ്ക്കുന്നതായും അവര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിയമം വേണമെന്ന ചിരകാലമായുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. നിയമത്തിന്റെ കരടു രൂപം ശീതകാല സമ്മേളനത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പുതിയ ബില്‍ സംബന്ധിച്ചുണ്ടാകുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കും.
യു. പി. എ സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ അവകാശവാദങ്ങള്‍ എത്രമാത്രം ഫലപ്രദമാകുമെന്ന് സംശയിക്കുന്നതായി ഈ രംഗത്തുള്ള വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌ന പരിഹാരം: സ്ഥിരം സംവിധാനംഅന്തിമഘട്ടത്തില്‍
ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പുതിയ അതിര്‍ത്തി നിര്‍വഹണം സംവിധാനം അന്തിമഘട്ടത്തിലെത്തിയതായി ഗവണ്‍മെന്റ് അറിയിച്ചു. 1962 ല്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്ന ഈ സംവിധാനം മുടങ്ങിക്കിടക്കുകയായിരുന്നു. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായും ഈ വര്‍ഷാവസാനത്തോടെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നും പ്രതിരോധ മന്ത്രി എ കെ ആന്റണി അറിയിച്ചു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസിന്റെ 47-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായ കെ സുബ്രഹ്മണ്യന്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഇതിനോടകം തന്നെ നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. അത്തരം പ്രശ്‌നങ്ങള്‍ക്ക് പുതിയ സംവിധാനം പരിഹാരം കാണുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
janayugom 121111
തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് പ്രതികരണം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്തയുടെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നാരോപിച്ച് തയ്യാറാക്കിയ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ഭട്ടിന്റെ ഹര്‍ജി.
ReplyDelete