Saturday, November 12, 2011

കരിക്കുലം കമ്മിറ്റിയും വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമം

കരിക്കുലം കമ്മിറ്റിയും വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. ചരിത്രത്തിലാത്തത്ര എണ്ണം വലിയ കമ്മിറ്റി രൂപീകരിച്ചിട്ടും പ്രതിപക്ഷ അധ്യാപക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍പോലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു.
ചരിത്രത്തിലില്ലാത്ത അത്ര വലിയ കരിക്കുലം കമ്മിറ്റിയാണ് ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്നത്. 44 അംഗ കമ്മിറ്റിയില്‍ പ്രതിപക്ഷ സംഘടനാ രംഗത്ത് നിന്ന് ഒരാളെ മാത്രമാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ എസ് ടി എ ജനറല്‍ സെക്രട്ടറി എം ഷാജഹാനെ മാത്രമാണ് കരിക്കുലെ കമ്മിറ്റില്‍ പ്രതിപക്ഷ സംഘടനാ പ്രതിനിധിയായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബാക്കി 43 അംഗങ്ങളും ലീഗിന്റെയും, കോണ്‍ഗ്രസിന്റെയും, സംഘടനാ പ്രതിനിധികളും മുസ്ലിം മത മണ്ഡിതന്‍മാരും, ബൗദ്ധിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്. ഇതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 24 അംഗ കരിക്കുലം കമ്മിറ്റിയാണ് രൂപീകരിച്ചിരുന്നത്. ഇതില്‍ എല്ലാ വിഭാഗം സംഘടനകള്‍ക്കും ഒരുപോലെ പ്രാതിനിധ്യം നല്‍കിയിരുന്നു. സന്തുലിതാവസ്ഥയാണ് യു ഡി എഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരി ക്കുന്നത്.

മുന്‍ യു ഡി എഫ് സര്‍ക്കാരും മറ്റ് പ്രതിപക്ഷ സംഘടനകളെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പല മന്ത്രിമാര്‍ അന്ന് മാറി മാറി വകുപ്പ് ഭരിച്ചെങ്കിലും ഈ ജനാധിപത്യ മര്യാദ പുലര്‍ത്താന്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജി ഒ നമ്പര്‍ 4957/2011 ആയി ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനും, പൊതുവിദ്യാഭ്യാസ സെക്രട്ടറി വൈസ് ചെയര്‍മാനും, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ കണ്‍വീനറുമാണ്. ഡി പി ഐ, എച്ച് എസ് ഇ, വി എച്ച് എസ് ഇ, എസ് എസ് എ ഡയറക്ടര്‍മാര്‍, തുടങ്ങിയവര്‍ ഇതില്‍ അംഗങ്ങളാണ്. കോണ്‍ഗ്രസിന്റെയും, ലീഗിന്റെയും മാത്രം 12 ഓളം പേരെയാണ് ഇപ്പോല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലീഗിന്റെ മാത്രം മൂന്നോളം പേരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കി വരുന്ന ഭൂരിപക്ഷം പേരും ലീഗിന്റെ ബൗദ്ധികാചാര്യന്‍മാരാണ്. ഇത് തികച്ചും സങ്കുചിത ചിന്തയോടെയാണ് എന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇത് വിദ്യാഭ്യാസ രംഗത്തെ പച്ചകല്‍ക്കരിക്കാനാണ് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആക്ഷേപം.

വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് മുക്കിയിരുന്നു. അധ്യാപക പാക്കേജില്‍ അനര്‍ഹരെ തിരുകിക്കയറ്റിയ ഡി ഡി ഇ മാര്‍ക്കെതിരെ നനടപടി ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടാണ് മന്ത്രിയുടെ അറിവോടെ മരവിപ്പിച്ചത്. ഇതിനെതിരെ സെക്രട്ടറി മന്ത്രിയെ നേരിട്ട് കണ്ട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിദ്യാഭ്യാസം മേഖലയില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട കരിക്കുലം കമ്മിറ്റിയെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ലീഗിന്റെ തീരുമാനം. സര്‍ക്കാര്‍ തീരുമാനം തികച്ചും സങ്കുചിതമാണെന്ന് എ കെ എസ് ടി യു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ പറഞ്ഞു. തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ട തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

janayugom 121111

1 comment:

  1. കരിക്കുലം കമ്മിറ്റിയും വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. ചരിത്രത്തിലാത്തത്ര എണ്ണം വലിയ കമ്മിറ്റി രൂപീകരിച്ചിട്ടും പ്രതിപക്ഷ അധ്യാപക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍പോലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു.

    ReplyDelete