വലതുപക്ഷ ശക്തികള്‍ക്ക് തിരിച്ചടി
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ കക്ഷിയും കോര്‍പറേറ്റ് ഭീമന്മാരും ചേര്‍ന്ന് ആവിഷ്‌ക്കരിച്ച തീവ്രവലതുപക്ഷ നയങ്ങള്‍ക്ക് അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളില്‍ തിരിച്ചടി.
ഒഹിയൊ, മിസ്സിസ്സിപ്പി, മയ്‌നെ, അരിസൊന, ഇയോവ, ന്യൂജഴ്‌സി സംസ്ഥാനങ്ങളിലാണ് സാമ്പത്തിക ഭീമന്മാരായ ഒരു ശതമാനത്തിന്റെ ആധിപത്യത്തിനെതിരെ 99 ശതമാനത്തിന്റെ വിജയം കുറിച്ച വോട്ടെടുപ്പ് നടന്നത്. നവംബര്‍ 8 നായിരുന്നു വോട്ടെടുപ്പ്. ട്രേഡ് യൂണിയനുകളുടെ അവകാശം നിഷേധിക്കല്‍, വംശീയത, കുടിയേറ്റ വിരുദ്ധനിയമം, വോട്ടവകാശം നിഷേധിക്കല്‍, വനിതകളുടെ അവകാശധ്വംസനം വിവേചനം തുടങ്ങിയ നിയമങ്ങളാണ് വോട്ടെടുപ്പിലൂടെ റദ്ദായത്.
ഒഹിയൊവില്‍, 2010 ല്‍ നേരിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വന്ന റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ജോണ്‍കാസിച്ച്, അഗ്നിശമന സേനക്കാര്‍, പൊലീസ്, അധ്യാപകര്‍, നഴ്‌സുമാര്‍ തുടങ്ങിയ പൊതുസേവന വിഭാഗത്തിലുള്ള ജീവനക്കാരുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നിയമം പാസാക്കിയിരുന്നു. ജനാധിപത്യ അവകാശങ്ങള്‍ക്കെതിരായ കടന്നാക്രമണത്തെ ചെറുക്കാന്‍ ട്രേഡ് യൂണിയനുകള്‍ രംഗത്തിറങ്ങുകയും വിപുലമായ ഒരു ഐക്യമുന്നണിക്ക് രൂപം നല്‍കുകയും ചെയ്തു. നിയമം സംബന്ധിച്ച് നടന്ന വോട്ടെടുപ്പില്‍ 61 ശതമാനം എതിര്‍ത്തതോടെ നിയമം റദ്ദായി.
മിസ്സിസ്സിപ്പിയില്‍ ക്രിസ്ത്യന്‍ മതതീവ്രവാദികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിങ്ങി റിപ്പബ്ലിക്കന്‍മാര്‍ കൊണ്ടുവന്ന ഒരു സ്ത്രീവിരുദ്ധ നിയമമാണ് റദ്ദായത്. ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കുന്നതായിരുന്നു ഭരണഘടനാ ഭേദഗതിക്കായി കൊണ്ടുവന്ന പുതിയനിയമം. ഗര്‍ഭാശയത്തില്‍ അണ്ഡവിസര്‍ജനം നടക്കുന്ന സമയം മുതല്‍ തന്നെ ഗര്‍ഭസ്ഥശിശുവിനെ നിയമത്തിനു മുന്നില്‍ ഒരു വ്യക്തിയായി കണക്കാക്കുന്നതായിരുന്നു ഭേദഗതി ചെയ്യപ്പെട്ട നിയമം.
പ്രസ്തുത നിയമത്തിന്റെ ഭവിഷ്യത്തുക്കളെപ്പറ്റി വൈദ്യശാസ്ത്രരംഗത്തെ പ്രമുഖരുള്‍പ്പെടെ പലരും മുന്നറിയിപ്പുനല്‍കി. യുവതികളുടെയും സ്ത്രീപക്ഷ ഗ്രൂപ്പുകളുടെയും ശക്തമായ പ്രതിഷേധമുണ്ടായി. റിപ്പബ്ലിക്കന്‍ കക്ഷിയില്‍പ്പെട്ടവര്‍പോലും അതില്‍പങ്കുചേര്‍ന്നു. 58 ശതമാനം പേര്‍ എതിര്‍ത്തതോടെ നിയമം റദ്ദായി.
തിരഞ്ഞെടുപ്പ് ദിവസം പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വോട്ടര്‍മാരുടെ അവകാശം നിഷേധിച്ച റിപ്പബ്ലിക്കന്‍മാരുടെ നിയമത്തിനാണ് മയ്‌നെയില്‍ തിരിച്ചടിനേരിട്ടത്. അരിസൊനയില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റസ്സല്‍ പിയേഴ്‌സ് നടപ്പാക്കിയ കുപ്രസിദ്ധമായ കുടിയേറ്റ നിയമമാണ് പരാജയപ്പെട്ടത്. അഭിഭാഷകരും ബിസിനസ്സുകാരും ലാറ്റിന്‍ വംശജരും മോര്‍മോന്‍ ക്രിസ്ത്യന്‍ വിഭാഗക്കാരും ഒത്തുചേര്‍ന്ന് ശക്തമായ പ്രതിഷേധമാണ് നിയമത്തിനെതിരെ ഉയര്‍ത്തിയത്.
അവിടെ നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ കക്ഷിക്കാരനായ ഗവര്‍ണര്‍ ക്രിസ്‌ക്രിസ്റ്റിയുടെ വമ്പന്‍ അവകാശവാദമാണ് പൊളിഞ്ഞുപോയത്. റിപ്പബ്ലിക്കന്‍ കക്ഷി ചരിത്രം സൃഷ്ടിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളും ഡെമോക്രാറ്റിക് കക്ഷി വിജയിച്ചു.
അമേരിക്കയില്‍ വീശിയടിക്കുന്ന 'വാള്‍സ്ട്രീറ്റ് കയ്യടക്കല്‍' പ്രക്ഷോഭസമരത്തിന്റെ പശ്ചാത്തലത്തില്‍ ജനകീയ ഐക്യത്തിന് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നതിന്റെ ദൃഷ്ടാന്തങ്ങളായി നവംബര്‍ 8 ന്റെ വോട്ടെടുപ്പ് ഫലങ്ങള്‍ വിലയിരുത്തപ്പെടുന്നു.
janayugom 111111
റിപ്പബ്ലിക്കന്‍ കക്ഷിയും കോര്‍പറേറ്റ് ഭീമന്മാരും ചേര്‍ന്ന് ആവിഷ്‌ക്കരിച്ച തീവ്രവലതുപക്ഷ നയങ്ങള്‍ക്ക് അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളില്‍ തിരിച്ചടി.
ReplyDeleteഒഹിയൊ, മിസ്സിസ്സിപ്പി, മയ്‌നെ, അരിസൊന, ഇയോവ, ന്യൂജഴ്‌സി സംസ്ഥാനങ്ങളിലാണ് സാമ്പത്തിക ഭീമന്മാരായ ഒരു ശതമാനത്തിന്റെ ആധിപത്യത്തിനെതിരെ 99 ശതമാനത്തിന്റെ വിജയം കുറിച്ച വോട്ടെടുപ്പ് നടന്നത്. നവംബര്‍ 8 നായിരുന്നു വോട്ടെടുപ്പ്. ട്രേഡ് യൂണിയനുകളുടെ അവകാശം നിഷേധിക്കല്‍, വംശീയത, കുടിയേറ്റ വിരുദ്ധനിയമം, വോട്ടവകാശം നിഷേധിക്കല്‍, വനിതകളുടെ അവകാശധ്വംസനം വിവേചനം തുടങ്ങിയ നിയമങ്ങളാണ് വോട്ടെടുപ്പിലൂടെ റദ്ദായത്.