നരേന്ദ്രമോഡി എത്രമധുരം പൊതിഞ്ഞ വാക്കുകള്‍കൊണ്ട് 'സദ്ഭാവനാ' മായാജാലം നടത്തിയാലും ഇന്ത്യയുടെ മനഃസാക്ഷിയില്‍ ഗുജറാത്തിലെ വര്‍ഗീയ നരഹത്യ ഏല്‍പിച്ച മുറിവുകളുടെ വേദന മാറില്ല. ഹിന്ദുമതത്തിന്റെ വിശാല വീക്ഷണങ്ങളോട് പുലബന്ധംപോലും ഇല്ലാത്ത സംഘപരിവാറിന്റെ അഴിഞ്ഞാട്ടത്തില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരുടെ കണ്ണീരുറവകള്‍ ഒരിക്കലും വറ്റില്ല. നീതിക്കുവേണ്ടിയുള്ള അവരുടെ കാത്തിരിപ്പ് അനന്തമായി നീളുകയായിരുന്നു. ഇപ്പോഴിതാ, ഒമ്പതാമത്തെ കൊല്ലം, ഗുജറാത്തിലെ സര്‍ദാര്‍പുര കൂട്ടക്കൊലയിലെ പ്രതികളായ 31 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരിക്കുന്നു. മെഹ്‌സാനാ ജില്ലയിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ് സി ശ്രീവാസ്തവയുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഈ വിധി ഇന്ത്യയുടെ മഹിത പാരമ്പര്യങ്ങളെ മാനിക്കുന്ന ഏവര്‍ക്കും ആശ്വാസമേകുന്നു. ഒരിക്കലും ഉണ്ടാകാത്തതിനേക്കാള്‍ നന്നാണല്ലോ, വൈകിയാണെങ്കിലും അപൂര്‍ണമാണെങ്കിലും നീതിയുടെ സാന്ത്വനം ഇരകള്‍ക്കു ലഭ്യമാകുന്നത്.
സര്‍ദാര്‍പുര കൂട്ടക്കൊല കേസില്‍ 76 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. അതില്‍ 31 പേര്‍ മാത്രമാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടത്. നാല്‍പ്പത്തിരണ്ടുപേരെ വെറുതേവിട്ടു. 2 പേര്‍ വിചാരണക്കിടയില്‍ മരണപ്പെട്ടു. ഒരാളെ കുട്ടികളുടെ കോടതിയിലെ വിചാരണയ്ക്കുവിട്ടു. ശിക്ഷിക്കപ്പെട്ട 31 പേര്‍ക്കും ജീവപര്യന്തം തടവിനു പുറമേ 50,000 രൂപയുടെ പിഴയും കോടതി വിധിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഇത്രയും ആളുകള്‍ കലാപങ്ങള്‍ സൃഷ്ടിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രോസിക്യൂഷനും പ്രതിഭാഗവും അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതിനര്‍ഥം സര്‍ദാര്‍പുരയിലെ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടിയുള്ള യുദ്ധം തുടരുമെന്നാണ്. ഗുജറാത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ അതിനാല്‍ ഇന്ത്യയ്ക്കു കഴിയില്ല.
സ്ഥാപിത താല്‍പര്യത്തിന്റെ വക്താക്കളെല്ലാം ഇപ്പോള്‍ നരേന്ദ്രമോഡിയെ ആട്ടിന്‍ തോലണിയിക്കാന്‍ പാടുപെടുകയാണ്. കോര്‍പ്പറേറ്റ് മൂലധനപ്രഭുക്കളും അവരുടെ മാധ്യമചങ്ങാതിക്കൂട്ടവും 'വികസനത്തിന്റെ മോഡി മാതൃക'യെ പുകഴ്ത്താന്‍ വാക്കുകള്‍ കിട്ടാതെ വലയുന്നു. ഗുജറാത്തിലെ യാഥാര്‍ഥ്യം എന്താണെന്ന് പുറം ലോകം അറിയാന്‍ അവര്‍ സമ്മതിക്കുന്നില്ല. മോഡിയുടെ 'സദ്ഭാവന'യുടെ യഥാര്‍ഥമുഖം ഗുജറാത്തിലെ ജനങ്ങള്‍ പലവട്ടം കണ്ടതും അനുഭവിച്ചതുമാണ്. സര്‍ദാര്‍പുരയിലെ കൂട്ടക്കൊല അതിന്റെ പാഠങ്ങളിലേയ്ക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
2002 മാര്‍ച്ച് 1 ന് രാത്രിയിലാണ് മെഹ്‌സാന ജില്ലയിലെ സര്‍ദാര്‍ പുരയില്‍ കൂട്ടക്കൊലയ്ക്കുള്ള അരങ്ങൊരുങ്ങിയത്. രണ്ടുനാള്‍ മുമ്പായിരുന്നു, ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിലെ എസ് - 6 കമ്പാര്‍ട്ടുമെന്റില്‍ സഞ്ചരിച്ചിരുന്ന കര്‍സേവകര്‍ അഗ്നിക്കിരയായത്. അതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവരെപറ്റി പലതരം വാര്‍ത്തകളാണ് അന്നു രാജ്യം കേട്ടത്. ന്യൂനപക്ഷ വേട്ടയ്ക്ക് തക്കം പാര്‍ത്തിരുന്ന സംഘപരിവാറിലെ തീവ്രവാദികള്‍ ഗോധ്ര സംഭവത്തെ ഒരവസരമായാണ് കണ്ടത്. ന്യൂനപക്ഷങ്ങളിലെ സഹോദരങ്ങള്‍ക്കു നേരെ വിഷം ചീറ്റാനുള്ള അവസരം. നരേന്ദ്രമോഡിയുടെ ഗവണ്‍മെന്റ് അതിന്റെ ഭരണഘടനാ കര്‍ത്തവ്യങ്ങളെല്ലാം മറന്നുകൊണ്ട് വേട്ടക്കാരുടെ കൂടെ അന്നു കൈകോര്‍ത്തു നീങ്ങി.
വര്‍ഗീയ കലാപം ആളിക്കത്തുമ്പോള്‍ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരോട് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പറഞ്ഞത് ഭൂരിപക്ഷമതത്തില്‍പെട്ടവര്‍ക്ക് അവരുടെ വികാരം പ്രകടിപ്പിക്കാന്‍ അവസരം ഉണ്ടാക്കണമെന്നാണ്. അന്വേഷണ ഏജന്‍സിയോട് ആ സത്യം പറഞ്ഞതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ മഹേഷ്ഭട്ട് ചെയ്ത കുറ്റം. അതിന്റെ പേരില്‍ അദ്ദേഹം ജയിലിലടക്കപ്പെട്ടു. തന്റെ ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ പരിദേവനവും രാജ്യം കേട്ടതാണ്. മതേതര മൂല്യങ്ങളും ഭരണഘടനാ പ്രമാണങ്ങളും ഗുജറാത്തില്‍ പിച്ചിച്ചീന്തപ്പെട്ടതിനെക്കുറിച്ച് അവിടത്തെ പൊലീസ് മേധാവിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ ഐ പി എസ് പലകുറി നടത്തിയ പ്രസ്താവനകളും ജനങ്ങള്‍ ഓര്‍ക്കുന്നുണ്ട്. സര്‍ദാര്‍പുരയിലെ കൂട്ടക്കൊലയെ ഇതെല്ലാമായി ചേര്‍ത്തുവായിക്കേണ്ടതാണ്. ആ കൂട്ടക്കൊലയുടെ പിറകില്‍ ഗൂഢാലോചന ഇല്ലെന്നാണ് പ്രത്യേക കോടതി കണ്ടെത്തിയത്. എന്നാല്‍ വികാര പ്രകടനത്തിന് ഭൂരിപക്ഷമതക്കാര്‍ക്ക് അവസരമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി ഗൂഢമായല്ലാതെ നല്‍കിയ പ്രചോദനമാണ് ഇന്ത്യയെ നടുക്കിയ ന്യൂനപക്ഷ വേട്ടയായി മാറിയത്.
സര്‍ദാര്‍പുര ഗ്രാമത്തില്‍ മുസ്‌ലീങ്ങള്‍ പാര്‍ക്കുന്ന ഇടുങ്ങിയ വഴിയാണ് ഷെയ്ഖ്‌വാസ്. 2002 മാര്‍ച്ച് ഒന്നിന് രാത്രിയില്‍ അഞ്ഞൂറില്‍പ്പരം വര്‍ഗീയ തീവ്രവാദികള്‍ അവിടം വളഞ്ഞു. പ്രാണഭയത്താല്‍ പുരുഷന്മാര്‍ വീടുകളൊഴിഞ്ഞുപോയിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 70 ഓളം പേര്‍ അവിടത്തെ അടച്ചുറപ്പുള്ള ഒരേ ഒരു വീട്ടില്‍ പ്രാണന്‍ കൈയിലെടുത്തു വിറങ്ങലിച്ചു നിന്നു. ആ വീടിനുമേല്‍ പെട്രോള്‍ ഒഴിച്ച് ആക്രമണകാരികള്‍ തീകൊളുത്തി. അതുകൊണ്ട് മതിവരാഞ്ഞ് വൈദ്യുതി പ്രവഹിക്കുന്ന കമ്പി അവര്‍ വീടുമായി ബന്ധിപ്പിച്ചു. ഇബ്രാഹിം ഷെയ്ഖിന്റെ വീട്ടില്‍ അഭയം തേടിയെത്തിയ പാവങ്ങളില്‍ 33 പേര്‍ ആ രാത്രിയില്‍ കരിക്കട്ടകളായിമാറി. അവരില്‍ 22 സ്ത്രീകളും 11 കുഞ്ഞുങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതെല്ലാം കഴിഞ്ഞ് മൂന്ന് മണിക്കൂറിനുശേഷമാണ് 'കാര്യക്ഷമതയേറിയ മോഡി ഭരണ'ത്തിന്റെ പൊലീസ് അവിടെ എത്തിയത്! ഗര്‍ഭസ്ഥ ശിശുവിനെ തൃശൂലം കൊണ്ട് കുത്തിയെടുക്കുന്ന കാര്യക്ഷമതയ്ക്കു പേരുകേട്ട ഗുജറാത്തില്‍ 'സര്‍ദാര്‍പുര' സംഭവിച്ചതില്‍ ആര്‍ക്കും അത്ഭുതം തോന്നുകയില്ല.
സര്‍ദാര്‍പുര കൂട്ടക്കൊല അടക്കമുള്ള സംഭവങ്ങള്‍ മോഡി ഭരണം അന്വേഷിച്ചത് 'സദ്ഭാവന' വഴിഞ്ഞൊഴുകുംവിധമായിരുന്നു. ചെന്നായ നടക്കുന്നിടത്തേയ്ക്ക് ആട്ടിന്‍കുട്ടി എന്തിനു പോയി എന്ന മട്ടിലാണ് അതു പുരോഗമിച്ചത്. 2003 ല്‍ സുപ്രിം കോടതി ഇടപെട്ട് ആ അന്വേഷണ തമാശ അവസാനിപ്പിച്ചു. പക്ഷേ 2008 ല്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകൃതമായപ്പോഴാണ് അന്വേഷണത്തിനു പിന്നെ ജീവന്‍ വച്ചത്. 2009 ല്‍ പ്രത്യേക കോടതി നിലവില്‍ വന്നു. അതേവര്‍ഷം ജൂണില്‍ 76 പേരെ പ്രതികളാക്കിയ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. അവരെല്ലാവരും തന്നെ സര്‍ദാര്‍പുരയിലെ സമ്പന്നരായിരുന്നു. വര്‍ഗീയ ഭ്രാന്തുകൊണ്ട് കണ്ണുകാണാതായ, ഭരിക്കുന്ന ഗവണ്‍മെന്റിന്റെ തണലില്‍ എന്തും ചെയ്യാമെന്ന് നിനച്ചുവശായ സമ്പന്നര്‍. അവരില്‍ 31 പേരാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഈ ശിക്ഷ മോഡി ഗവണ്‍മെന്റിന്റെ മുഖത്ത് വൈകിയാണെങ്കിലും വീണ നിയമത്തിന്റെ ചെറിയ പ്രഹരമാണ്.
കൗശലങ്ങളുടെ രാജകുമാരനായ നരേന്ദ്രമോഡി തന്റെ സ്വാധീനത്തിലുള്ളവരെയെല്ലാം അണിനിരത്തി നീതി നിര്‍വഹണത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കും എന്നുറപ്പാണ്. ഡല്‍ഹിയിലെ സിംഹാസനത്തില്‍ കണ്ണുനട്ടിരിക്കുന്ന സംഘപരിവാറിന്റെ ഉദയതാരത്തിന് ഈ കോടതിവിധി മങ്ങലേല്‍പ്പിക്കും. മതരാഷ്ട്ര വാദവും മതനിരപേക്ഷതയും തമ്മിലുള്ള ആശയ സമരത്തിന്റെയും രാഷ്ട്രീയ പോരാട്ടത്തിന്റെയും നിര്‍ണായക സന്ദര്‍ഭത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജാഗ്രതാപൂര്‍വം നിലകൊള്ളാന്‍ മതനിരപേക്ഷ ശക്തികള്‍ സജ്ജമാകേണ്ടതിപ്പോഴാണ്. വര്‍ഗീയ തീവ്രവാദവും അധികാരക്കൊതിയും ലാഭമോഹവും രാഷ്ട്രീയ കൗശലവും എല്ലായ്‌പ്പോഴും ഒരുമിച്ചു നീങ്ങുമെന്നുള്ള പാഠവും ഇന്ത്യയെ സ്‌നേഹിക്കുന്നവരെല്ലാം ഓര്‍ത്തിരിക്കണം.
സര്‍ദാര്‍പുര കൂട്ടക്കൊല ആസൂത്രിതം: സഞ്ജീവ് ഭട്ട്
തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും കൂട്ടരും ആസൂത്രണം ചെയ്തതാണ് സര്‍ദാര്‍പുരയിലെ കൂട്ടക്കൊലയെന്ന് ഗുജറാത്ത് കേഡറിലെ ഐ പി എസ് ഓഫീസറായ സഞ്ജീവ് ഭട്ട് ജനയുഗത്തോട് പറഞ്ഞു. മുസ്ലിം ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിലൂടെ മാത്രമേ ഹിന്ദുക്കളുടെ വോട്ട് നേടാന്‍ കഴിയൂവെന്ന മോഡിയുടെ ധാരണയാണ് സംഭവത്തിന് പിന്നിലെ വസ്തുത. സര്‍ദാര്‍പുര സംഭവം ആസൂത്രണം ചെയ്തതില്‍ മോഡിയുടെയും കൂട്ടരുടേയും പങ്ക് ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. മെഹ്‌സീന ജില്ലാ പൊലീസ് സൂപ്രണ്ട് തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം മണത്തറഞ്ഞ മോഡി ഈ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി റിപ്പോര്‍ട്ട് തിരുത്തി. ഇതിന്റെ ഭാഗമായാണ് സര്‍ദാര്‍പുര സംഭവം ഗോധ്രാ സംഭവത്തിന്റെ തുടര്‍ച്ചയെന്ന വ്യാഖ്യാനം മോഡിയും കൂട്ടരും പ്രചരിപ്പിച്ചത്.
ഗോധ്രാ സംഭവം നടക്കുന്നതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ സര്‍ദാര്‍പുര ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബി ജെ പിക്ക് കൂടുതല്‍ വോട്ട് നേടാനായില്ല. മോഡിയുടെ ആളുകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ഈ പ്രദേശത്തെ ഹിന്ദുക്കള്‍തന്നെ എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പൊതുയോഗങ്ങളില്‍ മോഡിയുടെ നോമിനികളെ പ്രസംഗിക്കാന്‍ പോലും സര്‍ദാര്‍പുരയിലെ ഹിന്ദുക്കള്‍ അനുവദിച്ചിരുന്നില്ല. മുസ്ലിം ജനവിഭാഗങ്ങളും ഇതില്‍ നിന്നും വ്യത്യസ്ഥമായ സമീപനമല്ല സ്വീകരിച്ചത്. ഇതിനിടെ സര്‍ദാര്‍പുരയിലെ ഒരു മുസ്ലിംപള്ളിയില്‍ വെള്ളിയാഴ്ച്ച നിസ്‌കാരം കഴിഞ്ഞിറങ്ങിയ രണ്ട് യുവാക്കളെ ഹിന്ദുക്കളെന്ന് തോന്നിപ്പിക്കുന്ന കാവി വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ഒരുകൂട്ടം യുവാക്കള്‍ ആക്രമിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സര്‍ദാര്‍പുരയിലെ രണ്ട് ഹിന്ദുക്കളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യുവാക്കള്‍ നിരപരാധികളാണെന്ന് സര്‍ദാര്‍പുരയിലെ മുസ്ലിം വിഭാഗം ഒന്നടങ്കം പൊലീസിന് മൊഴി നല്‍കി. ഇങ്ങനെ മൊഴി നല്‍കിയതിന് സര്‍ദാര്‍പുരയിലെ മുസ്ലിം പണ്ഡിതനും അധ്യാപകനുമായ മുഖുല്‍ ഖാനെ മോഡിയുടെ കൂട്ടാളികള്‍ ആക്രമിച്ചു. ഹിന്ദു- മുസ്ലിം ലഹള സൃഷ്ടിക്കാന്‍ തയ്യാറാക്കിയ നാടകം പൊളിഞ്ഞതിന്റെ വൈരാഗ്യമാണ് ഇതിലൂടെ തീര്‍ത്തത്.
ഇതിനിടെയാണ് ഗോധ്രാ സംഭവം നടക്കുന്നത്. സഭവത്തിന്റെ അടുത്ത ദിവസം നടന്ന ബന്ദിന് സര്‍ദാര്‍പുരയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. സംഭവദിവസം ഉച്ചയോടെ മോഡിയുടെ അനുയായികളായ ഒരു വിഭാഗം സര്‍ദാര്‍പുരയില്‍ എത്തിയിരുന്നു. അസ്വാഭാവികത മനസിലാക്കിയ പ്രദേശവാസികള്‍ ഇക്കാര്യം പൊലീസിനെ അറിയച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവം നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഈ പ്രദേശത്ത് വിന്യസിച്ചിരുന്ന 67 പൊലീസുകാരില്‍ 46 പേരെ മോഡിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് സൂപ്രണ്ട് പിന്‍വലിച്ചു. ഇതിലൂടെ ലഹള സൃഷ്ടിക്കാന്‍ മോഡി വഴിയൊരുക്കി. ലഹള സംബന്ധിച്ച വിവരം ജില്ലാ പൊലീസ് സൂപ്രണ്ടിനെ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും അറിയിച്ചെങ്കിലും വേണ്ടത്ര ഗൗരവത്തോടെ കാണാന്‍ കൂട്ടാക്കിയില്ല.
ഗോധ്രാ സംഭവത്തിന്റെ സ്വാഭാവിക പ്രതികരണമെന്നാണ് സര്‍ദാര്‍പുര സംഭവത്തെ കുറിച്ച് മോഡി പ്രതികരിച്ചത്. സംഭവം സംബന്ധിച്ച് ആദ്യം അന്വേഷണം നടത്തിയ ഗുജറാത്ത് പൊലീസും ഈ നിഗമനത്തിലാണ് എത്തിയത്. എന്നാല്‍ മുസ്ലിം - ഹിന്ദു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കേസില്‍ 14 പ്രതികളെ അറസ്റ്റ് ചെയ്തു. ഈ അറസ്റ്റും മോഡി ഒരുക്കിയ മറ്റൊരു നാടകത്തിന്റെ അനുബന്ധം മാത്രമാണെന്നും സഞ്ജീവ് ഭട്ട് പറഞ്ഞു.
തുടര്‍ന്ന് സുപ്രിം കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ദാര്‍പുര സംഭവം സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവരും സംസ്ഥാന പൊലീസിന്റെ കണ്ടെത്തലുകള്‍ ആവര്‍ത്തിച്ചു. സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വമ്പന്‍ സ്രാവുകളായ യഥാര്‍ഥ പ്രതികളെ ഒഴിവാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആദ്യം കേസ് വിചാരണ നടത്തിയ ജഡ്ജിയും മോഡിയുടെ സ്വാധീനത്തിന് വഴങ്ങി അക്രമത്തിന് ഇരയായ ആളുകളുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. സംഭവം രാത്രിയാണ് നടന്നത്, നിങ്ങള്‍ തിരിച്ചറിഞ്ഞവരല്ല യഥാര്‍ഥ പ്രതികളെന്നാണ് മൊഴി നല്‍കാനെത്തിയവരോട് ജഡ്ജി പറഞ്ഞത്. പിന്നീടാണ് കേസ് ഇപ്പോഴുള്ള ജഡ്ജിയുടെ മുന്നിലെത്തുന്നതും പ്രതികളില്‍ കുറച്ചുപേരെയെങ്കിലും കണ്ടെത്തി ശിക്ഷ നല്‍കിയതും. യഥാര്‍ഥ പ്രതികള്‍ വീണ്ടും രക്ഷപ്പെട്ടു എന്ന പ്രദേശവാസികളുടെ പ്രതിഫലനമാണ് സര്‍ദാര്‍പുരയില്‍ ഇന്നലെയും തളംകെട്ടിനിന്ന ദുഖഭാവം. കേസില്‍ യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലെന്ന് മാത്രമല്ല മൊഴി നല്‍കിതിന്റെ പേരില്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന ഭയത്തിലെ സര്‍ദാര്‍പുരയിലെ ഭൂരിഭാഗം മുസ്ലിങ്ങളും നിഷ്പക്ഷമതികളായ ഒരുവിഭാഗം ഹിന്ദുക്കളുമെന്നും സഞ്ജീവ് ഭട്ട് പറഞ്ഞു.
വര്‍ഷങ്ങളുടെ മത്സൗഹാര്‍ദ്ദ പാരമ്പര്യമുള്ള പ്രദേശമാണ് സര്‍ദാര്‍പുര. മുസ്ലിം വിഭാഗത്തിലുള്ളവരുടെ വിവാഹം നിശ്ചയത്തിലും മതപരമായ ചടങ്ങുകള്‍ക്കും നേതൃത്വം വഹിച്ചിരുന്നത് ഹിന്ദുക്കളാണ്. ഇതിനൊക്കെ വിഘാതം വരുത്താനും സര്‍ദാര്‍പുരയിലെ ഹിന്ദുക്കളുടെ വോട്ടുനേടാനുമായി മോഡിയും കൂട്ടരും ഒരുക്കിയ ഗൂഢാലോചനവയുടെ ഭാഗമാണ് കൂട്ടക്കൊലെയെന്നും സഞ്ജീവ് ഭട്ട് കൂട്ടിച്ചേര്‍ത്തു. യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞിട്ടും. വിളിച്ചുപറയാല്‍ കെല്‍പ്പില്ലാതെ നിസംഗതയോടെ ഒരുവിഭാഗം ജനങ്ങളും പ്രതികരിക്കാന്‍ ശേഷിയില്ലാതെ ഗുജറാത്തിലെ കോണ്‍ഗ്രസും.
(കെ ആര്‍ ഹരി )
janayugom 111111
നരേന്ദ്രമോഡി എത്രമധുരം പൊതിഞ്ഞ വാക്കുകള്‍കൊണ്ട് 'സദ്ഭാവനാ' മായാജാലം നടത്തിയാലും ഇന്ത്യയുടെ മനഃസാക്ഷിയില്‍ ഗുജറാത്തിലെ വര്‍ഗീയ നരഹത്യ ഏല്‍പിച്ച മുറിവുകളുടെ വേദന മാറില്ല. ഹിന്ദുമതത്തിന്റെ വിശാല വീക്ഷണങ്ങളോട് പുലബന്ധംപോലും ഇല്ലാത്ത സംഘപരിവാറിന്റെ അഴിഞ്ഞാട്ടത്തില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരുടെ കണ്ണീരുറവകള്‍ ഒരിക്കലും വറ്റില്ല. നീതിക്കുവേണ്ടിയുള്ള അവരുടെ കാത്തിരിപ്പ് അനന്തമായി നീളുകയായിരുന്നു. ഇപ്പോഴിതാ, ഒമ്പതാമത്തെ കൊല്ലം, ഗുജറാത്തിലെ സര്‍ദാര്‍പുര കൂട്ടക്കൊലയിലെ പ്രതികളായ 31 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരിക്കുന്നു. മെഹ്‌സാനാ ജില്ലയിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ് സി ശ്രീവാസ്തവയുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഈ വിധി ഇന്ത്യയുടെ മഹിത പാരമ്പര്യങ്ങളെ മാനിക്കുന്ന ഏവര്‍ക്കും ആശ്വാസമേകുന്നു. ഒരിക്കലും ഉണ്ടാകാത്തതിനേക്കാള്‍ നന്നാണല്ലോ, വൈകിയാണെങ്കിലും അപൂര്‍ണമാണെങ്കിലും നീതിയുടെ സാന്ത്വനം ഇരകള്‍ക്കു ലഭ്യമാകുന്നത്.
ReplyDelete