Monday, November 7, 2011

റഷ്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പത്രം പിടിച്ചെടുത്തു

മോസ്കോ: റഷ്യന്‍ പാര്‍ലമെന്റായ ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പത്രത്തിന്റെ 84,000 കോപ്പി പൊലീസ് പിടിച്ചെടുത്തു. ഡിസംബര്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കമിട്ടുള്ള പതിപ്പാണ് ശനിയാഴ്ച ട്രക്കില്‍ കൊണ്ടുപോകുമ്പോള്‍ സര്‍ക്കാരിനു വേണ്ടി പൊലീസ് പിടിച്ചെടുത്തത്. ഇതേസമയം നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടന്നാല്‍ റഷ്യന്‍ ഫെഡറേഷന്‍ കമ്യൂണിസ്റ്റ് പാര്‍ടി വന്‍ മുന്നേറ്റം നടത്തുമെന്ന് വിദഗ്ധര്‍ കരുതുന്നതായി പിടിഐ റിപ്പോര്‍ട്ടുചെയ്തു.

പുടിന്‍ -മെദ്വെദെവ് ഭരണത്തിലെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ ഉയരുന്ന ജനരോഷം ഭരണകക്ഷിയുടെ സാധ്യത കുറയ്ക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് അധികൃതര്‍ റഷ്യയിലെ രണ്ടാമത്തെ വലിയ കക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ തിരിഞ്ഞത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്നേറ്റം പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചുവരാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിന് വരുന്ന മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതേസമയം മുന്‍ സോവിയറ്റ് യൂണിയനില്‍ അന്നത്തെ റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെട്സില്‍ കമ്യുണിസ്റ്റ് പാര്‍ടി നിരോധിച്ചതിന് ഞായറാഴ്ച 20 വര്‍ഷം തികഞ്ഞു. ഈ വേളയില്‍ അഖില റഷ്യ പൊതുജനാഭിപ്രായ ഗവേഷണകേന്ദ്രം നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 47 ശതമാനമാളുകളും യെട്സിന്റെ നടപടിയെ എതിര്‍ത്തു. 26 ശതമാനമാളുകള്‍ മാത്രമാണ് നിരോധനത്തെ പിന്തുണച്ചത്. സോവിയറ്റ് യൂണിയന്റെ വിഘടനത്തിന് ശേഷം 1993ലാണ് പിന്നീട് റഷ്യന്‍ കമ്യൂണിസ്റ്റ്പാര്‍ടി വീണ്ടും രൂപീകരിക്കപ്പെട്ടത്. കെപിആര്‍എഫ് എന്ന ചുരുക്കപ്പേരിലുള്ള പാര്‍ടിക്ക് 35 ശതമാനത്തിലേറെ ജനപിന്തുണയുള്ളതായാണ് റിപ്പോര്‍ട്ട്.

deshabhimani 071111

1 comment:

  1. റഷ്യന്‍ പാര്‍ലമെന്റായ ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പത്രത്തിന്റെ 84,000 കോപ്പി പൊലീസ് പിടിച്ചെടുത്തു. ഡിസംബര്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കമിട്ടുള്ള പതിപ്പാണ് ശനിയാഴ്ച ട്രക്കില്‍ കൊണ്ടുപോകുമ്പോള്‍ സര്‍ക്കാരിനു വേണ്ടി പൊലീസ് പിടിച്ചെടുത്തത്. ഇതേസമയം നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടന്നാല്‍ റഷ്യന്‍ ഫെഡറേഷന്‍ കമ്യൂണിസ്റ്റ് പാര്‍ടി വന്‍ മുന്നേറ്റം നടത്തുമെന്ന് വിദഗ്ധര്‍ കരുതുന്നതായി പിടിഐ റിപ്പോര്‍ട്ടുചെയ്തു.

    ReplyDelete