Monday, November 7, 2011

സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി അക്ഷയകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നീക്കം

ഐടി സാധ്യതകളെ കേരളത്തിലെ സാധാരണക്കാര്‍ക്കുകൂടി പ്രാപ്യമാക്കിയ അക്ഷയകേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഗൂഢാലോചന. അക്ഷയയുടെ സേവനങ്ങള്‍ കൈയടക്കാന്‍ ലക്ഷ്യമിടുന്ന സ്വകാര്യ കമ്പനികള്‍ക്കുവേണ്ടിയാണ് ഐടി മിഷനിലെ ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നത്. വൈദ്യുതി, ടെലിഫോണ്‍ , കുടിവെള്ളം എന്നിവയുടെ ബില്ലുകള്‍ അടയ്ക്കുന്ന ഇ പേയ്മെന്റ്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, പിന്നോക്കവിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ് രജിസ്ട്രേഷന്‍ , പ്രവാസി വെല്‍ഫെയര്‍ പ്രീമിയം ശേഖരിക്കല്‍ , ഓണ്‍ലൈന്‍ റേഷന്‍കാര്‍ഡ്, ആധാര്‍ , മണല്‍പാസ് തുടങ്ങിയവയുടെ രജിസ്ട്രേഷന്‍ എന്നിവയാണ് ഇപ്പോള്‍ അക്ഷയ വഴി നടത്തുന്ന സേവനങ്ങള്‍ . അക്ഷയയെ നിലനിര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടപടികള്‍ നടത്താന്‍ ഹൈദരാബാദിലെ കൈറോസ് സോഫ്റ്റ്ടെക് ലിമിറ്റഡ് കമ്പനിയെ ചുമതലപ്പെടുത്താനുള്ള നീക്കമാണ് ആദ്യം നടന്നത്. എന്നാല്‍ ഇത്തരം നീക്കമില്ലെന്ന് മിഷന്‍ പറയുമ്പോള്‍ കഴിഞ്ഞ എപ്രില്‍ 11ന് ഇതുസംബന്ധിച്ച ധാരണാപത്രം രഹസ്യമായി ഒപ്പുവച്ചു എന്നതാണ് സത്യം. ഇതനുസരിച്ച് ശേഖരിക്കപ്പെടുന്ന പണം സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. ഒരാള്‍ക്ക് 30 രൂപ വീതം കമീഷനായും ലഭിക്കും. എന്നാല്‍ അക്ഷയ സംരംഭകര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത് 10 രൂപയാണ്. ഇതാകട്ടെ പലര്‍ക്കും മൂന്നു രൂപയാക്കി കുറച്ചാണ് നല്‍കിയിരുന്നത്. സ്വകാര്യബാങ്കുകളുടെയും ട്രാവല്‍ എജന്‍സികളുടെയും മൊബൈല്‍ഫോണ്‍ കമ്പനികളുടെയും മാര്‍ക്കറ്റിങ് ഏജന്‍സിയാക്കി അക്ഷയ സെന്ററുകളെ മാറ്റാനുള്ള സമ്മര്‍ദവുമുണ്ട്. ഇ-റിട്ടേണ്‍ , ബിഎസ്എന്‍എല്‍ ബില്ലുകള്‍ എന്നിവയുടെ കമീഷന്‍ തടഞ്ഞ് സംരംഭകരെ കടക്കെണിയിലാക്കുകയാണ് മിഷന്‍ . വേറെ വഴിയില്ലാതാവുമ്പോള്‍ സ്വകാര്യകമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുമെന്നാണ് മുകളിലുള്ളവര്‍ കണക്കുകൂട്ടുന്നത്.

വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പിനുള്ള ഇ രജിസ്ട്രേഷന്‍ നടത്തിയതിന്റെ കമീഷനും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇതുവരെ കൈമാറിയിട്ടില്ല. ബില്‍ കളക്ഷന്‍ കേന്ദ്രങ്ങള്‍ കെഎസ്ഇബി ക്ഷണിച്ചപ്പോള്‍ അക്ഷയ മിഷന്‍ അപേക്ഷിച്ചിരുന്നില്ല. വിവിധ ക്ഷേമനിധികളിലേക്കുള്ള പണം ശേഖരിക്കുന്നതിനുള്ള സോഫ്റ്റുവെയറുകളും നടപ്പാക്കിയില്ല. ഇതെല്ലാം അക്ഷയയെ തകര്‍ക്കാനുള്ള ഗൂഢാലോചന മൂലമാണെന്ന് സംരംഭകര്‍ പറയുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉപകരാര്‍ നല്‍കിയത് സ്വകാര്യ ഏജന്‍സിക്കാണ്. അവര്‍ ഈ അവസരം ഉപയോഗിച്ച് ആധാര്‍ രജിസ്ട്രേഷന്‍ നടത്തുകയും അക്ഷയ സെന്ററുകള്‍ക്ക് ലഭിക്കേണ്ട വരുമാനം തട്ടിയെടുക്കുകയുമാണ്. ആധാര്‍ രജിസ്ട്രേഷന് ശരാശരി ഒന്നര ലക്ഷം രൂപ ചെലവിട്ടാണ് നിക്ഷേപകര്‍ ബയോമെട്രിക് മെഷീന്‍ സ്ഥാപിച്ചത്. സംസ്ഥാനത്തൊട്ടാകെ പത്തുകോടിയോളം രൂപ അക്ഷയസംരംഭകര്‍ ഇതിനായി മുടക്കിക്കഴിഞ്ഞു. ഐടി മിഷന്റെയും സര്‍ക്കാരിന്റെയും നീക്കത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സംരംഭകര്‍ .

deshabhimani 071111

1 comment:

  1. ഐടി സാധ്യതകളെ കേരളത്തിലെ സാധാരണക്കാര്‍ക്കുകൂടി പ്രാപ്യമാക്കിയ അക്ഷയകേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഗൂഢാലോചന. അക്ഷയയുടെ സേവനങ്ങള്‍ കൈയടക്കാന്‍ ലക്ഷ്യമിടുന്ന സ്വകാര്യ കമ്പനികള്‍ക്കുവേണ്ടിയാണ് ഐടി മിഷനിലെ ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നത്. വൈദ്യുതി, ടെലിഫോണ്‍ , കുടിവെള്ളം എന്നിവയുടെ ബില്ലുകള്‍ അടയ്ക്കുന്ന ഇ പേയ്മെന്റ്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, പിന്നോക്കവിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ് രജിസ്ട്രേഷന്‍ , പ്രവാസി വെല്‍ഫെയര്‍ പ്രീമിയം ശേഖരിക്കല്‍ , ഓണ്‍ലൈന്‍ റേഷന്‍കാര്‍ഡ്, ആധാര്‍ , മണല്‍പാസ് തുടങ്ങിയവയുടെ രജിസ്ട്രേഷന്‍ എന്നിവയാണ് ഇപ്പോള്‍ അക്ഷയ വഴി നടത്തുന്ന സേവനങ്ങള്‍ . അക്ഷയയെ നിലനിര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.

    ReplyDelete