Friday, November 11, 2011

ഭൂരിപക്ഷം കര്‍ഷകര്‍ക്കും ഗുണം ചെയ്യില്ല

ഡിസംബര്‍ 31 വരെ വയനാട്ടിലെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള മന്ത്രിസഭാതീരുമാനം തീരുമാനം ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും പ്രയോജനപ്പെടില്ല. ദുരിതമനുഭവിക്കുന്ന കര്‍ഷകരിലേറെയും സ്വന്തമായി ഭൂമി ഇല്ലാത്തവരായതിനാല്‍ കാര്‍ഷികവായ്പ ലഭിക്കാത്തവരാണ്. ബാങ്കുകളില്‍നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും ഉയര്‍ന്ന പലിശക്ക് കാര്‍ഷികേതര വായ്പയെടുത്താണ് പലരും കൃഷിചെയ്യുന്നത്. ബ്ലേഡുകാരില്‍നിന്നും വ്യക്തികളില്‍നിന്നും പണം വാങ്ങി കടക്കെണിയിലകപ്പെട്ടവരാണ് ബഹുഭൂരിപക്ഷവും. ഈ വായ്പകള്‍ക്ക് മന്ത്രിസഭാ തീരുമാനം ബാധകമാവില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ പരിധിയില്‍ വരുന്നവര്‍ക്കാകട്ടെ ഇത് താല്‍ക്കാലികാശ്വാസമേയാകുന്നുള്ളു. ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യുമെന്നാണ് ചോദ്യത്തിന് ഉത്തരമില്ല.

വയനാട്ടില്‍ അടുത്തിടെ ആത്മഹത്യചെയ്തവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് കര്‍ഷകര്‍ എന്ന പട്ടികയില്‍പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പ്രയാസമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് അടിയന്തരസഹായം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. വിളകളുടെ വിലയിടിവാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്നം. എന്നാല്‍ താങ്ങുവില ഏര്‍പ്പെടുത്തി സംഭരണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. വിളനാശമുണ്ടായ കര്‍ഷകര്‍ക്ക് നല്‍കാനുള്ള പരിമിത സഹായംപോലും നല്‍കിയിട്ടില്ല.

നേന്ത്രക്കായ്ക്ക് കിലോവിന് പരമാവധി എട്ടു രൂപയാണ് ലഭിക്കുന്നത്. അതേസമയം വിപണിയില്‍ നേന്ത്രപ്പഴത്തിന് 30 രൂപയിലേറെയാണ്. ചിലയിടങ്ങളില്‍ 35 രൂപയുണ്ട്. ഇഞ്ചിയുടെ വില കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ വലിയ തോതിലാണ് ഇടിഞ്ഞത്. 60 കിലോയുടെ ഒരു ചാക്കിന് മൂവായിരംവരെയുണ്ടായിരുന്നിടത്ത് 490 രൂപയായി. ഏലത്തിനും സമാനമായ സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുകയാണ് പോംവഴി.

വയനാട്ടില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യചെയ്തവരെ കര്‍ഷകരായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആത്മഹത്യചെയ്തവരുടെ കടം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. ജപ്തിനടപടികള്‍ ഡിസംബര്‍ 31 വരെ നിര്‍ത്തിവയ്ക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ കാര്‍ഷിക വായ്പകളിന്മേലും അനുബന്ധ വായ്പകളിന്മേലുമുള്ള ജപ്തിനടപടികള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നാണ് ജില്ലാതലത്തിലുള്ള ശുപാര്‍ശ. ഈ വിഷയത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ചിട്ടില്ല. വിളകള്‍ നശിക്കുമ്പോള്‍ ആശ്വാസനടപടികള്‍ വൈകുന്നതും കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളിയാണ്. ഇക്കഴിഞ്ഞ മെയ് 18വരെയുള്ള കാലവര്‍ഷത്തില്‍ 12 കോടിയോളം രൂപയുടെ വിളനഷ്ടം വയനാട്ടിലുണ്ടായതായാണ് ഔദ്യോഗിക കണക്ക്. 900 ഏക്കറില്‍ കൃഷിനശിച്ചു. സെപ്തംബറില്‍ ഇടവപ്പാതിക്കാലത്തെ നഷ്ടം 18 കോടിയാണ്. 3265 ഏക്കറില്‍ കൃഷിനാശമുണ്ടായി. എണ്ണായിരത്തിലേറെ കര്‍ഷകരാണ് ഈ വര്‍ഷം മാത്രം കെടുതിയനുഭവിച്ചത്. ഇവര്‍ക്ക് സര്‍ക്കാര്‍ നിബന്ധനകളനുസരിച്ച് നല്‍കാവുന്നത് മൂന്നര കോടി രൂപ മാത്രമാണ്. രണ്ടു കോടിയിലേറെ രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമുണ്ട്.
(ഒ വി സുരേഷ്)

deshabhimani 111111

1 comment:

  1. ഡിസംബര്‍ 31 വരെ വയനാട്ടിലെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള മന്ത്രിസഭാതീരുമാനം തീരുമാനം ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും പ്രയോജനപ്പെടില്ല. ദുരിതമനുഭവിക്കുന്ന കര്‍ഷകരിലേറെയും സ്വന്തമായി ഭൂമി ഇല്ലാത്തവരായതിനാല്‍ കാര്‍ഷികവായ്പ ലഭിക്കാത്തവരാണ്. ബാങ്കുകളില്‍നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും ഉയര്‍ന്ന പലിശക്ക് കാര്‍ഷികേതര വായ്പയെടുത്താണ് പലരും കൃഷിചെയ്യുന്നത്. ബ്ലേഡുകാരില്‍നിന്നും വ്യക്തികളില്‍നിന്നും പണം വാങ്ങി കടക്കെണിയിലകപ്പെട്ടവരാണ് ബഹുഭൂരിപക്ഷവും. ഈ വായ്പകള്‍ക്ക് മന്ത്രിസഭാ തീരുമാനം ബാധകമാവില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ പരിധിയില്‍ വരുന്നവര്‍ക്കാകട്ടെ ഇത് താല്‍ക്കാലികാശ്വാസമേയാകുന്നുള്ളു. ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യുമെന്നാണ് ചോദ്യത്തിന് ഉത്തരമില്ല.

    ReplyDelete