Friday, November 11, 2011

ഗുജറാത്തില്‍നിന്ന് നീതിയുടെ വെളിച്ചം

ഗുജറാത്തില്‍നിന്ന് നീതിയുടെ വെളിച്ചം. സ്വാതന്ത്ര്യലബ്ധിയുടെ ഘട്ടത്തില്‍ ഉണ്ടായ സംഭവങ്ങളെ ഓര്‍മിപ്പിക്കുന്നതരത്തിലുള്ള അതിനിഷ്ഠുരമായ ഗുജറാത്ത് വംശഹത്യാപരമ്പരയില്‍പെട്ട സര്‍ദാര്‍പുര കൂട്ടക്കൊലയ്ക്കുത്തരവാദികളായ വര്‍ഗീയകലാപകാരികളില്‍ 31 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചുവെന്നുകാണുന്നത് ആശ്വാസകരമാണ്. 1941നുശേഷം ഇന്ത്യയില്‍ വര്‍ഗീയകലാപം നടത്തിയതിന് ഇത്രയേറെപ്പേര്‍ ഒരുമിച്ച് ജീവപര്യന്തശിക്ഷയനുഭവിക്കുന്നത് ഇതാദ്യമാണ്. ഗുജറാത്ത് വംശഹത്യയുടെ ഭീകരതയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു. ഗുജറാത്ത് വംശഹത്യാക്കേസുകളുടെ പരമ്പരയിലുണ്ടായ ആദ്യ കോടതിവിധിയാണിത്.

പ്രത്യേക കോടതിയുടെ ഈ വിധി സ്വാഗതാര്‍ഹമാണ്. വിധി ആശ്വാസകരമാണെങ്കിലും മതനിരപേക്ഷവാദികള്‍ക്ക് ഇതുമാത്രംകൊണ്ട് തൃപ്തിപ്പെടാനാവില്ല. വംശഹത്യയുടെ യഥാര്‍ഥ സൂത്രധാരനിലേക്ക് കോടതി നടപടികള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല എന്നതാണ് അസംതൃപ്തിയുടെ അടിസ്ഥാനം. ഗോധ്രസംഭവത്തെത്തുടര്‍ന്ന് മുസ്ലിം ന്യൂനപക്ഷമേഖലകളില്‍ വ്യാപകമായി കൂട്ടക്കൊലയും കലാപവും നടത്താന്‍ ഉന്നതതലഗൂഢാലോചനായോഗമാണ് തീരുമാനിച്ചത്. ആ ഗൂഢാലോചനാസംഘത്തിന്റെ തലവന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്. അദ്ദേഹത്തിലേക്ക് കേസ് എത്തിച്ചേര്‍ന്നിട്ടില്ല. വര്‍ഗീയകലാപങ്ങള്‍ കത്തിപ്പടരാന്‍ അനുവദിക്കുന്ന വിധത്തില്‍ പൊലീസ് നിഷ്ക്രിയമാവണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിര്‍ദേശം നല്‍കിയത് മോഡിയാണ്. ഇക്കാര്യം ആ യോഗത്തില്‍ സംബന്ധിച്ച ഉന്നതപൊലീസ് അധികാരികള്‍തന്നെ സ്ഥിരീകരിച്ചതാണ്. വെറുതെ സ്ഥിരീകരിക്കുക മാത്രമല്ല, പ്രത്യേക അന്വേഷക സംഘം മുമ്പാകെ ഹാജരായി തെളിവുകൊടുത്തു. സീനിയര്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് മുതല്‍ ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന ഡിഐജി ബി ശ്രീകുമാര്‍വരെ തെളിവുകൊടുത്തവരിലുണ്ട്. സാധാരണ വര്‍ഗീയകലാപക്കേസുകളില്‍ മൊഴികൊടുക്കാന്‍ ആളെ കിട്ടാറില്ല. ഇവിടെയാകട്ടെ, മൊഴികൊടുക്കാന്‍ ആളുണ്ടായി. അതും ക്രമസമാധാനച്ചുമതലയുള്ളവരും മോഡി വിളിച്ച യോഗത്തില്‍ പങ്കെടുത്തവരുമായ സീനിയര്‍ പൊലീസ് ഓഫീസര്‍മാര്‍ . എന്നിട്ടും കേസ് മോഡിയിലേക്ക് നീണ്ടുചെന്നില്ല. കലാപങ്ങളുടെ ഗൂഢാലോചനാവശം പ്രത്യേക അന്വേഷക സംഘത്തിന്റെ പരിധിക്കുപുറത്തായിരുന്നുവെന്ന സാങ്കേതികത്വംകൊണ്ടാണിത്. സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം മോഡിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത് ഈ സാങ്കേതികത്വം മാത്രം മുന്‍നിര്‍ത്തിയായിരുന്നു.

കലാപങ്ങള്‍ക്കുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയവരെ ശിക്ഷിപ്പിക്കാനുമുള്ള സാധ്യതകള്‍ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ച സുപ്രീംകോടതിതന്നെ ആരായുകയാണ് വേണ്ടത്. അപ്പോള്‍മാത്രമേ നീതിനിര്‍വഹണം പൂര്‍ണമാവൂ. ഏതായാലും, 31 കലാപകാരികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതുപോലും സുപ്രീംകോടതിയുടെ ഇടപെടലുണ്ടായതുകൊണ്ടാണ്. നരേന്ദ്രമോഡിയുടെ പൊലീസായിരുന്നു അന്വേഷിച്ചിരുന്നതെങ്കില്‍ ഒരാളും ശിക്ഷിക്കപ്പെടുമായിരുന്നില്ല. കേസ് ആ വഴിക്ക് നീങ്ങുന്നതായി കണ്ട ഘട്ടത്തില്‍ മനുഷ്യാവകാശകമീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ജെ എസ് വര്‍മ അക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മനുഷ്യാവകാശ സംഘടനകളും സാമൂഹിക പ്രവര്‍ത്തകയായ തീസ്റ്റാ സെതല്‍വാദും കോടതിയെ സമീപിച്ചു. സിപിഐ എം അടക്കമുള്ള ഇടതുപക്ഷരാഷ്ട്രീയ സംഘടനകളാകട്ടെ, മോഡിസര്‍ക്കാര്‍ കേസുകള്‍ തേച്ചുമാച്ചുകളയുന്നത് ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതിന്റെയൊക്കെ ഫലമായാണ് 2003ല്‍ മോഡിഭരണത്തിന്റെ പൊലീസ് നടത്തിപ്പോന്ന അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. സുപ്രീംകോടതിതന്നെ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിക്കുകയും കേസ് നടപടികളും വിചാരണയും തങ്ങളുടെ നിരീക്ഷണത്തിലാക്കുകയുംചെയ്തു. ഇത് ചെയ്തതുകൊണ്ടാണ് 31 പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഇന്നുണ്ടായത്. കലാപകാരികളെ ശിക്ഷിപ്പിക്കാന്‍ വേണ്ട ഒന്നും കേന്ദ്രസര്‍ക്കാര്‍ ചെയ്തിരുന്നില്ല എന്നതും എടുത്തുപറയണം. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണം മൃദുഹിന്ദുത്വവാദംകൊണ്ട് പ്രതികള്‍ക്കെതിരെ നീങ്ങാന്‍ വിസമ്മതിച്ചിരുന്നതേയുള്ളൂ. ശക്തമായ നിലപാടെടുത്താല്‍ ഹിന്ദു വോട്ടുബാങ്ക് തങ്ങള്‍ക്കെതിരാവുമോ എന്നു ഭയന്ന് പിന്‍വാങ്ങിനിന്നതേയുള്ളൂ. സുപ്രീംകോടതിയുടെ ഫലപ്രദമായ ഇടപെടലുണ്ടായില്ലായിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാവുമായിരുന്നു; കലാപത്തിന്റെ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുമായിരുന്നു. ഗോധ്രാസംഭവത്തെ മറയാക്കിക്കൊണ്ടാണ് ഗുജറാത്തിലാകെ മോഡിസര്‍ക്കാരിന്റെ തണലില്‍ സംഘപരിവാര്‍ സംഘങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപത്തിന്റെ തീപടര്‍ത്തിക്കൊണ്ട് തെരുവിലിറങ്ങിയത്. കലാപങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുമുമ്പുതന്നെ പുറത്തുനിന്നുള്ള അക്രമിസംഘങ്ങള്‍ ഭീഷണികളുമായി തെരുവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അവര്‍ക്ക് വഴിയൊരുക്കിക്കൊടുക്കുകയാണ് മോഡിസര്‍ക്കാര്‍ ചെയ്തത്. ഗോധ്രാസംഭവത്തിന്റെ യഥാര്‍ഥ മുഖം മറ്റൊന്നായിരുന്നുവെന്ന് പിന്നീട് വെളിവായി. ആ സംഭവത്തെക്കുറിച്ച് അന്വേഷിച്ച റെയില്‍വേ മന്ത്രാലയത്തിന്റെ കമീഷന്‍ ട്രെയിനില്‍ തീപടര്‍ന്നത് പുറത്തുനിന്നല്ല, അകത്തുനിന്നാണ് എന്നു കണ്ടെത്തി. അതോടെ, ന്യൂനപക്ഷങ്ങള്‍ അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന സംഘപരിവാര്‍ അംഗങ്ങളെ തീവച്ചുകൊല്ലുകയായിരുന്നുവെന്ന മോഡിയുടെയും കൂട്ടരുടെയും വാദത്തിന്റെ മുനയൊടിയുകയായിരുന്നു.

ഗോധ്രാസംഭവത്തെ മറയാക്കി ഗുജറാത്തില്‍ അതിനിഷ്ഠുരമായ ന്യൂനപക്ഷവേട്ട നടത്തുകയായിരുന്നു സംഘപരിവാര്‍ എന്ന് തെളിയുകയായിരുന്നു. സത്യം പുറത്തുവരുന്നതിനെ ഭയപ്പെട്ട മോഡിയും കൂട്ടരും ഒരേസംഭവത്തില്‍ രണ്ട് അന്വേഷണം ശരിയല്ല എന്ന വാദവുമായി റെയില്‍വേ മന്ത്രാലയത്തിന്റെ അന്വേഷണത്തിന്റെ കഥ കഴിക്കാനാണ് പുറപ്പെട്ടത്. അവര്‍ സുപ്രീംകോടതിയെ സമീപിച്ച്, തങ്ങളുടെ സര്‍ക്കാര്‍ നാനാവതി കമീഷനെക്കൊണ്ട് അന്വേഷിപ്പിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ മന്ത്രാലയകമീഷന്റെ അന്വേഷണം നിര്‍ത്തിവയ്പിക്കണമെന്നാവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് റെയില്‍വേ കമീഷന്‍ അന്വേഷണം ഇടക്കാല റിപ്പോര്‍ട്ടിന്റെ സമര്‍പ്പണത്തോടെ സമാപിച്ച മട്ടായി. ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവാദം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍പോലും യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. ഇങ്ങനെ, മോഡിസര്‍ക്കാരിന്റെയും മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെയും എതിര്‍മനോഭാവങ്ങള്‍ തടസ്സങ്ങളായി വന്നിട്ടും സര്‍ദാര്‍പുര വംശഹത്യാസംഭവത്തില്‍ 31 പേര്‍ ശിക്ഷിക്കപ്പെട്ടു.

ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി 33 പേരെ ചുട്ടുകൊന്ന കേസിലാണ് 31 പേര്‍ ശിക്ഷിക്കപ്പെട്ടത്. ഒരു വീട്ടില്‍ അഭയംതേടിയ 22 സ്ത്രീകളടക്കമുള്ളവരെ പൂട്ടിയിട്ട് വീടിന് പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. പ്രത്യേക ടീം ഒമ്പതുകേസുകളില്‍ അന്വേഷണം നടത്തിയതില്‍ ആദ്യത്തേതാണ് സര്‍ദാര്‍പുര കേസ്. മറ്റു കേസുകളിലും നീതി നടപ്പാവുമെന്നും ഒടുവില്‍ ആരാണോ ഇതൊക്കെ ചെയ്യിച്ചത്, അവര്‍കൂടി പ്രതിക്കൂട്ടിലെത്തുമെന്നും നമുക്ക് പ്രത്യാശിക്കാം.

deshabhimani editorial 111111

1 comment:

  1. ഗുജറാത്തില്‍നിന്ന് നീതിയുടെ വെളിച്ചം. സ്വാതന്ത്ര്യലബ്ധിയുടെ ഘട്ടത്തില്‍ ഉണ്ടായ സംഭവങ്ങളെ ഓര്‍മിപ്പിക്കുന്നതരത്തിലുള്ള അതിനിഷ്ഠുരമായ ഗുജറാത്ത് വംശഹത്യാപരമ്പരയില്‍പെട്ട സര്‍ദാര്‍പുര കൂട്ടക്കൊലയ്ക്കുത്തരവാദികളായ വര്‍ഗീയകലാപകാരികളില്‍ 31 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചുവെന്നുകാണുന്നത് ആശ്വാസകരമാണ്. 1941നുശേഷം ഇന്ത്യയില്‍ വര്‍ഗീയകലാപം നടത്തിയതിന് ഇത്രയേറെപ്പേര്‍ ഒരുമിച്ച് ജീവപര്യന്തശിക്ഷയനുഭവിക്കുന്നത് ഇതാദ്യമാണ്. ഗുജറാത്ത് വംശഹത്യയുടെ ഭീകരതയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു. ഗുജറാത്ത് വംശഹത്യാക്കേസുകളുടെ പരമ്പരയിലുണ്ടായ ആദ്യ കോടതിവിധിയാണിത്.

    ReplyDelete