Friday, November 11, 2011

ഗോവിന്ദച്ചാമിക്ക് വധശിക്ഷ

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ. തൃശൂര്‍ അതിവേഗകോടതി ജഡ്ജി കെ രവീന്ദ്രബാബുവാണ് വെള്ളിയാഴ്ച പകല്‍ 11.11 ന് വിധി പ്രസ്താവം നടത്തിയത്. ഗോവിന്ദച്ചാമിക്കെതിരെ കൊലപാതകം (302), ബലാല്‍സംഗം(376), പരിക്കേല്‍പിച്ച് കവര്‍ച്ച (394,397), വനിതാകമ്പാര്‍ട്മെന്റില്‍ അതിക്രമിച്ച് കടക്കല്‍(447) എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിധി. പ്രതി 1 ലക്ഷം രൂപ പിഴയടക്കണം. പിഴസംഖ്യ സൗമ്യയുടെ കുടുംബത്തിന് നല്‍കണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി വിലയിരുത്തി. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കുന്നുവെന്നും കോടതി പറഞ്ഞു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും വികലാംഗനാണെന്നുമുള്ള ഗോവിന്ദച്ചാമിയുടെ അപേക്ഷ കോടതി തള്ളി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കാനും കോടതി നിര്‍ദേശിച്ചു.

അഞ്ചുമാസത്തിനുള്ളില്‍ തന്നെ പ്രതിക്ക് ശിക്ഷ കിട്ടി. കൊലപാതകത്തിന് 1 ലക്ഷം പിഴയും വധശിക്ഷയും ബലാല്‍സംഗത്തിന് ജീവപര്യന്തവും ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് 7 വര്‍ഷം തടവും 1000 രൂപ പിഴയും വനിതാകമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കയറിയതിന് മൂന്നുമാസവും തടവ് വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്റെ വാദം കോടതി അംഗീകരിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ശിക്ഷ നടപ്പാക്കാവൂയെന്ന് കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ ബി എ ആളൂര്‍ പറഞ്ഞു. ഗോവിന്ദച്ചാമി പ്രതിയായ തമിഴ്നാട്ടിലുള്ള മറ്റു കേസുകളുടെ വിവരങ്ങള്‍ കോടതി പരിശോധിച്ചിരുന്നു. ചെന്നൈയിലെ വിരലടയാള വിദഗ്ധരായ എസ്പി സോമസുന്ദരന്‍ , എസ് ഐ ആര്‍ മാലതി എന്നിവര്‍ ഗോവിന്ദച്ചാമിയുടെ വിരലടയാളവും സൗമ്യയുടെ ശരീരത്തിലുണ്ടായിരുന്നതും ഒന്നു തന്നെയാണെന്ന് തിരിച്ചറിഞ്ഞു.

2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ കേരളത്തെ നടുക്കിയ കൊടുംപാതകം നടന്നത്. യാത്രക്കാരിയായ സൗമ്യ വള്ളത്തോള്‍നഗര്‍ സ്റ്റേഷനടുത്താണ് ആക്രമണത്തിന് ഇരയായത്. ഒറ്റക്കൈയനായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടും ആക്രമിച്ചും മൃതപ്രായയാക്കിയശേഷം ബാലത്സംഗം ചെയ്യുകയായിരുന്നു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലക്കല്‍ വീട്ടില്‍ ഗണേശന്റെയും സുമതിയുടെയും മകളായ സൗമ്യ(23) ട്രെയിന്‍യാത്രയ്ക്കിടെ ക്രൂരമായ ആക്രമണത്തിനും ബലാത്സംഗത്തിനും ഇരയായി മരിച്ചുവെന്നാണ് കേസ്. വിചാരണയ്ക്കിടെ പ്രതിഭാഗംസാക്ഷിയായി എത്തി പ്രതിയെ സഹായിക്കുന്ന തരത്തില്‍ മൊഴി നല്‍കിയെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം അസോ. പ്രൊഫസര്‍ ഡോ.എ കെ ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ശിക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ളി വാസുവിനെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയും കോടതി തള്ളി.

ശക്തമായ സാഹചര്യത്തെളിവുകളും ശാസ്ത്രീയപരിശോധനാഫലങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമാണ് പ്രോസിക്യൂഷന്റെ പിന്‍ബലം. 82 സാക്ഷികളെ വിസ്തരിച്ചു. 101 രേഖയും 43 തൊണ്ടിമുതലും ഹാജരാക്കി. നൂറുകണക്കിനാളുകള്‍ വിധി കേള്‍ക്കാനായി കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനെ പൂമാലയണിയിച്ചാണ് പുറത്തേക്ക് കൊണ്ടു വന്നത്. ആഹ്ളാദപ്രകടനം നടത്തിയ ജനങ്ങള്‍ ലഡുവിതരണം ചെയ്തു.

deshabhimani news

2 comments:

  1. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ. തൃശൂര്‍ അതിവേഗകോടതി ജഡ്ജി കെ രവീന്ദ്രബാബുവാണ് വെള്ളിയാഴ്ച പകല്‍ 11.11 ന് വിധി പ്രസ്താവം നടത്തിയത്. ഗോവിന്ദച്ചാമിക്കെതിരെ കൊലപാതകം (302), ബലാല്‍സംഗം(376), പരിക്കേല്‍പിച്ച് കവര്‍ച്ച (394,397), വനിതാകമ്പാര്‍ട്മെന്റില്‍ അതിക്രമിച്ച് കടക്കല്‍(447) എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിധി. പ്രതി 1 ലക്ഷം രൂപ പിഴയടക്കണം. പിഴസംഖ്യ സൗമ്യയുടെ കുടുംബത്തിന് നല്‍കണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി വിലയിരുത്തി. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കുന്നുവെന്നും കോടതി പറഞ്ഞു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും വികലാംഗനാണെന്നുമുള്ള ഗോവിന്ദച്ചാമിയുടെ അപേക്ഷ കോടതി തള്ളി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കാനും കോടതി നിര്‍ദേശിച്ചു.

    ReplyDelete
  2. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി മൊഴി കൊടുത്ത ഡോ: ഉന്‍മേഷിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇതേക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഡോ: ഷെര്‍ലിവാസുവല്ല താനാണെന്നുമാണ് ഉന്‍മേഷ് നല്‍കിയ മൊഴി. ഇത് കേസില്‍ പ്രതിഭാഗത്തിന് ശക്തമായ വാദമുയര്‍ത്താന്‍ കാരണമായി. വിചാരണവേളയില്‍ പ്രതിഭാഗം സാക്ഷിയായി ഉന്‍മേഷ് ഹാജരായതുമുതല്‍ വകുപ്പ്തല നടപടിയ്ക്ക് ആവശ്യമുയര്‍ന്നിരുന്നു. സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമി കുറ്റവാളിയെന്ന് വിധി വന്നപ്പോള്‍തന്നെ ഉന്‍മേഷിനെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു.

    ReplyDelete