സാധാരണക്കാരന്റെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രശാന്ത് പൈകറെ
പോസ്‌കോ പദ്ധതിയില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറാതെ ഒറീസയിലെ ജനങ്ങള്‍ ആരംഭിച്ചിരിക്കുന്ന പോസ്‌കോ വിരുദ്ധസമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പോസ്‌കോ വിരുദ്ധസമരസമിതിയുടെ വക്താവും സി പി ഐ ഒറീസ സംസ്ഥാനകൗണ്‍സില്‍ അംഗവുമായ പ്രശാന്ത് പൈകറെ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പീപ്പിള്‍സ് സാര്‍ക്ക് ഇന്ത്യന്‍ അസംബഌയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം “'ജനയുഗ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോസ്‌കോ വിരുദ്ധസമരത്തിന് പ്രതീക്ഷകളുണ്ട്. കാരണം അത് ചരിത്രപരമായ പോരാട്ടമായി മാറികഴിഞ്ഞു. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞ കുത്തകവിരുദ്ധ സമരമായ പോസ്‌കോ വിരുദ്ധ സമരത്തിന് ദിനംപ്രതി പ്രസക്തിയും ജനപിന്തുണയും വര്‍ധിച്ചുവരുകയാണ്. തങ്ങളുടെ പോരാട്ടം നിലനില്‍പിന് വേണ്ടിയുള്ളതായതിനാല്‍ വിജയം കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പോസ്‌കോ വിരുദ്ധസമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ?
ജനങ്ങളുടെ താല്‍പര്യങ്ങളേക്കാള്‍ കോര്‍പറേറ്റുകളുടെ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കുന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്നത്. അതുകൊണ്ട് ഞങ്ങള്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. 2005 ല്‍ ആരംഭിച്ച പോസ്‌കോ വിരുദ്ധസമരം ഇന്ന് ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെടുന്ന രീതിയിലേക്ക് മാറികഴിഞ്ഞു. 3000 ഏക്കര്‍ വനഭൂമി ഉള്‍പ്പടെ 4400 ഏക്കര്‍ ഭൂമിയിലാണ് പോസ്‌കോയെന്ന അന്താരാഷ്ട്രകുത്തക കമ്പിനിക്ക് വേണ്ടി പഌന്റ് പണിയാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കാന്‍ പോകുന്നത്. ശക്തമായ സമരം തുടരുമ്പോഴും കമ്പിനിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ നീങ്ങുകയാണ്. കമ്പിനിക്ക് വേണ്ടി വനഭൂമി വെട്ടിതെളിക്കാന്‍ ആരംഭിച്ചുകഴിഞ്ഞു. എട്ട് ലക്ഷത്തോളം വൃക്ഷങ്ങളാണ് വെട്ടിമാറ്റാന്‍ പോകുന്നത്. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ അവസാനിപ്പിച്ച് പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധപ്രകടനം പദ്ധതിപ്രദേശമായ ഗോവിന്ദ്പൂര്‍ വില്ലേജില്‍ നടന്നു. സ്ത്രീകളും കുട്ടികളും യുവാക്കളും മണലില്‍ മണിക്കൂറുകളോളം കിടന്ന് മനുഷ്യചങ്ങല തീര്‍ത്താണ് പ്രതിഷേധിച്ചത്. പദ്ധതി പ്രദേശത്ത് സത്യഗ്രഹം സമരം തുടരുകയാണ്. 180 കേസുകളാണ് സമരക്കാര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. 300 ലധികം പേര്‍ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഗ്രാമത്തില്‍ പ്രതിഷേധം ശക്തമായതിനാല്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഗ്രാമത്തിന് പുറത്തേക്ക് ചെല്ലുമ്പോള്‍ അറസ്റ്റ് ചെയ്യുന്ന അവസ്ഥയാണ്. നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് ദിവസം മുമ്പ് ഒരു സി പി ഐ പ്രാദേശികനേതാവ് അടക്കം സമരരംഗത്തുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കാതെ ജയിലില്‍ അടച്ചിരിക്കുകയാണ്.
സമരം ശക്തിപ്പെടുത്തിയതിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടോ ?
തീര്‍ച്ചയായും. സമരത്തിന് ലഭിച്ചിരിക്കുന്ന ജനപിന്തുണയാണ് ഏറ്റവും വലിയ ഫലം. ഏഴ് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നം എന്നതിനേക്കാള്‍ അപ്പുറം രാജ്യത്തിന്റെ പ്രശ്‌നമായി മാറാന്‍ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. കുത്തകകമ്പിനിയായ പോസ്‌കോയ്ക്ക് വേണ്ടി നമ്മുടെ ജനങ്ങളെയും പ്രകൃതിവിഭവങ്ങളെയും ബലികഴിക്കണോയെന്ന ചോദ്യം ശക്തമായി ഉയര്‍ന്നുക്കഴിഞ്ഞു.സംസ്ഥാനത്തെ രാഷ്ട്രിയപ്രസ്ഥാനങ്ങളുടെ ശ്രദ്ധ ജനപക്ഷത്തേക്ക് കൊണ്ടുവരുവാന്‍ കഴിഞ്ഞു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ജനകീയപിന്തുണ വളരെ വലിയ നേട്ടമാണ്. ചെറിയ തോതില്‍ സി പി ഐയുടെ നേതൃത്വത്തില്‍ ആറ് വര്‍ഷം മുമ്പ് ആരംഭിച്ച സമരത്തിന്റെ രൂപവും ഭാവവും ഇന്ന് മാറികഴിഞ്ഞു.നാല് മേഖലകളിലായിട്ടാണ് പ്രക്ഷോഭം നടക്കുന്നത്. പോസ്‌കോ പ്രതിരോധ് സംക്രാം സമിതിയുടെ നേതൃത്വത്തില്‍ നിര്‍ദ്ദിഷ്ട പവര്‍പഌന്റിന് സമീപം തുടര്‍ച്ചയായ സമരം നടക്കുകയാണ്. കൂടാതെ പോസ്‌കോയ്ക്ക് വേണ്ടി പ്രത്യേക തുറമുഖം നിര്‍മിക്കുന്ന മേഖല,പോസ്‌കോ കമ്പിനിമൂലം നാശം നേരിടാന്‍ പോകുന്ന മഹാനദി ക്ക് സമീപമുള്ള മേഖല, പോസ്‌കോയ്ക്ക് പ്രത്യേക ഖനനാനുമതി നല്‍കാന്‍ പോകുന്ന മേഖല എന്നിവിടങ്ങളിലും വ്യത്യസ്ത പേരില്‍ സമരം നടക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ?
കേന്ദ്രസര്‍ക്കാര്‍ പദ്ധതി എങ്ങനെയെങ്കിലും കൊണ്ടുവരണമെന്ന നിലപാടില്‍ തന്നെയാണ്. പ്രധാനമന്ത്രിയുടെ ഓഫിസിന് ഇക്കാര്യത്തിലുള്ള താല്‍പര്യം എടുത്ത് പറയേണ്ടതാണ്. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റികളെല്ലാം പദ്ധതിക്കെതിരായ റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സക്‌സേനാ കമ്മിറ്റിയും മീനാഗുപ്ത കമ്മിറ്റി അംഗങ്ങളുടെ റിപ്പോര്‍ട്ടും പോസ്‌കോയ്ക്ക് എതിരായിരുന്നു. മീനാ ഗുപ്ത കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ പോസ്‌കോയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ മറ്റ് മൂന്നംഗങ്ങള്‍ ചേര്‍ന്ന് പദ്ധതി നടപ്പാക്കരുതെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതു കൂടാത കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച് രണ്ട് മന്ത്രിതലസമിതിയും പോസ്‌കോയ്ക്ക് അനുകൂലമല്ലാത്ത റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നിട്ടാണ് പരിസ്ഥിതി മന്ത്രാലയം വനഭൂമി കൈമാറുന്നതിനുള്ള കഌയറന്‍സ് നല്‍കിയത്.ഇതിനെക്കുറിച്ച് കേന്ദ്രമന്ത്രി ജയറാം രമേശ് പറഞ്ഞത് ശക്തമായ സമ്മര്‍ദ്ദമുളളതുകൊണ്ടാണെന്നാണ്. ഇത് പ്രധാനമന്ത്രിയും അംഗീകരിച്ചിട്ടുണ്ട്.പോസ്‌കോയെന്ന കമ്പിനി കൊറിയന്‍ കമ്പിനിയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും കമ്പിനിയുടെ 70 ശതമാനം ഓഹരിയും അമേരിക്കയുടെ കയ്യിലാണ്. ലോക കുത്തകകമ്പിനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന നയങ്ങള്‍ തുടരുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന് എന്ത് നിലപാട് വരുമെന്ന് ഊഹിക്കാമല്ലോ. ബിജുപട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരാകട്ടെ ജനങ്ങളോട് നുണപറയുകയാണ്. പദ്ധതിയുടെ ധാരണപത്രം നീട്ടികൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നത്. കാരണം അവരുടെ തിരഞ്ഞെടുപ്പ് ചിലവില്‍ പോസ്‌കോ വഹിച്ച പങ്ക് വലുതാണ്. കൂടാതെ അഴിമതിയില്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന ബിജുപട്‌നായിക്കിനെ സി ബി ഐ അന്വേഷണത്തിന്റെ പേരില്‍ കേന്ദ്രത്തിന് പേടിപ്പിച്ച് നിര്‍ത്തുകയുമാകാം. പോസകോ ഉള്‍പ്പടെ കുത്തകമ്പിനികളുമായി 85 ലധികം ധാരണാപത്രങ്ങളാണ് സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നത്.
രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാട് എന്താണ് ?വികസനത്തെക്കുറിച്ചുള്ള വാദങ്ങളെ എങ്ങനെ വിലയിരുത്തുന്നു ?
സി പി ഐ, സി പി എം ,ഫോര്‍വേഡ് ബ്‌ളോക്ക് , സമാജ്‌വാദി പാര്‍ട്ടി,ആര്‍ ജെ ഡി തുടങ്ങിയ പാര്‍ട്ടികളെല്ലാം പദ്ധതിക്കെതിരായി പൂര്‍ണമായും സമരരംഗത്തുണ്ട്.ബി ജെ പി സര്‍ക്കാരില്‍ പങ്കാളിത്വം ഉണ്ടായിരുപ്പോള്‍ വിട്ടുനിന്നിരുന്നെങ്കിലും ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്.കോണ്‍ഗ്രസിലെ പകുതിയിലധികം ആളുകളും പോസ്‌കോ വിരുദ്ധസമരത്തിനൊപ്പമാണ്. കോണ്‍ഗ്രസ് പ്രാദേശിക ഘടകം ഇപ്പോള്‍ പറയുന്നത് പദ്ധതി വേറെ സ്ഥലത്തേക്ക് മാറ്റണമെന്നാണ്. പക്ഷെ ഞങ്ങള്‍ ആവശ്യപ്പെടുന്നത് പദ്ധതി ഉപേക്ഷിക്കണമെന്നാണ്. അതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും ഞങ്ങളില്ല.ഞങ്ങള്‍ക്ക് പുതിയ പാക്കേജും പുനരധിവാസവും ജോലിയുമൊന്നും വേണ്ട. ഞങ്ങള്‍ക്ക് ഞങ്ങളുടെ വാസസ്ഥലവും കൃഷിയും വനവും പ്രകൃതിവിഭവങ്ങളും മതി.അതു നശിപ്പിച്ചുകൊണ്ടുള്ള വികസനം ആര്‍ക്ക് വേണ്ടിയാണ്? പാരാദ്വീപ് തുറമുഖത്തിന് 11 കിലോമീറ്റര്‍ മാത്രം അകലെ പ്രകൃതിയുടെ താളം തെറ്റിച്ചുകൊണ്ട് മത്സ്യതൊഴിലാളികളുടെ ഉപജീവനം തടഞ്ഞുകൊണ്ട് എന്തിന് പോസ്‌കോ കമ്പിനിക്കായി പുതിയൊരു തുറമുഖം. ഇവിടെ വികസനത്തിനേക്കാള്‍ പ്രാധാന്യം കച്ചവടത്തിനാണ്. കുത്തകകമ്പിനികളുടെയും സര്‍ക്കാരിന്റെയും താല്‍പര്യവും ലാഭം മാത്രമാണ് .അതിന് സാധാരണക്കാരന്റെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കുകയില്ല.
ജലീല്‍ അരൂക്കുറ്റി janayugom 121111
പോസ്‌കോ പദ്ധതിയില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറാതെ ഒറീസയിലെ ജനങ്ങള്‍ ആരംഭിച്ചിരിക്കുന്ന പോസ്‌കോ വിരുദ്ധസമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പോസ്‌കോ വിരുദ്ധസമരസമിതിയുടെ വക്താവും സി പി ഐ ഒറീസ സംസ്ഥാനകൗണ്‍സില്‍ അംഗവുമായ പ്രശാന്ത് പൈകറെ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പീപ്പിള്‍സ് സാര്‍ക്ക് ഇന്ത്യന്‍ അസംബഌയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം “'ജനയുഗ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ReplyDelete