Monday, November 7, 2011

അതിവേഗം എത്തിയ കര്‍ഷക ആത്മഹത്യ

ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ അതിവേഗം ബഹുദൂരം കേരളത്തെ മുന്നോട്ടു നയിക്കുമെന്നാണ് അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പൊതുജന സമ്പര്‍ക്ക പരിപാടി നടത്തുന്നതിനെക്കുറിച്ചടക്കം പൊടിപ്പും തൊങ്ങലുംവച്ച് പാടിപ്പുകഴ്ത്താന്‍ വൈതാളികര്‍ മത്സരിക്കുന്നു. സര്‍ക്കാരിന്റെ തനിനിറം മൂടിവച്ചുള്ള ഈ അഭ്യാസങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് അഴിമതിയുടെയും പൊലീസ് അതിക്രമങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും വാര്‍ത്തകള്‍ ദിനേന പുറത്തുവരുന്നു. കോടതിയെയും നിയമസഭയെയും എക്സിക്യൂട്ടീവിനെയും നീതിപാലന സംവിധാനത്തെയാകെയും ദുരുപയോഗംചെയ്ത് ദുര്‍ഭരണത്തിന്റെ അഴുക്കുചാലുകളിലൂടെ കേരളത്തെ നയിക്കുകയാണ് യുഡിഎഫ്. അതിനിടയില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു; അവരുടെ പ്രശ്നങ്ങളെന്തൊക്കെ എന്നതൊന്നും സര്‍ക്കാരിന്റെ ശ്രദ്ധാവിഷയമാകുന്നില്ല. അത്തരം കുറ്റകരമായ അനാസ്ഥയുടെ ഉല്‍പ്പന്നമാണ് വയനാട്ടില്‍ നിന്ന് വീണ്ടും വരുന്ന കര്‍ഷക ആത്മഹത്യാ വാര്‍ത്തകള്‍ .

സാധാരണ ജനജീവിതത്തെ ഞെരിച്ചമര്‍ത്തുന്ന വിലക്കയറ്റത്തിനും പലിശഭാരത്തിനും പുറമെ വളം വിലക്കയറ്റവും ഉല്‍പ്പന്നങ്ങളുടെ വിലയിടിവും തീര്‍ത്ത ഊരാക്കുടുക്കില്‍ സ്വന്തം ജീവന്‍തന്നെ കര്‍ഷകര്‍ക്ക് ബലി കൊടുക്കേണ്ടിവരുന്നു. രണ്ട് കര്‍ഷകരാണ് ഇപ്പോള്‍ ജീവനൊടുക്കിയത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലവും കര്‍ഷക ആത്മഹത്യകളുടെ കാലമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ കര്‍ഷകരെ കടക്കെണിയില്‍നിന്ന് രക്ഷിക്കാനുള്ള നടപടികളിലാണ് ശ്രദ്ധയൂന്നിയത്. അതിന്റെ ഫലമായി കടക്കെണിയുടെയും തുടര്‍ന്നുള്ള ആത്മഹത്യയുടെയും കണ്ണീര്‍കഥകള്‍ക്ക് ശമനം വന്നു. അങ്ങനെ പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ തിരിച്ചെത്തിയ വയനാട് ഇരുണ്ടനാളുകളിലേക്ക് തിരിച്ചുപോകുന്നുവോ എന്ന ആശങ്ക ഉയരുകയാണ്. ഭരണമാറ്റം ജനങ്ങളെ നേരിട്ടു ബാധിച്ചു തുടങ്ങി എന്നാണ് ഈ ആത്മഹത്യകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലയളവില്‍ 535 കര്‍ഷകരാണ് വയനാട്ടില്‍ മാത്രം ജീവനൊടുക്കിയത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ-കര്‍ഷകദ്രോഹ നയങ്ങളാണ് ആ ആത്മഹത്യകള്‍ക്ക് വഴിയൊരുക്കിയത്. ആ നയം ഇന്നും ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പിന്തുടരുന്നു. പുല്‍പ്പള്ളി സീതാമൗണ്ട് ഐശ്വര്യകവലയിലെ ഇലവുകുന്നേല്‍ അശോകന്‍ (45), മല്ലിശേരിക്കുന്ന് മഞ്ജുഷാലയത്തില്‍ ശശിധരന്‍(55) എന്നിവരാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ഇപ്പോള്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തു വരികയായിരുന്നു ശശി. പാട്ടത്തിനെടുത്ത ഭൂമിയില്‍ എല്ലാം സമര്‍പ്പിച്ച് കൃഷിയിറക്കിയ ശശിയും കുടുംബവും പച്ചപിടിച്ചു തുടങ്ങിയതായിരുന്നു. എന്നാല്‍ , കഴിഞ്ഞ കുറെ നാളായി എല്ലാം തകിടംമറിഞ്ഞു. വിളകള്‍ക്ക് വില കുത്തനെ ഇടിഞ്ഞു. രാസവളവില കുതിച്ചുയര്‍ന്നു. കഴിയാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി. എന്നിട്ടും പിടിച്ചുനില്‍ക്കാനായില്ല. ശശിക്കു മുന്നില്‍ മറ്റൊരു വഴിയും തെളിഞ്ഞില്ല. ഒരു കുപ്പി വിഷത്തില്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചു. വിവിധ ബാങ്കുകളിലും വ്യക്തികള്‍ക്കുമായി മൂന്ന് ലക്ഷം രൂപയുടെ കടമുള്ളതായി ശശിയുടെ മൃതദേഹത്തില്‍നിന്നു കിട്ടിയ കുറിപ്പിലുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയില്‍ ഇഞ്ചിയും വാഴയുമായിരുന്നു അശോകന്‍ കൃഷിചെയ്തത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ബാങ്കുകള്‍ കാര്‍ഷികവായ്പ നല്‍കിയില്ല. തുടര്‍ന്ന്, സ്വാശ്രയസംഘത്തില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും വ്യക്തികളില്‍നിന്ന് എഴുപത്തയ്യായിരത്തോളം രൂപയും കടം വാങ്ങി.

ഇഞ്ചിക്ക് വില കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി. രാസവള വില ഇരട്ടിയായതും ദുരിതം വര്‍ധിപ്പിച്ചു. വാഴക്കുല കിലോയ്ക്ക് 32 രൂപയുണ്ടായിരുന്നത് എട്ടു രൂപയായി. ഇഞ്ചിക്ക് 3000 രൂപയുണ്ടായിരുന്നത് എണ്ണൂറിലേക്ക് താണു. കൃഷി ഉപകരണങ്ങളുടെ ചെലവും ഇരട്ടിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഒടുവില്‍ മരണത്തില്‍ അഭയം കണ്ടെത്തി. കുടുംബനാഥന്റെ മരണത്തോടെ ഈ രണ്ട് കുടുംബങ്ങളുടെയും ഭാവി ഇരുളടഞ്ഞു. ആത്മഹത്യചെയ്ത കര്‍ഷക കുടുംബത്തിന് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ധനസഹായം എത്തിച്ചു, ആയിരം രൂപ വീതം. ആത്മഹത്യചെയ്ത കുടുംബങ്ങളെ പരിഹസിക്കുക കൂടിയാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ ചെയ്തത്. കര്‍ഷരോട് പുറംതിരിഞ്ഞു നില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരില്‍നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. അത് യുഡിഎഫ് സര്‍ക്കാരിന്റെ നയമാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തും കേരളം അതു കണ്ടതാണ്.

2001-2006 വയനാട്ടില്‍ ആത്മഹത്യചെയ്ത കര്‍ഷകരില്‍ ഇരുനൂറ്ററുപതോളം പേരും പുല്‍പ്പള്ളിയിലായിരുന്നു. എന്നിട്ടും വയനാട്ടില്‍ കര്‍ഷക ആത്മഹത്യയേ ഇല്ല എന്നായിരുന്നു മന്ത്രിമാര്‍ നിയമസഭയിലുള്‍പ്പെടെ പറഞ്ഞിരുന്നത്. കാര്‍ഷികമേഖലയില്‍ ഇടപെടാനോ, കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനോ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഓരോ കുടുംബത്തിനും 50,000 രൂപവീതം നല്‍കി. ആത്മഹത്യ ചെയ്തവരുടെ കടങ്ങള്‍ എഴുതിത്തള്ളി. കാര്‍ഷിക കടാശ്വാസ കമീഷന് രൂപം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷക അനുകൂല നയങ്ങളുടെ ഫലമായാണ് കര്‍ഷക ആത്മഹത്യ ഇല്ലാതായത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ നേര്‍ വിപരീതസമീപനമായി; ദുരന്തത്തിന്റെ കാലൊച്ച വയനാടന്‍ മലനിരകളെ വീണ്ടും ആശങ്കയിലാക്കി. കൃഷിക്കാരെ പാപ്പരാക്കുന്നതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ . തൊലിപ്പുറമെയുള്ള ചികിത്സകൊണ്ട് മാറ്റിയെടുക്കാനാവുന്ന പ്രശ്നമല്ലിത്. കേന്ദ്രത്തെ തിരുത്താന്‍ ഇടപെടുന്നതിനൊപ്പം സംസ്ഥാനത്ത് കര്‍ഷകരെ മരണത്തിലേക്ക് നയിക്കാതിരിക്കാനുള്ള മിതമായ നടപടികള്‍ക്കെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം.

കര്‍ഷകരുടെപേരില്‍ ആണയിടുന്ന ഒന്നിലേറെ കക്ഷികള്‍ യുഡിഎഫിലുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ ഉപായങ്ങള്‍ എന്നതിനപ്പുറം അവര്‍ക്ക് കര്‍ഷകരോട് എന്ത് പ്രതിബദ്ധതയാണുള്ളത്? ഇനി ഒരു കര്‍ഷകനും ആത്മഹത്യചെയ്യേണ്ട സാഹചര്യം ഉണ്ടാകാതെ നോക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വീണ്ടും കറുത്ത നാളുകളിലേക്ക് കേരളത്തെ കൂട്ടിക്കൊണ്ടു പോകരുത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം. ഇപ്പോള്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കണം. ആ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. കയറിക്കിടക്കാന്‍ സ്ഥലമില്ലാത്ത കര്‍ഷകന്റെ ആശ്രിതര്‍ക്ക് സ്ഥലവും വീടും നല്‍കാനും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാനും തയ്യാറാവണം. കര്‍ഷകരെ ദ്രോഹിച്ച് വന്‍കിട ഭൂവുടമകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും പാദസേവ ചെയ്യുന്നത് തുടര്‍ന്നാല്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ കൂടുതല്‍ ഭീകരമാകും.

deshabhimani editorial 071111

1 comment:

  1. ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ അതിവേഗം ബഹുദൂരം കേരളത്തെ മുന്നോട്ടു നയിക്കുമെന്നാണ് അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പൊതുജന സമ്പര്‍ക്ക പരിപാടി നടത്തുന്നതിനെക്കുറിച്ചടക്കം പൊടിപ്പും തൊങ്ങലുംവച്ച് പാടിപ്പുകഴ്ത്താന്‍ വൈതാളികര്‍ മത്സരിക്കുന്നു. സര്‍ക്കാരിന്റെ തനിനിറം മൂടിവച്ചുള്ള ഈ അഭ്യാസങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് അഴിമതിയുടെയും പൊലീസ് അതിക്രമങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും വാര്‍ത്തകള്‍ ദിനേന പുറത്തുവരുന്നു. കോടതിയെയും നിയമസഭയെയും എക്സിക്യൂട്ടീവിനെയും നീതിപാലന സംവിധാനത്തെയാകെയും ദുരുപയോഗംചെയ്ത് ദുര്‍ഭരണത്തിന്റെ അഴുക്കുചാലുകളിലൂടെ കേരളത്തെ നയിക്കുകയാണ് യുഡിഎഫ്. അതിനിടയില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു; അവരുടെ പ്രശ്നങ്ങളെന്തൊക്കെ എന്നതൊന്നും സര്‍ക്കാരിന്റെ ശ്രദ്ധാവിഷയമാകുന്നില്ല. അത്തരം കുറ്റകരമായ അനാസ്ഥയുടെ ഉല്‍പ്പന്നമാണ് വയനാട്ടില്‍ നിന്ന് വീണ്ടും വരുന്ന കര്‍ഷക ആത്മഹത്യാ വാര്‍ത്തകള്‍ .

    ReplyDelete