Sunday, April 8, 2012

പോരാട്ടത്തിന്റെ പെണ്‍‌കരുത്ത്

പോരാട്ടത്തിന് അവധിയില്ല

എട്ടുപതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പോരാട്ടത്തിന് അവധികൊടുക്കാന്‍ ഈ തെലങ്കാന സമരനായികയ്ക്ക് ആകുന്നില്ല. ജന്മിത്തവ്യവസ്ഥയ്ക്കും ജാതീയതയ്ക്കും എതിരെയുള്ള മല്ലു സ്വരാജ്യത്തിന്റെ പോരാട്ടവീറിന് തെല്ലും ഒളിമങ്ങിയിട്ടുമില്ല.20-ാം പാര്‍ടി കോണ്‍ഗ്രസിനെത്തിയ അവര്‍ പിന്നിട്ട സമരപഥങ്ങളുടെ ഓര്‍മകളില്‍ ഇപ്പോഴും വാചാലയാവുകയാണ്. പാവപ്പെട്ടവരെ നരകതുല്യമായി പീഡിപ്പിച്ച ജന്മിവര്‍ഗത്തിനെതിരെ 16-ാമത്തെ വയസ്സില്‍ തോക്കേന്തിയ വീരചരിതത്തിനുടമയാണ് മല്ലു സ്വരാജ്യം.

ആന്ധ്രയിലെ നല്‍ഗോണ്ടയിലെ ഇടത്തരം ജന്മികുടുംബത്തില്‍ രാമറെഡ്ഡി- സൊക്കമ്മ ദമ്പതികളുടെ മകളായി ജനം. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഹോദരന്‍ ബി എന്‍ റെഡ്ഡിയുടെ സ്വാധീനത്തിലാണ് പാര്‍ടിയുമായി ബന്ധപ്പെടുന്നത്. കേരളത്തിലെ വിപ്ലവഗായിക മേദിനിയെപ്പോലെ പാര്‍ടിയോഗങ്ങളില്‍ പാട്ടുകാരിയായി തുടക്കം. സുന്ദരയ്യ അടക്കമുള്ള നേതാക്കളുടെ സമരപാതയില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് പാര്‍ടിപ്രവര്‍ത്തനത്തില്‍ സജീവമായി. വീട്ടിലെ എതിര്‍പ്പ് അവഗണിച്ച് സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ വളരെ ചെറുപ്പത്തില്‍തന്നെ പ്രക്ഷോഭവീഥിയിലെത്തി. സ്വന്തം പേരിനോട് കൂട്ടിച്ചേര്‍ത്ത സ്വരാജ്യം മല്ലുവിന്റെ ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും കൊടിപ്പടമായി.

സമരങ്ങള്‍ക്കിടെ മര്‍ദനവും ജയില്‍വാസവും നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും പ്രായം തളര്‍ത്താത്ത ആവേശവുമായി പാര്‍ടിപ്രവര്‍ത്തനങ്ങളില്‍ ഇന്നും സജീവം. ഇതിനിടയില്‍ രണ്ടുതവണ എംഎല്‍എയായി. ഫ്യൂഡലിസം തുടച്ചുനീക്കാന്‍ തെലങ്കാനസമരത്തിന് കഴിഞ്ഞതായി മല്ലു സ്വരാജ്യം പറഞ്ഞു. സമരത്തിനുശേഷം ഭൂപ്രഭുക്കന്മാര്‍ ഗ്രാമങ്ങളില്‍ തിരികെയെത്തിയെങ്കിലും തുടര്‍ന്ന് നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ തോല്‍പ്പിച്ചു. ഭൂമി തിരിച്ചുപിടിക്കാമെന്ന അവരുടെ മോഹങ്ങള്‍ക്ക് അത് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ വീണ്ടും ഫ്യൂഡലിസത്തിന്റെ ആശയങ്ങള്‍ അവര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മല്ലു സ്വരാജ്യം പറഞ്ഞു.

ജാതീയത പക്ഷേ ദുര്‍ബലപ്പെട്ടു. ജന്മിത്വത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രതിനിധികളാണ് പ്രത്യേക തെലങ്കാനരാഷ്ട്രം രൂപീകരിക്കണമെന്ന ആവശ്യത്തിനുപിന്നില്‍. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസുകളെ അപേക്ഷിച്ച് അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളില്‍നിന്നുള്ളവരുടെ പ്രാതിനിധ്യം ഇത്തവണ കൂടുതലാണെന്നും അവര്‍ പറഞ്ഞു. ജാതീയതയ്ക്കെതിരായ പോരാട്ടങ്ങളിലെ കരുത്ത് തെലങ്കാനസമരത്തിലെ ധീരനായികയുടെ വാക്കുകളില്‍ ഇപ്പോഴും പ്രതിധ്വനിക്കുന്നു. ഇപ്പോള്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമാണ് മല്ലു സ്വരാജ്യം. സിസി അംഗമായിരുന്ന വി എന്‍ റെഡ്ഡിയാണ് ഭര്‍ത്താവ്. ഒരു പെണ്‍കുട്ടിയടക്കം മൂന്നു മക്കളുണ്ട്.
(സൗമ്യ സരയൂ)

ഇത് വരലക്ഷ്മി; സമരമുഖത്തെ തീജ്വാല

ഇവര്‍ വരലക്ഷ്മി- വനിതാ സമരമുഖത്തെ തീജ്വാല. പൊലീസിന്റെയും ചൂഷകരുടെ പിണിയാളുകളുടെയും കൊടിയ മര്‍ദനത്തിന് നിരവധിതവണ ഇരയായിട്ടും പ്രക്ഷോഭത്തിന്റെ കനല്‍വഴിയില്‍ ഇന്നും മുന്‍നിരയിലുണ്ട് ഈ തൊഴിലാളിനേതാവ്. വെടിയുണ്ടകളെപ്പോലും സധൈര്യം നേരിട്ട ചരിത്രമാണ് വരലക്ഷ്മിയുടേത്. 1989 ജൂണില്‍ പിയുസി പഠനത്തിനുശേഷം "സിസ്റ്റംസ് ഡൈമന്‍ഷന്‍സ്" ഫാക്ടറിയില്‍ തൊഴിലാളിയായ വരലക്ഷ്മി, അവിടെ സിഐടിയു യൂണിയന് രൂപംനല്‍കി. "93ല്‍ തൊഴിലാളിചൂഷണത്തിനെതിരായി സമരം നടത്തിയപ്പോള്‍ പൊലീസ് മര്‍ദനത്തിനിരയായി.

തുടര്‍ന്ന് കമ്പനിയില്‍നിന്ന് പിരിച്ചുവിട്ടു. മൂന്നു താലൂക്കില്‍മാത്രം പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി തൊഴിലാളിസംഘത്തെ അഞ്ചുവര്‍ഷംകൊണ്ട് 94 താലൂക്ക് കമ്മിറ്റികളുള്ള വിപുലമായ പ്രസ്ഥാനമാക്കി വളര്‍ത്തി. മൂന്നുപേര്‍ വെടിയേറ്റു മരിക്കാനിടയായ "97ലെ ഐതിഹാസികമായ വെള്ളിയപ്പ ടെക്സ്റ്റൈല്‍സ് സമരത്തിലും പങ്കെടുത്തു.

കര്‍ണാടകത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്ന് സിപിഐ എം കര്‍ണാടക സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ എസ് വരലക്ഷ്മി ദേശാഭിമാനിയോട് പറഞ്ഞു. ദുരഭിമാനഹത്യയും പെണ്‍കുട്ടികളെ കാണാതാകലും ഇവിടെ നിത്യസംഭവം. തൊഴില്‍രംഗത്തെ വിവേചനം സ്ത്രീകളുടെ ജീവിതസാഹചര്യങ്ങളെ ഏറെ ദുസ്സഹമാക്കുന്നതായും അവര്‍ ദേശാഭിമാനിയോട് പറഞ്ഞു. ജാതിയും മതവും പണവും അധികാരവടംവലിയും ശ്രദ്ധാകേന്ദ്രമാകുമ്പോള്‍ സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും കണക്കിലെടുക്കാന്‍ ഭരണാധികാരികള്‍ക്ക് സമയമില്ല. വനിത- ശിശുക്ഷേമമന്ത്രിയുള്‍പ്പെടെ നിയമസഭയില്‍ അശ്ലീലചിത്രം കാണുന്നതിനാണ് സമയം കണ്ടെത്തുന്നത്. പോഷകാഹാരക്കുറവിനാല്‍ റായ്ചൂര്‍ ജില്ലയില്‍ അയ്യായിരത്തോളം കുട്ടികള്‍ മരിച്ചതില്‍ ഭരണാധികാരികള്‍ക്ക് തീരെ ഉല്‍ക്കണ്ഠയില്ല. വറുതിയുടെ നാടായ എത്യോപ്യയെപ്പോലും വെല്ലുന്നതാണ് റായ്ചൂരിന്റെ ഇന്നത്തെ അവസ്ഥ.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ശിശുമരണനിരക്ക് വര്‍ധിച്ചു. "ബാല്യവിവാഹ"മാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകുന്നതെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും അത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. സാധാരണക്കാരുടെ സാമൂഹ്യ- സാമ്പത്തിക സാഹചര്യമാണ് ഇത്തരം ദുരന്തങ്ങള്‍ക്കിടയാക്കുന്നത്. ഒരുപദ്ധതിപോലും പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയിട്ടില്ല. ഈ സര്‍ക്കാര്‍ ഭരിക്കുന്നിടത്തോളം ജനങ്ങളുടെ ദുരവസ്ഥ തുടരും. അങ്കണവാടികളോടും നിരുത്തരവാദപരമായ നിലപാടാണ് സര്‍ക്കാരിന്റേത്. ബജറ്റില്‍ തുക നീക്കിവച്ചെന്ന് അവകാശപ്പെടുമ്പോഴും അടിസ്ഥാനസൗകര്യം ഒരുക്കാന്‍പോലും ഇത് പര്യാപ്തമല്ല. ജീവനക്കാരുടെ കുറഞ്ഞ ശമ്പളവും അങ്കണവാടികളുടെ പ്രവര്‍ത്തനത്തെതന്നെ പ്രതികൂലമായി ബാധിക്കുന്നു. മൈസൂരുവില്‍ ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച ലിംഗായത്ത് യുവതിയെ സ്വന്തം സഹോദരന്‍തന്നെ ക്രൂരമായി കൊലപ്പെടുത്തി. മാണ്ഡ്യയിലും സമാനസംഭവം നടന്നു. ജാതിമതശക്തികളും മഠാധിപതികളും അധികാരത്തില്‍ നേരിട്ടിടപെടുന്ന വളരെ അപകടകരമായ സ്ഥിതിയാണ് കര്‍ണാടകത്തിലെന്നും വരലക്ഷ്മി പറഞ്ഞു.
(സിനോവ് സത്യന്‍)

മമത സ്ത്രീകളെയും വേട്ടയാടുന്നു

ബംഗാളില്‍ സ്ത്രീകള്‍ വേട്ടയാടപ്പെടുന്നതായി ശ്യാമിലി ഗുപ്ത. തെരുവിലും വീടുകളിലും സ്ഥാപനങ്ങളിലും സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു. ബലാത്സംഗത്തിന് ഇരയാകുന്നവരുടെ എണ്ണം ഭയാനകമായി വര്‍ധിക്കുന്നു. കരുണയും മമതയും പുതിയ മുഖ്യമന്ത്രിയായ മമതാബാനര്‍ജിയില്‍ നിന്നുണ്ടായില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റുമായ ശ്യാമിലി പറഞ്ഞു.

സ്ത്രീകളുടെ രക്ഷകയായി മാധ്യമപിന്തുണയോടെ അവതരിച്ച മമതയില്‍ വലിയ പ്രതീക്ഷ വേണ്ടെന്ന് പലര്‍ക്കും തോന്നിത്തുടങ്ങി. സ്ത്രീകള്‍ക്ക് ഏതു സമയത്തും യഥേഷ്ടം സഞ്ചരിക്കാവുന്ന നഗരമായിരുന്നു കൊല്‍ക്കത്ത. ഇപ്പോള്‍ ബലാത്സംഗ ക്കേസുകള്‍ കൂടുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. പത്തുമാസത്തിനടെ 23 പേര്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ചില സംഭവങ്ങള്‍ ബംഗാളിനെ ഇളക്കിമറിച്ചു. 757 സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. ബാലപീഡനവും വര്‍ധിച്ചു. ഒരു വയസുപോലുമാകാത്ത കുട്ടികളെ പിച്ചിച്ചീന്തുന്ന കഥകളാണ് പുറത്തുവരുന്നത്. സ്ത്രീകള്‍ക്ക് പൊലീസില്‍നിന്നും നീതി ലഭിക്കുന്നില്ല. പരാതി കേള്‍ക്കാനോ കേസെടുക്കാനോ പൊലീസ് തയ്യാറല്ല. പരാതിക്കാരുടെ വായടപ്പിക്കാനും ഒത്തുതീര്‍പ്പിനുമാണ് പൊലീസിന്റെ ശ്രമം.

ഏത് പരാതിവന്നാലും വ്യാജമെന്നും ഗൂഢാലോചനയെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. പൊലീസിനെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്നില്ല. പല കേസുകളിലും യഥാര്‍ഥ അന്വേഷണം നടക്കുന്നില്ല. പ്രതികളെ പിടിക്കാന്‍ പോയാല്‍ അച്ചടക്ക നടപടി ഉറപ്പ്. മികവുറ്റ പൊലീസ് ഓഫീസര്‍മാരെയെല്ലാം തലങ്ങും വിലങ്ങും മാറ്റി. കൊല്‍ക്കത്ത പാര്‍ക് സ്ട്രീറ്റിലെ ബലാത്സംഗവും കട്വ സംഭവവും ബധിരയും ഊമയുമായ പെണ്‍കുട്ടിക്കെതിരായ പീഡനവും ബംഗാളില്‍ കൊടുങ്കാറ്റുയര്‍ത്തി. പാര്‍ക് സ്ട്രീറ്റ് സംഭവം ഗൂഢാലോചനയെന്നാണ് മമത ആദ്യം പറഞ്ഞത്. ഈ കേസിലെ യഥാര്‍ഥ പ്രതികളെ ഇനിയും അറസ്റ്റുചെയ്തില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് എല്ലാ അക്രമവും അരങ്ങേറുന്നത്.

പ്രതികളെ രക്ഷിക്കാന്‍ പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്നതും അവരാണ്. മുഖ്യമന്ത്രിയും പ്രാദേശിക നേതാക്കളും ചേര്‍ന്ന് പൊലീസിനെ ഞെരിക്കുകയാണ്. പണക്കാരുടെയും ബിസിനസുകാരുടെയും താല്‍പ്പര്യമാണ് മമതക്ക് പ്രധാനമെന്ന് പത്തുമാസത്തെ ഭരണം തെളിയിച്ചു. പാവങ്ങള്‍ക്കോ സ്ത്രീകള്‍ക്കോ പരിഗണന കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. തെരഞ്ഞെടുപ്പിനുമുമ്പും ശേഷവും നടത്തിയ പ്രഖ്യാപനങ്ങളൊന്നും യാഥാര്‍ഥ്യമായില്ല. രാജ്യത്താകെ സ്ത്രീകള്‍ക്കെതിരായ അതിക്രമം കൂടിവരികയാണ്. സ്ത്രീധനവും, ഭ്രൂണഹത്യയും, ദുരഭിമാനഹത്യയും വര്‍ധിച്ചു. ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതോടെ സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ ദയനീയമായി. തൊഴിലിടത്തിലെ പരിഗണനയിലും കൂലിയിലുംവരെ വ്യത്യാസമുണ്ട്. വിദ്യാസമ്പന്നരായ മധ്യവര്‍ഗ കുടുംബങ്ങളില്‍പോലും പുരുഷനുതാഴെയാണ് സ്ത്രീയുടെ സ്ഥാനം. സ്ത്രീകളുടെ പ്രശ്നങ്ങള്‍ സ്ത്രീസംഘടനകള്‍ മാത്രം ഏറ്റെടുക്കേണ്ടതല്ല. സാമൂഹ്യ പ്രശ്നമായി കണ്ട് പരിഹാരം കാണുകയാണ് വേണ്ടതെന്ന് സിപിഐ എം ബംഗാള്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം കൂടിയായ ശ്യാമിലി പറഞ്ഞു.
(ആര്‍ രഞ്ജിത്)

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ശിക്ഷ ഉറപ്പാക്കണം

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷ ഉറപ്പാക്കാന്‍ ഫലപ്രദവും കാര്യക്ഷമവുമായ നിയമനടപടി വേണമെന്ന് സിപിഐ എം 20- ാം പാര്‍ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളാണ് സ്ത്രീകള്‍ക്കെതിരെ കടന്നാക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയാനും കടുത്ത ശിക്ഷ ഉറപ്പാക്കാനുമുള്ള പോരാട്ടം സിപിഐ എം തുടരുമെന്ന് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം പ്രഖ്യാപിച്ചു. വിവിധ തൊഴില്‍മേഖലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും സ്ത്രീകള്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നു. സ്ത്രീകളെ വില്‍പ്പനച്ചരക്കായും ലൈംഗിക ഉപകരണമായും മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നു. ഇത്തരം സമീപനം സ്ത്രീകളെ തരംതാഴ്ത്തുന്നുവെന്നുമാത്രമല്ല, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കും ലൈംഗികപീഡനങ്ങള്‍ക്കും സാഹചര്യമൊരുക്കുകയുംചെയ്യുന്നു.

2006നും 2010നും ഇടയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 29.3 ശതമാനം വര്‍ധിച്ചു. ഗാര്‍ഹിക പീഡന നിയമപ്രകാരം കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അഞ്ച് ശതമാനം കൂടി. 94,041 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. സ്ത്രീധന പീഡനത്താല്‍ 8391 സ്ത്രീകള്‍ 2010 ല്‍ കൊല്ലപ്പെട്ടു. ലൈംഗിപീഡനം, ബലാത്സംഗ കേസുകള്‍ എന്നിവ വര്‍ധിക്കുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ഇത് കാണിക്കുന്ന്. 2010ല്‍ 94,000 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. രാജ്യത്ത് ഓരോ മണിക്കൂറിലും ഏഴ് സ്ത്രീകളും കുട്ടികളും ബലാത്സംഗത്തിന് ഇരയാകുന്നു.
സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരും പാവപ്പെട്ടവരും മാനഭംഗത്തിന് ഇരയായാല്‍ പലപ്പോഴും കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. പ്രത്യേകിച്ച് ആദിവാസി, ദളിത് സ്ത്രീകള്‍ മാനഭംഗത്തിന് ഇരയായാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് 26 ശതമാനം കേസുകളില്‍ മാത്രമാണ്. കുട്ടികള്‍ക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും വര്‍ധിക്കുന്നു. കുട്ടികളോടു കാട്ടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രത്യേക നിയമം ഇല്ലാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ജോലിയെടുക്കുന്ന സ്ത്രീകള്‍ ജോലിസ്ഥലങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് ഏറിവരികയാണ്. ഐടി മേഖലയില്‍ യുവതികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ പീഡിപ്പിക്കുന്നത് തടയാന്‍ കര്‍ക്കശമായ നിയമംവേണമെന്ന് വിശാഖ കേസില്‍ സുപ്രിംകോടതി 12 വര്‍ഷം മുമ്പ് നിര്‍ദേശിച്ചു.

ആവശ്യമായ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ദുരഭിമാനഹത്യകള്‍ വര്‍ധിക്കുമ്പോഴും തടയുന്നതിനുള്ള നിയമനടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ജാതി സംഘടനകളുടെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങിയാണ് ദുരഭിമാനഹത്യക്കെതിരെ സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തത്. ക്രൂരമായി ബലാത്സംഗത്തിന് ഇരയായ യുവതിയെ അപമാനിക്കാനാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമിച്ചത്. സര്‍ക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് ബലാത്സംഗ പരാതി സൃഷ്ടിച്ചതെന്നായിരുന്നു മമതയുടെ പ്രസ്താവന.അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് വ്യക്തമായി. നിയമസഭയില്‍ ഐപാഡില്‍ നീലച്ചിത്രം കണ്ട മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല. ലൈംഗികമായി പീഡിപ്പിച്ചശേഷം ആരോഗ്യപ്രവര്‍ത്തകയായ ദളിത് യുവതിയെ കൊലപ്പെടുത്തിയ മുതിര്‍ന്ന മന്ത്രിയെയും എംഎല്‍എയെയും രക്ഷപ്പെടുത്താനാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്തരം സമീപനങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണമാകുമെന്ന് സുഭാഷണിഅലി അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ദര്‍ജിത് സിങ് പ്രമേയത്തെ പിന്താങ്ങി.

deshabhimani 070412

1 comment:

  1. എട്ടുപതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പോരാട്ടത്തിന് അവധികൊടുക്കാന്‍ ഈ തെലങ്കാന സമരനായികയ്ക്ക് ആകുന്നില്ല. ജന്മിത്തവ്യവസ്ഥയ്ക്കും ജാതീയതയ്ക്കും എതിരെയുള്ള മല്ലു സ്വരാജ്യത്തിന്റെ പോരാട്ടവീറിന് തെല്ലും ഒളിമങ്ങിയിട്ടുമില്ല.20-ാം പാര്‍ടി കോണ്‍ഗ്രസിനെത്തിയ അവര്‍ പിന്നിട്ട സമരപഥങ്ങളുടെ ഓര്‍മകളില്‍ ഇപ്പോഴും വാചാലയാവുകയാണ്. പാവപ്പെട്ടവരെ നരകതുല്യമായി പീഡിപ്പിച്ച ജന്മിവര്‍ഗത്തിനെതിരെ 16-ാമത്തെ വയസ്സില്‍ തോക്കേന്തിയ വീരചരിതത്തിനുടമയാണ് മല്ലു സ്വരാജ്യം.

    ReplyDelete