Saturday, April 7, 2012

നഗരത്തിന്റെ കാവലാളായി ചെമ്പട

ചരിത്രനഗരത്തിന്റെ മണ്ണും വിണ്ണും ചെഞ്ചായം പൂശി കരുത്തിന്റെയും വിപ്ലവത്തിന്റെയും മഹോത്സവത്തിന് സാക്ഷിയാകുമ്പോള്‍ ആവേശത്തിരക്കിന് ചിട്ടവട്ടങ്ങളൊരുക്കി ചെമ്പട. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ആവേശകരമായ കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്ന ജനസഹസ്രങ്ങളെ നിയന്ത്രിച്ച് റെഡ് വളണ്ടിയര്‍മാര്‍ പാര്‍ടി കോണ്‍ഗ്രസിനെ കുറ്റമറ്റതാക്കാനുള്ള തിരക്കിലാണ്. പാര്‍ടി കോണ്‍ഗ്രസ് മൂന്ന് ദിവസം പിന്നിടുമ്പോള്‍ സുരക്ഷ, ഗതാഗത നിയന്ത്രണം എന്നിവയില്‍ മികച്ച മാതൃക തീര്‍ക്കുകയാണവര്‍.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ ആയിരങ്ങളാണ് ദിനംപ്രതി കോഴിക്കോട്ടെത്തുന്നത്. അവര്‍ക്കെല്ലാം വേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി 24 മണിക്കൂറും റെഡ്വളണ്ടിയര്‍മാരുടെ സാന്നിധ്യം ഇവിടെയുണ്ട്. പാര്‍ടി കോണ്‍ഗ്രസ് വന്‍ വിജയമാക്കുകയെന്ന ലക്ഷ്യത്തോടെ മാസങ്ങള്‍ നീണ്ട പരിശീലനങ്ങള്‍ക്ക് ശേഷമാണ് അവര്‍ നഗരത്തില്‍ ജാഗരൂകരായിരിക്കുന്നത്. പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന ടാഗോര്‍ ഹാളില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക, പ്രിയപ്പെട്ട നേതാക്കളെ ഒരുനോക്ക് കാണാനായി ഗേറ്റിന് പുറത്ത് കാത്തിരിക്കുന്ന അണികളെ നിയന്ത്രിക്കുക, പതിനായിരങ്ങള്‍ ഒഴുകിയെത്തുമ്പോഴും നഗരത്തെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിക്കാതെ നോക്കുക. ചരിത്രത്തിന്റെ പുനര്‍വായന സാധ്യമാക്കി ഒരുക്കിയ "സോഷ്യലിസമാണ് ഭാവി" ചരിത്രപ്രദര്‍ശനഗരിയിലേക്ക് അലയടിച്ചെത്തുന്ന കുടുംബങ്ങളില്‍ ചരിത്രാവബോധം തീര്‍ക്കുക തുടങ്ങി അന്താരാഷ്ട്ര പുസ്തകോത്സവനഗരിയിലും കലാപരിപാടികള്‍ അരങ്ങേറുന്ന മുതലക്കുളത്തും ടൗണ്‍ഹാളിലും നിറസാന്നിധ്യവുമായി ചെമ്പട മുന്നേറുകയാണ്.

തിങ്കളാഴ്ച നടക്കുന്ന റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ചില്‍ ഭാഗഭാക്കായി വിപ്ലവ വഴിത്താരകളിലേക്ക് കുതിച്ചുചാടാനൊരുങ്ങുകയാണവര്‍. തിങ്കളാഴ്ച ചരിത്രവീഥികളെ ചെങ്കടലാക്കി 5,000 വനിതകള്‍ അടക്കം 25,000 റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ചാണ് നഗരത്തില്‍ നടക്കുക. ജില്ലാ ക്യാപ്റ്റന്‍ വി കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പതിനഞ്ച് ഏരിയകളില്‍നിന്നുള്ള സഖാക്കള്‍ ഇതിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ നിന്നായി അവര്‍ പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തേക്ക് മാര്‍ച്ച് ചെയ്തു ചരിത്രമുഹൂര്‍ത്തത്തിനൊപ്പം ചേരും. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശം, ഇ എം എസ് സ്റ്റേഡിയം പരിസരം, സാമൂതിരി ഹൈസ്കൂള്‍ മൈതാനം എന്നിവിടങ്ങളില്‍നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.
(മിഥുന്‍ കൃഷ്ണ)

കവിതയെ നയിക്കുന്നത് സ്ത്രീകള്‍: കുരീപ്പുഴ

പുതുതലമുറയില്‍ മലയാളകവിതയെ നയിക്കുന്നത് സ്ത്രീകളാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍. സ്ത്രീപക്ഷ കവിതകളെഴുതിയിരുന്ന പുരുഷന്മാരുടെ കാലത്തില്‍നിന്ന് മാറി ഇന്ന് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ സ്ത്രീകള്‍തന്നെ മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ് സ്റ്റേഡിയത്തിനരികിലെ എസ് കെ പൊറ്റെക്കാട്ട് നഗറില്‍ പുസ്തകോത്സവത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീര്‍ വേദിയില്‍ നടന്ന "കവിതയുടെ ലോകം" ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരിലൂടെ ഉദയംചെയ്ത കവിത ഇന്ന് ഫേസ്ബുക്കിലൂടെയും ബ്ലോഗുകളിലൂടെയും വളരുകയാണ്. വെട്ടിത്തിരുത്തലുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യത്തിനുതകുമെന്നതിനാല്‍ കവികളുടെ വിഹാരരംഗമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ഇവയിലൂടെ മികച്ച കവിതകള്‍ സൃഷ്ടിക്കപ്പെടുകയും അതിന് പ്രചാരം ലഭിക്കുകയും ചെയ്യുന്നുവെന്നത് നല്ല സൂചനയാണെന്നും കുരീപ്പുഴ പറഞ്ഞു. ആത്മവിശ്വാസമുള്ള വാക്കുകളാണ് കവിതയായി മാറേണ്ടതെന്ന് പി കെ ഗോപി പറഞ്ഞു. മാനുഷികതയുടെ കവിതകളാണ് വേണ്ടത്. ജീവിതത്തില്‍നിന്നുള്ള ഒളിച്ചോടലില്‍നിന്ന് തിരികെയെത്താനും ദിശാബോധം നല്‍കാനും കവിത പ്രാപ്തമാകണമെന്നും അദ്ദേഹം പറഞ്ഞു.

നോവലെന്നപോലെ സമകാലിക പ്രശ്നങ്ങള്‍ ആവിഷ്കരിക്കുന്നതാണ് കവിതയെന്ന് അധ്യക്ഷനായ പ്രൊഫ. സി പി അബൂബക്കര്‍ പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളെക്കുറിച്ചു കവിതയെഴുതുന്നവര്‍പോലും ആനുകാലിക-സാമൂഹ്യപ്രശ്നത്തെയാണ് ആവിഷ്കരിക്കുന്നത്. അവര്‍ അഭിസംബോധനചെയ്യുന്നത് സമൂഹത്തെയാകെയാണെന്നും അബൂബക്കര്‍ പറഞ്ഞു. കവിത ചൊല്ലിയശേഷമാണ് കുരീപ്പുഴയും പി കെ ഗോപിയും വേദിവിട്ടത്.

ജ്വലിക്കുന്ന ഓര്‍മകളുമായി സി എച്ചിന്റെ മകള്‍

പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച അചഞ്ചല കമ്യൂണിസ്റ്റ് നേതാവിന്റെ മകള്‍ പാര്‍ടി കോണ്‍ഗ്രസ് നഗറില്‍ എത്തിയപ്പോള്‍ വിളങ്ങിയത് കടപ്പാടിന്റെ ആഴം. സിപിഐ എം രൂപംകൊണ്ട കാലത്തെ പ്രതിസന്ധിഘട്ടത്തില്‍ സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെടുകയും മരണംവരെ ആ സ്ഥാനത്തു തുടരുകയും ചെയ്ത മഹാനായ സിപിഐ എം നേതാവ് സി എച്ച് കണാരന്റെ മകള്‍ സി എച്ച് സരോജിനി ടീച്ചറാണ് വെള്ളിയാഴ്ച പ്രതിനിധിസമ്മേളന നഗറിലെത്തി അഭിവാദ്യമര്‍പ്പിച്ചത്.

കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസിന്റെ സാന്നിധ്യത്തില്‍ തന്റെ വിവാഹം ലളിതമായി നടത്തിയതടക്കമുള്ള ജ്വലിക്കുന്ന ഓര്‍മകളുടെ ആവേശത്തിലായിരുന്നു ടീച്ചര്‍. ഏറെനേരം സമ്മേളന നഗരിയില്‍ ചെലവഴിച്ച ശേഷമാണ് ടീച്ചര്‍ മടങ്ങിയത്. അച്ഛന്‍ പാര്‍ടി വളര്‍ത്തിയ നാട്ടില്‍ നടക്കുന്ന പാര്‍ടി കോണ്‍ഗ്രസ് നഗരിയിലെത്താനും സഖാക്കളെ കാണാനായതും ആവേശം പകരുന്നതായി ടീച്ചര്‍ പറഞ്ഞു.

ചിരട്ടവയലിനില്‍ സംഗീതമൊരുക്കി നാഗരാജും ജീവയും

ചിരട്ടയിലും മുളയിലും മുറുക്കിക്കെട്ടിയ നാടന്‍ വയലിന്‍ തന്ത്രിയില്‍ മീട്ടി സ്വരസുധ പെയ്യിച്ച് പാര്‍ടി കോണ്‍ഗ്രസിന്റെ വേദിയില്‍ നാഗരാജും ജീവയും. പാര്‍ടി കോണ്‍ഗ്രസിന്റെ ഇടവേളയിലാണ് നാഗരാജിന്റെയും ജീവയുടെയും സംഗീതം പ്രതിനിധികളെ രസിപ്പിച്ചത്. ഭൂരിഭാഗവും ഹിന്ദി പാട്ടുകളുടെ ട്യൂണാണ് വായിച്ചത്. "ദീദി തേരാ ദേവര്‍ ദിവാ", "പര്‍ദേസീ പര്‍ദേസീ" തുടങ്ങിയ പാട്ടുകളാണ് കാണികള്‍ക്ക് വിരുന്നായത്.

മൈസൂര്‍ സ്വദേശികളാണ് നാഗരാജും ജീവയും. തലശേരിയിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി ചിരട്ടകൊണ്ടുള്ള വയലിന്‍ പരിപാടി അവതരിപ്പിക്കാറുണ്ട്. ഒന്നര മണിക്കൂര്‍ പരിപാടിയാണ് ടാഗോര്‍ ഹാളില്‍ അവതരിപ്പിച്ചത്. ഇരുവരും ബന്ധുക്കളാണ്.

സംഗീതപ്രതിഭകള്‍ക്ക് ഭാവഗായകന്റെ ഗാനാഞ്ജലി

നിറഞ്ഞുകവിഞ്ഞ ആസ്വാദകര്‍ക്ക് മുന്നില്‍ മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ പാടി. തലമുറകളെ തൊട്ടുണര്‍ത്തിയ ശബ്ദമാധുരിക്ക് കാതോര്‍ക്കാന്‍ ജനം ഒഴുകിയെത്തി. മലയാള സംഗീതത്തെ കെടാവിളക്കുകളായ സംഗീത സംവിധായകന്‍ എം എസ് ബാബുരാജ്, ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദര്‍, ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് കലാ-സാംസ്കാരിക സമിതിയാണ് ഗാനമേള സംഘടിപ്പിച്ചത്. ചെങ്ങന്നൂര്‍ ശ്രീകുമാര്‍, മച്ചാട്ട് വാസന്തി, സിബല്ല സദാനന്ദന്‍, ശ്വേത, രേഖ അജിത്, അജിത് എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.

വയലാര്‍-ദേവരാജന്‍ ടീമിന്റെ "ബലികുടീരങ്ങളേ" എന്ന വിപ്ലവ നാടകഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. സംഗീത സംവിധായകന്‍ തേജ് മെര്‍വിന്റെ "തേജ് ഓര്‍കസ്ട്ര"യുടെ നേതൃത്വത്തിലായിരുന്നു ഗാനമേള. ഗാനമേളയ്ക്ക് മുന്നോടിയായി ജയചന്ദ്രനെ പുരുഷന്‍ കടലുണ്ടി എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. എം എസ് ബാബുരാജ്, കോഴിക്കോട് അബ്ദുള്‍ ഖാദര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരെ തിരക്കഥാകൃത്ത് ടി എ റസാഖ് അനുസ്മരിച്ചു. എളമരം കരീം എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വി ടി സുരേഷ് സ്വാഗതവും വി ബി നായര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ തത്സമയം

സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടുചെയ്യാന്‍ ഇന്ത്യയുടെ നാനാഭാഗത്തുനിന്നുമെത്തിയ മാധ്യമസംഘത്തിന് ഒരുക്കിയത് അത്യാധുനികസൗകര്യങ്ങളുള്ള മീഡിയ സെന്റര്‍. 75 പത്രങ്ങളില്‍നിന്നും 25 ദൃശ്യമാധ്യമങ്ങളില്‍നിന്നുമായി 455 മാധ്യമപ്രവര്‍ത്തകരാണ് സമ്മേളനം റിപ്പോര്‍ട്ടുചെയ്യാന്‍ കോഴിക്കോട്ടുള്ളത്. സമ്മേളനം തത്സമയം സംപ്രേഷണംചെയ്യുന്ന ടിവി ചാനലുകളുടെ സാങ്കേതികപ്രവര്‍ത്തകര്‍ ഇതിനുപുറമെയാണ്. സെന്റ് ജോസഫ് ജൂനിയര്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് മീഡിയ സെന്റര്‍. ദിവസവും വൈകിട്ട് മൂന്നിന് ഇവിടെ പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ വാര്‍ത്താസമ്മേളനമുണ്ട്. ഓരോ ദിവസത്തെയും സമ്മേളന നടപടികള്‍ ഇതില്‍ വിശദീകരിക്കും. വ്യാഴാഴ്ച പ്രകാശ് കാരാട്ടും വെള്ളിയാഴ്ച വൃന്ദ കാരാട്ടും വാര്‍ത്താസമ്മേളനം നടത്തി.

വിപുലമായ സജ്ജീകരണങ്ങളാണ് മീഡിയ സെന്ററിലുള്ളത്. വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ഇരുപത്തഞ്ചോളം കംപ്യൂട്ടര്‍, വാര്‍ത്തകളും ഫോട്ടോകളും അതിവേഗം അയക്കാന്‍ ബിഎസ്എന്‍എല്ലിന്റെ 20 മെഗാബൈറ്റ് (എംബി) ശേഷിയുള്ള ഹൈസ്പീഡ് ഡെഡിക്കേറ്റഡ് ലൈന്‍, ഇതിന് കുഴപ്പം നേരിട്ടാല്‍ ഉപയോഗിക്കാന്‍ റിലയന്‍സിന്റെ മറ്റൊരു അതിവേഗ ലൈന്‍, ചാനലുകള്‍ക്ക് സ്റ്റുഡിയോ പ്രവര്‍ത്തനത്തിന് പ്രത്യേക മുറികളുണ്ട്. ഡിസംബര്‍ 27ന് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്തതിന്റെ അടുത്ത ദിവസം മീഡിയ കമ്മിറ്റിയും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പാര്‍ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ജില്ലയിലാകെ നടക്കുന്ന പരിപാടികളുടെ വാര്‍ത്താക്കുറിപ്പുകളും വിവരങ്ങളും ഫോട്ടോകളും അറിയിപ്പുകളും അന്നുമുതല്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് ഈ കമ്മിറ്റിയാണ്. ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ പി പി അബൂബക്കറാണ് കമ്മിറ്റി കണ്‍വീനര്‍. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ് കുട്ടിക്കാണ് സംഘടനാചുമതല. മൂന്നുമാസത്തോളം സ്വാഗതസംഘം ഓഫീസില്‍ പ്രവര്‍ത്തിച്ച കമ്മിറ്റി ഏപ്രില്‍ മൂന്നിനാണ് സ്കൂള്‍ ഗ്രൗണ്ടിലേക്ക് മാറ്റിയത്.

പാര്‍ടി കോണ്‍ഗ്രസിനായി ഫേസ്ബുക്ക് കൂട്ടായ്മകള്‍

തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ആശയപ്രചാരകര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കായ "ഫേസ്ബുക്കി"ലും സജീവം. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് വിജയിപ്പിക്കാന്‍ വിപുലമായ പ്രചാരണമാണ് ഫേസ്ബുക്ക് കൂട്ടായ്മകള്‍ നടത്തുന്നത്. പാര്‍ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നൂറോളം കൂട്ടായ്മകള്‍ (കമ്യൂണിറ്റി) ഫേസ് ബുക്കിലുണ്ട്. ഓരോന്നിലും രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് അംഗങ്ങളും. പാര്‍ടികോണ്‍ഗ്രസിന്റെ പ്രാധാന്യവും ഇടതുപക്ഷത്തിന്റെ ആവശ്യകതയും അവര്‍ ചര്‍ച്ചചെയ്യുന്നു. പാര്‍ടി കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ "ഫേസ്ബുക്ക് കോമ്രാഡ്സ് മീറ്റ് 2012" എന്ന പേരില്‍ സംഗമം സംഘടിപ്പിക്കാന്‍ വിവിധ കൂട്ടായ്മകള്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി മലയാളികള്‍ ഉള്‍പ്പെട്ട "കോമ്രാഡ്സ്" എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ "സ്പാന്‍" ഹോട്ടലില്‍ ഞായറാഴ്ച പകല്‍ 11നാണ് സംഗമം.

സൈബര്‍ലോകത്ത് വലതുപക്ഷമാധ്യമങ്ങളും വര്‍ഗീയ ശക്തികളും നടത്തുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളെ ചെറുക്കുക, ഓണ്‍ലൈന്‍ ലൈബ്രറി ആരംഭിക്കുക, സൈബര്‍ രംഗത്ത് സിപിഐ എം അനുഭാവികള്‍ക്കുവേണ്ടി വെബ്സൈറ്റ് സ്ഥാപിക്കുക തുടങ്ങിയവയെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണവും സംഗമത്തിലൂടെ ഉദ്ദേശിക്കുന്നു. എട്ടിന് കോമ്രാഡ്സ് മീറ്റില്‍ പങ്കെടുക്കുന്നവര്‍ ഒമ്പതിന് പാര്‍ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുത്തശേഷമേ മടങ്ങുകയുള്ളു. ദോഹ, ദുബായ്, അബുദാബി എന്നിവിടങ്ങളിലും ഫേസ്ബുക്ക് കോമ്രാഡ്സ് മീറ്റ് സംഘടിപ്പിച്ചിട്ടുണ്ട്.

ദേശാഭിമാനി ഇംഗ്ലീഷ് പതിപ്പ് പ്രതിനിധികളുടെ പ്രിയപത്രം

സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് വേദിയില്‍ വിതരണം ചെയ്യുന്ന ഇംഗ്ലീഷിലുള്ള ദേശാഭിമാനി പ്രത്യേക പതിപ്പ് പ്രതിനിധികളുടെ പ്രിയപത്രമായി. ഓരോ ദിവസവും വൈകിട്ടുവരെയുള്ള നടപടിക്രമങ്ങളുടെ സംക്ഷിപ്ത വിവരണവും സമ്മേളനത്തിനു പുറത്തുള്ള സാംസ്കാരിക പരിപാടികളുടെ വിവരണങ്ങളും പ്രമുഖരുടെ അഭിമുഖങ്ങളും ഉള്‍പ്പെട്ടതാണ് നാലുപേജ് ടാബ്ലോയിഡ് പത്രം. ദേശാഭിമാനി ആദ്യമായി ഇംഗ്ലീഷില്‍ അച്ചടിച്ചത് കാണുമ്പോള്‍ സമ്മേളന നഗരിക്ക് പുറത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കും കൗതുകം.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ദേശാഭിമാനി പ്രവര്‍ത്തകരുമടങ്ങിയ സംഘമാണ് പത്രം തയ്യാറാക്കുന്നത്. കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എംസിജെ വിഭാഗത്തിലെ വിദ്യാര്‍ഥികളായ ടി എം സാവിത്രി, സജിതാ ഗോപി, എന്‍ ടി പ്രമോദ്, ഇ കെ നിധീഷ്, എം സജിനി എന്നിവരാണ് വാര്‍ത്ത ശേഖരിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരും പത്രത്തിന്റെ നിര്‍മാണത്തില്‍ സഹകരിക്കുന്നു. എ ഹമീദിന്റെ കാര്‍ട്ടൂണും പോക്കറ്റ് കാര്‍ട്ടൂണും പത്രത്തിന് മിഴിവ് കൂട്ടുന്നു.

deshabhimani 070412

1 comment:

  1. ചരിത്രനഗരത്തിന്റെ മണ്ണും വിണ്ണും ചെഞ്ചായം പൂശി കരുത്തിന്റെയും വിപ്ലവത്തിന്റെയും മഹോത്സവത്തിന് സാക്ഷിയാകുമ്പോള്‍ ആവേശത്തിരക്കിന് ചിട്ടവട്ടങ്ങളൊരുക്കി ചെമ്പട. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ആവേശകരമായ കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്ന ജനസഹസ്രങ്ങളെ നിയന്ത്രിച്ച് റെഡ് വളണ്ടിയര്‍മാര്‍ പാര്‍ടി കോണ്‍ഗ്രസിനെ കുറ്റമറ്റതാക്കാനുള്ള തിരക്കിലാണ്. പാര്‍ടി കോണ്‍ഗ്രസ് മൂന്ന് ദിവസം പിന്നിടുമ്പോള്‍ സുരക്ഷ, ഗതാഗത നിയന്ത്രണം എന്നിവയില്‍ മികച്ച മാതൃക തീര്‍ക്കുകയാണവര്‍.

    ReplyDelete