Wednesday, April 11, 2012

പാര്‍ടി കോണ്‍ഗ്രസ് ചരിത്രവിജയമാക്കിയ ജനലക്ഷങ്ങള്‍ക്ക് അഭിവാദ്യം


കരുത്ത് തെളിയിച്ച്, പുത്തനുണര്‍വുമായി

ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തില്‍ ശുഭസൂചകമായ പുതുചലനങ്ങള്‍ക്കും മുന്നേറ്റത്തിനും ഉതകുന്ന തീരുമാനങ്ങള്‍, ജനലക്ഷങ്ങള്‍ ഒഴുകിനീങ്ങിയ മഹാറാലി... തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനമായ സിപിഐ എമ്മിന്റെ അതുല്യമായ കരുത്തും ഉരുക്കുപോലെ ജ്വലിക്കുന്ന സംഘടനാരൂപവും അജയ്യമാണെന്നു പ്രഖ്യാപിക്കുന്നതായി കോഴിക്കോട്ട് സമാപിച്ച 20-ാം പാര്‍ടി കോണ്‍ഗ്രസ്. പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചചെയ്ത് അംഗീകരിച്ചതിന്റെ പേരിലാണ് കോഴിക്കോട് കോണ്‍ഗ്രസ് പാര്‍ടി ചരിത്രത്തില്‍ പ്രസക്തമാകുന്നത്. സോഷ്യലിസ്റ്റ് സമൂഹനിര്‍മിതിക്കുള്ള ഇന്ത്യന്‍ പാതക്ക് തെളിച്ചവും വെളിച്ചവും പകരുന്ന ചര്‍ച്ചകളും തീരുമാനങ്ങളുമാണ് പാര്‍ടി കോണ്‍ഗ്രസിലുണ്ടായത്. ഉത്തരേന്ത്യയിലടക്കം പാര്‍ടിയുടെ സ്വാധീനവും ശക്തിയും വിപുലമാക്കുക, പുതിയ മേഖലകളും സമരമുഖങ്ങളും തുറന്ന് കൂടുതല്‍ ജനവിഭാഗത്തിലേക്ക് വളരുക ഇതിനെല്ലാം സഹായകമായ ചര്‍ച്ചകളും തീരുമാനവുമുണ്ടായി. ലോക്കല്‍ സെക്രട്ടറി മുതല്‍ ജനറല്‍ സെക്രട്ടറിവരെയുള്ള പാര്‍ടി ഭാരവാഹികളുടെ കാലാവധി പരമാവധി മൂന്ന്് പൂര്‍ണ തവണകളായി നിജപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതിയും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ജനവിരുദ്ധരായ ഭരണാധികാരികള്‍ക്ക് താക്കീത്, സാമ്രാജ്യത്വത്തിനും പിന്തിരിപ്പന്മാര്‍ക്കുമെതിരായ സമരമുന്നണി വിശാലവും ശക്തവുമാക്കാനുള്ള ആഹ്വാനം-ഇതാണ് കോഴിക്കോട്ടു നിന്നുയര്‍ന്നത്.

സിപിഐ എമ്മിന്റെ സുസജ്ജമായ സംഘാടനപാടവത്തിനും അനിഷേധ്യമായ നേതൃശേഷിക്കും സമാനതകളില്ലെന്ന് വിളംബരംചെയ്തായിരുന്നു പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനം. പണിയെടുക്കുന്ന സാധാരണ മനുഷ്യരുടെ ഹൃദയത്തിലെ നക്ഷത്രപ്രതീക്ഷയാണ് തൊഴിലാളിവര്‍ഗ വിപ്ലവ പ്രസ്ഥാനമെന്ന് ഉദ്ഘോഷിക്കുന്നതായിരുന്നു സമാപനറാലിയില്‍ അണിനിരന്ന ജനലക്ഷങ്ങള്‍. വലതുപക്ഷ-കോര്‍പറേറ്റ് മാധ്യമങ്ങളുടെ കള്ളപ്രചാരണത്തില്‍ ഒലിച്ചുപോകുന്നതല്ല ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ ജനകീയാടിത്തറയെന്നും സമാപനറാലി തെളിയിച്ചു. വാക്കുകളും ഭാഷയും പരിമിതമാണെന്ന് ബോധ്യപ്പെടുത്തും വിധത്തില്‍ വിവരണാതീതമായ പ്രവാഹം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് വരുംനാളില്‍ പുത്തനാവേശം ചൊരിയും.

റാലിയില്‍ അണിചേര്‍ന്ന മനുഷ്യരില്‍ എല്ലാവിഭാഗവുമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന തൊഴിലാളികളും കൃഷിക്കാരും, കൈക്കുഞ്ഞുങ്ങളേന്തിയ അമ്മമാര്‍, നാടിന്റെ നാഡിഞരമ്പായ പതിനായിരക്കണക്കിന് യുവജനങ്ങള്‍...വര്‍ഗരാഷ്ട്രീയത്തിന്റെ കൊടിയേന്തി വിമോചനത്തിന്റെ യുഗപ്പിറവിക്കായുള്ള ജനതയുടെ സംഗമമായിരുന്നു തിങ്കളാഴ്ച കണ്ടത്. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സുപ്രധാന നയവും നിലപാടുകളും പ്രഖ്യാപിച്ച സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനെ മാധ്യമങ്ങള്‍ വിലയിരുത്തിയത് സഹതാപമുണര്‍ത്തും വിധത്തിലാണ്. തികഞ്ഞ ഉള്‍പാര്‍ടി ജനാധിപത്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം മൂന്നുവര്‍ഷ കാലാവധിയില്‍ നടത്തുന്ന സമ്മേളനം, അതിന്റെ ഗംഭീരമായ നടത്തിപ്പ്, രാഷ്ട്രീയരംഗത്ത് നിര്‍ണായകമാവുന്ന അതിലെ അജന്‍ഡ, ബഹുജനങ്ങളുടെ കുത്തൊഴുക്ക് -ഇതൊന്നുമായിരുന്നില്ല മാധ്യമങ്ങളിലെ വാര്‍ത്തയും ചര്‍ച്ചയും. സിപിഐ എം നയവും തീരുമാനങ്ങളും തങ്ങളാണ് നിശ്ചയിക്കുകയെന്ന മാധ്യമഅഹന്തയിലാണ് അവ നീങ്ങിയത്. ജനലക്ഷങ്ങള്‍ ഇരമ്പിയാര്‍ത്ത സമാപനറാലി ഈ കള്ളപ്രചാരകര്‍ക്കുള്ള മറുപടിയാണ്.
(പി വി ജീജോ)

പാര്‍ടി കോണ്‍ഗ്രസ് ചരിത്രവിജയമാക്കിയ ജനലക്ഷങ്ങള്‍ക്ക് അഭിവാദ്യം

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ ചരിത്രവിജയമാക്കിയ ജനലക്ഷങ്ങളെ സ്വാഗതസംഘം ചെയര്‍മാന്‍ പിണറായി വിജയനും ജനറല്‍ സെക്രട്ടറിടി പി രാമകൃഷ്ണനും അഭിവാദ്യംചെയ്തു.

പാര്‍ടി കോണ്‍ഗ്രസ് നിര്‍വഹിച്ച രാഷ്ട്രീയ ദൗത്യംകൊണ്ടുമാത്രമല്ല, ജനപങ്കാളിത്തംകൊണ്ടും പിന്തുണകൊണ്ടും റാലിയില്‍ പങ്കാളികളായ ജനലക്ഷങ്ങളുടെയും വളണ്ടിയര്‍ മാര്‍ച്ചില്‍ അണിനിരന്ന പതിനായിരങ്ങളുടെയും അച്ചടക്കംകൊണ്ടും ഈ സമ്മേളനം ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. സിപിഐ എമ്മില്‍ നാട്ടിലെ ജനലക്ഷങ്ങള്‍ക്കുള്ള വിശ്വാസവും കൂറുമാണ് അനുബന്ധ പരിപാടികളും പാര്‍ടികോണ്‍ഗ്രസും തെളിയിച്ചത്. ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയിട്ടും നഗരത്തിലൊരിടത്തും ഒരു പ്രശ്നവുമുണ്ടായില്ല. സ്ത്രീ പങ്കാളിത്തവും അഭിമാനകരമാണ്. പാര്‍ടി കോണ്‍ഗ്രസിനെത്തിയ പ്രതിനിധികളോടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിരുന്നെത്തിയ ആയിരക്കണക്കിന് ആളുകളോടും ഈ നഗരം കാണിച്ച ആതിഥ്യമര്യാദയും പ്രശംസനീയമാണ്.

സെമിനാറുകള്‍, സംഗമങ്ങള്‍, ചരിത്ര പ്രദര്‍ശനം, പുസ്തകോത്സവം, കലാപരിപാടികള്‍, സ്പോര്‍ട്സ്, ചലച്ചിത്രമേള തുടങ്ങിയ പരിപാടികളെല്ലാം ജനങ്ങളുടെ ഉത്സവമായി മാറി. പാര്‍ടി അംഗങ്ങളും പ്രവര്‍ത്തകരും മാസങ്ങളോളം അഹോരാത്രം പ്രവര്‍ത്തിച്ചാണ് ഈ വിജയമുണ്ടാക്കിയത്. മറ്റു പാര്‍ടികളില്‍ പെട്ടവരും ഒരു പാര്‍ടിയിലും ഇല്ലാത്തവരും വലിയ പിന്തുണ നല്‍കി. സ്ത്രീകളടക്കമുള്ള ചുവപ്പുവളണ്ടിയര്‍മാരുടെ സേവനം എടുത്തുപറയേണ്ടതാണ്. സമ്മേളനത്തിന്റെ വിജയത്തിന് രൂപീകരിച്ച സബ്കമ്മിറ്റികളെല്ലാം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. ശുചീകരണം, രക്തദാനം, അവയവദാനം തുടങ്ങിയ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി പല തലങ്ങളില്‍ നടന്നുവെന്നതില്‍ സ്വാഗതസംഘത്തിന് അഭിമാനമുണ്ട്. സമ്മേളനം വിജയമാക്കാന്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാ വിഭാഗം ജനങ്ങളോടും കടപ്പാടുണ്ട്. കോഴിക്കോട് ജില്ലയും നഗരവും അതിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു. സമ്മേളനമാകെ സംഘാടകരുടെ പ്രതീക്ഷയില്‍ കവിഞ്ഞ വിജയമാക്കിയ ജനലക്ഷങ്ങളോട് സംഘാടകസമിതി നന്ദി പ്രകടിപ്പിച്ചു.

deshabhimani 110412

1 comment:

  1. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ ചരിത്രവിജയമാക്കിയ ജനലക്ഷങ്ങളെ സ്വാഗതസംഘം ചെയര്‍മാന്‍ പിണറായി വിജയനും ജനറല്‍ സെക്രട്ടറിടി പി രാമകൃഷ്ണനും അഭിവാദ്യംചെയ്തു.

    പാര്‍ടി കോണ്‍ഗ്രസ് നിര്‍വഹിച്ച രാഷ്ട്രീയ ദൗത്യംകൊണ്ടുമാത്രമല്ല, ജനപങ്കാളിത്തംകൊണ്ടും പിന്തുണകൊണ്ടും റാലിയില്‍ പങ്കാളികളായ ജനലക്ഷങ്ങളുടെയും വളണ്ടിയര്‍ മാര്‍ച്ചില്‍ അണിനിരന്ന പതിനായിരങ്ങളുടെയും അച്ചടക്കംകൊണ്ടും ഈ സമ്മേളനം ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. സിപിഐ എമ്മില്‍ നാട്ടിലെ ജനലക്ഷങ്ങള്‍ക്കുള്ള വിശ്വാസവും കൂറുമാണ് അനുബന്ധ പരിപാടികളും പാര്‍ടികോണ്‍ഗ്രസും തെളിയിച്ചത്. ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയിട്ടും നഗരത്തിലൊരിടത്തും ഒരു പ്രശ്നവുമുണ്ടായില്ല. സ്ത്രീ പങ്കാളിത്തവും അഭിമാനകരമാണ്. പാര്‍ടി കോണ്‍ഗ്രസിനെത്തിയ പ്രതിനിധികളോടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിരുന്നെത്തിയ ആയിരക്കണക്കിന് ആളുകളോടും ഈ നഗരം കാണിച്ച ആതിഥ്യമര്യാദയും പ്രശംസനീയമാണ്

    ReplyDelete