Monday, April 9, 2012
പാക്കേജ് വരുന്നു; ഇനി കോരന് പ്ലേറ്റില്‍ കഞ്ഞി കുടിക്കാം!
ഒടുവില്‍ പാക്കേജ് വരുന്നു. പുലി വരുന്നേ, പുലി എന്നു പറഞ്ഞതുപോലെയാകുമോ എന്ന ആശങ്ക ഇപ്പോഴും ജനങ്ങള്‍ക്ക് മാറിയിട്ടില്ല. ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖര്‍ രണ്ടുതവണ വന്നു. ചര്‍ച്ചകള്‍ ഘോരഘോരം നടന്നു. ഒടുവില്‍ ഇത് പരിഗണിക്കും, അതും പരിഗണിക്കും, അവ ഉള്‍പ്പെടുത്തുന്നത് ആലോചിക്കും, അടുത്ത തവണ വീണ്ടും ചര്‍ച്ച എന്നെല്ലാം പറഞ്ഞതുകേട്ടപ്പോള്‍ ഈ പാവം വയനാട്ടുകാരുടെ ആശങ്ക ശരിയാകുമോ എന്നാണ് പേടി. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. കോരന് ഇക്കുറിയെങ്കിലും ചോറുകിട്ടുമോ എന്നാണ് ചോദ്യം.
നമ്മുടെ വയനാട്ടുകാരിയായ മന്ത്രി എവിടെപ്പോയാലും "പാക്കേജ്" എന്നു പറയും. ഏതു കോളനിയില്‍പ്പോയാലും "സമഗ്ര വികസനത്തിന് പാക്കേജ്" പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ പറയാതിരിക്കില്ല. കേട്ടുകേട്ട് എല്ലാവരും പാക്കേജ് എന്തതാണെന്ന് മനസ്സിലാക്കി. മന്ത്രി ഇടമലക്കുടി എന്ന ഗ്രാമത്തിലേക്കും പോയി പാക്കേജ് പറഞ്ഞുകഴിഞ്ഞു. എല്ലാംകൂടി പാക്കപ്പ് ആകുന്നത് എപ്പോഴാണെന്നേ ഇനി അറിയേണ്ടൂ. മന്ത്രിയുടെ ഏതോ വകുപ്പ് ഉടന്‍ പാക്കേജില്‍പ്പെടുത്തുമെന്നും കേള്‍ക്കുന്നു. ഏതായാലും ഫോര്‍മുലയില്‍ വരാന്‍ ഇടയില്ല. നിയമസഭയില്‍ ഭരണപക്ഷത്ത് വേറെ സ്ത്രീകള്‍ ഇല്ലല്ലോ.
വയനാട്ടുകാര്‍ പാക്കേജ് എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സോണിയാജി കൊച്ചിയില്‍ പണ്ട് ഒരു കോണ്‍ഗ്രസ്സ് മഹാമഹത്തിലാണ് വയനാട് പാക്കേജ് എന്ന് അരുളിയത്. കേട്ടത് പൂര്‍ണമായും മനസ്സിലായില്ലെങ്കിലും വയനാട്ടിലെ കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞുനടന്നു: സോണിയ മാഡം വയനാടിന് പാക്കേജ് പ്രഖ്യാപിച്ചുവെന്ന്. കേട്ടവര്‍ സന്തോഷിച്ചു. സോണിയാഗാന്ധിയെന്നു പറഞ്ഞാല്‍ ആരാ, പറഞ്ഞതു നടപ്പാക്കും. കാലം കുറേ ഓടി. ആ പാക്കേജ് പോയ വഴിക്കുപിന്നെ ഒരു പുല്ലുപോലും മുളച്ചില്ല.
ഇടക്കിടെ കോണ്‍ഗ്രസ്സുകാര്‍ കേന്ദ്ര പാക്കേജ് എന്നു പറഞ്ഞു നടക്കും. ഇപ്പോഴിതാ കേന്ദ്രത്തിന്റെ സഹായത്തോടെ 25 കോടിയുടെ പാക്കേജ് നടപ്പാക്കിക്കളയും എന്നാണ് മാണിസാര്‍ സംസ്ഥാന ബജറ്റില്‍ പറഞ്ഞത്. മാണിസാറിന്റെ ശിഷ്യന്‍ ദേവസ്യ സാറിന് സന്തോഷിക്കാം എംപിക്കും സോണിയാജിക്കും സാധിക്കാത്തതല്ലേ അധികം ആളൊന്നും സ്വന്തം പാര്‍ടിയില്‍ വയനാട്ടില്‍ ഇല്ലെങ്കിലും പാക്കേജ് എന്നു പറഞ്ഞില്ലേ. കുറേകാലം കേന്ദ്രത്തില്‍ സെക്രട്ടറിയായിരുന്ന കെ എം ചന്ദ്രശേഖര്‍ രണ്ടുതവണ വയനാട്ടില്‍ വന്ന് പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തിയത് നല്ലതുതന്നെ. അത് മറ്റൊരു കടലാസ് പുലിയാകരുത് എന്നാണ് വയനാട്ടുകാര്‍ ആഗ്രഹിക്കുന്നത്.
*
ഇടമലക്കുടിയില്‍ കിലോമീറ്ററുകളോളം നടന്നുപോയി ആദിവാസികളെ സന്ദര്‍ശിച്ച് വയനാട്ടുകാരിയായ മന്ത്രി പോയി അവര്‍ക്ക് പാക്കേജും പറഞ്ഞ് തിരിച്ചുവന്നതും നടന്നു തളര്‍ന്ന് മന്ത്രിക്ക് പനി പിടിച്ചുവെന്നതും മാധ്യമങ്ങള്‍ക്ക് നല്ലൊരു വാര്‍ത്തയായിരുന്നു. അതിനൊപ്പം ചേര്‍ത്തുവായിക്കാന്‍ ഒരു ഉപ വാര്‍ത്തകൂടിയുണ്ട്. പനി പിടിച്ച മന്ത്രി ചികിത്സയ്ക്കു പോയത് മാനന്തവാടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ്. വയനാട്ടിലെ ജില്ലാ സര്‍ക്കാര്‍ ആശുപത്രി മന്ത്രിയവറുകളുടെ സ്വന്തം മണ്ഡലത്തിലാണ്. അതിന് തൊട്ടടുത്താണ് ഈ സ്വകാര്യ ആശുപത്രി. മന്ത്രിക്ക് അറിയാം ഈ സര്‍ക്കാര്‍ ആശുപത്രി നമ്മുടെ സര്‍ക്കാര്‍ വന്നപ്പോള്‍ ഒന്നിനും കൊള്ളാതാക്കിയെന്ന്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പഞ്ചായത്ത് മെംബര്‍ മാത്രമായിരുന്ന ജയലക്ഷ്മി പറഞ്ഞത് ജയിച്ചുകഴിഞ്ഞ് നിയമസഭയിലെത്തിയാല്‍ ആദ്യപരിഗണന ജില്ലാ ആശുപത്രിയുടെ നവീകരണം എന്നാണ്. ജയിച്ചു. എംഎല്‍എയായി. പോരാത്തതിന് മന്ത്രിയുമായി. ആശുപത്രി കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാത്തതുപോലെയായി.
*
വാരഫലം:
"ഈ ലീഗുകാരെ ആര്‍ക്കാണ് പേടി" എന്ന് എം ഐ ഷാനവാസ് ഇനി ചോദിക്കില്ല. "നട്ടെല്ല്" പോയാല്‍ രണ്ടുവര്‍ഷം കഴിഞ്ഞ് ഡല്‍ഹി കാണില്ല എന്ന് എംപിക്കറിയാം. ഒരിക്കല്‍ ജയിച്ചാല്‍ പിന്നെ എല്ലാക്കാലത്തേക്കുമായി എന്നു ഭരണഘടനയില്‍ ഇല്ലാത്തതിനാല്‍ പിന്നെ എന്തുചെയ്യും പേടിക്കാതെ. നട്ടെല്ലോ വാരിയെല്ലോ എന്നു പറയാതെ.
(ഒ വി സുരേഷ്)
ആംബുലന്‍സ് നന്നാക്കാന്‍ പണമില്ല മുഖ്യമന്ത്രിയുടെ ചടങ്ങിന് വേദി നിര്‍മിക്കാന്‍ ലക്ഷങ്ങള്‍
ബത്തേരി: കട്ടപ്പുറത്തായ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് നന്നാക്കാന്‍ പണമില്ലെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങിന്റെ വേദി പണിയാന്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. ബത്തേരി താലൂക്ക് ആശുപത്രിയിലെ രണ്ട് ആംബുലന്‍സുകളിലൊന്നാണ് മൂന്ന് മാസത്തിലേറെയായി കേടായി ആശുപത്രി മുറ്റത്തെ ഷെഡില്‍ കിടക്കുന്നത് നന്നാക്കാനാവശ്യമായ പതിനായിരത്തോളം രൂപ ഇല്ലാത്തതാണ് പ്രശ്നമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച പുതിയ ബ്ലോക്കിന്റെ തറക്കല്ലിടുന്നതിന് തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തുന്ന ചടങ്ങിന്റെ വേദി പണിയുന്നതിന് രണ്ട് ലക്ഷത്തിലേറെ രൂപയാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചെലവഴിക്കുന്നത്.
deshabhimani 090412
Labels:
ആരോഗ്യരംഗം,
വയനാട്,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
ഒടുവില്‍ പാക്കേജ് വരുന്നു. പുലി വരുന്നേ, പുലി എന്നു പറഞ്ഞതുപോലെയാകുമോ എന്ന ആശങ്ക ഇപ്പോഴും ജനങ്ങള്‍ക്ക് മാറിയിട്ടില്ല. ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖര്‍ രണ്ടുതവണ വന്നു. ചര്‍ച്ചകള്‍ ഘോരഘോരം നടന്നു. ഒടുവില്‍ ഇത് പരിഗണിക്കും, അതും പരിഗണിക്കും, അവ ഉള്‍പ്പെടുത്തുന്നത് ആലോചിക്കും, അടുത്ത തവണ വീണ്ടും ചര്‍ച്ച എന്നെല്ലാം പറഞ്ഞതുകേട്ടപ്പോള്‍ ഈ പാവം വയനാട്ടുകാരുടെ ആശങ്ക ശരിയാകുമോ എന്നാണ് പേടി. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. കോരന് ഇക്കുറിയെങ്കിലും ചോറുകിട്ടുമോ എന്നാണ് ചോദ്യം.
ReplyDelete