Saturday, April 21, 2012

അധഃസ്ഥിതവര്‍ഗ മുന്നേറ്റത്തിന്റെ പുതുചരിത്രമായി പുലയസംഗമം


കെപിഎംഎസിന്റെ 41-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുലയസംഗമം തലസ്ഥാനത്ത് അധഃസ്ഥിതവര്‍ഗ മുന്നേറ്റത്തിന്റെ പുതിയ ചരിത്രമെഴുതി. പുത്തരിക്കണ്ടം മൈതാനം, അയ്യന്‍കാളി സ്ക്വയര്‍ എന്നിവിടങ്ങളില്‍നിന്ന് റാലി ആരംഭിച്ചു. വാദ്യമേളങ്ങളും കലാരൂപങ്ങളും അണിനിരന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കാളികളായി. സാമൂഹ്യനീതിക്കും അവസരസമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ദൃഢപ്രതിജ്ഞയുമായി സംഘബോധത്തോടെ അണിനിരന്ന പ്രവര്‍ത്തകര്‍ നഗരവീഥികളില്‍ ആവേശത്തിന്റെ കുത്തൊഴുക്ക് സൃഷ്ടിച്ചു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനംചെയ്തു.

പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും മറ്റു പിന്നോക്കവിഭാഗങ്ങളും ചേര്‍ന്നുള്ള യോജിച്ച പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നായര്‍- ഈഴവ ഐക്യം ചാപിള്ളയായി. ന്യൂനപക്ഷം ഇന്ന് ഭൂരിപക്ഷത്തെ ഭരിക്കുന്ന സ്ഥിതിയാണ്. കെപിഎംഎസ് പ്രസിഡന്റ് ടി വി ബാബു അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മേയര്‍ കെ ചന്ദ്രിക, എംഎല്‍എമാരായ ബി സത്യന്‍, ജമീല പ്രകാശം, വി ശശി, മോന്‍സ് ജോസഫ്, എ ടി ജോര്‍ജ്, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബു, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി എം വേലായുധന്‍, അഡ്വ. പ്രഹ്ലാദന്‍, വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍, ചരിത്രകാരന്‍ എന്‍ കെ ജോസ്, ചെറുവയ്ക്കല്‍ അര്‍ജുനന്‍, കെ വി പത്മനാഭന്‍, പി എം വിനോദ്, പി വി ബാബു, രാജേശ്വരി സുഗതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെപിഎംഎസ് ജനറല്‍ സെക്രട്ടറി എന്‍ കെ നീലകണ്ഠന്‍ സ്വാഗതം പറഞ്ഞു. ശനിയാഴ്ച രാവിലെ 10ന് പ്രതിനിധിസമ്മേളനം ടി വി ബാബു ഉദ്ഘാടനംചെയ്യും. സമ്മേളനം ഞായറാഴ്ച സമാപിക്കും.

deshabhimani 210412

1 comment:

  1. കെപിഎംഎസിന്റെ 41-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുലയസംഗമം തലസ്ഥാനത്ത് അധഃസ്ഥിതവര്‍ഗ മുന്നേറ്റത്തിന്റെ പുതിയ ചരിത്രമെഴുതി. പുത്തരിക്കണ്ടം മൈതാനം, അയ്യന്‍കാളി സ്ക്വയര്‍ എന്നിവിടങ്ങളില്‍നിന്ന് റാലി ആരംഭിച്ചു. വാദ്യമേളങ്ങളും കലാരൂപങ്ങളും അണിനിരന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കാളികളായി. സാമൂഹ്യനീതിക്കും അവസരസമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ദൃഢപ്രതിജ്ഞയുമായി സംഘബോധത്തോടെ അണിനിരന്ന പ്രവര്‍ത്തകര്‍ നഗരവീഥികളില്‍ ആവേശത്തിന്റെ കുത്തൊഴുക്ക് സൃഷ്ടിച്ചു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനംചെയ്തു.

    ReplyDelete