Tuesday, April 10, 2012

മരുന്നുവില കുതിച്ചുയരും


സാധാരണക്കാരെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് മരുന്നുവില കുതിച്ചുയരും. ഈയാഴ്ച തന്നെ 10 മുതല്‍ 12 ശതമാനംവരെ വില ഉയരുമെന്നാണ് സൂചന. കേന്ദ്രബജറ്റില്‍ സേവനികുതിയിലും എക്സൈസ്, കസ്റ്റംസ് തീരുവകളിലുമുണ്ടായ കുതിച്ചുകയറ്റവും സംസ്ഥാന ബജറ്റില്‍ മൂല്യവര്‍ധിത നികുതിയില്‍ വരുത്തിയ വര്‍ധനയുമാണ് എല്ലാവിഭാഗം മരുന്നുകളുടെയും വില ഉയര്‍ത്തുക. മരുന്നുകമ്പനികള്‍ ഓരോ ഇനത്തിന്റെയും പുതിയ വില കണക്കാക്കി വിതരണക്കാര്‍ക്ക് നല്‍കുന്ന മുറയ്ക്ക് വില കൂടും. ഇതിനുള്ള നടപടി അവസാനഘട്ടത്തിലാണെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ ഇനങ്ങളുടെയും വില സാധാരണക്കാര്‍ക്ക് പ്രാപ്യമായ തരത്തില്‍ നിയന്ത്രിക്കണമെന്ന് സാമൂഹ്യസംഘടനകളും ജനങ്ങളും ആവശ്യപ്പെടുന്നതിനിടയിലാണ് പുതിയ വിലവര്‍ധന. മരുന്നുവില നിയന്ത്രിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദവും പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണിത്. സംസ്ഥാന ബജറ്റില്‍ മൂല്യവര്‍ധിത നികുതിയുടെ ഒരുശതമാനം വര്‍ധിപ്പിച്ചത് മരുന്നുവില കൂട്ടും. ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്‍സുലിന്‍ ഇന്‍ജക്ഷനായ "ഹ്യൂമന്‍ മിക്സ്റ്റാര്‍ഡി"ന് നിലവില്‍ 169 രൂപയാണ് വില. പുതുക്കിയ നിരക്കില്‍ ഇത് 190 രൂപയോളമാവും. മരുന്നുവില നിയന്ത്രണത്തില്‍ ശേഷിക്കുന്ന നിയന്ത്രണംകൂടി എടുത്തുകളയാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കമാണ് വ്യക്തമാകുന്നത്. മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റഴിയുന്ന മൂന്ന് ബ്രാന്‍ഡുകളുടെ വിലയുടെ ശരാശരിയുടെ കീഴില്‍ മറ്റു മരുന്നുകളുടെ വില കൊണ്ടുവരാന്‍ നിര്‍ദേശിക്കുന്ന 2011ലെ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ് പോളിസി നടപ്പാക്കുന്നതോടെ മരുന്നുകളുടെ വില പൂര്‍ണമായും കമ്പോളത്തിനു കീഴിലാകും. ഡിസംബര്‍ ആദ്യം ഈ രീതിയിലുള്ള വില നിര്‍ണയം നിലവില്‍വരുമെന്നാണറിയുന്നത്. അടിസ്ഥാനമരുന്നുകളുടെ വില നിയന്ത്രിക്കാതെ അവയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകളുടെ വില മാത്രം നിയന്ത്രിക്കാനുള്ള നീക്കവും വന്‍ കുത്തകകളെ സഹായിക്കാനാണ്.
(പി പി അബൂബക്കര്‍)

deshabhimani 100412

1 comment:

  1. സാധാരണക്കാരെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് മരുന്നുവില കുതിച്ചുയരും. ഈയാഴ്ച തന്നെ 10 മുതല്‍ 12 ശതമാനംവരെ വില ഉയരുമെന്നാണ് സൂചന. കേന്ദ്രബജറ്റില്‍ സേവനികുതിയിലും എക്സൈസ്, കസ്റ്റംസ് തീരുവകളിലുമുണ്ടായ കുതിച്ചുകയറ്റവും സംസ്ഥാന ബജറ്റില്‍ മൂല്യവര്‍ധിത നികുതിയില്‍ വരുത്തിയ വര്‍ധനയുമാണ് എല്ലാവിഭാഗം മരുന്നുകളുടെയും വില ഉയര്‍ത്തുക. മരുന്നുകമ്പനികള്‍ ഓരോ ഇനത്തിന്റെയും പുതിയ വില കണക്കാക്കി വിതരണക്കാര്‍ക്ക് നല്‍കുന്ന മുറയ്ക്ക് വില കൂടും. ഇതിനുള്ള നടപടി അവസാനഘട്ടത്തിലാണെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

    ReplyDelete