Tuesday, April 10, 2012

സംസ്ഥാന കമ്മിറ്റിയില്‍ സംഘര്‍ഷം; ഹൈബിക്ക് രൂക്ഷവിമര്‍ശം


കൊച്ചി: സംഘടനയില്‍ ഗ്രൂപ്പിസം വളര്‍ത്തുന്ന ഹൈബി ഈഡന്‍ എംഎല്‍എക്കെതിരെ കെഎസ്യു സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശം. ഗ്രൂപ്പ് പോര് മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ കെ അജ്മലിന്റെ രാജിയില്‍ കലാശിച്ച സാഹചര്യത്തില്‍ ഹൈബി നേതൃത്വം നല്‍കുന്ന വിശാല ഐ വിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്നും വി ഡി സതീശന്‍ വിഭാഗവും എ ഗ്രൂപ്പും യോഗത്തില്‍ ആവശ്യപ്പെട്ടു. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും രംഗത്തുവന്നതോടെ യോഗം മൂന്നുവട്ടം കൈയാങ്കളിയുടെ വക്കോളമെത്തി. ചേരിതിരിഞ്ഞ് ഏറ്റുമുട്ടാനൊരുങ്ങിയ സംസ്ഥാന കമ്മിറ്റിയംഗങ്ങളെ ദേശീയ നേതാക്കള്‍ ഇടപെട്ടാണ് ശാന്തരാക്കിയത്. കെഎസ്യു ചുമതലയുള്ള എന്‍എസ്യു സെക്രട്ടറി തരംഗ ഗൊഗോയ്, എന്‍എസ്യു വൈസ് പ്രസിഡന്റ് റോജി ജോണി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ജില്ലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായില്ല. തുടര്‍ന്ന് പ്രശ്നപരിഹാരം ദേശീയ നേതൃത്വത്തിനു വിട്ടു. തങ്ങളുടെ വാദങ്ങള്‍ നിരത്തി പ്രവര്‍ത്തകര്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ദേശീയ നേതൃത്വത്തിന് പരാതികള്‍ കൈമാറി.
മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ കെ അജ്മലിനെയും സംഘത്തെയും മര്‍ദിച്ച സംഭവത്തില്‍ ഹൈബിക്ക് വ്യക്തമായ പങ്കുണ്ടെന്ന് വി ഡി സതീശന്‍ വിഭാഗം യോഗത്തില്‍ വ്യക്തമാക്കി. ക്യാമ്പസുകളില്‍ ഗ്രൂപ്പിസം വളര്‍ത്താന്‍ പ്രവര്‍ത്തകരെ ഹൈബി ഉപയോഗിക്കുകയാണെന്നും മഹാരാജാസ് ചെയര്‍മാന്‍ രാജിവച്ച സംഭവത്തില്‍ ഹൈബിയെ വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. എംഎല്‍എയുടെ അറിവോടെ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഗുണ്ടാപ്രവര്‍ത്തനത്തിനെതിരെ യോഗത്തില്‍ പൊതുവികാരമുയര്‍ന്നു. പ്രവര്‍ത്തകരെ പരസ്യമായി മര്‍ദിച്ച ഐ വിഭാഗക്കാരെ സംരക്ഷിക്കാന്‍ ഹൈബി ശ്രമിക്കുകയാണെന്നും വിമര്‍ശമുയര്‍ന്നു. അജ്മലിനെയും സംഘത്തെയും മര്‍ദിച്ച ഐ വിഭാഗക്കാരായ ജില്ല പ്രസിഡന്റ് ടിറ്റു ആന്റണി, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സബീര്‍ മുട്ടം എന്നിവരെ പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നു. ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ജില്ല വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ 60 യൂണിറ്റ് പ്രസിഡന്റുമാരുള്‍പ്പെടെ 230 തെരഞ്ഞെടുത്ത പ്രതിനിധികള്‍ സംഘടന വിടുമെന്ന് വി ഡി സതീശന്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ ടിറ്റു ആന്റണിക്കും അബ്ദുള്‍ സബീറിനുമെതിരെ നടപടി വേണമെന്ന് സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടായാല്‍ വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ചീഫ് വിപ്പ് പി സി ജോര്‍ജിനെ നിയന്ത്രിക്കാന്‍ കെപിസിസി നേതൃത്വം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. സംഘടനയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് എല്ലാവരില്‍നിന്നും തെളിവെടുത്തതായി തരംഗ ഗൊഗോയ് പറഞ്ഞു. വിവരങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും എന്‍എസ്യുവായിരിക്കും തുടര്‍നടപടിയെടുക്കുകയെന്നും ഗൊഗോയ് മാധ്യമങ്ങളോടു പറഞ്ഞു.

deshabhimani 100412

1 comment:

  1. സംഘടനയില്‍ ഗ്രൂപ്പിസം വളര്‍ത്തുന്ന ഹൈബി ഈഡന്‍ എംഎല്‍എക്കെതിരെ കെഎസ്യു സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശം. ഗ്രൂപ്പ് പോര് മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ കെ അജ്മലിന്റെ രാജിയില്‍ കലാശിച്ച സാഹചര്യത്തില്‍ ഹൈബി നേതൃത്വം നല്‍കുന്ന വിശാല ഐ വിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്നും വി ഡി സതീശന്‍ വിഭാഗവും എ ഗ്രൂപ്പും യോഗത്തില്‍ ആവശ്യപ്പെട്ടു. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും രംഗത്തുവന്നതോടെ യോഗം മൂന്നുവട്ടം കൈയാങ്കളിയുടെ വക്കോളമെത്തി. ചേരിതിരിഞ്ഞ് ഏറ്റുമുട്ടാനൊരുങ്ങിയ സംസ്ഥാന കമ്മിറ്റിയംഗങ്ങളെ ദേശീയ നേതാക്കള്‍ ഇടപെട്ടാണ് ശാന്തരാക്കിയത്.

    ReplyDelete