Monday, April 9, 2012

ഇവിടെ മുസ്ലിം യുവാക്കള്‍ക്ക് ഉറക്കമില്ലാ രാവുകള്‍

ആത്മഹത്യാക്കുറിപ്പില്‍ മുഹമ്മദ് അലി എഴുതി- ""ഞാന്‍ നിരപരാധിയാണ്. കടയില്‍ ജോലിചെയ്ത് ജീവിക്കുന്ന എന്നെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നു. എനിക്ക് വയ്യ, ഇനി ജീവിക്കാന്‍"". പൊലീസ് പീഡനം സഹിക്കവയ്യാതെ ആത്മഹത്യചെയ്ത ചെറുപ്പക്കാരന്റെ മരണക്കുറിപ്പിനെക്കുറിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പെനുമല്ലി മധുവാണ് പറഞ്ഞത്. കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയില്‍ മുസ്ലിം യുവാക്കളെ തീവ്രവാദികളായി മുദ്രകുത്തി പീഡിപ്പിക്കുന്ന കഥ ആരെയും ഞെട്ടിപ്പിക്കുന്നത്. 11 പേര്‍ കൊല്ലപ്പെട്ട 2007ലെ മക്ക മസ്ജിദ് സ്ഫോടനത്തിനുശേഷം ഹൈദരാബാദിലെ മുസ്ലിം യുവാക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. നാലുവര്‍ഷം കഴിഞ്ഞിട്ടും അസ്വസ്ഥതയ്ക്ക് കുറവില്ല.

ഈ പുരാതന നഗരത്തില്‍ 20 ലക്ഷത്തോളം മുസ്ലിങ്ങളുണ്ട്. സ്ഫോടനത്തിനുപിറകില്‍ മുസ്ലിം തീവ്രവാദികളാണെന്ന് പ്രചരിപ്പിച്ചാണ് തുടക്കത്തില്‍ യുവാക്കളെ പൊലീസ് വേട്ടയാടിയത്. നിരപരാധികളെ പൊലീസ് അറസ്റ്റുചെയ്ത് പീഡിപ്പിച്ചു. സ്ഫോടനത്തിനുപിറകില്‍ ഹിന്ദുസംഘടനകളാണെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞിട്ടും രക്ഷയില്ല. സദാസമയവും ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കേണ്ടിവരുന്ന അവസ്ഥ. എല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. കുടുംബത്തിലേക്ക് പുറമെനിന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ വന്നാല്‍ അന്വേഷണവും ചോദ്യംചെയ്യലും പിന്നാലെവരും. പൊലീസിന്റെ ഗുണ്ടാപ്പട്ടികയില്‍ മുസ്ലിം യുവാക്കളുടെ പേരുകളാണ്. ഈ പട്ടിക ആറുമാസം കൂടുമ്പോള്‍ പരിശോധിച്ച് കുഴപ്പമുണ്ടാക്കാത്തവരെ ഒഴിവാക്കണമെന്നുണ്ട്. എന്നാല്‍, പട്ടികയില്‍പ്പെട്ടവര്‍ പെട്ടതുതന്നെ. അവര്‍ക്ക് മോചനമില്ല. ആഴ്ചയിലൊരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം. നാട്ടില്‍ എന്തുപ്രശ്നമുണ്ടായാലും ഇവരെ പിടിച്ചുകൊണ്ടുപോകും. ഉത്സവം ഹിന്ദുവിന്റേതോ മുസ്ലിമിന്റേതോ ആയാലും പട്ടികയിലുള്ളവര്‍ പൊലീസിന്റെ കണ്‍വെട്ടത്ത് വേണം.

പൊലീസ് ഭീകരതയ്ക്കെതിരെ സിപിഐ എം ശക്തമായ നിലപാട് സ്വീകരിച്ചു. മുസ്ലിം യുവാക്കള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്ന് സിപിഐ എം രംഗത്തുവന്നു. പൊലീസിന്റെ ഇടപെടലിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. ഈ മേഖലയില്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് സിപിഐ എം നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന "ആവാസ്" എന്ന സംഘടനയും സജീവമാണ്. പൊലീസ് ഭീകരതയ്ക്കൊപ്പം പാവപ്പെട്ട മുസ്ലിങ്ങളുടെ മനസ്സമാധാനം ഇല്ലാതാക്കുന്ന ബ്ലേഡുമാഫിയയും സജീവമാണ്. പണം കടംകൊടുക്കുന്ന ഈ സംഘങ്ങള്‍ കൊള്ളപ്പലിശ ഈടാക്കുന്നു. ഗുണ്ടകളെ വിട്ട് പണം പിരിക്കുന്ന ഇവര്‍ക്ക് മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എംഐഎം) എന്ന മുസ്ലിം സംഘടനയുടെ പിന്തുണയുണ്ട്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുത്തിട്ട് കാര്യമില്ല. പൊലീസ് പിന്തുണയോടെയാണ് ഗുണ്ടാപ്പിരിവ്. സിപിഐ എമ്മിന്റെ ജനകീയ ഇടപെടലില്‍ ഈ സംഘടനയ്ക്ക് അസഹിഷ്ണുതയുണ്ട്. തന്നെ പലതവണ ഈ സംഘം ആക്രമിച്ചതായി പാര്‍ടി ആന്ധ്രപ്രദേശ് സെക്രട്ടറിയറ്റ് അംഗംകൂടിയായ മധു പറഞ്ഞു.
(ആര്‍ രഞ്ജിത്)

deshabhimani 090412

1 comment:

  1. ആത്മഹത്യാക്കുറിപ്പില്‍ മുഹമ്മദ് അലി എഴുതി- ""ഞാന്‍ നിരപരാധിയാണ്. കടയില്‍ ജോലിചെയ്ത് ജീവിക്കുന്ന എന്നെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നു. എനിക്ക് വയ്യ, ഇനി ജീവിക്കാന്‍"". പൊലീസ് പീഡനം സഹിക്കവയ്യാതെ ആത്മഹത്യചെയ്ത ചെറുപ്പക്കാരന്റെ മരണക്കുറിപ്പിനെക്കുറിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പെനുമല്ലി മധുവാണ് പറഞ്ഞത്. കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയില്‍ മുസ്ലിം യുവാക്കളെ തീവ്രവാദികളായി മുദ്രകുത്തി പീഡിപ്പിക്കുന്ന കഥ ആരെയും ഞെട്ടിപ്പിക്കുന്നത്. 11 പേര്‍ കൊല്ലപ്പെട്ട 2007ലെ മക്ക മസ്ജിദ് സ്ഫോടനത്തിനുശേഷം ഹൈദരാബാദിലെ മുസ്ലിം യുവാക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. നാലുവര്‍ഷം കഴിഞ്ഞിട്ടും അസ്വസ്ഥതയ്ക്ക് കുറവില്ല.

    ReplyDelete