Monday, April 9, 2012

അയിത്തത്തിനും ജാതീയതക്കും ചൂഷണത്തിനും എതിരെ

അയിത്തത്തിനും ജാതീയതയ്ക്കുമെതിരെ ആന്ധ്ര

""നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാര്‍ ജാതീയതയും അയിത്തവും കുടഞ്ഞെറിയാന്‍ നിങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ക്കുമുമ്പേ കഴിഞ്ഞു. എന്നാല്‍ സാമൂഹ്യമായ അടിച്ചമര്‍ത്തലുകളുടെ നീചരൂപം കാണണമെങ്കില്‍ ആന്ധ്രപ്രദേശിലേക്ക് വരൂ. അവിടെ ഗ്രാമങ്ങളിലെ ചായക്കടകളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും വെവ്വേറെ ഗ്ലാസുകളിലാണ് ചായ നല്‍കുക.""-ആന്ധ്രപ്രദേശില്‍ അയിത്തോച്ചാടനത്തിനായി പ്രവര്‍ത്തിക്കുന്ന കെവിപിഎസ് (കുലവിവക്ഷ വ്യതിരേകപോരാട്ട സംഘം) നേതാവ് ജോണ്‍ വെസ്ലി ആന്ധ്രപ്രദേശിലെ ഗ്രാമങ്ങളിലെ ദുഃസ്ഥിതി വിവരിക്കുകയാണ്.

ദളിതനാണെങ്കില്‍ അവിടെ ചായക്കടകളില്‍ ചായകുടിക്കുന്നതിന് മുമ്പും ശേഷവും ഗ്ലാസ് കഴുകണം. കമ്മ, റെഡ്ഡി സമുദായക്കാര്‍ ബെഞ്ചിലിരിക്കുമ്പോള്‍ മാഡിഗ, മാല വിഭാഗക്കാര്‍ നിലത്തിരിക്കണം. ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഭക്ഷണം പ്ലെയ്റ്റില്‍ നല്‍കുമ്പോള്‍ ദളിതര്‍ക്ക് ഭക്ഷണം കടലാസില്‍. പൊതുകിണറിലെ വെള്ളമെടുത്താല്‍ ദളിതര്‍ക്ക് ശിക്ഷ ഉറപ്പ്. ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനമില്ല. വിനായക ചതുര്‍ഥി, ദസറ ആഘോഷങ്ങള്‍ക്കും അടുപ്പിക്കില്ല. അടിച്ചമര്‍ത്തല്‍ ശക്തമാവുമ്പോള്‍ ചെറുത്തുനില്‍പ്പും ശക്തമാവണമെന്നാണ് പ്രകൃതി നിയമം. എന്നാല്‍ അടുത്തകാലംവരെ കാര്യമായ എതിര്‍പ്പ് ഒന്നുമുണ്ടായില്ല. എല്ലാം സഹിച്ച ദളിതര്‍ സംഘംചേരുന്ന കാഴ്ചയാണ് ഇന്ന് ആന്ധ്രപ്രദേശിലെങ്ങും. 1989ല്‍സിപിഐ എം ആഭിമുഖ്യത്തില്‍ രൂപംനല്‍കിയ കെവിപിഎസ് ആണ് ഈ പോരാട്ടത്തിന്റെ കുന്തമുന. വടക്കന്‍ ജില്ലകളിലും രായലസീമ, തെലങ്കാന മേഖലകളിലുമാണ് അയിത്താചരണം ഏറ്റവും രൂക്ഷം. അവിടെത്തന്നെയാണ് കെവിപിഎസ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്.

സിപിഐ എം ഈ പ്രശ്നത്തില്‍ ഇടപെടാനാരംഭിച്ചത് ദീര്‍ഘമായ തയ്യാറെടുപ്പുകള്‍ക്കുശേഷം. കെവിപിഎസ് സംസ്ഥാന മൊട്ടുക്ക് സര്‍വെ നടത്തി. 56തരം അയിത്താചരണം കണ്ടെത്തി. സര്‍വെ അടിസ്ഥാനമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായിരുന്നു ആദ്യഘട്ടം. തുടര്‍ന്ന് സമരം. 270 ഗ്രാമങ്ങളില്‍ ദളിതരെയും കൂട്ടി ക്ഷേത്രപ്രവേശനം. പട്ടികവിഭാഗക്കാരുടെ ഹോസ്റ്റലുകളിലെ ശോച്യാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചാണ് സമരചരിത്ത്രിലെ തിളങ്ങുന്ന മറ്റൊരധ്യായം. എസ്സി/എസ്ടി ഉപപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യവുമായുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി ബി വി രാഘവ്ലു 2007ല്‍ നടത്തിയ ആറുദിവസത്തെ നിരാഹാര സമരം സംസ്ഥാനത്ത് വലിയ ചലനമുണ്ടാക്കി. എല്ലാ പ്രധാന രാഷ്ട്രീയപാര്‍ടികളും ഈ സമരത്തെ പിന്തുണച്ചു. ഏറ്റവുമൊടുവില്‍ രണ്ടുമാസം മുമ്പ് സംസ്ഥാനത്തെ എല്ലാ ദളിത് കോളനികളിലേക്കും 72 ദിവസം നീണ്ടുനിന്ന സൈക്കിള്‍ യാത്രക്ക് രാഘവ്ലുവും ടി വീരഭദ്രവും നേതൃത്വംനല്‍കി. ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഇടപെടലുകള്‍ സിപിഐ എമ്മിന്റെ ശക്തി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ജോണ്‍ വെസ്ലി പറഞ്ഞു.
(എന്‍ എസ് സജിത്)

രാജസ്ഥാനില്‍ ആദിവാസികള്‍ ഉണരുന്നു

ജാതീയമായ അടിച്ചമര്‍ത്തലും അവഗണനയും മാത്രം കൈമുതലായുള്ള ഒരു സമൂഹം ഉണരുകയാണ് രാജസ്ഥാനില്‍, പോരാട്ടത്തിന്റെ ചൂടിലേക്ക്. ദക്ഷിണരാജസ്ഥാനിലെ വിവിധ ജില്ലകളില്‍ അധിവസിക്കുന്ന ആദിവാസി സമൂഹമാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്. തങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ ചാട്ടവാറടിയുമായെത്തുന്ന ഭൂപ്രഭുക്കന്മാരെയും ജന്മിമാരെയും കൂസാതെയാണ് ഇവരുടെ മുന്നേറ്റം. "ആദിവാസി ജനാധികാര്‍ ഏകമഞ്ചി"ന്റെ കീഴിലാണ് സമരം. ഉദയ്പുര്‍, ദുംഗാര്‍പുര്‍, ബാന്‍സ്വാഡ, പ്രതാപ്ഗഡ്, സിരോഹി ജില്ലകളിലാണ് ആദിവാസി ജനാധികാര്‍ ഏകമഞ്ചിന്റെ കീഴില്‍ മാറ്റത്തിന്റെ അലയൊലികള്‍ മുഴങ്ങുന്നതെന്ന് സിപിഐ എം രാജസ്ഥാന്‍ സംസ്ഥാന കമ്മിറ്റി അംഗം ഗൗതം ദാമോര്‍ പറഞ്ഞു.

ഭൂപ്രഭുക്കന്മാരുടെ കീഴില്‍ അടിമകളെപ്പോലെയാണ് ആദിവാസി സമൂഹം. ആര്‍എസ്എസ്- വനവാസി കല്യാണ്‍ പരിഷത്ത് പ്രവര്‍ത്തകരെല്ലാം ജന്മിമാരുടെ പിണിയാളുകള്‍. മര്‍ദനവും അടിമപ്പണിയും നിത്യസംഭവം. ആദിവാസികളെ തുരത്തി വനം കൈയേറാനും ആര്‍എസ്എസിന്റെ സഹായമുണ്ട് ജന്മിമാര്‍ക്ക്. ആദിവാസിമേഖലയില്‍ പേരിനുമാത്രമാണ് ഇപ്പോള്‍ വിദ്യാലയങ്ങളുള്ളത്. ഇവിടെ അധ്യാപകരില്ല. ഉന്നതപഠനത്തിനുള്ള സാധ്യതകളും കുറവാണ്. സ്കോളര്‍ഷിപ്പും ഹോസ്റ്റല്‍ സൗകര്യവും മറ്റും നല്‍കി ആദിവാസികുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആദിവാസി ജനാധികാര്‍ ഏകമഞ്ച്.

പട്ടിണിമേഖലയായി അറിയപ്പെടുന്ന ദക്ഷിണരാജസ്ഥാനിലെ എഴുപതുശതമാനത്തോളം കുഞ്ഞുങ്ങളാണ് പോഷകാഹാരമില്ലാതെ നരകിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കുന്നതിന് പ്രക്ഷോഭങ്ങളിലൂടെയും മറ്റും ഭരണാധികാരികളില്‍ സമ്മര്‍ദംചെലുത്തുകയാണ് സിപിഐ എമ്മെന്ന് ഗൗതം പറഞ്ഞു. ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും വനസംരക്ഷണ നിയമത്തിനുവേണ്ടിയുമുള്ള പോരാട്ടത്തിന് സിപിഐ എമ്മിന്റെ ശക്തമായ പിന്തുണ ആദിവാസി സമൂഹത്തിനുണ്ട്. നിയമസഭയില്‍ സിപിഐ എം എംഎല്‍എമാരും ഇക്കാര്യം നിരന്തരം ഉന്നയിക്കുന്നുണ്ടെന്നും ഗൗതം ദാമോര്‍ പറഞ്ഞു.
(സിനോവ് സത്യന്‍)

ദളിത് സ്ത്രീകള്‍ നേരിടുന്നത് കൊടിയ ചൂഷണം

""സ്ത്രീകള്‍ ഇരട്ടച്ചൂഷണത്തിന് വിധേയരാകുന്നതിനെക്കുറിച്ചേ നിങ്ങള്‍ കേട്ടുകാണൂ. എന്നാല്‍, വ്യവസ്ഥയുടെ ചൂഷണത്തിനുപുറമെ സ്ത്രീയെന്ന നിലയിലും ദളിത് എന്ന നിലയിലും ചൂഷണത്തിനിരയാകുന്നവരോടൊപ്പമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്."" മധ്യപ്രദേശിലെ പ്രമുഖ നഗരങ്ങളിലെ ഗാര്‍ഹികത്തൊഴിലാളികളെ സമരസജ്ജരാക്കുന്ന മഹിളാ അസോസിഷേന്‍ നേതാവ് സന്ധ്യ ശൈലി പറയുന്നു.

ഗാര്‍ഹികതൊഴിലില്‍ ഏര്‍പ്പെട്ടവരോട് കള്ളം പറയാനാണ് ഞങ്ങള്‍ ഉപദേശിക്കുക. തൊഴിലിന് ചേരുമ്പോള്‍ മുതലാളി പേര് ചോദിക്കും. പിന്നെ ജാതിയേതെന്നും. ദളിത് ജാതിപ്പേരുണ്ടെങ്കില്‍ തൊഴിലെടുക്കാന്‍ സമ്മതിക്കില്ല. പലരും ഈ പ്രശ്നം അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍, ജാതിപ്പേര് മാറ്റിപ്പറയാതെ തരമില്ല. പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ ഒരു കള്ളം പറയുന്നതില്‍ തെറ്റില്ലെന്ന് അവരും പറയും. മധ്യപ്രദേശിലെ സ്ത്രീകള്‍ നേരിടുന്ന നീറുന്നപ്രശ്നങ്ങളിലൊന്നുമാത്രമാണിതെന്ന് സന്ധ്യ ശൈലി പറയുന്നു.

ബിജെപി ഭരണത്തിന്‍കീഴില്‍ ശക്തിപ്പെട്ട മാഫിയയും പൊലീസും എല്ലാ സ്ത്രീപീഡകരെയും സംരക്ഷിക്കുകയാണ്. രണ്ടാഴ്ചമുമ്പ് മൊറേന ജില്ലയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പരാതി നല്‍കിയ അമ്മയെ വീട്ടില്‍ കയറി വെട്ടി കൊന്നു. സംഭവത്തില്‍ നടപടിയെടുക്കാതെ കൊലപാതകികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് പൊലീസ്. സ്ത്രീകളുടെ പ്രത്യേകിച്ച് ദളിത് സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാര്യമായി ഇടപെടുന്നുണ്ട്. പല ജില്ലയിലും സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ ആള്‍ബലമില്ലാത്ത പ്രശ്നമുണ്ട്. എങ്കിലും കിസാന്‍സഭ അടക്കമുള്ള സംഘടനകളുമായി സഹകരിച്ച് പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുന്നുണ്ട്. അകാലത്തില്‍ മരിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറി ശൈലേന്ദ്രശൈലിയുടെ ഭാര്യയാണ് സന്ധ്യ. ബാങ്ക് ഓഫീസറായിരുന്ന അവര്‍ ജോലി ഉപേക്ഷിച്ചാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തകയായത്. ഇപ്പോള്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം.

deshabhimani 090412

1 comment:

  1. ""നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാര്‍ ജാതീയതയും അയിത്തവും കുടഞ്ഞെറിയാന്‍ നിങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ക്കുമുമ്പേ കഴിഞ്ഞു. എന്നാല്‍ സാമൂഹ്യമായ അടിച്ചമര്‍ത്തലുകളുടെ നീചരൂപം കാണണമെങ്കില്‍ ആന്ധ്രപ്രദേശിലേക്ക് വരൂ. അവിടെ ഗ്രാമങ്ങളിലെ ചായക്കടകളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും വെവ്വേറെ ഗ്ലാസുകളിലാണ് ചായ നല്‍കുക.""-ആന്ധ്രപ്രദേശില്‍ അയിത്തോച്ചാടനത്തിനായി പ്രവര്‍ത്തിക്കുന്ന കെവിപിഎസ് (കുലവിവക്ഷ വ്യതിരേകപോരാട്ട സംഘം) നേതാവ് ജോണ്‍ വെസ്ലി ആന്ധ്രപ്രദേശിലെ ഗ്രാമങ്ങളിലെ ദുഃസ്ഥിതി വിവരിക്കുകയാണ്.

    ReplyDelete