Monday, April 9, 2012

പ്രതിലോമശക്തികളെ ജനങ്ങളെ അണിനിരത്തി നേരിടും: മണിക്


ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെയും പ്രതിലോമശക്തികളുടെയും ശ്രമങ്ങള്‍ ജനങ്ങളുടെ പിന്തുണയോടെ പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ ദേശാഭിമാനിയോട് പറഞ്ഞു. പശ്ചിമബംഗാളില്‍ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ മുതല്‍ ത്രിപുരയിലെ പ്രതിലോമശക്തികള്‍ ആഹ്ളാദത്തിലായിരുന്നു. ത്രിപുര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഇത് നല്ല സമയമാണെന്ന് അവര്‍ കരുതിക്കാണും. എന്നാല്‍ അവരുടെ ആഹ്ളാദത്തിന് അധികം ആയുസ്സുണ്ടായില്ല. ത്രിപുരയില്‍ പുതിയ സ്ഥിതിവിശേഷമാണ് ഉടലെടുക്കുന്നത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് കൂടുതല്‍ ക്ഷീണിക്കുകയാണ്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെക്കുറിച്ച് അറിയാം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമാണ് ഇന്നത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും കാര്‍ഷികത്തകര്‍ച്ചയുമെല്ലാം. ത്രിപുരയില്‍ അവര്‍ ഭരിച്ചപ്പോഴത്തെ അനുഭവവും ജനങ്ങള്‍ മറക്കില്ല. സിപിഐ എമ്മും ഇടതുപക്ഷവും ത്രിപുരയില്‍ കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കുകയാണ്. ഇതാണ് പുതിയ സ്ഥിതിവിശേഷം.

ചോദ്യം: ബംഗാളില്‍ ഇടതുപക്ഷത്തെ താഴയിറക്കിയശേഷം പ്രതിലോമ ശക്തികള്‍ ത്രിപുരയെ ലക്ഷ്യമാക്കിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. എങ്ങനെയാണ് ഇതിനെ നേരിടുക? 

മണിക് സര്‍ക്കാര്‍: ഇത്തരം വെല്ലുവിളികളൊന്നും ആദ്യമല്ല. ത്രിപുരയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതുമുതല്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതിലോമശക്തികള്‍. തീവ്രവാദികളെയും വിധ്വംസക ശക്തികളെയും വിഭജനവാദികളെയുമെല്ലാം കോണ്‍ഗ്രസ് ഉപയോഗിച്ചു. അവര്‍ ലഹളകള് സംഘടിപ്പിച്ചു. വംശീയവിഭജനം ഉണ്ടാക്കാന്‍ ശ്രമിച്ചു. അര്‍ധഫാസിസ്റ്റ് രീതിയില്‍ അക്രമങ്ങള്‍ സംഘടിപ്പിച്ചു. ജനങ്ങളുടെ പിന്തുണയോടെ എല്ലാം ഞങ്ങള്‍ അതിജീവിച്ചു. വിഭജനവാദികളെ അമര്‍ച്ചചെയ്യുന്നതില്‍ ത്രിപുര സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് തന്നെ പ്രശംസിച്ചു. മറ്റു സംസ്ഥാനങ്ങള്‍ ത്രിപുരയെ മാതൃകയാക്കണമെന്നാണ് അവര്‍ നിര്‍ദേശിക്കുന്നത്.

ചോദ്യം: പല മേഖലകളിലും ഇപ്പോഴും ത്രിപുര പിന്നോക്കമാണ്. ഇതിനെ എങ്ങനെയാണ് മറികടക്കുക? 

മണിക്: ത്രിപുര പിന്നോക്കമായതിന് ജനങ്ങളെയോ പാര്‍ടിയെയോ പഴിക്കാനാവില്ല. സ്വാതന്ത്ര്യത്തിനുശേഷം അധികകാലവും കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസാണ്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നോക്കമായിരുന്നു ത്രിപുര. എന്നാല്‍, ഇടതുപക്ഷ ഗവണ്‍മെന്റിന്റെ പ്രയത്നഫലമായി സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സാക്ഷരതയില്‍ ത്രിപുര നാലാം സ്ഥാനത്താണ്. ഉന്നതവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ധാരാളം സ്ഥാപനങ്ങള്‍ വന്നു. പുതിയ മെഡിക്കല്‍ കോളേജുകളും സ്ഥാപിച്ചു. വൈദ്യുതിയുടെ കാര്യത്തില്‍ എട്ടോ പത്തോ മാസം കൊണ്ട് ത്രിപുര മിച്ചസംസ്ഥാനമാകും. 726 മെഗാവാട്ടിന്റെ തെര്‍മല്‍ പ്ലാന്റ് ഉടനെ പൂര്‍ത്തിയാകും. 104 മെഗാവാട്ടിന്റെ മറ്റൊരു പ്ലാന്റും വരുന്നുണ്ട്. വൈദ്യുതി വരുന്നതോടെ, വ്യവസായ മേഖലയില്‍ പുതിയ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊക്കെയാണെങ്കിലും അലസത പാടില്ലെന്ന് ഇടതുപക്ഷത്തിന് ബോധ്യമുണ്ട്. ഗോത്രവര്‍ക്കാരും പട്ടികജാതിക്കാരും ചേര്‍ന്നാല്‍ ജനസംഖ്യയില്‍ 48 ശതമാനമായി. അവരുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണം. വിഭജനവാദികളുടെയും തീവ്രവാദികളുടെയും കേന്ദ്രങ്ങള്‍ അതിര്‍ത്തിക്കപ്പുറത്ത് ബംഗ്ലാദേശിലാണ്. വിഭജനവാദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ബംഗ്ലാദേശ് എടുക്കുന്നില്ലെന്നത് ആശ്വാസകരമാണ്.
(പി പി അബൂബക്കര്‍)

deshabhimani 090412

No comments:

Post a Comment