Wednesday, April 18, 2012

സിപിഐ എമ്മിനെ സാമൂഹ്യമായി ബഹിഷ്കരിക്കണമെന്ന് തൃണമൂല്‍


ബംഗാളില്‍ സിപിഐ എമ്മിനെ സാമൂഹ്യമായി ബഹിഷ്കരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഹ്വാനം. ഇടതുമുന്നണി പ്രവര്‍ത്തകരുമായി, പ്രത്യേകിച്ച് സിപിഐ എം പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്താനോ സംസാരിക്കാനോ പാടില്ല, വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയോ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുത് തുടങ്ങിയ കര്‍ശന നിര്‍ദേശമാണ് തൃണമൂല്‍ നേതൃത്വം അണികള്‍ക്ക് നല്‍കിയത്. സംസ്ഥാന ഭക്ഷ്യ-പൊതുവിതരണമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്ക് ആണ് ഉത്തര 24 പര്‍ഗാനാസ് ജില്ലയില്‍ പൊതുയോഗത്തില്‍വച്ച് സിപിഐ എമ്മിനെതിരെ താലിബാന്‍മാതൃകയില്‍ ഫത്വ പുറപ്പെടുവിച്ചത്. മന്ത്രിയുടെ വിചിത്ര നിര്‍ദേശത്തിനെതിരെ തൃണമൂല്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ടികളും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തെത്തി.

സിപിഐ എം പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തുകയോ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നത് തൃണമൂലിന് ദോഷമുണ്ടാക്കുകയും സംഘടനയെ ക്ഷയിപ്പിക്കുകയും ചെയ്യുമെന്നാണ് മന്ത്രിയുടെ വാദം. സാമൂഹ്യമായി എല്ലാ മേഖലയിലും സിപിഐ എം പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തണം. ചായക്കടയില്‍ വച്ചുകണ്ടാല്‍ ഒരുമിച്ച് ചായ കുടിക്കുകയോ സംസാരിക്കുകയോ പോലും ചെയ്യരുതെന്നും മന്ത്രി നിര്‍ദേശിച്ചു.

വിചിത്രമായ ഇത്തരം നിര്‍ദേശത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികള്‍ കാടത്തമെന്ന് വിശേഷിപ്പിച്ചു. പരിഷ്കൃതസമൂഹത്തില്‍ നടക്കാന്‍പാടില്ലാത്ത കാര്യമാണിതെന്ന് കോണ്‍ഗ്രസ് നേതാക്കളായ അബ്ദുള്‍ മന്നന്‍, ഓംപ്രകാശ് മിശ്ര എന്നിവര്‍ പ്രതികരിച്ചു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തെ സാമൂഹ്യബന്ധങ്ങളും ആചാരങ്ങളും സൗഹൃദവുമായി ഇടകലര്‍ത്തി വ്യത്യസ്തത സൃഷ്ടിച്ചാല്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് ദോഷമാകുമെന്ന് പ്രശസ്ത എഴുത്തുകാരി സുചിത്രാ ഭട്ടാചര്യ പറഞ്ഞു.

"ഒരേ കുടുംബത്തില്‍ത്തന്നെ വ്യത്യസ്ത രാഷ്ട്രീയനിലപാടുള്ളവരുണ്ട്. തൃണമൂലിന്റെ ആഹ്വാനം നടപ്പാക്കിയാല്‍ കുടുംബവ്യവസ്ഥ പോലും തകരും. ബംഗാളില്‍ പരിവര്‍ത്തനത്തിന് വേണ്ടി വാദിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവിടെ നടക്കുന്ന പല പരിവര്‍ത്തനവും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയുന്നില്ല"-സുചിത്രാ ഭട്ടാചര്യ പറഞ്ഞു.
ജനാധിപത്യമൂല്യത്തിനും സാമൂഹ്യമര്യാദയ്ക്കും തൃണമൂല്‍ വില കല്‍പ്പിക്കുന്നില്ലെന്നാണ് ഇത്തരം പ്രസ്താവനകള്‍ തെളിയിക്കുന്നതെന്ന് സിപിഐ എം നേതാവ് മുഹമ്മദ് സലിം പറഞ്ഞു. ജാതി മത രാഷ്ട്രീയചിന്തകള്‍ക്കതീതമായി ജനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദവും ഐക്യവും തകര്‍ക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ അധികാരമേറ്റശേഷം നിരവധി സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കുകയും ആയിരക്കണക്കിനാളുകളെ വീടുകളില്‍നിന്ന് അടിച്ചോടിക്കുകയും ചെയ്തു. മന്ത്രിയുടെ ആഹ്വാനം തൃണമൂല്‍ അക്രമികള്‍ക്ക് കൂടുതല്‍ വീര്യം പകരും.
(ഗോപി)

deshabhimani 180412

1 comment:

  1. ബംഗാളില്‍ സിപിഐ എമ്മിനെ സാമൂഹ്യമായി ബഹിഷ്കരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഹ്വാനം. ഇടതുമുന്നണി പ്രവര്‍ത്തകരുമായി, പ്രത്യേകിച്ച് സിപിഐ എം പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്താനോ സംസാരിക്കാനോ പാടില്ല, വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയോ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുത് തുടങ്ങിയ കര്‍ശന നിര്‍ദേശമാണ് തൃണമൂല്‍ നേതൃത്വം അണികള്‍ക്ക് നല്‍കിയത്. സംസ്ഥാന ഭക്ഷ്യ-പൊതുവിതരണമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്ക് ആണ് ഉത്തര 24 പര്‍ഗാനാസ് ജില്ലയില്‍ പൊതുയോഗത്തില്‍വച്ച് സിപിഐ എമ്മിനെതിരെ താലിബാന്‍മാതൃകയില്‍ ഫത്വ പുറപ്പെടുവിച്ചത്

    ReplyDelete