Wednesday, April 11, 2012
വെള്ളത്തിന് വില കൂട്ടും: പ്രധാനമന്ത്രി
ഉപയോഗം പരിമിതപ്പെടുത്താന്‍ വെള്ളം, വൈദ്യുതി എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കുമെന്നും ജലമേഖലയിലെ നിയമങ്ങള്‍ അടിമുടി പരിഷ്കരിക്കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ജല വാരാഘോഷം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി വെള്ളത്തിന്റെ വാണിജ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം നടത്തിയത്. കുടിക്കാനും ഗാര്‍ഹിക, വ്യാവസായിക മേഖലയിലും കൃഷിക്കും വിനിയോഗിക്കുന്ന വെള്ളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും ജലനിയമങ്ങള്‍ പരിഷ്കരിക്കണമെന്നും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ജലവിഭവം കൈകാര്യംചെയ്യാനുള്ള പരിപാടി പ്രധാന വെല്ലുവിളിയായി പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ആസൂത്രണകമീഷന്‍ ഏറ്റെടുത്തിട്ടുണ്ട്. ഉപയോഗം കുറയ്ക്കാനും വിവിധ സംസ്ഥാനങ്ങള്‍ക്കിടയിലെ ജലവിതരണം തുല്യമാണെന്ന് ഉറപ്പുവരുത്താനുമുള്ള പ്രവര്‍ത്തനം ദേശീയ ജലമിഷന്‍ ആരംഭിച്ചു. പുതിയ ജലനയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജല മേഖലയിലെ ആസൂത്രണം, നിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമുള്ള വകുപ്പുകളും ഏജന്‍സികളും പുനഃസംഘടിപ്പിക്കണം. സംസ്ഥാനങ്ങളില്‍ ജലനിയന്ത്രണ അതോറിറ്റികള്‍ വേണം. സംസ്ഥാനങ്ങള്‍ക്കിടയിലെ ജലതര്‍ക്കങ്ങള്‍ പരിഹരിക്കാനും സഹകരണവും ഏകോപനവും വളര്‍ത്താനും ദേശീയ ഫോറം വേണമെന്നും കരട്നയം നിര്‍ദേശിക്കുന്നു.
ജലനിയമങ്ങള്‍ അടിയന്തരമായി പരിഷ്കരിക്കണം. യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കണം ആസൂത്രണവും വികസനവും നിര്‍വഹണവും. ദേശീയ തലത്തിലുള്ള മാര്ഗനിര്ദേശമനുസരിച്ചാകണം സംസ്ഥാനങ്ങളിലെ നിയമങ്ങള്‍. ജലവിനിയോഗ ശേഷിയില്‍ 20 ശതമാനം വര്ധനയുണ്ടാക്കണം. ജലവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിലും പുതിയ കാഴ്ചപ്പാട് വേണം. ഭഭൂഗര്ഭഭജല സംരക്ഷണത്തിന് ഊന്നല്‍ നല്‍കണം. നിലവില്‍ എല്ലാഭഭൂവുടമകള്ക്കും നിയന്ത്രണമില്ലാതെ ഭൂഗര്‍ഭജലം ചൂഷണം ചെയ്യാം. വൈദ്യുതി നിരക്ക് കുറവായതും ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിന് നിയന്ത്രണമില്ലാത്തതുമാണ് അമിതമായ ജലചൂഷണത്തിന് കാരണം. ഭൂഗര്ഭഭജലം പൊതുസ്വത്തായി കണ്ട് ഉപയോഗം നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ജലമേഖലയില്‍ വരുന്ന മാറ്റങ്ങളുടെ സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്. ജല ഉപയോഗത്തില്‍ നിയന്ത്രണവും ഉപയോഗമനുസരിച്ച് നിരക്കും ഏര്‍പ്പെടുത്തും. ജലസേചനസൗകര്യങ്ങള്ക്ക് സര്‍ക്കാര്‍ നിക്ഷേപം കുറയും. സ്വകാര്യപങ്കാളിത്തം കൂടും. ഉപയോക്താക്കളില്‍നിന്ന് പണം ഈടാക്കുകയും ചെയ്യും. സമ്പൂര്‍ണ വാണിജ്യവല്‍ക്കരണത്തിലൂടെ വെള്ളത്തില്‍ പൗരനുള്ള അവകാശം ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരും ആസൂത്രണ കമീഷനും ചേര്‍ന്ന് നടത്തുന്നത്.
(വി ജയിന്)
മണ്ണെണ്ണ വിഹിതം മൂന്നിലൊന്ന് വെട്ടിക്കുറച്ചു
കേരളത്തിന്റെ മണ്ണെണ്ണ വിഹിതത്തിന്റെ മൂന്നിലെന്ന് ഭാഗം കേന്ദ്ര സര്‍ക്കാര്‍ അകാരണമായി വെട്ടിക്കുറച്ചു. ഏപ്രിലിലെ മണ്ണെണ്ണ വിഹിതത്തില്‍ 59.44 ലക്ഷം ലിറ്ററിന്റെ കുറവ്. മാര്‍ച്ചില്‍ 15,960 കിലോലിറ്റര്‍ മണ്ണെണ്ണ കിട്ടിയപ്പോള്‍ ഏപ്രിലില്‍ ലഭിച്ചത് 10016 കിലോലിറ്റര്‍ മാത്രം. ഒരു മാസം 5944 കിലോ ലിറ്റിറിന്റെ (59.44 ലക്ഷം ലിറ്റര്‍) കുറവ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കാന്‍ ഇതു കാരണമാകും. കേന്ദ്രവിഹിതം കുത്തനെ കുറച്ചതിനാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും മത്സ്യബന്ധന വള്ളങ്ങള്‍ക്കുമുള്ള മണ്ണെണ്ണ വിഹിതത്തില്‍ ആനുപാതികമായി എത്ര കുറവു വരുത്തണമെന്ന് നിശ്ചയിക്കാന്‍ പൊതുവിതരണ വകുപ്പ് സര്‍ക്കാരിന് കത്ത് നല്കി. സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിച്ചാല്‍ മാത്രമേ ജില്ലകള്‍ക്കുള്ള മണ്ണെണ്ണ വിഹിതം അനുവദിക്കാനാകു.
നിലവില്‍ വൈദ്യുതി ഇല്ലാത്ത വീടുകള്‍ക്ക് മാസം അഞ്ചു ലിറ്റര്‍ മണ്ണെണ്ണയും മറ്റ് കാര്‍ഡുടമകള്‍ക്ക് ഒന്നര ലിറ്റര്‍ മണ്ണെണ്ണയുമാണ് റേഷന്‍ നല്‍കുന്നത്. ഇത് യഥാക്രമം നാലു ലിറ്ററും ഒരു ലിറ്ററുമായി കുറയ്ക്കേണ്ടിവരുമെന്ന് പൊതുവിതരണ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ 9.9 കുതിരശക്തി എന്ജിന് മത്സ്യബന്ധനവള്ളങ്ങള്ക്ക് 120 ലിറ്ററും 20 കുതിരശക്തി എന്ജിന് വള്ളങ്ങള്‍ക്ക് 135 ലിറ്ററും 25 കുതിരശക്തി എന്‍ജിനുകള്‍ക്ക് 175 ലിറ്ററും മണ്ണെണ്ണ റേഷന്‍ നല്‍കുന്നുണ്ട്. ഇതു തന്നെ രണ്ടോ മൂന്നോ ദിവസത്തേയ്ക്കേ തികയൂ. സംസ്ഥാനത്ത് മത്സ്യബന്ധനവള്ളങ്ങള്ക്ക് റേഷന്‍ വിഹിതം നല്കാന് മാത്രം മാസം 2500 കിലോലിറ്റര്‍ മണ്ണെണ്ണ വേണം. ആകെ വിഹിതം ഇതിന്റെ ഇരട്ടിയിലധികം വെട്ടിക്കുറച്ചതിനാല്‍ മത്സ്യബന്ധന വള്ളങ്ങളുടെ റേഷന്‍ വിഹിതവും ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്ന് കുറയ്ക്കേണ്ടിവരുമെന്ന് സിവില്‍ സപ്ലെസ് വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് പുറം വിപണിയിലെ മണ്ണെണ്ണ വില കൂട്ടാനിടയാക്കും. റേഷന്‍ കടയില്‍ നിന്ന് 14.50 രൂപയ്ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണ കിട്ടുമ്പോള്‍ പുറത്ത് 45 രൂപ വരെയുണ്ട്. ഇത് പരമ്പരാഗത മത്സ്യതൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടും. മത്സ്യ വില കുത്തനെ ഉയരും.
2010ല്‍ കേരളത്തിന് പ്രതിമാസം കിട്ടിയിരുന്ന 21,000 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് പടിപടിയായി വെട്ടിക്കുറച്ച് 10,016 കിലോലിറ്ററാക്കിയത്. കേന്ദ്രം സാധാരണ മൂന്നു മാസത്തേയ്ക്കാണ് വിഹിതം അനുവദിക്കുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ മണ്ണെണ്ണ വിഹിതം, മുന്‍ മൂന്നു മാസങ്ങളിലെ വിഹിതമായ 47,880 കിലോലിറ്ററില്‍ നിന്ന്, 30048 കിലോ ലിറ്ററായി കുറച്ചതായാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. മൂന്നുമാസത്തെ വിഹിതത്തില്‍ 17,832 കിലോലിറ്റിന്റെ (1.78 കോടി ലിറ്റര്‍) കുറവ്. ഇതാദ്യമായാണ് മണെണ്ണ വിഹിതം ഒറ്റയടിക്ക് ഇത്രയേറെ വെട്ടിക്കുറയ്ക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ കേരളത്തിലെ നേതാവ് തന്നെ കേന്ദ്ര സിവില്‍ സപ്ലൈസ് മന്ത്രാലയം കൈകാര്യം ചെയ്യുമ്പോഴാണിത്. ഗുജറാത്തിന് ആളോഹരി വിഹിതപ്രകാരം 17.2 ലിറ്ററും മഹാരാഷ്ട്രയ്ക്ക് 14.7 ലിറ്ററും മണ്ണെണ്ണ കേന്ദ്രം അനുവദിക്കുമ്പോള്‍ കേരളത്തിന് കേവലം 8 ലിറ്റര്‍ മാത്രമാണ് നല്‍കുന്നത്.
(ഡി ദിലീപ്)
deshabhimani 110412
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

ഉപയോഗം പരിമിതപ്പെടുത്താന്‍ വെള്ളം, വൈദ്യുതി എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കുമെന്നും ജലമേഖലയിലെ നിയമങ്ങള്‍ അടിമുടി പരിഷ്കരിക്കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ജല വാരാഘോഷം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി വെള്ളത്തിന്റെ വാണിജ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം നടത്തിയത്. കുടിക്കാനും ഗാര്‍ഹിക, വ്യാവസായിക മേഖലയിലും കൃഷിക്കും വിനിയോഗിക്കുന്ന വെള്ളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും ജലനിയമങ്ങള്‍ പരിഷ്കരിക്കണമെന്നും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ReplyDelete