Sunday, April 22, 2012

പുറംജോലി കരാറിനെതിരെ യോജിച്ച പോരാട്ടത്തിന് തയ്യാറാകണം: കാനം


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറംജോലി കരാറുകള്‍ക്ക് (ഔട്ട്സോഴ്സിംഗ്) അമിത പ്രാധാന്യം നല്‍കുകയാണെന്നും, ഈ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടത്തിന് തൊഴിലാളികളും ജീവനക്കാരും തയ്യാറെടുക്കണമെന്നും, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ജോയിന്റ് കൌണ്‍സിലിന്റെ നേതൃത്വത്തിലുള്ള സര്‍വെ ഓഫീസ് ടെക്നിക്കല്‍ എംപ്ളോയീസ് യൂണിയന്‍ (എസ്ഒടിഇയു) 33-ാം സംസ്ഥാന സമ്മേളനം ജി ദിവാകരന്‍ നായര്‍ നഗറില്‍ (കൊല്ലം പബ്ളിക് ലൈബ്രറി ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.

പാസ്പോര്‍ട്ട് നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ ടാറ്റയെ ഏല്‍പ്പിച്ചത് അടുത്തകാലത്താണ്. ഇന്ത്യന്‍ പൌരന്‍ പാസ്പോര്‍ട്ടിനുവേണ്ടി ടാറ്റാ പറയുന്ന സമയവും കാത്ത് നിന്നുകൊള്ളണമെന്നാണ് ഇതിന്റെ അര്‍ത്ഥം. തപാലാഫീസുകള്‍ ക്രമേണ നിര്‍ത്തലാക്കി വരുന്നു. ധനകാര്യ മേഖലയില്‍ എല്ലായിടത്തും കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ പ്രവേശിക്കാന്‍ അനുമതിയായി. സമീപഭാവിയില്‍ മുത്തൂറ്റും ബാങ്കായി മാറാന്‍ പോകുകയാണ്. ഇന്‍ഷ്വറന്‍സ് മേഖല സ്വകാര്യ ഏജന്‍സിക്ക് തുറന്നുകൊടുത്തു.

കേന്ദ്രസര്‍ക്കാരിന്റെ ആഗോളീകരണ നയങ്ങള്‍ സമസ്തമേഖലകളിലേക്കും വ്യാപിച്ചുകഴിഞ്ഞു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഫെബ്രുവരി 28ന് ഇതിനെതിരെയാണ് ആഞ്ഞടിച്ചത്. തൊഴിലെടുക്കുന്നവര്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇന്നില്ല. പുറംകരാര്‍ ജോലിയെ പ്രോത്സാഹിപ്പിക്കുന്നതുമൂലം പ്രശ്നം കൂടുതല്‍ വഷളാകും.

സര്‍വെ മേഖലയിലും സംസ്ഥാന സര്‍ക്കാര്‍ ഈ പുറംകരാര്‍ ജോലി നടപ്പിലാക്കാന്‍ പരിശ്രമം നടത്തുന്നു. ഭൂമിയുടെ പ്രശ്നം അതീവ ഗുരുതരമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ പ്രശ്നത്തില്‍ കോടതിയും സര്‍ക്കാരും ഒരു ഭാഗത്തും ജനങ്ങള്‍ മറുഭാഗത്തുമാണ്. ഇത്തരം സാഹചര്യത്തില്‍ ഭൂരേഖ തയ്യാറാക്കുന്ന ജോലി 'ഔട്ട്സോഴ്സ്' ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. റിയല്‍ എസ്റേറ്റ് മാഫിയകള്‍ കണ്ണായ ഭൂപ്രദേശം എല്ലാം കയ്യടക്കി വരുകയാണ്. ഇതിനിടയില്‍ ഭൂരേഖ തയ്യാറാകുന്ന അവകാശം സ്വകാര്യ വ്യക്തികളെ ഏല്‍പ്പിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് വഴിതെളിക്കും.  ആധികാരിക രേഖകളെല്ലാം സ്വകാര്യമേഖല കൈവശപ്പെടുത്തുന്നതോടെ ഭാവിയില്‍ അതിനെന്ത് സുരക്ഷിതത്വമായിരിക്കും ഉണ്ടാകുക എന്നും അദ്ദേഹം ചോദിച്ചു.

സര്‍വേ ആധുനീകരിക്കുക തന്നെവേണം. അതിന് ആവശ്യമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരെ പരിശീലിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് വി ജെ അജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ അഡ്വ. ജി ലാലു, ജോയിന്റ് കൌണ്‍സില്‍ ചെയര്‍മാന്‍ കെഎല്‍ സുധാകരന്‍, എ ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ എ അസീസ്, പി വി ജോണ്‍സണ്‍, വി ബീന തുടങ്ങിയവര്‍ സംസാരിച്ചു.

janayugom 220412

1 comment:

  1. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറംജോലി കരാറുകള്‍ക്ക് (ഔട്ട്സോഴ്സിംഗ്) അമിത പ്രാധാന്യം നല്‍കുകയാണെന്നും, ഈ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടത്തിന് തൊഴിലാളികളും ജീവനക്കാരും തയ്യാറെടുക്കണമെന്നും, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

    ReplyDelete