Wednesday, April 11, 2012
തിരുപ്പതി വെങ്കിടേശിനെ മറയാക്കി വന്‍ സ്വര്ണ്ണകുംഭകോണ പദ്ധതി
ഇന്ത്യയില്‍ ഏറ്റവുമധികം വരുമാനമുള്ള മഹാക്ഷേത്രമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദൈവത്തെ മറയാക്കി സഹസ്രകോടികളുടെ സ്വര്ണകുംഭകോണത്തിന് പദ്ധതി. പദ്ധതിയുടെ സൂത്രധാരന്‍ തെലുങ്കുദേശത്തില്‍ നിന്നും കോണ്‍ഗ്രസിലേക്കു മറുകണ്ടം ചാടിയ മഹാകോടീശ്വരനും തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ ചെയര്‍മാനുമായ ഡി കെ ആദികേശുലുവു ആണെന്ന ആരോപണമുയര്‍ന്നു.
'ആനന്ദനിലയം, അനന്തസ്വര്ണമയം' എന്ന പേരില്‍ നൂറുകണക്കിനു ടണ്‍ സ്വര്‍ണം സംഭരിച്ച് ക്ഷേത്രസമുച്ചയമാകെ സ്വര്‍ണം പൂശാനുള്ള പദ്ധതിയുടെ മറവില്‍ കനകക്കൊള്ള നടത്താനായിരുന്നു ആദികേശുലുവു പദ്ധതി മെനഞ്ഞത്. ഈ പദ്ധതിയെ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ എ വി രമണദീക്ഷിതുലുവും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പുരാവസ്തു വിദഗ്ധരും ക്ഷേത്രത്തിന്റെ മുന്‍ ചീഫ് എഞ്ചിനീയര്‍ വി ആഞ്ജനേയലു നായിഡുവും തിരുപ്പതി ക്ഷേത്ര ജീവനക്കാരുടെ എ ഐ ടി യു സി നേതൃത്വത്തിലുള്ള ഏറ്റവും വലിയ സംഘടനയുടെ നേതാവ് ഹര്‍നാഥ് റെഡ്ഢിയും സാമൂഹിക - സാംസ്കാരിക നായകരും എതിര്‍ത്തുവെങ്കിലും തന്റെ സ്വപ്ന സ്വര്ണപദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു ചെയര്മാന് ആദികേശുലുവിന്റെ പുറപ്പാട്. തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരുടെ കടുത്ത എതിര്‍പ്പുപോലും വകവയ്ക്കാതെ പദ്ധതിയുമായി മുന്നോട്ടുപോയ ആദികേശുലുവിന്റെ പിന്നിലെ ശക്തികേന്ദ്രവും ബുദ്ധികേന്ദ്രവും ആന്ധ്രാപ്രദേശിലെ മദ്യമാഫിയാ തലവനായ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ ബോച്ച സത്യനാരായണയാണെന്ന ആരോപണവും സര്‍വത്രികമായി ഉയര്‍ന്നിരുന്നു.
തന്റെ കിംഗ്ഫിഷര്‍ വിമാനക്കമ്പനി സാമ്പത്തികത്തകര്‍ച്ചയില്‍ മൂക്കുകുത്തി വീണിട്ടും സ്വര്‍ണമയ പദ്ധതിക്ക് 6 കോടി രൂപ വാഗ്ദാനം ചെയ്ത് പദ്ധതിയുടെ നടത്തിപ്പുകാരിലൊരാളായി നുഴഞ്ഞുകയറിയതും കൊള്ളപ്പലിശക്കാരനായ കോടീശ്വരന് എം വി അനന്തകൃഷ്ണന് പദ്ധതിയില്‍ ആദികേശുലുവിന്റെ വലംകയ്യായി മാറിയതും സംശയങ്ങള്‍ വളര്‍ത്തി. ശതകോടികളുടെ സ്വര്ണംപദ്ധതിയിലേക്ക് ഒഴുകുമെന്നും ഇവയില്‍ നല്ലൊരുപങ്ക് കള്ളപ്പണക്കാരുടേയും ഖനി-മദ്യ രാജാക്കന്മാരുടേയും വ്യാജപേരുകളിലുള്ള സംഭാവനകളായിരിക്കുമെന്നും വിവിധകേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്കി. ഈ കള്ളപ്പൊന്ന് കണക്കില്‍ കൊള്ളിക്കാതെ സ്വര്ണകുംഭകോണം നടത്താനാണ് പദ്ധതിയെന്ന ആരോപണവും വ്യാപകമായി.
ഇതിനിടെ ഈ സ്വര്ണതട്ടിപ്പു നീക്കത്തിനെതിരെ ഭക്തജനങ്ങളും പൈതൃകസ്വത്തു സ്നേഹികളും സുപ്രിംകോടതിയെ സമീപിച്ചതോടെ ആദികേശുലുവിന്റെയും കോണ്‍ഗ്രസിന്റെയും സ്വര്ണമയപദ്ധതി പാളി. പദ്ധതി സ്റ്റേ ചെയ്തുകൊണ്ട് അത്യുന്നത നീതിപീഠം ഉത്തരവായി. ഗത്യന്തരമില്ലാതെ ആദികേശുലുവും കൂട്ടാളികളും സംഭാവനയായി ലഭിച്ച സ്വര്‍ണം കോടതി ഉത്തരവുപ്രകാരം തിരിച്ചു നല്കാന് നടപടികള്‍ തുടങ്ങി.
ഇതിലും സുപ്രിംകോടതിയെ കബളിപ്പിക്കുന്ന ഒരു തന്ത്രം മെനഞ്ഞിരുന്നു. സംഭാവന ചെയ്തവര്‍ക്കെല്ലാം ഉടനടി സ്വര്‍ണം തിരിച്ചുനല്‍കണമെന്നായിരുന്നു കോടതി ഉത്തരവെങ്കിലും തിരിച്ചുവേണമെന്നുള്ളവര്ക്കു സ്വര്‍ണം തിരിച്ചുതരാം എന്ന ഒഴുക്കന്മട്ടിലായിരുന്നു കത്ത്. തിരുപ്പതി ബാലാജിക്കു കാണിക്കയായി നല്കിയ സ്വര്‍ണം തിരിച്ചു വാങ്ങുന്നത് പാപമാണെന്ന പ്രചരണവും ഇതിനിടെ സ്വര്‍ണമയ പദ്ധതിയുടെ സംഘാടകര്‍ വ്യാപകമായി നടത്തി. പലരും സ്വര്‍ണം ഏറ്റുവാങ്ങാന്‍ തയ്യാറായില്ല.
ഇതിനിടെ നൂറ്കിലോയിലധികം സ്വര്‍ണം സംഭാവന ചെയ്തവരുടെ വിലാസങ്ങളിലേക്കു ചെയര്മാന് ആദികേശുലുവു അയച്ച കത്തുകള്‍ മടങ്ങി എല്ലാം വ്യാജമേല്വിലാസക്കാരായിരുന്നുവെന്ന് ആദികേശുലുവു തന്നെ പറയുന്നു. തിരികെ നല്കാനാവാത്ത സ്വര്‍ണത്തിന്റെ കള്ളക്കണക്കുകള്‍ ചമച്ച് കോടികളുടെ സ്വര്ണംതട്ടിയെടുക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ കരുപ്പിടിപ്പിച്ചിരിക്കുന്നതെന്ന് വെള്ളിയാഴ്ച സമാപിച്ച തിരുപ്പതി വാസക്ഷേത്രത്തിലെത്തി വസന്തോത്സവത്തിനെത്തിയ ലക്ഷക്കണക്കിന് ആരാധകര്‍ക്കിടയിലും വ്യാപകമായ ആശങ്കയുണ്ട്.
തിരുപ്പതി ക്ഷേത്രസമുച്ചയം മുഴുവന്‍ സ്വര്‍ണം പൂശിയാല്‍ ക്ഷേത്രഭിത്തികളിലെ പത്താം നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള അമൂല്യമായ തമിഴ് - തെലുങ്ക് പുരാലിഖിതങ്ങളാണ് മായുന്നതെന്ന് മുഖ്യപൂജാരി രമണ ദീക്ഷിതുലു പറയുന്നു. ചോള, പല്ലവ, വിജയനഗര സാമ്രാജ്യകാലത്തെ സാമൂഹ്യവും ആചാരാനുഷ്ഠാനപരവുമായ 640 പുരാ ലിഖിതങ്ങളാണ് സ്വര്‍ണത്തില്‍ മാഞ്ഞുപോകുന്നതെന്നും ഇതു ചരിത്രത്തിന്റെ വിലമതിക്കാനാവാത്ത ശേഷിപ്പുകള്‍ നശിപ്പിക്കുന്ന സാംസ്കാരിക ഭീകരതയാണെന്നുമാണ് തിരുപ്പതി ശ്രീ വെങ്കിടേശ്വര സര്‍വകലാശാലയിലെ പുരാവസ്തുവിഭാഗം തലവനും പ്രശസ്ത ചരിത്രകാരനുമായ കിരണ്ക്രാന്ത് ചൗധരി മുന്നറിയിപ്പ് നല്‍കിയത്.
ഭാവിതലമുറകള്‍ക്കുവേണ്ടി കാത്തുസൂക്ഷിക്കേണ്ട ചരിത്ര സാംസ്കാരിക പൈതൃകങ്ങള്‍ നശിപ്പിക്കുന്ന സ്വര്ണമയപദ്ധതി ക്ഷേത്രത്തിന്റെ ശില്പഘടനയില് വന്‍ ആഘാതമാണുണ്ടാക്കാന്‍ പോകുന്നതെന്നും ക്ഷേത്രസമുച്ചയത്തിന് കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണികള്‍ നടത്താനാവാതെ അതുനിലം പൊത്തുന്ന അവസ്ഥയുണ്ടാകുമെന്നും ക്ഷേത്രത്തിന്റെ മുന്‍ ചീഫ് എഞ്ചിനീയര്‍ വി ആഞ്ജനേയലു നായിഡുവും പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനായ ബി കെ ശ്രീനിവാസരാമാനുജ അയ്യങ്കാരും അറിയിച്ചു.
സുപ്രിംകോടതിവിധി മറികടന്ന് സ്വര്ണകുംഭകോണത്തിന് പുതിയ പദ്ധതി മെനയാന്‍ അണിയറയില്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരേ വന്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ ഐ ടി യു സി നേതാവ് ഹര്‍നാഥ് റെഡ്ഢിയും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മതസംഘടനാ നേതാക്കളും ആന്ധ്രാസര്ക്കാരിനേയും തിരുപ്പതി ക്ഷേത്രഭരണകൂടത്തേയും ഓര്‍മ്മിപ്പിച്ചു.
janayugom 110412
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
ഇന്ത്യയില്‍ ഏറ്റവുമധികം വരുമാനമുള്ള മഹാക്ഷേത്രമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദൈവത്തെ മറയാക്കി സഹസ്രകോടികളുടെ സ്വര്ണകുംഭകോണത്തിന് പദ്ധതി. പദ്ധതിയുടെ സൂത്രധാരന്‍ തെലുങ്കുദേശത്തില്‍ നിന്നും കോണ്‍ഗ്രസിലേക്കു മറുകണ്ടം ചാടിയ മഹാകോടീശ്വരനും തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ ചെയര്‍മാനുമായ ഡി കെ ആദികേശുലുവു ആണെന്ന ആരോപണമുയര്‍ന്നു.
ReplyDelete'ആനന്ദനിലയം, അനന്തസ്വര്ണമയം' എന്ന പേരില്‍ നൂറുകണക്കിനു ടണ്‍ സ്വര്‍ണം സംഭരിച്ച് ക്ഷേത്രസമുച്ചയമാകെ സ്വര്‍ണം പൂശാനുള്ള പദ്ധതിയുടെ മറവില്‍ കനകക്കൊള്ള നടത്താനായിരുന്നു ആദികേശുലുവു പദ്ധതി മെനഞ്ഞത്.