Monday, April 9, 2012

അമരത്ത് അരനൂറ്റാണ്ട്

അരനൂറ്റാണ്ടുകാലം പാര്‍ടി ജില്ലാ കമ്മിറ്റിയുടെ അമരത്തിരുന്ന അനുഭവസമ്പത്തിന്റെ കരുത്തുമായി നകുല്‍ മഹാതോ. പശ്ചിമബംഗാളിലെ പുരുളിയയില്‍നിന്നാണ് ഈ എണ്‍പത്താറുകാരന്‍ പാര്‍ടി കോണ്‍ഗ്രസിനെത്തിയത്. സിപിഐ എം രൂപീകൃതമായ 1964 മുതല്‍ 2011 ഡിസംബര്‍വരെ മഹാതോ പുരുളിയ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചു. അന്നുമുതല്‍ എല്ലാ പാര്‍ടി കോണ്‍ഗ്രസുകളിലും പങ്കെടുത്തു. ജില്ലാകമ്മിറ്റി അംഗം കൂടിയായ മകളോടൊപ്പമാണ് കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിനെത്തിയത്. ആരോഗ്യകാരണങ്ങളാല്‍ ഇത്തവണ ജില്ലാ സെക്രട്ടറിപദം ഒഴിഞ്ഞ മഹാതോ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്.


1941ല്‍ ബംഗാളിലെ പുരോഗമനപ്രസ്ഥാനമായ റാഡിക്കല്‍ ഡമോക്രാറ്റിക് പാര്‍ടിയിലൂടെയാണ് മഹാതോ രാഷ്ട്രീയജീവിതം തുടങ്ങിയത്. ഹിറ്റ്ലര്‍ക്കെതിരെ പ്രകടനം നയിച്ചായിരുന്നു തുടക്കം. പിന്നീട് റാഡിക്കല്‍ ഹ്യൂമനിസ്റ്റായി പ്രവര്‍ത്തനം തുടര്‍ന്നു. 1948മുതല്‍ 1956വരെ ഭാഷാ അടിസ്ഥാനത്തിലുള്ള പുനഃസംഘടനയ്ക്കായുള്ള പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായി. 1957ലാണ് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായത്. 1962ല്‍ പാര്‍ടിയുടെ ആക്ടിങ് ജില്ലാ സെക്രട്ടറിയായി. സിപിഐ എം രൂപീകരിച്ചപ്പോള്‍ 1964 ഒക്ടോബര്‍ 18ന് സമര്‍ മുഖര്‍ജി, പ്രമോദ് ദാസ് ഗുപ്ത എന്നിവര്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ മഹാതോയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഞ്ചുപേരായിരുന്നു അന്ന് ജില്ലാ കമ്മിറ്റിയില്‍; 86 പാര്‍ടി അംഗങ്ങളും. ഇന്ന് ഇരുപതിനായിരത്തിലേറെ പാര്‍ടി അംഗങ്ങളുണ്ട്. പുരുളിയയിലെ 67 ശതമാനംപേരും ആദിവാസികളും പിന്നോക്ക വിഭാഗങ്ങളുമാണ്. ഇവരെ പാര്‍ടിക്കുകീഴില്‍ അണിനിരത്തുന്നതില്‍ മഹാതോയുടെ സംഭാവന വലുതാണ്. പശ്ചിംബംഗ ആദിവാസി സംഘം രൂപീകരിച്ച് ആദിവാസികളെ സംഘടിപ്പിച്ചു.

ചൈനാ യുദ്ധസമയത്ത് 1965ല്‍ ഡിഐആര്‍ പ്രകാരം ഒന്നരവര്‍ഷം മഹാതോയെ ജയിലിലടച്ചു. 1971ല്‍ ബലോറാംപുര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ അന്ന് നിയമസഭ രൂപീകരിച്ചില്ല. മഹാതോയുടെ ഭാര്യ ഊര്‍മിള സിപിഐ എം സോണല്‍ കമ്മിറ്റി അംഗമായിരുന്നു. നാലുമക്കളുണ്ട്. രണ്ട് പെണ്‍മക്കളും ജില്ലാ കമ്മിറ്റി അംഗങ്ങളാണ്. രണ്ട് ആണ്‍മക്കള്‍ പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളും.

(പി വിജയന്‍)

deshabhimani 090412

1 comment:

  1. അരനൂറ്റാണ്ടുകാലം പാര്‍ടി ജില്ലാ കമ്മിറ്റിയുടെ അമരത്തിരുന്ന അനുഭവസമ്പത്തിന്റെ കരുത്തുമായി നകുല്‍ മഹാതോ. പശ്ചിമബംഗാളിലെ പുരുളിയയില്‍നിന്നാണ് ഈ എണ്‍പത്താറുകാരന്‍ പാര്‍ടി കോണ്‍ഗ്രസിനെത്തിയത്. സിപിഐ എം രൂപീകൃതമായ 1964 മുതല്‍ 2011 ഡിസംബര്‍വരെ മഹാതോ പുരുളിയ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചു. അന്നുമുതല്‍ എല്ലാ പാര്‍ടി കോണ്‍ഗ്രസുകളിലും പങ്കെടുത്തു. ജില്ലാകമ്മിറ്റി അംഗം കൂടിയായ മകളോടൊപ്പമാണ് കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിനെത്തിയത്. ആരോഗ്യകാരണങ്ങളാല്‍ ഇത്തവണ ജില്ലാ സെക്രട്ടറിപദം ഒഴിഞ്ഞ മഹാതോ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്.

    ReplyDelete