Monday, April 9, 2012

വേതനം കൂട്ടും; കോഴിക്കോട് മിംസില്‍ സമരം തീര്‍ന്നു


വേതനവര്‍ധന ആവശ്യപ്പെട്ടുള്ള മിംസ് ആശുപത്രി നേഴ്സുമാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ വേതനം വര്‍ധിപ്പിച്ചു നല്‍കാന്‍ തീരുമാനമായതായി ഇന്ത്യന്‍ രജിസ്ട്രേഡ് നേഴ്സസ് അസോസിയേഷന്‍ യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.

പുതുതായി ജോലിക്ക് ചേരുന്ന നേഴ്സുമാര്‍ക്ക് 9925 രൂപ ശമ്പളമായി ലഭിക്കും. ഇന്‍ക്രിമെന്റ് 750 മുതല്‍ 1500 വരെ പുതുക്കി നിശ്ചയിച്ചു. ബുധനാഴ്ചയാണ് ആശുപത്രിയിലെ 620 വരുന്ന രജിസ്ട്രേഡ് നേഴ്സുമാര്‍ സമരരംഗത്തിറങ്ങിയത്. ഐസിയു ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രതിഷേധക്കാന്‍ തീരുമാനിച്ചിരുന്നു. പുതുതായി രോഗികളെ പ്രവേശിച്ചിരുന്നില്ല. ബില്ലിങ് നടത്തുന്നതും ശസ്ത്രക്രിയയും മുടങ്ങിയതോടെ സമരക്കാരുമായി അനുരഞ്ജനത്തിന് മാനേജ്മെന്റ് തയ്യാറാകുകയായിരുന്നുവെന്ന് നേഴ്സുമാര്‍ പറഞ്ഞു. പുതുക്കിയ ശമ്പളം ഏപ്രില്‍ മുതല്‍ വിതരണം ചെയ്യാനും ധാരണയായി. നേഴ്സുമാര്‍ക്ക് മാസത്തില്‍ അഞ്ച് ഓഫ് നല്‍കും. മുമ്പിത് നാലായിരുന്നു. വിവിധ പ്രശ്നങ്ങളുമായി 18 നിര്‍ദ്ദേശങ്ങളാണ് സമരക്കാര്‍ മാനേജ്മെന്റിന് മുമ്പാകെ അവതരിപ്പിച്ചത്. അതില്‍ ഭൂരിഭാഗം ആവശ്യങ്ങളും പരിഗണിക്കുമെന്ന് ചര്‍ച്ചയില്‍ മിംസ് എംഡി ഡോ. അബ്ദുള്ള ചെറയക്കാട്, എച്ച് ആര്‍ മാനേജര്‍ പി മോഹന്‍ദാസ് എന്നിവര്‍ ഉറപ്പു നല്‍കി.

എംഡിയുടെ വീട്ടിലേക്ക് നേഴ്സുമാര്‍ മാര്‍ച്ച് നടത്തി

തൃശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രിയില്‍ സമരം നടത്തുന്ന നേഴ്സുമാര്‍ ആശുപത്രി എംഡി ടോണി അക്കരയുടെ വീട്ടിലേക്ക് ഈസ്റ്റര്‍ ദിനത്തില്‍ മാര്‍ച്ച് നടത്തി. സമരം അവസാനിപ്പിക്കാന്‍ വീട്ടുവീഴ്ചക്ക് തയ്യാറാകാത്ത ആശുപത്രി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. എംഡിയുടെ ചെമ്പൂക്കാവ് മ്യൂസിയം റോഡിലെ വീട്ടിലേക്ക് നൂറുകണക്കിന് നേഴ്സുമാര്‍ മെഴുകുതിരി കത്തിച്ചാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനുശേഷം വീട്ടുപടിക്കല്‍ ഇരുന്ന നേഴ്സുമാര്‍ ഈസ്റ്റര്‍ അപ്പം കഴിച്ചാണ് പിരിഞ്ഞത്. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജാസ്മിന്‍ഷാ സംസാരിച്ചു.

ഞായറാഴ്ചയോടെ നേഴ്സുമാരുടെ സമരം 11 ദിവസം പിന്നിട്ടു. സമരം ചെയ്യുന്ന നേഴ്സുമാരെ കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍നിന്നു പുറത്താക്കി ആശുപത്രി അധികൃതര്‍ ഹോസ്റ്റല്‍ പൂട്ടിയിരുന്നു. സമരം ചെയ്യുന്നവരെ ആശുപത്രിയില്‍ കയറ്റില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഒരു മുന്നറിയിപ്പുമില്ലാതെ ഈസ്റ്റര്‍ തലേന്ന് ഹോസ്റ്റല്‍ അടച്ചതോടെ പെരുവഴിയിലായ നേഴ്സുമാര്‍ വിവിധ യുവജനസംഘടനകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും പിന്തുണയോടെ ആശുപത്രിയ്ക്കുമുന്നില്‍ ഉപരോധം നടത്തിയിരുന്നു. ഒടുവില്‍ പൊലീസ് അധികൃതരുമായി ചര്‍ച്ച നടത്തിയാണ് രാത്രി വൈകി ഹോസ്റ്റല്‍ തുറന്നത്്. ശനിയാഴ്ച എറണാകുളത്ത് റീജണല്‍ ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതര്‍ എത്താതിരുന്നതിനാല്‍ മാറ്റി.

deshabhimani 090412

No comments:

Post a Comment