Tuesday, May 8, 2012

ഭക്ഷ്യസുരക്ഷയുടെ പേരിലുള്ള തട്ടിപ്പ് ചെറുക്കും: സിപിഐ എം


 തെറ്റായി രൂപകല്‍പ്പന ചെയ്ത ഭക്ഷ്യസുരക്ഷാബില്ലിന്റെ പേരില്‍ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തെ സിപിഐ എം ശക്തിയായി ചെറുക്കുമെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ കമ്യൂണിക്കെയില്‍ വ്യക്തമാക്കി.

ഇപ്പോള്‍ 5.35 കോടി ടണ്‍ ഭക്ഷ്യധാന്യം ഇന്ത്യയിലുണ്ട്. റാബി വിളവെടുപ്പുകാലത്തെ സംഭരണം കൂടിയാകുമ്പോള്‍ ഇത് വീണ്ടും വര്‍ധിക്കും. എന്നിട്ടും സാര്‍വത്രിക പൊതുവിതരണസംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യം നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ വിസമ്മതിക്കുന്നു. ധാന്യം തുറസ്സായ സ്ഥലങ്ങളില്‍ കിടന്ന് നശിക്കുമ്പോഴും അത് ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് നല്‍കില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. ഇത്രയും ധാന്യം സൂക്ഷിക്കാന്‍ ചെലവ് വളരെ കൂടുതലായിരിക്കും. ദശലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടക്കുമ്പോഴാണ് വന്‍തുക ധാന്യം സൂക്ഷിക്കാന്‍ ചെലവിടുന്നത്. നിലവിലുള്ള ഭക്ഷ്യസുരക്ഷാബില്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ഗുണഭോക്താക്കളല്ലാതാക്കും. സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങളില്‍ കടന്നുകയറാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. ഭക്ഷ്യധാന്യം പോലുള്ള മേഖലയില്‍ നവ ഉദാര നയങ്ങളോടുള്ള താല്‍പ്പര്യംമൂലം സബ്സിഡി വെട്ടിക്കുറയ്ക്കുകയെന്ന തീര്‍ത്തും അകാരണവും യുക്തിഹീനവുമായ നടപടിയില്‍നിന്ന് കേന്ദ്രം പിന്തിരിയണം.

പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ത്തന്നെ ലോക്പാല്‍ ബില്‍ പാസാക്കണം. ഫലപ്രദമായ ലോക്പാല്‍ സംവിധാനത്തിന് ആവശ്യമായ ഭേദഗതികള്‍ ബില്ലില്‍ വേണം. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബില്ലും ബാങ്കിങ്-ഇന്‍ഷുറന്‍സ് ഭേദഗതി ബില്ലും പാര്‍ലമെന്റില്‍ പാസാക്കാനുള്ള ശ്രമങ്ങളെ സിപിഐ എം തുടര്‍ന്നും ശക്തമായി എതിര്‍ക്കും. പ്രതിലോമകരങ്ങളായ നിയമങ്ങളാണിവ. സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റ് മേഖലകളിലെ ജീവനക്കാരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് പെന്‍ഷന്‍ ബില്‍. ധനമേഖല വിദേശ മൂലധനശക്തികള്‍ക്ക് തുറന്നുകൊണ്ട് ആ മേഖലയെ അസ്ഥിരമാക്കാനും ഇല്ലാതാക്കാനുമാണ് ബാങ്കിങ്-ഇന്‍ഷുറന്‍സ് ബില്ലുകള്‍ ഇടയാക്കുക. ആഗോള സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് പാഠം പഠിച്ച് ഇത്തരം നടപടികളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനില്‍ക്കണം.

കരട് ഖനി ഖനിജ(വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍ 2011 ഖനിമേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കാനും സ്വകാര്യവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും. നിയമവിരുദ്ധ ഖനത്തിലൂടെ രാജ്യത്തിന്റെ സമ്പത്തില്‍നിന്ന് ലക്ഷക്കണക്കിന് കോടി രൂപ ചോരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന നിയമഭേദഗതി കൊണ്ടുവരുന്നത്. ഖനിസമ്പത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് അവകാശമുണ്ടെന്നതുപോലും പരിഗണിക്കാതെ, ഖനം നടത്താനുള്ള സ്ഥലം പാട്ടത്തിനെടുക്കാനുള്ള തീരുമാനത്തിന് ആദിവാസി കമ്മിറ്റികളുടെ അനുമതി തേടണമെന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഇല്ലാതാക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച ദുര്‍ബലവകുപ്പുകള്‍ക്ക് പുറമെ ആദിവാസികളടക്കമുള്ള ചെറുകിട-നാമമാത്ര കര്‍ഷകള്‍ക്ക് ഹാനികരമായ വ്യവസ്ഥകളും നിയമത്തിലുണ്ട്. ആദിവാസികളുടെ താല്‍പ്പര്യത്തിനുസരിച്ച് ഭൂമിയും ഖനവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഉചിതമായ ഭേദഗതി കൊണ്ടുവരണമെന്ന് പിബി ആവശ്യപ്പെട്ടു. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെയും പാര്‍ടി കേന്ദ്രത്തിന്റെയും ചുമതലകള്‍ സംബന്ധിച്ചും വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതു സംബന്ധിച്ചും പിബി ചര്‍ച്ച ചെയ്തു. ഇതു സംബന്ധിച്ച നിര്‍ദേശം അംഗീകാരത്തിന് കേന്ദ്ര കമ്മിറ്റിക്ക് സമര്‍പ്പിക്കും.
(വി ജയിന്‍)

deshabhimani 080512

1 comment:

  1. തെറ്റായി രൂപകല്‍പ്പന ചെയ്ത ഭക്ഷ്യസുരക്ഷാബില്ലിന്റെ പേരില്‍ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തെ സിപിഐ എം ശക്തിയായി ചെറുക്കുമെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ കമ്യൂണിക്കെയില്‍ വ്യക്തമാക്കി.

    ReplyDelete