Wednesday, May 9, 2012

ഒടുവില്‍ അവര്‍ ഉത്തരംതാങ്ങി പല്ലികളായി


"ഇഷ്ടമാടിക്കനിഞ്ഞു ചോറിട്ട കൈക്ക് കടിക്കുന്നവരെ" പറ്റി പണ്ട് പാടിയവന്‍ കുഞ്ചന്‍. നാട്ടുനടപ്പും നടപടിദൂഷ്യവും അന്ന് എന്നപോലെ ഇന്നും ഉണ്ടാകുമെന്ന് കണ്ടവനാണ് കുഞ്ചന്‍. അത് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ യൂത്തുകോണ്‍ഗ്രസുകാര്‍ തെളിയിച്ചു. അവര്‍ ചെയ്തത് അവരുടെ യജമാനന്മാര്‍ക്കു വേണ്ടിയാണ്. ഒരു ജാതിക്കോ ഉപജാതിക്കോ അവശ്യം ഉണ്ടായിരിക്കേണ്ട ഗുണത്തിനാണ് അവശ്യഗുണം എന്ന് പറയുക. എത്യോപ്യക്കാരന് അവന്റെ തൊലിയും പുള്ളിപ്പുലിക്ക് അതിന്റെ പുള്ളിയും മാറ്റാന്‍ സാധ്യമല്ല. അതുപോലെ വര്‍ഗീയ പാര്‍ടികളുമായും സമുദായ സംഘടനകളുമായുമുള്ള സഹവര്‍ത്തിത്വവും കൂട്ടുകെട്ടും കോണ്‍ഗ്രസിന് ഉപേക്ഷിക്കാനാവില്ല. അതുള്ളപ്പോള്‍ത്തന്നെ വര്‍ഗീയ പാര്‍ടിയും സമുദായ സംഘടനകളും എറ്റുമുട്ടിയാല്‍ വര്‍ഗീയപാര്‍ടിയെ കൈവിടില്ലെന്നും അതിനായുള്ള നയവിളംബരങ്ങള്‍ നടത്തുമെന്നുമാണ് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുന്നത്.

കേരളത്തിലെ യുത്ത്കോണ്‍ഗ്രസിന് പുതിയ ബോധോദയം ഉണ്ടായത്, സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുനിന്ന് തെക്കേയറ്റത്തുവരെ ശകടയാത്രചെയ്യവെയാണ്. യാത്ര നയിച്ച യുവ എംഎല്‍എ സിങ്കങ്ങള്‍ സമുദായ സംഘടനകള്‍ക്കെതിരെ ഗര്‍ജിച്ചു. ബോലോ... ഭാരത്മാതാ കീ ജയ് വിളിച്ച് അവര്‍, സമുദായ സംഘടനാ തലവന്മാര്‍ എപ്പടിയെന്ന് ഉപമിച്ചു. ചിലര്‍ സദ്യയുടെ ബിംബങ്ങളിലാണല്ലോ പ്രകൃതിയെ കാണുക. വലിയ പപ്പടത്തിന്റെ വലുപ്പമുള്ള ചന്ദ്രന്‍, വറുത്തുപ്പേരി വാരി വിതറിയ മാതിരി നക്ഷത്രങ്ങള്‍- ഇമ്മാതിരിയൊക്കെയാണ് അവരുടെ ഭാവന. എന്നാല്‍, എംഎല്‍എമാരായ യുവകോണ്‍ഗ്രസ് കേസരികള്‍ ജന്തുവിനോടും ഉരഗങ്ങളോടുമാണ് എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയവയുടെ നായകരെ ഉപമിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ അഹോരാത്രം പണിപ്പെട്ട സുകുമാരന്‍നായര്‍, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവരെ "ഉത്തരംതാങ്ങി" പല്ലികളെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഉത്തരത്തില്‍ അനധികൃതമായി കടന്നിരിക്കുന്ന പല്ലികളുടെ വിചാരം, കെട്ടിടവും മേല്‍ക്കൂരയും നിലനില്‍ക്കുന്നത് പല്ലികളുടെ ശക്തികൊണ്ടാണെന്നാണ്. അത് ചെന്നിത്തലപക്ഷക്കാരനായ വി ടി ബല്‍റാം വക പാഠം. സമുദായ സംഘടനകള്‍ ഉമ്മന്‍ചാണ്ടിക്കുമേല്‍ കുതിര കയറേണ്ടെന്ന് ഉമ്മന്‍ചാണ്ടിയുടെ ഹനുമാനായ പി സി വിഷ്ണുനാഥും.

ഇതെല്ലാം കേള്‍ക്കുമ്പോള്‍ എന്താ കോണ്‍ഗ്രസ് ഇത്ര മാറിപ്പോയോ എന്ന ശങ്ക ആര്‍ക്കുമുണ്ടാകാം. കാരണം 2011ലും പിറവം തെരഞ്ഞെടുപ്പ് കഴിഞ്ഞ് 2012 ഏപ്രില്‍ 12ന് അഞ്ചാംമന്ത്രി വരുംവരെയും എന്‍എസ്എസ്-എസ്എന്‍ഡിപി സാരഥികളെ ഇന്ദ്രനോടൊപ്പം സ്വാമി, ചന്ദ്രനോടൊപ്പം സ്വാമി എന്നായിരുന്നു അവരുടെ ചിത്രീകരണം. ചന്ദനമെന്നോര്‍ത്ത വൃക്ഷം കാഞ്ഞിരമായി മാറിയത് എങ്ങനെയാണ്? മുസ്ലിം ലീഗ് എന്തു ചോദിച്ചാലും അനുവദിക്കുന്ന ഭരണകാലമുണ്ടായതാണ് സമുദായ സംഘടനകളുടെ വിമര്‍ശത്തിനു കാരണം. അപ്പോഴവര്‍ മോശക്കാരായി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് കേരളത്തില്‍ അധികാരം കിട്ടിയിട്ടുള്ളതും ഭരിക്കുന്നതും എന്നും ജാതി- മത സംഘടനകളെ ഊന്നുവടിയാക്കിയാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതിനെപ്പറ്റിയുള്ള അവകാശവാദത്തില്‍ മുസ്ലിംലീഗ് ഒരു ഭാഗത്തും എന്‍എസ്എസ്, എസ്എന്‍ഡിപി നേതാക്കള്‍ മറുഭാഗത്തുംനിന്ന് പോരടിച്ചത്. ലീഗിന്റെ കോണിയും പച്ചക്കൊടിയും ഇല്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിന്റെ പടികാണില്ലായിരുന്നെന്നും പുതുപ്പള്ളിയില്‍ സൈക്കിള്‍ ടയര്‍ ഉരുട്ടിനടന്നേനെയെന്നുമാണ് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജിദ് മൊഴിഞ്ഞത്. അങ്ങനെ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതിന്റെ പണിക്കൂലിയായി ചോദിച്ചതാണ് അഞ്ചാംമന്ത്രിയെ. കൊടുക്കില്ലെന്നും കൊടുത്താല്‍ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്നും ഇന്ദിരഭവനില്‍ ചേര്‍ന്ന കെപിസിസി ഉച്ചകോടി പ്രഖ്യാപിച്ചു. അതിന് ഹൈക്കമാന്‍ഡ് തുല്യം ചാര്‍ത്തി. അഞ്ചാംമന്ത്രിയെ കൊടുക്കില്ലെന്ന് ഭരണത്തലവന്‍ ഉമ്മന്‍ചാണ്ടിയും സംഘടനാത്തലവന്‍ രമേശ്ചെന്നിത്തലയും ഇതിനിടെ പെരുന്നയില്‍ ചെന്ന് കട്ടായം പറഞ്ഞു. പക്ഷേ, 20 എംഎല്‍എമാരുടെ ബലത്തില്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഉഗ്രശാസനം നല്‍കിയപ്പോള്‍ ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നട്ടെല്ല് വാഴപ്പിണ്ടിയില്‍ തീര്‍ത്തതാണെന്ന് തെളിയിച്ചു. ഇത് ഭരണമുന്നണിയെ വലിയ പ്രതിസന്ധിയിലാക്കി. അങ്ങനെ, 1950കളിലെ കേരളത്തിലെ സംഭവവികാസങ്ങളിലേക്കാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും ഭരണമുന്നണിയെയും കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.

1947ല്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ പട്ടം താണുപിള്ളയെ സ്റ്റേറ്റ് കോണ്‍ഗ്രസിലെ മധ്യതിരുവിതാംകൂര്‍ ലോബി മറിച്ചിട്ട് പറവൂര്‍ ടി കെ നാരായണപിള്ളയെ അവരോധിച്ചു. ആദ്യം പട്ടത്തെ അടിച്ചുവീഴ്ത്തിയവര്‍തന്നെ മുന്‍കൈയെടുത്ത് പറവൂര്‍ ടി കെയെയും വീഴ്ത്തി. അതിന് മുന്‍കൈയെടുത്ത മധ്യതിരുവിതാംകൂര്‍ ലോബിയുടെ നേതാക്കന്മാര്‍ പി ടി ചാക്കോ, കെ എം ചാണ്ടി, ചെറിയാന്‍ കാപ്പന്‍ തുടങ്ങിയവരായിരുന്നു. പട്ടത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒപ്പുശേഖരിക്കാന്‍ മുന്നില്‍നിന്ന ഈ ത്രിമൂര്‍ത്തികളെയും കൂട്ടരെയും "ഒപ്പിയാന്‍മാര്‍" എന്നാണ് വിളിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇവര്‍ക്കെതിരെ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും സര്‍വാധികാരികളായിരുന്ന മന്നത്തുപത്മനാഭനും ആര്‍ ശങ്കറും ചേര്‍ന്ന് ഹിന്ദുമണ്ഡലം എന്ന രാഷ്ട്രീയ പ്രസ്ഥാനം രുപീകരിച്ചത്. കോണ്‍ഗ്രസിലെ 15 എംഎല്‍എമാര്‍ മന്നം- ശങ്കര്‍ ചേരിയിലേക്ക് മാറി. ഹൈന്ദവരുടെ മുഴുവന്‍ ഐക്യത്തില്‍ തനിക്കുള്ള ആത്മാര്‍ഥത പ്രകടിപ്പിക്കാനായി മന്നത്തു പത്മനാഭപിള്ള അന്ന് "പിള്ള" എന്ന വാലു മുറിച്ചുകളഞ്ഞു. 1950കളുടെ ആദ്യം കേരളം കണ്ട ഈ അന്തരീക്ഷം മറ്റൊരു തരത്തില്‍ ഇന്ന് രൂപപ്പെട്ടിരിക്കുകയാണ്. അതിന് ഇടയാക്കുന്ന വിധത്തില്‍ സമുദായ സംഘടനകളെ ചേരിതിരിച്ചു മാറ്റിയിരിക്കുന്നു, ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ഭരണവും യുഡിഎഫ് നടപടികളും. മന്ത്രിസഭാ രൂപീകരണവേള മുതല്‍ ഇതുകണ്ടു. തദ്ദേശവകുപ്പ് മൂന്നായി വിഭജിച്ച് അധികാര വികേന്ദ്രീകരണത്തിനും ജനങ്ങള്‍ക്കും ആഘാതമേകി. ഈ പ്രീണനയമാണ് അഞ്ചാംമന്ത്രിക്കാര്യത്തിലും പ്രകടമായത്. എന്നിട്ടിപ്പോള്‍, മുസ്ലിംലീഗിനെ പ്രീണിപ്പിക്കാന്‍ സുകുമാരന്‍നായരെയും വെള്ളാപ്പള്ളി നടേശനെയും യൂത്ത്കോണ്‍ഗ്രസിന്റെ നേതാക്കളും ചില കോണ്‍ഗ്രസ് നേതാക്കളും താറഭിഷേകം നടത്തുന്നു. ഭരണ- സംഘടന നേതൃത്വത്തിന്റെ അഭിമതപ്രകാരമാണിത്. ഭരണത്തണലില്‍ അഞ്ചാം മന്ത്രിയെ സംഘടിപ്പിക്കുന്നതില്‍ മാത്രമല്ല, പൊതുമുതല്‍ കട്ടുമുടിക്കുന്നതിലും ലീഗ് മുന്നിലാണ്. അതേപ്പറ്റി ക..മാ എന്ന് ഉരിയാടാത്ത യൂത്തുകോണ്‍ഗ്രസുകാരാണ്, അധികാരം കിട്ടാന്‍ കാരണക്കാരായ സമുദായ സംഘടനക്കാരെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വേളയില്‍പ്പോലും ആക്രമിക്കാന്‍ വേട്ടപ്പട്ടികളെപ്പോലെ ഇറങ്ങിയിരിക്കുന്നത്. അതിന് കോണ്‍ഗ്രസിന് ധൈര്യം പകര്‍ന്നത് അതിരുകടന്ന ഒരു മോഹചിന്തയാണ്; വടകരയിലെ കൊലപാതകം യുഡിഎഫിനെ നെയ്യാറ്റിന്‍കരയില്‍ കരകേറ്റുമെന്ന പകല്‍ക്കിനാവ്. ഏവനെങ്കിലും തൊട്ടുതലോടിയിട്ടുണ്ടെങ്കില്‍, ഒരു പിടി അന്നം നല്‍കിയിട്ടുണ്ടെങ്കില്‍, അവരെയെല്ലാം തിരിഞ്ഞു കടിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ബോധ്യമാക്കുന്നു.

ആര്‍ എസ് ബാബു deshabhimani 090512

1 comment:

  1. "ഇഷ്ടമാടിക്കനിഞ്ഞു ചോറിട്ട കൈക്ക് കടിക്കുന്നവരെ" പറ്റി പണ്ട് പാടിയവന്‍ കുഞ്ചന്‍. നാട്ടുനടപ്പും നടപടിദൂഷ്യവും അന്ന് എന്നപോലെ ഇന്നും ഉണ്ടാകുമെന്ന് കണ്ടവനാണ് കുഞ്ചന്‍. അത് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ യൂത്തുകോണ്‍ഗ്രസുകാര്‍ തെളിയിച്ചു. അവര്‍ ചെയ്തത് അവരുടെ യജമാനന്മാര്‍ക്കു വേണ്ടിയാണ്. ഒരു ജാതിക്കോ ഉപജാതിക്കോ അവശ്യം ഉണ്ടായിരിക്കേണ്ട ഗുണത്തിനാണ് അവശ്യഗുണം എന്ന് പറയുക. എത്യോപ്യക്കാരന് അവന്റെ തൊലിയും പുള്ളിപ്പുലിക്ക് അതിന്റെ പുള്ളിയും മാറ്റാന്‍ സാധ്യമല്ല. അതുപോലെ വര്‍ഗീയ പാര്‍ടികളുമായും സമുദായ സംഘടനകളുമായുമുള്ള സഹവര്‍ത്തിത്വവും കൂട്ടുകെട്ടും കോണ്‍ഗ്രസിന് ഉപേക്ഷിക്കാനാവില്ല. അതുള്ളപ്പോള്‍ത്തന്നെ വര്‍ഗീയ പാര്‍ടിയും സമുദായ സംഘടനകളും എറ്റുമുട്ടിയാല്‍ വര്‍ഗീയപാര്‍ടിയെ കൈവിടില്ലെന്നും അതിനായുള്ള നയവിളംബരങ്ങള്‍ നടത്തുമെന്നുമാണ് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുന്നത്.

    ReplyDelete