Monday, June 18, 2012

17 വര്‍ഷമായി കൂലി പുതുക്കിയില്ല നീലഗിരിയില്‍ തേയില ഫാക്ടറി തൊഴിലാളികള്‍ സമരത്തില്‍


ഗൂഡല്ലൂര്‍: 17 വര്‍ഷമായി കൂലി പുതുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നീലഗിരി ജില്ലയില്‍ സഹകരണ തേയില ഫാക്ടറി തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടരുന്നു. 15ന് തുടങ്ങിയ സമരം ജില്ലയിലെ തേയില ഫാക്ടറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിച്ചു. ഒപ്പം അരലക്ഷത്തോളം വരുന്ന തേയില കര്‍ഷകരേയും സമരം ബാധിച്ചുതുടങ്ങി. സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച കുന്നൂരില്‍ ലേബര്‍ ഓഫീസില്‍ തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തും.

നീലഗിരി ജില്ലയില്‍ സഹകരണ മേഖലയില്‍ 17 തേയില ഫാക്ടറികളാണുള്ളത്. ഇവയില്‍ 15 എണ്ണമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അറുപതിനായിരത്തിലേറെ വരുന്ന ചെറുകിട തേയില തോട്ടം ഉടമകളുടെ സഹകരണസംഘത്തിനു കീഴിലാണ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ നിലവിലില്ല. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവരാണ് ഭരണം കൈയാളുന്നത്. മൂവായിരത്തഞ്ഞൂറിലേറെ തൊഴിലാളികളാണ് ഫാക്ടറികളിലുള്ളത്. കുറഞ്ഞ ദിവസവരുമാനം 166 രൂപ 88 പൈസയാണ്. 1995 ലാണ് ഇത് നിശ്ചയിച്ചത്. അഞ്ചുവര്‍ഷം കുടുമ്പോള്‍ കൂലി പുതുക്കണമെന്ന ചട്ടം പാലിക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും തയ്യാറായില്ല.

കൂലി വര്‍ധന ആവശ്യപ്പെട്ട് കലക്ടറേറ്റ്, സഹകരണസംഘത്തിന്റെ കുന്നൂരിലെ കോര്‍പറേറ്റ് ഓഫീസ് എന്നിവിടങ്ങളിലായി നിരവധി തവണ സമരം നടത്തിയിരുന്നതായി സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ജി സുരേഷ് പറഞ്ഞു. നാലുവര്‍ഷം മുമ്പ് സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ദിവസക്കൂലിയില്‍ ഇടക്കാലാശ്വാസമായി 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ആറുമാസത്തിനകം കൂലി വര്‍ധിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപ്പായില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളി സംഘടനകള്‍ യോജിച്ച് ഇക്കഴിഞ്ഞ 15 ന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. ദിവസക്കൂടലി 350 രൂപയാക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. നീലഗിരി ജില്ല സഹകരണസംഘം തേയില ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു), പ്ലാന്റേഷന്‍ ഓര്‍ഗനൈസേഷന്‍ (എഐടിയുസി), നീഗിരി പ്ലാന്റേഷന്‍ യൂണിയന്‍ (ഐഎന്‍ടിയുസി) എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തുന്ന പണിമുടക്കിനെത്തുടര്‍ന്ന് ഫാക്ടറികള്‍ പൂര്‍ണമായും സ്തംഭിച്ചു. ജില്ലയിലെ ചെറുകിട തേയില കര്‍ഷകരെ പണിമുടക്ക് ബാധിച്ചുതുടങ്ങി. ദിനംപ്രതി ഏഴ് കോടിയോളം രൂപയുടെ തേയില ഉല്‍പാദന നഷ്ടമാണ് നീലഗിരിക്ക് ഉണ്ടാകുന്നത്. പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ തിങ്കളാഴ്ച കുന്നൂരില്‍ ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ് സമരം 20 ദിവസം പിന്നിട്ടു

ഏലപ്പാറ: മുണ്ടക്കയം ഈസ്റ്റ് ടിആര്‍ ആന്‍ഡ് ടി റബര്‍ തോടത്തില്‍ എച്ച്ഇഇഎ (സിഐടിയു) നേതൃത്വത്തില്‍ തൊഴിലാളികളും ജീവനക്കാരും നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 20 ദിവസം പിന്നിട്ടു. സമരത്തെ പൊലീസ് സംവിധാനംവഴി അടിച്ചൊതുക്കാന്‍ ഉടമ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. തൊഴിലാളികളും ജീവനക്കാരും എച്ച്ഇഇഎ നേതൃത്വത്തില്‍ നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പാണ് തോട്ടം ഉടമയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്. തോട്ടം ഉടമ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെയും തൊഴില്‍മന്ത്രിയുടെയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചകളില്‍ തോട്ടം ഉടമ വരാന്‍ തയ്യാറാകാത്തത് സമരം നീണ്ടുപോകാന്‍ കാരണമാകുന്നു. സമരത്തെ തകര്‍ക്കാന്‍ ഉടമ ഐഎന്‍ടിയുസിയുടെ നേതൃത്വത്തെ കൈയിലെടുത്ത് നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.

മുന്‍കാലങ്ങളില്‍ നടത്തിയ ഉജ്വലമായ പോരാട്ടങ്ങളുടെ ഫലമായി ഹൈക്കോടതി പ്രശ്നത്തില്‍ ഇടപെടുകയും തോട്ടം ഉടമയോട് അടിയന്തരമായി തൊഴിലാളികള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കാലയളവിലാണ് ഭരണമാറ്റം ഉണ്ടായത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തോട്ടം ഉടമയുടെ പ്രതികാര മനോഭാവം വര്‍ധിച്ചു. തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയ യൂണിയന്‍ പ്രവര്‍ത്തകരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. തൊഴിലാളികളെ കള്ളക്കേസുകളിലും കുടുക്കി. തോട്ടം ഉടമയുടെ നീക്കത്തിന് ഒത്താശയും സഹായവും നല്‍കുന്ന നിലപാടാണ് ഐഎന്‍ടിയുസി സ്വീകരിച്ചത്. എന്നാല്‍ ഈ നിലപാട് ഈ യൂണിയന് കനത്ത തിരിച്ചടിയായി. തൊഴിലാളികളില്‍ ഭൂരിപക്ഷംപേരും സിഐടിയു സമരത്തില്‍ അണിനിരന്നു. ദീര്‍ഘകാല പാട്ടകരാറും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും താമസസൗകര്യങ്ങള്‍ നശിപ്പിച്ചും തൊഴിലാളികളെ ദ്രോഹിക്കുന്ന നയങ്ങളുമായി തോട്ടം ഉടമ മുന്നോട്ടുപോകുന്ന സാഹചര്യത്തിലായിരുന്നു എച്ച്ഇഇഎ വീണ്ടും സമരരംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്.

deshabhimani 180612

1 comment:

  1. 17 വര്‍ഷമായി കൂലി പുതുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നീലഗിരി ജില്ലയില്‍ സഹകരണ തേയില ഫാക്ടറി തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടരുന്നു. 15ന് തുടങ്ങിയ സമരം ജില്ലയിലെ തേയില ഫാക്ടറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിച്ചു. ഒപ്പം അരലക്ഷത്തോളം വരുന്ന തേയില കര്‍ഷകരേയും സമരം ബാധിച്ചുതുടങ്ങി. സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച കുന്നൂരില്‍ ലേബര്‍ ഓഫീസില്‍ തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തും.

    ReplyDelete