Monday, June 18, 2012

ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിന്ന് വന്‍നിക്ഷേപങ്ങള്‍ കടത്തി


ഇന്ത്യക്കാരുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടേതുമായി സ്വിസ്ബാങ്കുകളില്‍ പരസ്യമായി അവശേഷിക്കുന്നത് 12,700 കോടി രൂപയുടെ നിക്ഷേപം. ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള നിക്ഷേപം മാത്രമാണിത്. ഇന്ത്യക്കാര്‍ക്ക് മറ്റു പേരുകളിലുള്ള നിക്ഷേപം ഈ കണക്കില്‍ വരില്ല. ഇന്ത്യക്കാരുടെ, പേരുവെളിപ്പെടുത്താത്ത നമ്പര്‍ അക്കൗണ്ടുകളിലായി 900 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. സ്വിസ് നാഷണല്‍ ബാങ്ക് (എസ് എന്‍ബി) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

ആറ് വര്‍ഷം മുമ്പ് ഇന്ത്യക്കാര്‍ക്ക് 40,000 കോടി നിക്ഷേപമുണ്ടായിരുന്നെങ്കിലും അവിടം സുരക്ഷിതമല്ലാതായപ്പോള്‍ നിക്ഷേപങ്ങള്‍ പിന്നീട് മറ്റിടങ്ങളിലേക്ക് കടത്തിയതായാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷത്തിനിടെ, 2011ല്‍ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യക്കാരുടെ നിക്ഷപം 3500 കോടി രൂപ ഉയര്‍ന്നു. 2006ല്‍ സ്വിസ്ബാങ്കില്‍ ഇന്ത്യക്കാര്‍ക്ക് 40,000 കോടിയുടെ നിക്ഷേപമുണ്ടായിരുന്നു. ഇത് ക്രമേണ ഇടിയുകയും പിന്നീട് ഉയരുകയുമായിരുന്നു.

എന്നാല്‍, വിദേശത്തെ കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമായതോടെ, ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് നിക്ഷേപം മറ്റ് ബാങ്കുകളിലേക്ക് വന്‍ തോതില്‍ മാറ്റിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മൗറീഷ്യസ്, ദുബായ് ബാങ്കുകളിലേക്കാണ് ഈ നിക്ഷേപം മാറ്റിയതെന്ന് കരുതുന്നു. നിക്ഷേപകരുടെ വിശദാംശം വെളിപ്പെടുത്താന്‍ രാജ്യങ്ങള്‍ സ്വിസ്ബാങ്കില്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് കള്ളപ്പണനിക്ഷേപം മറ്റ് ബാങ്കുകളിലേക്ക് മാറ്റാന്‍ ഇന്ത്യന്‍ വ്യവസായഭീമന്മാരും ബിസിനസ് കുടുംബങ്ങളും താല്‍പ്പര്യപ്പെടുന്നത്.

2006നും 2010നുമിടയില്‍ ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കുകളില്‍ 14,000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ളപ്പണത്തെ കുറിച്ച് പാര്‍ലമെന്റില്‍ കഴിഞ്ഞമാസം സമര്‍പ്പിച്ച ധവളപത്രത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യക്കാര്‍ക്ക് 12,700 കോടി രൂപ നേരിട്ടുള്ള നിക്ഷേപവും 900 കോടിയുടെ പേരുവെളിപ്പെടുത്താത്ത നിക്ഷപവുമുണ്ടെങ്കിലും സ്വിസ് ബാങ്കിലെ മൊത്തം വിദേശനിക്ഷേപത്തിന്റെ 0.14 ശതമാനം മാത്രമേ ഇത് വരൂ. വിദേശനിക്ഷേപത്തില്‍ ഇന്ത്യക്ക് സ്വിസ്ബാങ്ക് 55-ാമത് സ്ഥാനമാണ് നല്‍കിയത്. സ്വിസ് ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ബ്രിട്ടീഷുകാര്‍ക്കാണ്(20 ശതമാനം). 18 ശതമാനം നിക്ഷേപവുമായി അമേരിക്കക്കാര്‍ രണ്ടാമതുണ്ട്.

deshabhimani 180612

1 comment:

  1. ഇന്ത്യക്കാരുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടേതുമായി സ്വിസ്ബാങ്കുകളില്‍ പരസ്യമായി അവശേഷിക്കുന്നത് 12,700 കോടി രൂപയുടെ നിക്ഷേപം. ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള നിക്ഷേപം മാത്രമാണിത്. ഇന്ത്യക്കാര്‍ക്ക് മറ്റു പേരുകളിലുള്ള നിക്ഷേപം ഈ കണക്കില്‍ വരില്ല. ഇന്ത്യക്കാരുടെ, പേരുവെളിപ്പെടുത്താത്ത നമ്പര്‍ അക്കൗണ്ടുകളിലായി 900 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. സ്വിസ് നാഷണല്‍ ബാങ്ക് (എസ് എന്‍ബി) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

    ReplyDelete