Saturday, June 16, 2012

തൊഴില്‍വകുപ്പിന് കണക്കില്ല ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ രോഗം പടരുന്നു


ഇടുങ്ങിയ കൂരയ്ക്കുള്ളില്‍ 30ലേറെ പേര്‍, ശുചിത്വമില്ലാത്ത ടോയ്ലറ്റുകള്‍, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാചകം, ഇത് ക്യാമ്പുകളിലെ സ്ഥിതി. മിക്കയിടങ്ങളിലും പണിസ്ഥലംതന്നെ ക്യാമ്പ്. ഇവിടെ ടോയ്ലറ്റോ, ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സ്ഥലമോ ഉറങ്ങാന്‍ കൂരയോ ഇല്ല. പലയിടത്തും കന്നുകാലികളേക്കാള്‍ മോശം സാഹചര്യത്തിലാണ് ഇവരുടെ താമസം. ജില്ലയില്‍ പതിനായിരത്തിലേറെ വരുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കഴിയുന്നത് ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍. വൃത്തിഹീനമായ സാഹചര്യത്തില്‍ മലേറിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പടരുന്നു. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ലേബര്‍ വകുപ്പും മറ്റ് അധികൃതരും ചെറുവിരല്‍ അനക്കുന്നില്ല.

ജില്ലയില്‍ 28 തൊഴിലുടമകള്‍ക്ക് കീഴില്‍ 985 ഉത്തരേന്ത്യന്‍ സംസ്ഥാനത്തൊഴിലാളികളുണ്ടെന്നാണ് തൊഴില്‍ വകുപ്പിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ 2010 പേരുണ്ടെന്നാണ് നിര്‍മാണത്തൊഴിലാളിക്ഷേമനിധി ഓഫീസിന്റെ കണക്ക്. ജില്ലയില്‍ മറ്റുസംസ്ഥാനത്തുനിന്നുള്ള തൊഴിലാളികളുടെ മൊത്തം കണക്ക് ബന്ധപ്പെട്ട വകുപ്പുകളില്ലെന്നു വ്യക്തം. ഇത്തരം തൊഴിലാളികളുടെ എണ്ണം പതിനായിരത്തിലേറെ വരുമെന്നാണ് അനൗദ്യേഗിക കണക്ക്. മിക്കയിടത്തും ഇവരെ പാര്‍പ്പിച്ചിരിക്കുന്നത് പണി നടക്കുന്ന കെട്ടിടങ്ങളില്‍ത്തന്നെ. നഗരത്തിലും ജില്ലയില്‍ വിവിധ പ്രദേശങ്ങളിലും നിര്‍മാണം നടക്കുന്ന നിരവധി ഫ്ളാറ്റുകളിലും ഇവരെ താമസിപ്പിച്ചിരിക്കുന്നു. പലയിടത്തും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലുമില്ല. പണി നടക്കുന്ന സ്ഥലമാണ് വിസര്‍ജ്യസ്ഥലം. അവിടെ തന്നെ കുളിയും. പാചകം ചെയ്യുന്നതും വൃത്തിഹീനമായ സാഹചര്യത്തില്‍. ചിലയിടങ്ങളില്‍ പണി നടക്കുന്നിടങ്ങളില്‍ ഷീറ്റുകള്‍ കൊണ്ടുള്ളകൊച്ചുകൂരകളാണുള്ളത്. ചിലയിടങ്ങളില്‍ തൊഴിലുടമകള്‍ ഇവര്‍ക്ക് ക്യാമ്പുകളും പണിതുയര്‍ത്തിയിട്ടുണ്ട്. ഇവിടെയെല്ലാം ഒറ്റമുറിയില്‍ മുപ്പതില്‍പ്പരം പേരെയാണ് കിടത്തിയിരിക്കുന്നത്. റോഡ് പണിയും കാന പണിയും മറ്റും ചെയ്യുന്നവര്‍ റോഡരികിലും വിജനമായ സ്ഥലങ്ങളിലും ടെന്റ് അടിച്ചാണ് താമസം. മാതാപിതാക്കള്‍ പണിചെയ്യുമ്പോള്‍ പിഞ്ചുകുട്ടികള്‍ അലയുന്നതും പൊരിവെയലത്ത് കിടക്കുന്നതും നിത്യക്കാഴ്ച.

മഴയെത്തിയതോടെ പനിയും പകര്‍ച്ചവ്യാധികളും ഇവര്‍ക്കിടയില്‍ പടരുകയാണ്. ഏറെപ്പേരെയും ബാധിച്ചിരിക്കുന്നത് മലേറിയ. ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്നതുകൊണ്ട് രോഗങ്ങള്‍ തടയാനാവുന്നില്ല. മാസങ്ങള്‍ക്കു മുമ്പ് പുതുക്കാട് ലേബര്‍ക്യാമ്പിലെ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവവും ഉണ്ടായി. തമിഴ്നാട്, ആന്ധ്ര, ബിഹാര്‍, ഒറീസ, ബംഗാള്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കേരളത്തിലേക്ക് വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവരുന്നത്. കെട്ടിടനിര്‍മാണം, സ്വര്‍ണപ്പണി, ഓട്ടുകമ്പനികള്‍ തുടങ്ങി പൂക്കച്ചവടം വരെ ഇവരുടെ പ്രവര്‍ത്തനമേഖലയാണ്്. പുറമെ നിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ ലേബര്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. പുറമെ നിര്‍ദിഷ്ട താമസസൗകര്യങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശിക്കുന്നു. ഇവരുടെ കൂലി സംബന്ധിച്ചും മാനദണ്ഡങ്ങളുണ്ട്. ഇതെല്ലാം ലംഘിച്ചാണ് അയല്‍സംസ്ഥാനത്തൊഴിലാളികളെ താമസിപ്പിക്കുന്നത്.
(ടി വി വിനോദ്)

നിബന്ധനകള്‍ നിരവധി; എല്ലാം ഏട്ടിലെപ്പശു

തൃശൂര്‍: അയല്‍ സംസ്ഥാനത്തൊഴിലാളികളെ താമസസൗകര്യത്തിനും മറ്റും സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ നിരവധി. ഇതിലൊന്നുപോലും പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. നിബന്ധനകള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താന്‍ അധികൃതര്‍ തയ്യാറല്ല. * പണിസ്ഥലങ്ങളില്‍ താമസിപ്പിക്കാന്‍ പാടില്ല ശുചിത്വമാര്‍ന്ന ക്യാമ്പുകള്‍ വേണം * മതിയായ ചികിത്സാസൗകര്യം ഏര്‍പ്പെടുത്തണം * ജനലുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യം വേണം * ശുചിത്വപൂര്‍ണമായ ടോയ്ലറ്റ് സൗകര്യങ്ങള്‍ * നൂറില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ കാന്റീന്‍ സൗകര്യം * സ്ത്രീകള്‍ ഉണ്ടെങ്കില്‍ പ്രത്യേകം മുറിയും ടോയ്ലറ്റ് സൗകര്യങ്ങളും പാചകസൗകര്യങ്ങളും * ശുദ്ധജലത്തിന് സംവിധാനം എന്നിവയാണ് ലേബര്‍ ക്യാമ്പുകളിലെ നിര്‍ദിഷ്ട സൗകര്യങ്ങള്‍

deshabhimani 160612

1 comment:

  1. ഇടുങ്ങിയ കൂരയ്ക്കുള്ളില്‍ 30ലേറെ പേര്‍, ശുചിത്വമില്ലാത്ത ടോയ്ലറ്റുകള്‍, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാചകം, ഇത് ക്യാമ്പുകളിലെ സ്ഥിതി. മിക്കയിടങ്ങളിലും പണിസ്ഥലംതന്നെ ക്യാമ്പ്. ഇവിടെ ടോയ്ലറ്റോ, ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സ്ഥലമോ ഉറങ്ങാന്‍ കൂരയോ ഇല്ല. പലയിടത്തും കന്നുകാലികളേക്കാള്‍ മോശം സാഹചര്യത്തിലാണ് ഇവരുടെ താമസം. ജില്ലയില്‍ പതിനായിരത്തിലേറെ വരുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കഴിയുന്നത് ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍. വൃത്തിഹീനമായ സാഹചര്യത്തില്‍ മലേറിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പടരുന്നു. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ലേബര്‍ വകുപ്പും മറ്റ് അധികൃതരും ചെറുവിരല്‍ അനക്കുന്നില്ല.

    ReplyDelete