Saturday, June 16, 2012

പുത്തിഗെയില്‍ വ്യാജരേഖ ചമച്ച് കള്ളവോട്ട് ചേര്‍ക്കാന്‍ ലീഗ് ശ്രമം


പുത്തിഗെ പഞ്ചായത്തില്‍ വ്യാജരേഖകള്‍ ചമച്ച് കള്ളവോട്ട് ചേര്‍ക്കാന്‍ ലീഗ് ശ്രമം. വ്യാജ റസിഡന്‍ഷ്യല്‍ സര്‍ടിഫിക്കറ്റുമായി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ച കര്‍ണാടക സ്വദേശിയായ യുവാവിനെതിരെ കഴിഞ്ഞദിവസം കുമ്പള പൊലീസ് കേസ്സെടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കര്‍ണാടകയില്‍നിന്ന് പുത്തിഗെയിലെത്തിയ ഇയാള്‍ എ കെ ജി നഗറിലാണ് താമസം. പുത്തിഗെയിലെ യൂത്ത്ലീഗ് നേതാവിന്റെ സമ്മര്‍ദത്താലാണ് ഇയാള്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചത്. പുത്തിഗെ പഞ്ചായത്തിലെ മുന്‍ സെക്രട്ടറിയുടെ പേരില്‍ വ്യാജ ഒപ്പിട്ട റസിഡന്‍ഷ്യല്‍ സര്‍ടിഫിക്കറ്റ് കര്‍ണാടക സ്വദേശിക്ക് തയ്യാറാക്കി കൊടുത്തത് ഈ നേതാവാണ്. നേതാവിന്റെ പ്രേരണയില്‍ കാസര്‍കോട് താലൂക്ക് ഓഫീസില്‍ ഇയാള്‍ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ സര്‍ടിഫിക്കറ്റില്‍ സംശയം തോന്നിയ അധികൃതര്‍ പരിശോധനക്കായി പഞ്ചായത്തിലേക്ക് അയച്ചു. തുടര്‍ന്നാണ് ഇത് വ്യാജമാണെന്ന് മനസ്സിലായത്.

സര്‍ടിഫിക്കറ്റ് കൃത്രിമമായി തയ്യാറാക്കി നല്‍കിയത് യൂത്ത്ലീഗ് നേതാവാണ്. സീതാംഗോളിയിലുള്ള ഇയാളുടെ സ്ഥാപനത്തിലാണ് ഇത്തരത്തില്‍ കൃത്രിമ സര്‍ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നത്. കഴിഞ്ഞ നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പ്് സമയത്ത് പഞ്ചായത്തില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി തടഞ്ഞു. തെരഞ്ഞെടുപ്പ് സമയമല്ലാതിരുന്നിട്ടും തുടര്‍ന്നും കള്ളവോട്ട് ചേര്‍ക്കാനാണ് ഇപ്പോള്‍ ലീഗ് ശ്രമം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കെത്തി വാടക വീടുകളിലും ക്വാര്‍ട്ടേഴ്സുകളിലും താമസിക്കുന്നവരെ പ്രലോഭിപ്പിച്ചാണ് ലീഗുകാര്‍ ഇത്തരത്തില്‍ കള്ളവോട്ട് ചേര്‍ക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചാല്‍ പല ആനുകൂല്യങ്ങളും ലഭിക്കുമെന്ന വാഗ്ദാനമാണ് ലീഗ് നേതാക്കള്‍ നല്‍കുന്നത്. കള്ളത്തരത്തിന് കൂട്ടുനിന്നാലുള്ള പ്രത്യാഘാതമറിയാതെയാണ് ഇവര്‍ ലീഗുകാരുടെ വലയിലാകുന്നത്. റിമാന്‍ഡില്‍ കഴിയുന്ന കര്‍ണാടക സ്വദേശിയുടെ ദുരവസ്ഥയും ഇത്തരത്തിലാണ്. കള്ളവോട്ട് ചേര്‍ക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പുത്തിഗെ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

കടം എഴുതിത്തള്ളാന്‍ പണപ്പിരിവ്: ഇന്‍ഫു നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു

കാഞ്ഞങ്ങാട്: കടം എഴുതിത്തള്ളുമെന്ന് നുണപ്രചാരണം നടത്തി അഞ്ഞൂറോളം മുസ്ലിം സ്ത്രീകളെ കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചുവരുത്തി പണം തട്ടാനുള്ള ഇന്‍ഫു ജില്ലാനേതാക്കളുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഗസ്റ്റ്ഹൗസില്‍ നൂറുകണക്കിന് പര്‍ദയണിഞ്ഞ സ്ത്രീകളെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അഞ്ചംഗ സംഘം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് എന്നിവര്‍ക്ക് സമര്‍പ്പിക്കാനുള്ള അപേക്ഷാഫോറങ്ങള്‍ നല്‍കി കടവിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കാന്‍ ആവശ്യപ്പെട്ടു. 110 രൂപയടച്ച് ഇന്‍ഫുവില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് മാത്രമാണ് ഫോറം നല്‍കിയത്. നൂറോളംപേര്‍ രാവിലെ തന്നെ അംഗത്വമെടുത്ത് ഫോറം പൂരിപ്പിച്ച് നല്‍കി. കടം എഴുതിത്തള്ളാനുള്ള അപേക്ഷ ഗസ്റ്റ്ഹൗസില്‍ സ്വീകരിക്കുന്നുണ്ടെന്ന് ആദ്യം അംഗത്വമെടുത്തവര്‍ പ്രചരിപ്പിച്ചതോടെ തീരദേശ മേഖലയില്‍നിന്ന് കൂടുതല്‍പേര്‍ ഗസ്റ്റ്ഹൗസിലേക്ക് പ്രവഹിക്കുകയായിരുന്നു. സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് പണംതട്ടുകയാണെന്ന് പറഞ്ഞ് നാട്ടുകാര്‍ ഇന്‍ഫു പ്രവര്‍ത്തകരെ വളഞ്ഞുവച്ചതോടെ സംഘര്‍ഷമായി. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി ഇന്‍ഫു ജില്ലാകമ്മിറ്റി അംഗങ്ങളായ പറക്കളായിയിലെ ജയന്‍, പേരിയയിലെ ശ്രീധരന്‍, ഒടയംചാലിലെ സുരേഷ് എന്നിവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് സംഘടനയുടെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചശേഷം വിട്ടയച്ചു.

കഴിഞ്ഞദിവസം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ രമേശ്ചെന്നിത്തലയെ പങ്കെടുപ്പിച്ച് നടത്തിയ വായ്പ എഴുതിത്തള്ളല്‍ കണ്‍വന്‍ഷന്‍ തട്ടിപ്പാണെന്ന് മാധ്യമങ്ങളും ധനകാര്യ സ്ഥാപനങ്ങളും വിവിധ കര്‍ഷകസംഘടനകളും വെളിപ്പെടുത്തിയിട്ടും ഇന്‍ഫു കര്‍ഷരെ വഞ്ചിക്കുന്നത് തുടരുകയാണെന്ന് വിവിധ കര്‍ഷകസംഘടനകള്‍ കുറ്റപ്പെടുത്തി. അതേസമയം ഗസ്റ്റ്ഹൗസില്‍ നടന്നത് അംഗത്വ വിതരണമാണെന്നും അംഗത്വ ഫീസായ നൂറുരൂപയും കാര്‍ഷിക കടാശ്വാസഫോറത്തിന്റ വിലയായ പത്തുരൂപയുമാണ് ഈടാക്കിയതെന്ന് ഇന്‍ഫു സംസ്ഥാന സെക്രട്ടറി എ പത്മകുമാര്‍ പറഞ്ഞു.

deshabhimani 160612

1 comment:

  1. പുത്തിഗെ പഞ്ചായത്തില്‍ വ്യാജരേഖകള്‍ ചമച്ച് കള്ളവോട്ട് ചേര്‍ക്കാന്‍ ലീഗ് ശ്രമം. വ്യാജ റസിഡന്‍ഷ്യല്‍ സര്‍ടിഫിക്കറ്റുമായി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ച കര്‍ണാടക സ്വദേശിയായ യുവാവിനെതിരെ കഴിഞ്ഞദിവസം കുമ്പള പൊലീസ് കേസ്സെടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കര്‍ണാടകയില്‍നിന്ന് പുത്തിഗെയിലെത്തിയ ഇയാള്‍ എ കെ ജി നഗറിലാണ് താമസം. പുത്തിഗെയിലെ യൂത്ത്ലീഗ് നേതാവിന്റെ സമ്മര്‍ദത്താലാണ് ഇയാള്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചത്. പുത്തിഗെ പഞ്ചായത്തിലെ മുന്‍ സെക്രട്ടറിയുടെ പേരില്‍ വ്യാജ ഒപ്പിട്ട റസിഡന്‍ഷ്യല്‍ സര്‍ടിഫിക്കറ്റ് കര്‍ണാടക സ്വദേശിക്ക് തയ്യാറാക്കി കൊടുത്തത് ഈ നേതാവാണ്. നേതാവിന്റെ പ്രേരണയില്‍ കാസര്‍കോട് താലൂക്ക് ഓഫീസില്‍ ഇയാള്‍ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ സര്‍ടിഫിക്കറ്റില്‍ സംശയം തോന്നിയ അധികൃതര്‍ പരിശോധനക്കായി പഞ്ചായത്തിലേക്ക് അയച്ചു. തുടര്‍ന്നാണ് ഇത് വ്യാജമാണെന്ന് മനസ്സിലായത്.

    ReplyDelete