Sunday, June 17, 2012

വാഗ്ദാനങ്ങള്‍ മാലിന്യംപോലെ ആകുമ്പോള്‍


പ്രവചനങ്ങളെ തെറ്റിച്ചു മഴക്കാലം വൈകിയെങ്കിലും മഴയ്ക്കുമുമ്പേ രോഗങ്ങളെത്തുമെന്ന പ്രവചനം ശരിയായി. പകര്‍ച്ചവ്യാധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദുരന്തഫലങ്ങള്‍ പ്രതീക്ഷിച്ചതിലുമധികമായി. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ ബാധിച്ചവര്‍ രോഗപീഡയാലും മതിയായ ചികിത്സയും വൃത്തിയുള്ള ചികിത്സാ സാഹചര്യങ്ങളും ലഭ്യമാകാതെയും കഷ്ടതയനുഭവിക്കുന്നു. മുന്‍കരുതല്‍ നടപടികള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാതെ ആ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറിയ സര്‍ക്കാര്‍ പൊതുജനങ്ങളോട് 144 പ്രഖ്യാപിച്ച് പരിഹാസ്യരായിരിക്കുകയാണ്. കതിരിന്മേല്‍ വളംവെച്ചപോലെ ചവര്‍ സംസ്കരണത്തിന്റെ കാര്യത്തില്‍ ഗുരുതരമായ അലംഭാവംകാട്ടി പ്രത്യാഘാതങ്ങളെ നിരോധനാജ്ഞകൊണ്ട് നേരിടാമെന്ന സര്‍ക്കാരിന്റെ മൗഢ്യം വരുംദിനങ്ങളില്‍ സംഗതികള്‍ കൂടുതല്‍ വഷളാക്കും.

നഗരത്തിലും മലയോര തീരദേശ മേഖലകളില്‍നിന്നും പനിബാധിച്ച അനേകം രോഗികള്‍ ദിനംപ്രതി സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയെത്തുന്നു. ദിവസം പതിനായിരത്തോളം പേര്‍ വരെ രോഗികളെത്തുന്നുവെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് അമ്പത് ശതമാനത്തിലധികമാണ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ചികിത്സ തേടിയവര്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. മഴക്കാലപൂര്‍വ നാളുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മഴക്കാലരോഗങ്ങളെ ചെറുക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായ മുന്‍കരുതല്‍ നടപടികളെടുത്തിരുന്നു. ബോധവല്‍ക്കരണ പരിപാടികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടു വിതരണവും സമയബന്ധിത്മായിത്തന്നെ നിര്‍വഹിച്ചിരുന്നു. മഴക്കാല രോഗങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിട്ടും യുഡിഎഫ് സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ല. കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി തിരുവനന്തപുരം നഗരത്തിലെ മാലിന്യനിര്‍മ്മാര്‍ജ്ജന പരിപാടിയെ പാടേ തകര്‍ത്ത സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം പൊതുജനങ്ങളെ പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നതിലേക്ക് തള്ളിവിട്ടു.

ചവര്‍ സംസ്കരണത്തിനായി നഗരസഭ ആവിഷ്കരിച്ച പൈപ്പ് കമ്പോസ്റ്റ് പദ്ധതി സര്‍ക്കാര്‍ സബ്സിഡി നല്‍കാതെ നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തി. ഇത്രയുംകാലം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി സര്‍ക്കാര്‍ സംവിധാനത്തെ ആശ്രയിച്ചിരുന്നവര്‍ വിളപ്പില്‍ശാല ചവര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടിയതുമൂലം ബദല്‍ സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. പലരും കഴിഞ്ഞ ആറുമാസക്കാലത്തിലേറെയായി അവരവരുടെ വീടുകളില്‍ത്തന്നെ പ്ലാസ്റ്റിക്കുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. പൊതുനിരത്തുകളിലെ മാലിന്യം കൂടാതെ വീടുകള്‍ക്കുള്ളില്‍ നിക്ഷേപിക്കേണ്ടിവരുന്ന മാലിന്യങ്ങളും വന്‍ ആരോഗ്യഭീഷണി ഉയര്‍ത്തുന്നു. ഒന്നിനുമാകാതെ ജനങ്ങള്‍ നിസഹായരായി നില്‍ക്കുമ്പോഴാണ് അവര്‍ക്കെതിരെ 144 പ്രഖ്യാപിച്ച് ഏതോ മഹത്തായ കൃത്യം നിര്‍വഹിച്ച നിര്‍വൃതിയില്‍ മന്ത്രിമാര്‍ ലയിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിലേറെക്കാലമായി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുംനിരത്തുകളിലും ഓടകളിലും നിറഞ്ഞുകുമിഞ്ഞ മാലിന്യം വെറും മൂന്നുദിവസംകൊണ്ട് നീക്കംചെയ്യുമെന്ന് സര്‍ക്കാര്‍ വീരവാദം മുഴക്കിയിരിക്കുന്നു. ഇതു മുമ്പേ ചെയ്തിരുന്നെങ്കില്‍ കുറെപ്പേരെയെങ്കിലും പകര്‍ച്ചവ്യാധികളുടെ പിടിയില്‍നിന്നും രക്ഷിക്കാമായിരുന്നില്ലേ? ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് അധികാര വടംവലിയില്‍ അതിവേഗം ബഹുദൂരം മുന്നോട്ടുപോയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, മാലിന്യനീക്കവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകളും വാഗ്ദാനങ്ങളും മാലിന്യംപോലെ കുന്നുകൂടുന്നു. എന്നാല്‍ അത്തരം വാചാടോപങ്ങളല്ലാതെ ക്രിയാത്മകമായി എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുന്നതില്‍, മറ്റേതു കാര്യത്തിലേതുമെന്നതുപോലെ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയിരിക്കുന്നു.

ഉദാഹരണത്തിന് പനിബാധിച്ച രോഗികളുടെ ചികിത്സാര്‍ത്ഥം മെഡിക്കല്‍ കോളേജില്‍ ഫീവെര്‍ വാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പും മന്ത്രി ശിവകുമാര്‍ പറഞ്ഞിരുന്നതാണ്. അത് സജ്ജമാക്കി എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ പനിബാധിതരെ ആശുപത്രി വരാന്തയിലും കട്ടിലിനടിയിലും കിടത്തി ചികിത്സിക്കേണ്ടി വന്നതെന്തുകൊണ്ടാണ്? വൃത്തിഹീനമായ വരാന്തകളിലും ഇടനാഴികളിലും പനിച്ചുകിടക്കുന്നവര്‍ മറ്റു പകര്‍ച്ചവ്യാധികളേയും കൂടി ഭയപ്പെടേണ്ടിയിരിക്കുന്നു. പലതരം വൈറല്‍ പനികള്‍ ബാധിച്ചവരുടെ രോഗനിര്‍ണ്ണയത്തിനായുള്ള രക്തസാമ്പിളുകള്‍ പരിശോധകള്‍ക്കായി നല്‍കിയാല്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ ലാബുകളില്‍ അധിക സേവനത്തിനായി ആവശ്യമുള്ള സ്റ്റാഫുകളെ നിയമിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അവധി ദിനമാണെങ്കില്‍ പത്തോളജി, മൈക്രോബയോളജി ലാബുകള്‍ ഏറെക്കുറെ നിശ്ചലമാവും. അപ്പോള്‍ പാവപ്പെട്ട രോഗികള്‍ക്ക് കൊളളലാഭം കൊയ്യുന്ന സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടതായി വരും. മരുന്നുകള്‍ റെക്കോഡ് വിലയില്‍ കുറച്ചുകൊടുക്കുമെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച കാരുണ്യ ഫാര്‍മസിവഴി പ്രതിരോധത്തിന്നായുള്ള മുന്‍കൂര്‍ മരുന്നുവിതരണം മുടങ്ങിയെന്നു മാത്രമല്ല ഉള്ള മരുന്നുകള്‍ക്ക് വില കൂടുകയാണ് ചെയ്തിരിക്കുന്നത്.

സുതാര്യവും നീതിയുക്തവുമായി പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കി, സ്വകാര്യ കമ്പനികളുമായി ചര്‍ച്ച നടത്തി ലാഭത്തില്‍ മാത്രം കണ്ണുവെച്ചുള്ള അവരുടെ നിബന്ധനകള്‍ക്ക് വഴങ്ങിയുള്ള മരുന്നുവിതരണം വില കുറയ്ക്കാനല്ല, കൂട്ടാനേ ഉപകരിക്കുകയുള്ളു. മഴക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മരുന്നുകളുടെ വില കുത്തനെ കൂടി. മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ ഉപയോഗിക്കുന്ന ഡോക്സിസൈക്ലിന്റെ വില എട്ടുരൂപയില്‍നിന്ന് 55 രൂപയാക്കി. മൂലഘടകങ്ങളില്‍ മാറ്റം വരുത്തിയെന്നതാണ് വിലവര്‍ദ്ധനവിന് കാരണമായി മരുന്നു കമ്പനികള്‍ പറയുന്നത് . മരുന്നിന്റെ വില കുറയ്ക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ പരസ്യ വാഗ്ദാനം നടത്തുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ യാതൊരു തത്വദീക്ഷയുമില്ലാത്ത വന്‍ വിലവര്‍ദ്ധനവിനാണ് ഇടവരുത്തിയിരിക്കുന്നത്. ഇനി പാവപ്പെട്ട രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ അപ്രാപ്യമാകും. ദിനംപ്രതി പനിമൂലമുള്ള ഒരു മരണമെങ്കിലും ഓരോ ജില്ലയിലും രേഖപ്പെടുത്തപ്പെടുന്നുണ്ട്. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കാണ്.

മാലിന്യ നിക്ഷേപംകൊണ്ടു മാത്രം മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ദിവസവും തിരുവനന്തപുരം ജില്ലയില്‍ മാത്രം പതിനായിരത്തിലേറെപ്പേര്‍ പനിബാധിച്ച് ചികിത്സ തേടിയെത്തുന്നു. പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നില്ലെങ്കിലും ദിവസവും ചികിത്സയ്ക്കായി ആശുപത്രിയില്‍ അഭയംതേടുന്നവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് സ്ഥിതി ആശങ്കാജനകമെന്നാണ്. പൊതുജനസേവനത്തിനും നന്മയ്ക്കുമായി നിലകൊള്ളേണ്ട സര്‍ക്കാര്‍, അടിയന്തിരഘട്ടങ്ങളില്‍പോലും അനാസ്ഥയും നിരുത്തരവാദിതവും കാട്ടി ജനങ്ങളെ ദ്രോഹിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. നഗരങ്ങളിലെ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിപാടുകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണം.

കെ ആര്‍ മായ chintha 220612

1 comment:

  1. പ്രവചനങ്ങളെ തെറ്റിച്ചു മഴക്കാലം വൈകിയെങ്കിലും മഴയ്ക്കുമുമ്പേ രോഗങ്ങളെത്തുമെന്ന പ്രവചനം ശരിയായി. പകര്‍ച്ചവ്യാധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദുരന്തഫലങ്ങള്‍ പ്രതീക്ഷിച്ചതിലുമധികമായി. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ ബാധിച്ചവര്‍ രോഗപീഡയാലും മതിയായ ചികിത്സയും വൃത്തിയുള്ള ചികിത്സാ സാഹചര്യങ്ങളും ലഭ്യമാകാതെയും കഷ്ടതയനുഭവിക്കുന്നു. മുന്‍കരുതല്‍ നടപടികള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാതെ ആ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറിയ സര്‍ക്കാര്‍ പൊതുജനങ്ങളോട് 144 പ്രഖ്യാപിച്ച് പരിഹാസ്യരായിരിക്കുകയാണ്. കതിരിന്മേല്‍ വളംവെച്ചപോലെ ചവര്‍ സംസ്കരണത്തിന്റെ കാര്യത്തില്‍ ഗുരുതരമായ അലംഭാവംകാട്ടി പ്രത്യാഘാതങ്ങളെ നിരോധനാജ്ഞകൊണ്ട് നേരിടാമെന്ന സര്‍ക്കാരിന്റെ മൗഢ്യം വരുംദിനങ്ങളില്‍ സംഗതികള്‍ കൂടുതല്‍ വഷളാക്കും

    ReplyDelete