Monday, June 18, 2012

തിരുവനന്തപുരത്ത് വീണ്ടും വിദ്യാര്‍ഥിവേട്ട

കഴിഞ്ഞദിവസം എസ്എഫ്ഐ പ്രവര്‍ത്തകരെ അന്യായമായി തല്ലിച്ചതച്ച പൊലീസ് നടപടിയയില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി കോളേജിനടുത്ത് വഴിതടഞ്ഞ വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു. ഗ്രനേഡും, കണ്ണീര്‍വാതക ഷെല്ലുകളും ഉപയോഗിച്ചാണ് പൊലീസ് വിദ്യാര്‍ഥികളെ നേരിട്ടത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്എഫ്ഐ പാളയം ഏരിയ സെക്രട്ടറി നിയാസിന്റെ നില ഗുരുതരമാണ്. തലയ്ക്ക് ലാത്തിയടിയേറ്റ നിയാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രനേഡ് എറിഞ്ഞ് വീഴ്ത്തിയാണ് വിദ്യാര്‍ഥികളെ പൊലീസ് വളഞ്ഞിട്ട് തല്ലിച്ചതച്ചത്. ലാത്തി ഒടിയുന്നതുവരെ പൊലീസ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. യൂണിവേഴ്സിറ്റി കോളേജ് കാമ്പസിലേക്ക് കയറിയ വിദ്യാര്‍ഥികള്‍ക്ക് നേരെയും പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

കിരാതമായ ആക്രമണമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. 23 തവണയാണ് പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് വേട്ടയില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജുവടക്കമുള്ള നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പൊലീസ് വിദ്യാര്‍ഥികള്‍ക്കെതിരെ പ്രയോഗിച്ച ഗ്രനേഡ് ഇ പി ജയരാജന്‍ സഭയില്‍ കൊണ്ടുവരുകയും ചെയ്തിരുന്നു. പൊലീസിന്റെ വിദ്യാര്‍ഥി വേട്ടയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ശക്തമായ പ്രതിഷേധം ഉയര്‍ത്തുക: സിപിഐ എം

തിരുവനന്തപുരത്ത് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ ഭീകരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് മുഴുവന്‍ ജനാധിപത്യവിശ്വാസികളോടും അഭ്യര്‍ത്ഥിച്ചു. എസ്എഫ്ഐയുടെ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടും വിദ്യാര്‍ത്ഥികള്‍ക്കെതിരായി പോലീസ് നടത്തുന്ന ഭീകരമര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചും സമരം ചെയ്തവരെയാണ് മര്‍ദ്ദിച്ചത്. സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ജനാധിപത്യമര്യാദകള്‍ കാറ്റില്‍ പറത്തികൊണ്ടാണ് നേരിട്ടത് എന്ന് ആ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണുന്ന ആര്‍ക്കും വ്യക്തമാകും. യുദ്ധരംഗത്തെന്നപോലെയാണ് വിദ്യാര്‍ത്ഥികളെ പോലീസ് നേരിട്ടത്. സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിരവധി തവണയാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. റോഡിലിരിക്കുന്ന വിദ്യാര്‍ത്ഥികളെ കൂട്ടംകൂടി ആയുധധാരികളായ പോലീസുകാര്‍ വട്ടമിട്ട് മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ മനഃസാക്ഷിയുള്ള ആരേയും വേദനിപ്പിക്കുന്നതാണ്.

മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധംകെട്ടുവീണ വിദ്യാര്‍ത്ഥികളെ പോലും സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ക്രൂരതയുടെ പര്യായമായിരുന്നു ഈ ലാത്തിചാര്‍ജ്ജ്. നിരവധി വിദ്യാര്‍ത്ഥികളുടെ എല്ലുപൊട്ടിയെന്നത് ലാത്തിചാര്‍ജ്ജിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്. ഭീകരമായി മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ വൈദ്യ ശുശ്രൂഷ നല്‍കുന്നതിന് പകരം അവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നതിനാണ് പോലീസ് പരിശ്രമിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ മാരകമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ജനാധിപത്യപരമായി സമരം നടത്താന്‍ അവകാശമുള്ള കേരളത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കി പോലീസ് രാജ് കൊണ്ടുവരാനാണ് ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. സംസ്ഥാനത്തുടനീളം ഈ ആക്രമണം വ്യാപിപ്പിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കാസര്‍ഗോഡും ചെങ്ങന്നൂരും ഉള്‍പ്പെടെ നടന്ന പോലീസിന്റെ വിദ്യാര്‍ത്ഥി വേട്ട വ്യക്തമാക്കുന്നുണ്ട്.

അവരുടെ കൂട്ടുകാരില്‍ ഒരാളുടെ ദാരുണമായ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന തികച്ചും ന്യായമായ ആവശ്യം ഉയര്‍ത്തി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അടിച്ചൊതുക്കാനുള്ള യുഡി.എഫ് സര്‍ക്കാരിന്റെ നയങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല. ഇത്തരത്തിലുള്ള നിരവധി മര്‍ദ്ദനങ്ങളേയും പോലീസ് വാഴ്ചകളേയും അതിജീവിച്ചുകൊണ്ടാണ് കേരളത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളും വളര്‍ന്നുവന്നിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കി കൊല്ലാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിനെതിരെ വമ്പിച്ച പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

പൊലീസിന് ഭ്രാന്ത് പിടിച്ചെന്ന് കോടിയേരി

ന്യായമായ ആവശ്യം ഉന്നയിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടി അപലപനീയമാാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും ഇങ്ങനെ ഉമ്മന്‍ചാണ്ടിയ്ക്ക് മുന്നോട്ട്പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചശേഷം എന്തുമാകാം എന്ന നിലയാണ് സര്‍ക്കാറിനുള്ളത്. സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കേരളം ഭരിക്കുന്നത് അപരിഷ്കൃത സര്‍ക്കാാരാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും ഇ പി പറഞ്ഞു. പെണ്‍കുട്ടികളടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് തുടരുന്ന ക്രൂരമായി ആക്രമണം കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് ടി എന്‍ സീമ എംപി പറഞ്ഞു. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് പൊലീസെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു അഭിപ്രായപ്പെട്ടു.

deshabhimani news

1 comment:

  1. കഴിഞ്ഞദിവസം എസ്എഫ്ഐ പ്രവര്‍ത്തകരെ അന്യായമായി തല്ലിച്ചതച്ച പൊലീസ് നടപടിയയില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി കോളേജിനടുത്ത് വഴിതടഞ്ഞ വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു. ഗ്രനേഡും, കണ്ണീര്‍വാതക ഷെല്ലുകളും ഉപയോഗിച്ചാണ് പൊലീസ് വിദ്യാര്‍ഥികളെ നേരിട്ടത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്എഫ്ഐ പാളയം ഏരിയ സെക്രട്ടറി നിയാസിന്റെ നില ഗുരുതരമാണ്. തലയ്ക്ക് ലാത്തിയടിയേറ്റ നിയാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രനേഡ് എറിഞ്ഞ് വീഴ്ത്തിയാണ് വിദ്യാര്‍ഥികളെ പൊലീസ് വളഞ്ഞിട്ട് തല്ലിച്ചതച്ചത്. ലാത്തി ഒടിയുന്നതുവരെ പൊലീസ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. യൂണിവേഴ്സിറ്റി കോളേജ് കാമ്പസിലേക്ക് കയറിയ വിദ്യാര്‍ഥികള്‍ക്ക് നേരെയും പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

    ReplyDelete